രചന: Sreejith Achuz
എനിക്ക് നിങ്ങളെ ഒരിക്കലും എന്റെ ഭർത്താവായി കാണാൻ കഴിയില്ല എന്ന് ആദ്യ രാത്രിയിൽ തന്നെ പാറു പറയുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടി..
ഇനി മുതൽ തന്റെ ജീവന്റെ പാതി ആകേണ്ടവളുടെ തീരുമാനം എന്നെ ആകപ്പാടെ തളർത്തിയിരുന്നു..
ഇനി മുതൽ അവളാണ് നിന്റെ ജീവൻ എന്ന് അച്ഛൻ പറയുമ്പോഴും...കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ കണ്ണുനീർ വീഴാൻ നീ ഒരു കാരണവും ആവരുത് എന്നുള്ള ഉപദേശങ്ങളും കൂടി ആലോചിച്ചപ്പോൾ സ്വയം ഉരുകി തീരുന്നത് പോലെ എനിക്ക് തോന്നി..
ഉണ്ണിയേട്ടൻ എന്നോട് ക്ഷമിക്കണം.. എനിക്ക് മറ്റൊരാളെ ഇഷ്ട്ടമായിരുന്നു.. അവൻ എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവനെ എനിക്ക് മറക്കാൻ പറ്റുന്നില്ല..എന്റെ സമ്മതം ഇല്ലാതെ ആ എന്റെ വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ചതെന്നു പറഞ്ഞു പാറു എന്റെ മുന്നിൽ പൊട്ടി കരഞ്ഞു..
സന്തോഷത്തോടെ തുടങ്ങേണ്ട ജീവിതം കരഞ്ഞു കൊണ്ട് തുടങ്ങിയതിൽ ഞാനും എന്റെ മനസ്സും ആകെ തളർന്നു പോയിരുന്നു
പാറുവിന്റെ കണ്ണുനീർ കണ്ടു അലിവ് തോന്നിയത് കൊണ്ടാകാം.. അവളോട് കട്ടിലിൽ കിടന്നോളാൻ പറഞ്ഞു ഞാൻ അതിനു താഴെ കിടന്നതും...
പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ പാറുവിന്റെ മുഖത്തെ തെളിച്ചക്കുറവ് കണ്ടു എനിക്ക് സംശയം തോന്നിയെങ്കിലും....ആദ്യായിട്ട് പെണ്ണ് കാണാൻ വരുന്നതിന്റെ ടെൻഷൻ ആയിരിക്കും അവളുടെ മുഖത്തു എന്ന് പറഞ്ഞത് അവളുടെ അച്ഛനായിരുന്നു
നിങ്ങൾക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോടാ ഉണ്ണി എന്ന് അമ്മാവൻ ചോദിച്ചപ്പോൾ...ഇനി ഇവർ തമ്മിൽ എന്ത് സംസാരിക്കാൻ..എല്ലാം നമ്മൾ അങ്ങ് തീരുമാനിച്ചാൽ മതി എന്ന് പറഞ്ഞത് അവളുടെ അമ്മ ആയിരുന്നു..
പാറുവിന്റെ മുഖത്തു എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട് എന്ന് തോന്നിയെങ്കിലും അത് ചോദിക്കാൻ ഉള്ള ഒരു അവസരം പോലും അവരുടെ വീട്ടുകാർ എനിക്ക് തന്നില്ല..
ഏറ്റവും അടുത്ത് തന്നെ കല്യാണം ഉറപ്പിച്ചതറിഞ്ഞു കുറച്ചു വൈകി പോരെ വിവാഹം എന്ന് അച്ഛൻ പറഞ്ഞതിന്.. എന്തായാലും അവരുടെ കല്യാണം നടക്കും... അത് കുറച്ചു നേരത്തെ ആയെന്നു കരുതിയാൽ പോരെ എന്നായിരുന്നു അവരുടെ മറുപടി..
ഒടുവിൽ എല്ലാവരുടെയും മുന്നിൽ വെച്ചു പാറുവിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തുമ്പോൾ എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്ക് പങ്ക് വെയ്ക്കാൻ ഒരാൾ കൂടി വരുന്നതിൽ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു...
