രചന: Bindhya balan
"ഡാ ദേ ഇതാട്ടോ എന്റെ കുശുമ്പിക്കുഞ്ഞോള്... മ്മടെ സുരേഷേട്ടൻ തൃശ്ശൂരെനിക്കു വേണം.. ഈ തൃശ്ശൂർ ഞാനിങ് എടുക്കുവാ എന്ന് പറഞ്ഞത് പോലെ അങ്ങ് കൊച്ചീല് ചെന്ന് ഈ പെണ്ണിനെ എനിക്ക് വേണം... ഇവളെ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ് ഞാൻ കൊണ്ട് പോന്ന എന്റെ പെമ്പറന്നോത്തി. "
കാര്യങ്ങൾ എല്ലാം ശാന്തമായതിനു ശേഷമുള്ള ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞു വീട്ടിൽ വന്ന കൂട്ടുകാരന് എന്നെ പരിചയപ്പെടുത്തുമ്പോൾ എനിക്കൊരു പരിചയവുമില്ലാത്ത ആ സുഹൃത്തിനെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തിയിട്ട് ഞാൻ ഇച്ഛനെ നോക്കി. എന്റെ നോട്ടം കണ്ട് കാര്യം മനസിലായ ആ സുഹൃത്ത് പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തിയിട്ട് ഇച്ഛന്റെ വയറിൽ ആഞ്ഞിടിച്ച്
"ഡാ തെണ്ടി നീയെന്നാടാ ഞങ്ങളോട് പോലും ഒന്നും പറയാതിരുന്നത് "എന്ന് ചോദിച്ചിട്ട് എന്റെ നേർക്ക് നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു "കൊച്ചേ നീ നിൽക്കുന്ന കൊണ്ടാണ്.. ഇതൊന്നുമല്ല ഞാൻ ഇവനെ വിളിക്കാൻ ഉദ്ദേശിച്ചത്."അത് കേട്ടപ്പോൾ ഞാനും അറിയാതെ ചിരിച്ചു.
"ഡാ ആരേം ഒന്നും അറിയിക്കാനുള്ള സമയം കിട്ടിയില്ല അളിയാ..നീ ക്ഷമിക്ക്.നിങ്ങളൊക്കെ ഇവളുടെ കാര്യം നിങ്ങൾക്കൊന്നുമറിയാത്തതല്ലോ.എന്തായാലും ഇന്ന് വൈകിട്ട് ഞാനും ഇവളും കൂടി അങ്ങ് വരാനിരിക്കുവായിരുന്നു.നിന്റെ കെട്ട്യോളോട് മിണ്ടണ്ട...സർപ്രൈസ് ആയിരിക്കട്ടെ "
കൂട്ടുകാരനെ സമാധാനിപ്പിച്ച് കൊണ്ട് ഇച്ചായൻ എന്റെ നേർക്ക് നോക്കി കണ്ണടച്ച് കാണിച്ചു. 'നിങ്ങൾ ഇരിക്ക് ഞാനെന്തെങ്കിലും ഞാനെന്തെങ്കിലും കുടിക്കാനെടുക്കാം "എന്ന് പറഞ്ഞൊന്ന് ചിരിച്ചിട്ട് ഞാൻ അടുക്കളയിലേക്കു നടന്നു.ചായ തിളയ്ക്കുന്നതും നോക്കി അങ്ങനെ നിൽക്കുമ്പോൾ ഹാളിലിരുന്ന് ആ സുഹൃത്ത് കാര്യങ്ങളൊക്കെ ചോദിക്കുന്നത് ഞാൻ കേട്ടു.
