ഫേസ്ബുക്കിൽ കാണുന്ന പെണ്പിള്ളേരുടെയെല്ലാം പിറന്നാളിന് രാവിലെ കുത്തി പിടിച്ചു ഇരുന്നു അവരെ വിഷ് ചെയ്തു ഒലിപ്പിക്കുന്ന കാണാം..
ഇവിടെ സ്വന്തം കെട്ടിയോളുടെ പിറന്നാൾ ആയിട്ട് എഴുന്നേറ്റിട്ട് ഇത്രയും നേരമായിട്ടും ഒന്നു വിഷ് പോലും ചെയ്തിട്ട് ഇല്ല.....
ഇയാളെ ഏതു സമയത്താണോ ഭഗവാനെ പ്രേമിച്ചു കെട്ടാൻ തോന്നിയത്....
എന്റെ വിധി പറഞ്ഞിട്ട് കാര്യമില്ല....
അടുക്കളയിൽ നിന്ന് എന്റെ ഭാര്യ ഇന്നത്തെ വഴക്കിനുള്ള യുദ്ധകാഹളം മുഴക്കി തുടങ്ങി....
സംഭവം വേറൊന്നുമല്ല കേട്ടോ....
ഇന്നവളുടെ പിറന്നാൾ ആണ്.... എന്നിട്ട് ഞാൻ രാവിലെ അവളെ വിഷ് ചെയ്തില്ല അതിന്റെ പേരിലാണ് അടുക്കളയിൽ ഈ കോലാഹലം....
അവളെ ഒന്നു വട്ട് കളിപ്പിക്കാൻ ഞാൻ മനപ്പൂർവ്വം വിഷ് ചെയ്യാഞ്ഞതാണ്...
പക്ഷേ സംഭവം കൈവിട്ട് പോവുന്ന ലക്ഷണം ഉണ്ട്....
അതുകൊണ്ട് ഞാൻ ഒന്ന് പോയി സോപ്പിട്ടു വരാം.....
" മോളെ ആതി എന്താടി ഇവിടൊരു ബഹളം.... എന്റെ കെട്ടിയോൾ നല്ല ചൂടിലാണല്ലോ....
"ദേ ഇച്ചായ കൊഞ്ചാൻ നിൽക്കാതെ പോവാൻ നോക്ക്....
"എന്താടി പ്രശ്നം ഞാൻ വിഷ് ചെയ്യാത്തത് ആണോ.... ഞാൻ മനപ്പൂർവം വിഷ് ചെയ്യാഞ്ഞതാണ്....
"ഓ ഇനിയിപ്പോൾ അങ്ങനെ പറഞ്ഞു തടി തപ്പിക്കോ.....
"ഡി പോത്തേ സത്യമായും നിന്നെ ഒന്നു വട്ടുകളിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം വിഷ് ചെയ്യാഞ്ഞതാണ്.....
നിന്റെ പിറന്നാൾ ആണെന്ന് ഞാൻ മറന്നതായി കാണിച്ചു വൈകുന്നേരം നിന്നെ വിഷ് ചെയ്തു നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി ഇരുന്നതാണ് പക്ഷേ രാവിലെ തന്നെ നീ എല്ലാം കുളമാക്കി.....
"പിന്നെ പിറന്നാളിന്റെ അന്നു രാവിലെ വിഷ് ചെയ്യാതെ പാതിരാത്രി വിഷ് ചെയ്തു ആണോ മനുഷ്യാ സർപ്രൈസ് ഉണ്ടാക്കുന്നേ.....
എന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒരു മണ്ടൻ കൊണാപ്പനെ ആണല്ലോ എനിക്കു കെട്ടിയോൻ ആയി കിട്ടിയത്.....
"മണ്ടൻ കൊണാപ്പൻ നിന്റെ അച്ഛൻ...
"ദേ ഇച്ചായ എന്റെ അച്ഛന് പറഞ്ഞാലുണ്ടല്ലോ എന്റെ സ്വഭാവം മാറും....