അതൊക്കെ പാറുവിന്റെ ഒരൊറ്റ വാക്കിൽ ഇല്ലാതായതിൽ ഞാൻ അന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചു..
പിറ്റേന്ന് റൂമിൽ നിന്നിറങ്ങി വരുന്ന എന്നെ കണ്ടു അമ്മയുടെയും പെങ്ങളുടെയും മുഖത്തു ചിരി വരുന്നത് കണ്ടു എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല...
നീ എന്തിനാടാ ഇത്ര നേരത്തെ എഴുന്നേറ്റത് എന്നുള്ള അച്ഛന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാൽ മതി എന്നായിരുന്നു എനിക്ക്...
എല്ലാവരുടെയും മുന്നിൽ വെച്ചു എനിക്ക് ചായ തരാനും അമ്മയെ അടുക്കളയിൽ സഹായിക്കാനും ഉച്ചയ്ക്ക് പാടത്തു പോയി അച്ഛന് കഞ്ഞി കൊടുക്കാനും... പെങ്ങൾക്ക് പഠിത്തത്തിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും മനസ്സില്ലാ മനസ്സോടെ ആണെങ്കിലും പാറു ഒരു വിധത്തിൽ ചെയ്തു പോന്നു.
നിന്നെ വേണ്ടാത്തവനെ എന്തിനാ നീ ഇപ്പോഴും സ്നേഹിക്കുന്നത് എന്ന് ഒരു ദിവസം ഞാൻ പാറുവിനോട് ചോദിച്ചതിന്...എത്രയൊക്കെ പറഞ്ഞാലും അവനെ മാത്രം മറക്കാൻ പറ്റില്ലെന്നാണ് അവൾ മറുപടി പറഞ്ഞത്..
ജീവിതം കൈ വിട്ടു പോകുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ്... ഉണ്ണിയേട്ടന് ഞാൻ ഒരിക്കലും ചേരില്ല.. മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ഉണ്ണിയേട്ടനെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന പാറുവിന്റെ വാക്കുകൾ കൂടി ആയപ്പോൾ ഞങ്ങൾക്ക് ഒരുമിച്ചൊരു ജീവിതം ഈശ്വരൻ വിധിച്ചിട്ടില്ല എന്ന് ഞാൻ തീറെഴുതി..
നമുക്ക് ബന്ധം പിരിയാം..അതാ നല്ലതെന്നു പാറു എന്നോട് പറയുമ്പോഴും മറുപടി ഒന്നും പറയാതെ നിറ കണ്ണുകളോടെ ഞാൻ അവളെ നോക്കി നിൽക്കുകയാണ് ചെയ്തത്...
ഒടുവിൽ അച്ഛനും അമ്മയോടും ഇക്കാര്യം തുറന്നു പറഞ്ഞു പാറുവിന്റെ താല്പര്യപ്രകാരം അവളെ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കി നിറ കണ്ണുകളോടെ ഞാൻ അവിടെ നിന്നും അവളുടെ ജീവിതത്തിൽ നിന്നും എന്നേക്കുമായി പടിയിറങ്ങി...
സാധാരണ കുടുംബത്തിലെ അംഗമായിരുന്ന പാറുവിനു കുടുംബ ചിലവ് നോക്കാൻ വേണ്ടി പുതിയ ജോലിക്ക് പോയി തുടങ്ങി എന്നറിഞ്ഞത് മുതൽ ഞാൻ ആകെ തളർന്നു പോയിരുന്നു...
ഒരിക്കൽ താൻ താലി കെട്ടിയവൾ തന്റെ മുന്നിൽ കുടുംബം നോക്കാൻ കഷ്ടപ്പെടുകയാണ് എന്നറിഞ്ഞിട്ടും പഴയ കാര്യങ്ങൾ മനസ്സിൽ ആലോചിച്ചു പാറുവിനോട് വെറുപ്പ് തോന്നാൻ ഞാൻ ശ്രമിച്ചെങ്കിലും അതിനു എനിക്ക് കഴിഞ്ഞിരുന്നില്ല..
