ഞങ്ങൾക്ക് ഞങ്ങൾ സ്വപ്നം കണ്ട ജീവിതം കിട്ടിയെങ്കിലും,അതോടെ ബന്ധങ്ങളൊക്കെ വേരറ്റു പോയി...

Valappottukal



രചന: സോളോ-മാൻ
"ഇച്ചായാ,നിക്ക് തീരെ വയ്യാ ട്ടോ,,ആകെ തല കറങ്ങണ പോലെ..

ഇച്ചായൻ പെട്ടെന്നൊന്ന് വരുവോ,"

ഫോണിൽ മറുതലയ്ക്കൽ അവശതയോടെയുള്ള അവളുടെ സ്വരം കേട്ടതും ഓഫീസിൽ നിന്നും ധൃതിയിൽ ഞാനിറങ്ങി.

കാലത്ത് പോരുമ്പൊഴേ വയ്യെന്ന് അവൾ പറഞ്ഞാരുന്നു.

എടുത്ത് തീരാതത്രേം വർക്കുകൾ പെൻഡിങ്ങ് ആയത് കൊണ്ട് നിവൃത്തിയില്ലാതെ വന്നതാണു.

അവൾക്കിത് മാസം ഒമ്പത് കഴിഞ്ഞു.

ശരിക്ക് പറഞ്ഞാൽ എല്ലാവരുടേയും ശ്രദ്ധയും,സ്നേഹവും ലഭിക്കേണ്ട സമയം.

പാവം,എന്റെ കൂടെ ഇറങ്ങി വന്ന തൊട്ട് എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായി.

പ്രേമം തലക്ക് പിടിച്ചപ്പൊ രണ്ടു പേരുടേയും വീട്ടിൽ പ്രശ്നങ്ങളായിരുന്നു.

അവരു സമ്മതിച്ച് കൊണ്ടൊരു വിവാഹം നടക്കില്ലെന്ന ഉറപ്പുള്ളത് കൊണ്ട് കൂട്ടുകാരുടെ സഹായത്തോടെ ഞാനവളേം കൊണ്ട് ചെറിയൊരു വാടക വീട്ടിലേയ്ക്ക് മാറി.

ഞങ്ങൾക്ക് ഞങ്ങൾ സ്വപ്നം കണ്ട ജീവിതം കിട്ടിയെങ്കിലും,അതോടെ ബന്ധങ്ങളൊക്കെ വേരറ്റു പോയി.

പിന്നീടിതുവരെ ഞങ്ങളെയാരും തിരക്കി വന്നില്ല,

അതേ വാശി ഞങ്ങൾക്കുമുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ നമുക്ക് നമ്മളേ ഉള്ളൂ എന്ന് ഞങ്ങൾ സ്വയം മനസ്സിനെ പഠിപ്പിച്ചു.

ഒരു സങ്കടവും നൽകാതെ ഇതുവരെ ഞാനവളെ ചേർത്തു പിടിച്ചു.

പക്ഷെ! ജീവിതത്തിലെ ചില സന്ദർഭങ്ങളിലെങ്കിലും എല്ലാർക്കും എല്ലാരും വേണമെന്നത് ഇന്ന് ശരിക്കും ബോധ്യമായി.

വണ്ടിയുമായി ധൃതിയിൽ വീട്ടിലേയ്ക്കെത്തുമ്പൊഴേയ്ക്ക് വീടൊക്കെ പൂട്ടിയിട്ടിരിക്കുന്നു.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാനവളുടെ ഫോണിലേയ്ക്ക് വിളിച്ചു.

പക്ഷെ അവൾടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

എന്റെ പരിഭ്രാന്തി കണ്ടിട്ടാവണം.,അടുത്ത വീട്ടിലെ ചേച്ചി എനിക്കരുകിൽ വന്നു.

"മോനേ,അവരൊക്കെ പോയല്ലൊ,
വന്നവർ ആരാന്നൊന്നും എനിക്കറിയേല.
മോൻ ഹോസ്പിറ്റലിലേയ്ക്കൊന്ന് പോയി അന്വേഷിക്കു."

അത് കേട്ടപ്പൊ മനസ്സിനിത്തിരി ആശ്വാസം കിട്ടിയ പോലെ.

നേരെ ഞാൻ അവളെ സ്ഥിരമായി കാട്ടാറുള്ള ഹോസ്പിറ്റലിലേയ്ക്ക് കുതിച്ചു.

താഴെ റിസപ്ഷനിൽ ചെന്ന് തിരക്കിയപ്പോൾ രണ്ടാം നിലയിലെ റൂം നമ്പർ പറഞ്ഞു.

നേരെ അങ്ങോട് ചെന്നു.

അവരു പറഞ്ഞ മുറിക്ക് മുന്നിലെത്തി കതകിൽ തട്ടി.

ആ നിമിഷം എനിക്ക് മുന്നിൽ കതക് തുറന്ന മുഖം കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.

അതെന്റെ അമ്മയായിരുന്നു.

അമ്മ മാത്രമായിരുന്നില്ല.

അവൾടെ അമ്മച്ചീം,അപ്പച്ചനും,അങ്ങനെ,അങ്ങനെ ഒത്തിരി പേരുണ്ടായിരുന്നു.

തികട്ടി വന്ന സന്തോഷത്താൽ എനിക്ക് കരച്ചിലാണു വന്നത്.

പൊടുന്നനെ പിറകിൽ നിന്നും ഒരു ശബ്ദം.

"മോളു പ്രസവിച്ചു ട്ടോ,കുട്ടി ആൺകുട്ടിയാണു."

തിരിഞ്ഞു നോക്കാതെ തന്നെ ഞാനാ ശബ്ദം തിരിച്ചറിഞ്ഞു.

അപ്പൻ..എന്റപ്പൻ..

ആ നിമിഷം തൊട്ട് ഞാനൊരു സത്യം മനസ്സിലാക്കി.

രക്തബന്ധമെന്നത് വേരറ്റു പോകുന്ന ഒന്നല്ല,

എത്ര തന്നെ മുറിഞ്ഞു പോയാലും എന്നെങ്കിലും അത് ഒന്നായിച്ചേരുക തന്നെ ചെയ്യും.

ചോരയ്ക്ക്,ചോരയുടെ വിളി കേൾക്കാൻ സാധിക്കും..

ഇത്തിരി നേരത്തെ കാത്തിരിപ്പിനു ശേഷം എന്റെ കൊച്ചിനെ എന്റെ കൈകളിലോട്ട് ഞാൻ വാരിയെടുത്തപ്പോൾ ഞാൻ ഓർക്കുകയായിരുന്നു.

കാലങ്ങൾക്കപ്പുറം അമ്മച്ചിക്കും,അപ്പച്ചനും ഞാനുമൊരു സന്തോഷമായിരുന്നു.

എന്നിട്ടും ഞാനവരെ വേദനിപ്പിച്ചു.

അന്ന് അവിടെ വെച്ച് പൊഴിഞ്ഞ എന്റെ കണ്ണുനീരുകൾ അവയ്ക്കൊക്കെയുമുള്ള എന്റെ പ്രായശ്ചിത്തമായിരുന്നു.

*കൂട്ടുകാരെ,ബന്ധങ്ങൾ എത്ര തന്നെ നാം അറുത്തു മാറ്റിയാലും,ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ എല്ലാർക്കും എല്ലാരും വേണം,
നമുക്ക് ബന്ധങ്ങളെ ചേർത്തു പിടിക്കാം*

രചന: സോളോ-മാൻ
To Top