ചായ കപ്പുകളിലേക്ക് പകരുമ്പോഴാണ് സുഹൃത്തിന്റെ ആ ചോദ്യം ഞാൻ കേട്ടത്
"അവളെ കൊണ്ട് വന്നിട്ട് പിന്നെ നിനക്ക് അവള് മാത്രം മതിയോ. ഏത് നേരവും പെണ്ണുമ്പിള്ളേടെ കൂടെത്തന്നെയിരിക്കാനാണോ ഉദ്ദേശം "
കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു നൊമ്പരം തോന്നി. കൂട്ടുകാരുടെ കൂടെ ചിരിച്ച് കളിച്ചു നടന്നൊരാളെ മറ്റൊന്നിലേക്കും വിടാതെ ഞാൻ പിടിച്ച് വയ്ക്കുകയാണെന്നൊരു തോന്നൽ ആ നിമിഷം എന്റെ കണ്ണുകളെ ചെറുതായി നനച്ചു. ഒന്നും കേട്ടിട്ടില്ലാത്തതു പോലെ ചായയുമായി ചെല്ലുമ്പോൾ, എന്നെ കണ്ട് പറയാൻ വന്നത് മനസ്സിൽ തന്നെ തടഞ്ഞ് എന്നെ നോക്കിയൊന്നു ചിരിച്ചിട്ട് സുഹൃത്തിനോട് ഇച്ചായൻ പറഞ്ഞു
"ഡാ നീ കൊച്ചി സ്റ്റൈൽ ചായ കുടിച്ചിട്ടുണ്ടോ.. ദേ കുടിച്ച് നോക്ക്... "
ട്രേയിൽ നിന്നൊരു കപ്പ് ചായയെടുത്ത് അയാൾക്ക് നേരെ നീട്ടുമ്പോൾ ആ ചോദ്യത്തിൽ പൊള്ളിപ്പോയ എന്റെ മനസ് "ഇച്ചായൻ മാത്രമേ എനിക്കുള്ളൂ "എന്നൊരു ന്യായം പറയണമെന്നുണ്ടായിരുന്നു.എങ്കിലും ഒന്നും മിണ്ടാതെ ട്രേയുമായി തിരികെ അടുക്കളയിൽ ചെന്ന് ചായ തിളപ്പിച്ച പാൻ കഴുകുമ്പോഴാണ് ഇച്ചായന്റെ സംസാരം ഞാൻ കേട്ടത്.
"ഡാ കെട്ടിയ പെണ്ണിനേം കെട്ടിപ്പിടിച്ച് മുറിയിൽ കയറിയിരിക്കണ അച്ചിക്കോന്തനൊന്നുമല്ല ഞാൻ.. എനിക്കൊരു മാറ്റവുമില്ല. പിന്നേ നീ ചോദിച്ച ചോദ്യത്തിന് ഒരുത്തരമേയുള്ളു എനിക്ക്. രഘൂട്ടന് അമ്മയും അനിയത്തിമാരും കൂട്ടുകാരും നാട്ടുകാരുമൊക്കെയുണ്ട്. എനിക്കൊന്നും നഷ്ട്ടമായിട്ടില്ല. പക്ഷേ നാട്ടുകാരേം വീട്ടുകാരേമൊക്കെ വേണ്ടന്നു വച്ച് ഒരു വലിയ ലോകത്ത് നിന്ന് അവളിറങ്ങി വന്നത് ഇച്ഛനെന്ന ഒരൊറ്റ ലോകത്തേക്ക് ചേരാനാണ്. അവൾക്കു ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും മിണ്ടാനുമൊക്കെ തന്തയും തള്ളയും ഏട്ടനും കൂട്ടുകാരും ഒക്കെയായി ഈയൊരുത്തനേയുള്ളു. "
ഇച്ചായൻ ഇമോഷണലാകുന്നത് കണ്ട് ഇടറിയ സ്വരത്തോടെ
"അളിയാ ഞാൻ.. ഞാൻ.. വെറുതെ "എന്ന് വിക്കിയ ആ സുഹൃത്തിനോട് പറഞ്ഞു വന്നതിന്റെ ബാക്കിയെന്നോണം ഇച്ചായൻ തുടർന്നു