പാറു ജോലി ചെയ്യുന്ന കടയിലും വൈകിട്ടു ബസ് സ്റ്റോപ്പിലും അവൾ പോലും അറിയാതെ ഞാൻ കുറേ നേരം പാറുവിനെ തന്നെ നോക്കി നിൽക്കുമായിരുന്നു..
നീ പോയി അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വാടാ മോനെ.. എനിക്കവളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു അമ്മ എന്റെ മുന്നിൽ കരയുമ്പോഴും നിസ്സഹായത നിറഞ്ഞ മിഴികളോടെ അമ്മയെ നോക്കി നിൽക്കുകയാണ് ഞാൻ ചെയ്തത്...
എനിക്കും ആഗ്രഹം ഉണ്ട് അമ്മേ അതിനു.. പക്ഷേ യോഗം മാത്രം ഇല്ലല്ലോ എന്നാണു എന്റെ ആ നോട്ടത്തിന്റെ അർത്ഥം എന്ന് മനസ്സിലാക്കിയ അച്ഛൻ പോട്ടെടാ മോനെ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമായിരുന്നു
എപ്പോഴും ഓരോ ചളികൾ പറഞ്ഞു എന്റെ പുറകിൽ നിന്ന് മാറാതിരുന്ന പെങ്ങൾ.. ചേട്ടന്റെ ജീവിതം തകർന്നതറിഞ്ഞു എന്നിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറി നടന്നു...
പാറുവിനെ മറക്കണം എന്നുള്ള തീരുമാനത്തിൽ നിൽക്കുമ്പോഴാണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പാറുവിന്റെ കൂട്ടുകാരി വഴി ഞാൻ അറിയുന്നത്...
സമാധാനം പോലും ഇല്ലാതെ ഹോസ്പിറ്റലിൽ ചെന്ന എന്നോട് മോളുടെ ഒരു കിഡ്നിക്ക് കംപ്ലയിന്റ് ആ മോനെ... അത് ഉടനെ മാറ്റി വെക്കണം ..മോളുടെ അച്ഛൻ കിഡ്നി കൊടുക്കും... എത്ര വെറുപ്പ് ഉണ്ടെങ്കിലും എന്റെ മോളുടെ ജീവനു വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു അവളുടെ അമ്മ എന്റെ മുന്നിൽ പൊട്ടി കരഞ്ഞു..
എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ഒരു കുഴപ്പം ഇല്ലാതെ ഓപ്പറേഷൻ കഴിഞ്ഞു പാറു വീട്ടിൽ എത്തിയത് മുതൽ അവളെ ഒന്ന് കാണണം എന്ന് എന്റെ മനസ്സ് കൊതിച്ചു പോയിരുന്നു..
അതിനു വേണ്ടി പല തവണ ഞാൻ അവളുടെ വീട്ടിൽ ചെന്നെങ്കിലും എന്നെ കാണാൻ പോലും പാറു കൂട്ടാക്കിയില്ല...
ബന്ധം പിരിയാൻ വേണ്ടി കേസ് നടക്കുമ്പോൾ എന്റെ കാര്യം അന്വേഷിക്കാൻ അയാൾ എന്തിനാ വരുന്നത് എന്നുള്ള പാറുവിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അതിലും നല്ലത് മരണം ആയിരുന്നു എന്ന് എനിക്ക് തോന്നി പോയിരുന്നു
ഇനിയും ഇത് ഞാൻ പറഞ്ഞില്ലെങ്കിൽ മോളുടെ ജീവിതം തന്നെ തകരുമെന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ പാറു അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി..
നിന്റെ ഇപ്പോഴുള്ള ജീവൻ തന്നെ ആ മോന്റെ ദാനമാ.. അന്ന് ഹോസ്പിറ്റലിൽ ചെക്ക് അപ്പ് ചെയ്തപ്പോൾ ആണ് നിന്റെ അച്ഛന്റെ കിഡ്നി മോൾക്ക് വെക്കാൻ പറ്റില്ല എന്നറിയുന്നത്...
ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് ദൈവ ദൂതനെ പോലെ ആ മോൻ വന്നതും... അവന്റെ കിഡ്നി മോൾക്ക് ചേർന്നതും...ഇപ്പൊ നിന്റെ ജീവൻ ആ കുഞ്ഞിന്റെ ഔദാര്യം ആണെന്ന് അമ്മ പറഞ്ഞു കഴിയുമ്പോഴേക്കും പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...
