വിവാഹാലോചന

Valappottukal

A story by സുധീ മുട്ടം
അപ്രതീക്ഷിതമായിട്ടാണ് ആ വിവാഹാലോചന വീണ്ടും എന്നെ തേടിയെത്തിയത്.ഒരിക്കൽ അവളായിട്ട് വേണ്ടെന്നു വെച്ചതാണ്.എന്നിട്ടും വീണ്ടും അവളുടെ നിർബന്ധത്താലാണു വന്നതെന്ന് ബ്രോക്കർ അറിയിച്ചതോടെ ഞാൻ അത്ഭുതത്താൽ മൂക്കിൽ വിരൽ വെച്ചു..

കൃഷിക്കാരനായ അച്ഛന്റെ മൂന്നു മക്കളിൽ രണ്ടാമനായിട്ടാണു എന്റെ ജനനം.മൂത്തത് ചേച്ചി എനിക്ക് ഇളയത് അനിയത്തി..

കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് അച്ഛൻ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും വീട്ടിലെ ചിലവുകളും നടത്തിയത്..

കാലക്രമേണ കൃഷിക്ക് വംശനാശം സംഭവിച്ചതോടെ അച്ഛന്റെ പോക്കറ്റും കാലിയായി തുടങ്ങി. അച്ഛന്റെ ആകെ സമ്പാദ്യം ഞങ്ങൾ മൂന്ന് മക്കളും..

മൂന്നിനെയും നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞെന്നാണു ഏക ആശ്വാസം. പഠിപ്പു കൊണ്ട് മാത്രം ജോലിയാകില്ലല്ലോ.മൂത്ത ചേച്ചി ജോലിക്ക് പോകാനൊരുങ്ങിയതോടെ ഞാൻ പറഞ്ഞു..

"ജോലിക്ക് പൊയ്ക്കോളൂ.. സമ്പാദ്യം നല്ലതാണ്. നാളെ വിവാഹിതയാകുമ്പോൾ അളിയനു ചേച്ചിയുടെ ജോലിയൊരു ആശ്വാസമാകും"

ശേഷം മിച്ചമുളള ഞാൻ പഠിപ്പിസ്റ്റ് എന്ന് പറഞ്ഞു നടന്നെങ്കിലും ഒരുജോലിക്കായി അലഞ്ഞോടെ കാര്യങ്ങൾ കൂടുതൽ മനസിലായി..

"നാട്ടിലും നഗരത്തിലുമൊക്കെ ജോലിയുണ്ട്.പക്ഷേ കുറഞ്ഞ ശമ്പളം മാത്രമേയുള്ളൂ. വണ്ടിക്കൂലിയും ചില്ലറ ചിലവും കഴിഞ്ഞാൽ കിട്ടണത് മിച്ചമൊന്നുമില്ല"

അതോടെ അത് മതിയാക്കി അച്ഛന്റെ പാത പിന്തുടരാൻ തീരുമാനം എടുർ.വർഷങ്ങളായി തരിശ് നിലമായി കിടന്നിടത്ത് കൃഷിയിറക്കി നൂറുമേനി വിളയിച്ചു.മിച്ചം പിടിച്ച സമ്പാദ്യത്തിൽ ചേച്ചിയെയും അനിയത്തിയെയും നല്ല നിലയിൽ കെട്ടിച്ചയച്ചു...

അപ്പോഴും പഠിപ്പിസ്റ്റ് ചങ്കുകൾ സർക്കാർ ജോലിയും സ്വപ്നം കണ്ടു നടന്നു.വിവാഹപ്രായം ആയതോടെ വീട്ടുകാർ എനിക്ക് ആലോചന തുടങ്ങി. അങ്ങനെ ആണ് ഈ സുന്ദരിക്കോതയുടെ വിവാഹ ആലോചന എത്തിയത്...