"അല്ലാതെ പിന്നെ ഡി കോപ്പേ ഞാൻ ഒരു വെറൈറ്റി ആണ് ഉദ്ദേശിച്ചത്....
"പിന്നെ ഇതല്ലേ വെറൈറ്റി ഒന്ന് പോയെ....
"എന്നായാലും വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ നിന്റെ പിറന്നാൾ നമുക്ക് ആഘോഷിച്ചേക്കാം.....
"ആയിക്കോട്ടെ... അതേ വരുമ്പോൾ എന്റെ കെട്ടിയോൻ എനിക്കുള്ള ഗിഫ്റ്റ് ആയിട്ട് ഇങ്ങു വന്നാൽ മതി ഇല്ലെങ്കിൽ ഈ വീട്ടിൽ നിങ്ങളെ ഞാൻ കേറ്റില്ല....
"ആഹാ ഗിഫ്റ്റ് ചോദിച്ചാണോടി മേടിക്കുന്നത്.... ഇതെന്നാടി ഗുണ്ടായിസം ആണോ.....
"ഹാ അൽപ്പം ഗുണ്ടായിസം ഒക്കെ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ അടുത്ത് ജീവിക്കാൻ പറ്റുകയുള്ളൂ എന്നു പറഞ്ഞു എനിക്കിട്ടൊരു നുള്ളും തന്നവൾ പോയി.....
********
വൈകിട്ട് ജോലിയും കഴിഞ്ഞു ഞാൻ ഒരു കേക്ക് ഒക്കെ വാങ്ങി വീട്ടിൽ എത്തി.
ഫ്രഷായി വന്നിട്ട് അവളെയും അമ്മയെയും വിളിച്ചു എന്നിട്ട് അവളെ കൊണ്ടു കേക്ക് കട്ട് ചെയ്യിച്ചു....
"അതേ ഇച്ചായ എന്റെ ഗിഫ്റ്റ് എന്തിയെ....
"ഗിഫ്റ്റോ എന്തു ഗിഫ്റ്റ്....
, "ദേ ചുമ്മാ വട്ടു കളിപ്പിക്കാതെ താ മനുഷ്യാ......
"എന്തു തരാൻ.... കേക്ക് വാങ്ങിച്ചില്ലേ അതുപോരെ....
"ഓ അപ്പോൾ ഒന്നും വാങ്ങിച്ചില്ല അല്ലെ.... എനിക്കപ്പഴേ തോന്നി നിങ്ങൾ മറക്കുമെന്നു അതുകൊണ്ടാണ് ഞാൻ രാവിലെ ഓർമ്മിപ്പിച്ചു വിട്ടത് എന്നിട്ടും മറന്നു..
അതെങ്ങനെയാ എന്റെ കാര്യം നോക്കാനും ഓർക്കാനും നിങ്ങൾക്ക് എവിടുന്നാ നേരം എന്നു പറഞ്ഞവൾ തുടങ്ങി....
ഇനിയിപ്പോൾ അവളെന്റെ പഴയ കാമുകി പുരാണം തുടങ്ങും അതിനു മുൻപ് സർപ്രൈസ് അങ്ങ് പൊട്ടിക്കാൻ ഞാൻ തീരുമാനിച്ചു....
കലിതുള്ളി നിന്ന അവളുടെ കൈയിലേക്ക് ഞാൻ എന്റെ ഗിഫ്റ്റ് കൊടുത്തു....
"അക്ഷരങ്ങൾ എനിക്കു സമ്മാനിച്ച എന്റെ പ്രണയമേ നിനക്കെന്റെ പ്രണയത്തിൽ ചാലിച്ച ജന്മദിനാശംസകൾ " എന്നു ആ കവറിന്റെ പുറത്തു എഴുതി വെച്ചിരുന്നു....
ആകാംഷയോടെ അവൾ ആ കവർ തുറന്നു നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു....
"ഇച്ചായ ഇത്.....
"എന്താടി ഇഷ്ടമായോ ഇച്ചായന്റെ ഗിഫ്റ്റ്....