"അളിയാ നീ നിന്റെ വൈഫിനെ വീട്ടിൽ നിർത്തി പോകുമ്പോ നിനക്ക് നിന്റെ അമ്മ വീട്ടില് ഉണ്ടെന്ന സമാധാനമില്ലെടാ. ഇവിടെ ഞാൻ അവളെ എങ്ങനെ തനിച്ചിരുത്തിയിട്ട് നിങ്ങളുടെ കൂടെ അത്രയും നേരമൊക്കെ വന്നിരിക്കും.നിനക്കറിയോ ജോലിക്ക് പോകുമ്പൊ ഞാൻ പൊന്നൂനെ പെങ്ങളുടെ വീട്ടിൽ കൊണ്ട് വിടും രാവിലെ. തിരിച്ച് വരുമ്പോൾ അവിടെ കേറി അവളേം കൊണ്ട് വീട്ടിലേക്ക് പോരും. തനിച്ചാക്കിപ്പോയാൽ ഞാൻ എന്ത് സമാധാനത്തിൽ ജോലി ചെയ്യും. നീയൊന്നു പറഞ്ഞു താ. വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ. അവള് എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെടട്ടെഡാ..നീ കരുതുംപോലെ അവളെന്നെ പിടിച്ച് വച്ചതല്ല. ഇനി അങ്ങിനെ ആണെങ്കിൽതന്നെ അവൾക്കു അവളുടെ ഇച്ചായൻ മാത്രമേയുള്ളു എന്നൊരു ന്യായം അവൾക്കുള്ളത് കൊണ്ടാടാ "
ഞാൻ ചിന്തിച്ചത് പോലെതന്നെയാണല്ലോ എന്റെ ഇച്ചനും ചിന്തിച്ചത് എന്നൊരു സന്തോഷത്തിൽ കണ്ണുകൾ നിറയാൻ തുടെങ്ങിയപ്പോഴാണ് ഇച്ചായൻ
"പൊന്നുവേ ഇങ്ങ് വന്നേടി ദേ അവനിറങ്ങുവാ "എന്ന് വിളിച്ച് പറഞ്ഞത്.
കണ്ണുകൾ തുടച്ച് ഹാളിലേക്ക് ചെന്നപ്പോൾ എന്നെ നോക്കി മെല്ലെയൊന്നു പുഞ്ചിരിച്ചിട്ട് ഞങ്ങൾ രണ്ട് പേരോടുമായി "വീട്ടിലേക്ക് വരണം ഇന്ന് അത്താഴം അവിടെയാണ്"എന്ന് പറഞ്ഞ് പുള്ളി ഞങ്ങളെ വിരുന്നിന് ക്ഷണിച്ചത്.
"ഇച്ചായൻ എപ്പോഴും ന്റെ കൂടെ ഇരിക്കണ്ടാട്ടൊ. ആ ചേട്ടൻ പറഞ്ഞത് കേട്ടപ്പോ ന്തോ ഒരു സങ്കടം. ഞാനിപ്പോ അഡ്ജസ്റ്റഡായ് ഇച്ചായാ. ഇനി ഇച്ചായൻ ഫ്രണ്ട്സിന്റെ കൂടെയൊക്കെ പോയിരുന്നൂട്ടോ "കൂട്ടുകാരനെ യാത്രയാക്കി തിരിച്ചക്കത്തേക്ക് കയറുമ്പോൾ ഇച്ചായനോട് ഞാൻ പറഞ്ഞു.
എന്നെ നോക്കിയൊന്നു ചിരിച്ചിട്ട് എന്റെ താന്തോന്നിച്ചെക്കൻ പറയുവാണ്
"എന്റെ പ്രിയപ്പെട്ടവള് അങ്ങിനെ അഡ്‌ജസ്റ്റിടായീന്നു എനിക്ക് തോന്നട്ടെ... അപ്പൊ പൊയ്ക്കോളാം ഇച്ചായൻ.. അത് വരെ ആരെന്തു വേണേലും പറയട്ടെ."
അത് കേട്ട് സന്തോഷത്തോടെ കണ്ണുകൾ നിറയ്ക്കുമ്പോൾ ഇച്ചായൻ പൊട്ടിചിരിച്ചോണ്ട് ചോദിക്കുവാ
"അല്ല പൊന്നുവേ ശരിക്കും നിന്റെ ഇച്ചായൻ പെങ്കോന്തനാണോ? ആണോടി ഉവ്വേ.. അയ്യേ... നാണക്കേടായല്ലോ "
ആ ചിരിയിൽ കൂടെചേരുമ്പോൾ മനസ് കൊണ്ട് ഞാനീ ലോകത്തോട് വിളിച്ച് പറയുന്നുണ്ടായിരുന്നു
എന്റെ ഇച്ചായൻ നട്ടെല്ലുള്ള..ചങ്ക് നിറച്ചും സ്നേഹമുള്ള ആണൊരുത്തനാണെന്നു.
രചന: Bindhya balan