സുന്ദരിക്കോതയുടെ വീട്ടിൽ എത്തിയപ്പഴാണു മനസിലായത് അവൾ എന്നെക്കാൾ പഠിപ്പിസ്റ്റ് ആണെന്നും വരനായി സർക്കാർ ഉദ്ദ്യോഗസ്ഥന്മാരെയും ആണ് ആഗ്രഹിക്കുന്നതെന്ന്..

"അതേ ചേട്ടാ ചേറു മണമുള്ള കൃഷിക്കാരന്റെ ഭാര്യയാകാൻ എനിക്ക് താല്പര്യം ഇല്ല"

മനസിലുളളത് തുറന്നു പറഞ്ഞ സുന്ദരിക്കോതയോട് എനിക്ക് ശരിക്കും ബഹുമാനം ആയിരുന്നു. മറ്റുള്ളവരെ പോലെ മനസ് തുറക്കാതിരുന്നില്ലല്ലൊ...

പക്ഷേ വീണ്ടും അവളുടെ ആലോചന വന്നപ്പോൾ ശരിക്കും ഞാൻ അമ്പരന്നു. ശരി ഒന്നുകൂടി  പോകാമെന്ന് കരുതി ബ്രോക്കറെയും കൂട്ടി അവളുടെ വീട്ടിലെത്തി..

"എടോ താനല്ലേ പറഞ്ഞത് കൃഷിക്കാരന്റെ ഭാര്യയാകാൻ താല്പര്യം ഇല്ലെന്ന്"

"അതൊക്കെ ശരിയാണ് ചേട്ടാ..സർക്കാർ ഉദ്ദ്യോഗസ്ഥരാകുമ്പോൾ അവർക്ക് പലവിധ പ്രശ്നങ്ങളും ടെൻഷനുമൊക്കെ കാണും.ഇതാകുമ്പം ചേട്ടൻ എന്റെ കയ്യെത്തും ദൂരത്ത് എപ്പോഴും ഉണ്ടാകും."

എനിക്ക് ആ ഉത്തരം തൃപ്തിയായില്ല.കൂടുതൽ കുത്തി ചോദിച്ചപ്പോൾ ആൾ മനസ് തുറന്നു..

"കൂട്ടുകാരിയെ കെട്ടിയ ആൾ സർക്കാർ ജോലിക്കാരനാണത്രേ.പുള്ളിക്കാരൻ ടെൻഷൻ തീർക്കുന്നത് അവളിൽ ആണത്രേ"

"എടോ എല്ലാവരും ഒരുപോലെ അല്ല.നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്"

"ചേട്ടാ ജീവിതം ഒന്നല്ലേയുള്ളൂ..പരീക്ഷിക്കാൻ വയ്യ"
.
"അപ്പോൾ ചേറ്റുമണം പ്രശ്നമാകില്ലേ"

"അതൊക്കെ അഡ്ജസ്റ്റ് ചെയ്യാം..ചേട്ടൻ അന്തിക്ക് കളള് മോന്തുമ്പോൾ എനിക്ക് കൂടി ഷെയർ കൊണ്ട് തന്നാൽ മതി"

വായും പിളർന്ന് നിന്ന എന്നെ നോക്കി ആക്കിയൊരു ചിരി ചിരിച്ചു..

"പറ്റില്ലെങ്കിൽ പറഞ്ഞോളൂ"

"കളളടിക്കുമ്പം കൂട്ടിനു കമ്പിനി തരുന്ന ഭാര്യ തന്നെയാണ് നല്ലത്. നിലത്ത് വീഴാനും അധികം കുടിക്കാനും അവൾ സമ്മതിക്കൂല്ല.കുടി പൂർണ്ണമായും വീട്ടിലാക്കുകയും ചെയ്യാം"

അതോടെ ഡബിൾ ഓക്കെ പറഞ്ഞു കല്യാണം നടന്നു...

പക്ഷേ നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഏറ്റവും വലിയ സംശയം ഞാനാണോ ഭാര്യയാണോ ഏറ്റവും വലിയ കുടിക്കാരിയെന്നതാണ്....


A story by സുധീ മുട്ടം
To Top