ഞാൻ ചോദിച്ചു തീരും മുൻപ് അവളെന്നെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
"അയ്യേ എന്റെ പിറന്നാൾ ആയിട്ട് കരയുന്നോടി പൊട്ടി.... എന്നു പറഞ്ഞവളുടെ കണ്ണുനീർ തുടച്ചു..
"അതേ ഇച്ചായ ഇങ്ങനെ ഒരു ഗിഫ്റ്റ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ലവ് യു ഇച്ചായ .......
എന്നാലും ഇച്ചായൻ ഇതെങ്ങനെ അറിഞ്ഞു....
"അതുപിന്നെ ഞാൻ നിന്റെ ഡയറി വായിച്ചു.. നല്ലൊരു ലാബ് ടെക്നിഷൻ ആകണമെന്ന ആഗ്രഹത്തോടെയാണ് നീ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതെന്നും പക്ഷേ വീട്ടുകാരുടെ എതിർപ്പ് കൊണ്ടു തന്നെ ജോലിക്ക് പോവാൻ കഴിഞ്ഞില്ലെന്നും നീ എഴുതിയിരുന്നു. അതിനടിയിൽ ഇനി ഒരിക്കലും നടക്കാത്ത സ്വപ്നമായതെന്നിൽ അവസാനിക്കുന്നു എന്നും നീ ഡയറിയിൽ എഴുതി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു.... നീ ആയിട്ട് എന്നോട് ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല..
അതുകൊണ്ട് തന്നെ നിനക്കു തരാൻ കഴിയുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ഇതാണെന്നു എനിക്കു തോന്നി....
അതുകൊണ്ടാണ് നിന്നോട് പോലും പറയാതെ കാര്യങ്ങൾ ഒക്കെ ചെയ്തത്....
എനിക്കു പരിചയമുള്ള ആളായത് കൊണ്ടു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ തന്നെ നിനക്കു ഈ ജോലി വാങ്ങിച്ചു തരാൻ പറ്റി....
അപ്പോയ്ന്റ്മെന്റ് ഓർഡർ ഇന്നലെ എന്റെ കൈയിൽ കിട്ടിയതാണ് ഇന്ന് നിന്റെ പിറന്നാൾ ആയതു കൊണ്ടു ഒരു ഗിഫ്റ്റ് ആയി തരാമെന്ന് വെച്ചാണ് മാറ്റി വെച്ചത്.....
അപ്പോൾ നാളെ മുതൽ എന്റെ കെട്ടിയോൾ ജോലിക്ക് പോവാൻ റെഡി ആയിക്കോ കേട്ടോ....
സന്തോഷം കൊണ്ടവളെന്റെ കവിളത്തൊരുമ്മ തന്നു....
പിറ്റേന്ന് രാവിലെ അവളുടെ കൈപിടിച്ച് അവളെ ജോലിക്ക് കൊണ്ടു വിട്ടപ്പോൾ അവളെക്കാൾ സന്തോഷം എനിക്കായിരുന്നു....
അവളുടെ സ്വപ്നത്തിനു നിറം പകരാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ അവളെ നോക്കിയപ്പോൾ അവളുടെ കഴുത്തിൽ ഞാൻ അണിയിച്ച താലി പത്തരമാറ്റു ശോഭയാൽ തിളങ്ങുന്നതായി എനിക്കു തോന്നി.....
ഒരു പെണ്ണിന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കെട്ടിയിടാൻ ഉള്ളതാവരുത് താലി ചരട്....
മറിച്ചു അവളുടെ സ്വപ്നങ്ങളു ടെയും ആഗ്രഹങ്ങളുടെയും പാതയിലേക്ക് ഉള്ള കൂട്ടായി മാറണം താലിയും താലി കെട്ടുന്നവനും .....
താലി പെണ്ണിനൊരു അലങ്കാരമാവരുത് മറിച്ചു അത് അവൾക്കൊരു അഹങ്കാരമാവണം തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആണൊരുത്തൻ കൂട്ടിനുണ്ടെന്നൊരു അഹങ്കാരം...
(സ്നേഹപൂർവ്വം... 💕ശിവ 💕)
Follow Valappottukal