വീട്ടുകാരുടെ സങ്കടം സഹിക്കാൻ വയ്യാതെ ജോലിക്ക് പോയാൽ എന്നും രാത്രി ആകുമ്പോൾ വന്നിരുന്ന ഞാൻ കണ്ടത് സന്തോഷത്തോടെ ഉമ്മറത്തിരിക്കുന്ന അച്ഛനെ ആയിരുന്നു..
എന്താ കാര്യം എന്ന് പോലും മനസ്സിലാകാതെ അകത്തേക്ക് കയറിയപ്പോൾ മാസങ്ങൾക്ക് ശേഷം അമ്മയും പെങ്ങളും തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കുന്നതാണ് ഞാൻ കണ്ടത്..
ഒടുവിൽ റൂമിലേക്ക് കയറിയപ്പോൾ ബെഡ് മുഴുവൻ മുല്ല പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു...കട്ടിലിന്റെ സൈഡിൽ അല്പം നാണത്തോടെ നിൽക്കുന്ന ആളെ കണ്ടു വിശ്വാസം വരാതെ ഞാൻ നോക്കി നിന്നു...
എന്റെ പാറു.. ഇനിയുള്ള ജീവിതം എനിക്ക് ഉണ്ണിയേട്ടന്റെ കൂടെ ജീവിച്ചു തീർക്കണം എന്ന് നിറകണ്ണുകളോടെ പാറു പറഞ്ഞപ്പോൾ നിന്റെ മനസ്സിൽ എനിക്ക് എന്ന് മുതൽ ആ സ്ഥാനം ഉണ്ടായത് എന്നാണു ഞാൻ ചോദിച്ചത്...
അതിനു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പാറു പറഞ്ഞു....നമ്മൾ സ്നേഹിക്കുന്നവരേക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കുന്നവരെ ആണ് സ്നേഹിക്കേണ്ടത് എന്ന് ഞാൻ മനസ്സിലാക്കിയത് മുതൽ ഉണ്ണിയേട്ടനെയും ഞാൻ സ്നേഹിച്ചു തുടങ്ങി....
ഹായ് മുത്തശ്ശാ.... നല്ല കഥ...ഒരെണ്ണം കൂടി പറഞ്ഞു താ..
ദേ അച്ഛാ വേണ്ടാട്ടോ...ചെറുക്കൻ അഞ്ചിൽ ആയതേ ഉള്ളു...അതിനു മുൻപേ ഇത് പോലെ ഉള്ള പ്രേമ കഥകൾ ഒന്നും പറഞ്ഞു കൊടുക്കല്ലേ..
ഇത് ചുമ്മാ കഥയല്ലേ മോളെ...ഇത് കേട്ടിട്ട് ഇവന് ഇനി പ്രേമിക്കണം എന്ന് തോന്നിയാൽ അവൻ പ്രേമിക്കട്ടെ.. അല്ലെടാ..
കൊള്ളാം... ഒരു മുത്തശ്ശൻ പറഞ്ഞു കൊടുക്കുന്ന വാക്കുകൾ കേട്ടില്ലേ...മതി കേട്ടത്.. നീ പോയി പഠിക്കാൻ നോക്കെടാ....
അവർ രണ്ട് പേരും എന്റെ മുൻപിൽ നിന്നു പോയതോടെ സാവകാശം ഞാൻ എഴുന്നേറ്റു ഹാളിൽ ചെന്നു...
അവിടെ മാല ഇട്ടു വെച്ചിരിക്കുന്ന ഒരു ഫോട്ടോ ഞാൻ എടുത്തു... അതിൽ നോക്കി നിറ കണ്ണുകളോടെ ഞാൻ പറഞ്ഞു....
നീ ഇപ്പൊ ഈ ലോകത്തു ഇല്ലെങ്കിലും എന്റെ മനസ്സിലുള്ള ഓർമ്മയിലൂടെ നീ ഇപ്പോഴും എന്നിലൂടെ ജീവിക്കുന്നുണ്ട് പാറു.....
രചന: Sreejith Achuz