നൊമ്പരങ്ങൾ

Valappottukal


ഫോണിലേക്കു വന്ന മെസ്സേജ് എടുത്തു നോക്കി..വിശാഖിന്റെ മെസ്സേജ് ആണ്..പ്രതീക്ഷിച്ച ഒരു ഫോൺ നമ്പർ.

 " സമീറ " എന്ന പേരിൽ ആ നമ്പർ ഫോണിലേക്കു സേവ് ചെയ്യുമ്പോൾ  കൈകൾ വിറച്ചിരുന്നു..നെഞ്ചിലെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതറിഞ്ഞു...
ആ നമ്പറിലേക്കൊരു മെസ്സേജ് ടൈപ്പ് ചെയ്‌തു.

"സുഖല്ലേ ? ഷാഫിയാണ്.."

ഓൺലൈനിൽ അവളെ കാണാനില്ലായിരുന്നു....

പാലക്കാട് എഞ്ചിനീറിങ് കോളേജിൽ സിവിൽ നു എൻട്രൻസ് സെക്കന്റ് ചാൻസിലാണ്  ഞാൻ എത്തിയത്..ക്ലാസ്സിലെ കുട്ടികളെ പരിചയപ്പെടുന്നതിനിടയിലാണ് സമീറയെ കാണുന്നത്..പറഞ്ഞു വന്നപ്പോൾ എന്റെ നാടിന്റെ അടുത്ത സ്ഥലം..അപ്പോൾ സ്നേഹവും അടുപ്പവും ഒന്നുകൂടി കൂടി..നാട് വിട്ടുകഴിഞ്ഞാൽ എപ്പോഴും അങ്ങനാണല്ലോ..ആദ്യം ജില്ലക്കാർ തമ്മിലൊരു അടുപ്പം..പിന്നെ നാട്ടുകാർ ആണെങ്കിൽ ഒന്നുകൂടി...

സമീറ ഫസ്റ്റ് ചാൻസിൽ സീറ്റ് കിട്ടി വന്നതാണ്.. ഒരു ഓർത്തോഡോക്സ് ഫാമിലിയിൽ.നിന്ന്‌...18 വയസ്സുകഴിഞ്ഞാൽ കല്യാണം എന്ന ചിന്തയിൽ നിന്നും.പഠിക്കണം എന്ന സ്വന്തം വാശിപ്പുറത്ത് എത്തിയവൾ.. ഒരു ബഹുമാനം തോന്നി...

പഠനത്തിൽ പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു...നാട്ടിലേക്കുള്ള യാത്രകൾ പലതും ഒരുമിച്ചായിരുന്നു..എപ്പോഴൊക്കെയോ മനസ്സിൽ തോന്നിയ ഇഷ്ടം പ്രണയമായി മാറുകയായിരുന്നു..

തുറന്നു പറയാൻ ഭയമായിരുന്നു..ഉള്ള സൗഹൃദം നഷ്ടമാകുമോ എന്നൊരു തോന്നൽ...ഒരിക്കൽ ട്രെയിൻ മിസ് ആയി നാട്ടിലേക്കുള്ള യാത്രയിൽ സുരക്ഷിതമായി അവളെ വീട്ടിലെത്തിച്ചപ്പോൾ ആ കണ്ണുകളിൽ ഞാൻ ആദ്യമായി പ്രണയം തിരിച്ചറിഞ്ഞു..

കോഴ്‌സ്‌ കഴിഞ്ഞാലുടൻ അവളുടെ വിവാഹം നടത്തുമെന്നുറപ്പുണ്ടായിരുന്നു...എന്തെങ്കിലും ഒരു ജോലി കണ്ടെത്തു എന്നേ അവളും പറഞ്ഞുള്ളു..

ഉപ്പ കുവൈറ്റിൽ ഒരു അറബിയുടെ വീട്ടിൽ ഡ്രൈവർ ആണ്..

മനസ്സിനെ ധൈര്യപ്പെടുത്തി ഉപ്പയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...അല്ലെങ്കിലും ഉപ്പ ഇന്നുവരെ ഒന്നിനും എതിരു നിന്നിട്ടില്ല..ഒരേ മതത്തിൽ ഉള്ളത് കൊണ്ടാവാം വിചാരിച്ചത്ര എതിർപ്പ്  വീട്ടിൽ നിന്നുമുണ്ടായില്ല...ഇത്ര പെട്ടെന്ന് ഒരു കല്യാണം വേണോ എന്നു മാത്രമാണ് ഉമ്മ ചോദിച്ചത്...

എന്റെ വാശിക്കു വഴങ്ങി ഒടുവിൽ വീട്ടുകാർ പെണ്ണ് ചോദിച്ചു പോയി.. അവളുടെ കൂടെ പലപ്പോഴും വീട്ടിൽ പോയിട്ടുള്ളത് കൊണ്ട് അവളുടെ ഉപ്പക്കു എന്നെ നന്നായി അറിയാമായിരുന്നു..അവർക്കെന്നെ ഇഷ്ടവുമായിരുന്നു..അവളുടെ ഇക്കമാരും ബന്ധുക്കളും ഈ ബന്ധത്തിനെ ശക്തമായി എതിർത്തു.. എനിക്ക് ജോലിയില്ല എന്നത് തന്നെയായിരുന്നു പ്രധാന കാരണം...

എനിക്ക് വിസയെടുത്ത് എത്രയും വേഗം ജോലിയാക്കാമെന്ന ഉപ്പയുടെ ഉറപ്പിന്മേൽ, അവളുടെ കരച്ചിലിലും ...ഒടുവിൽ മനസ്സില്ലാമനസ്സോടെ വിവാഹത്തിനു സമ്മതിച്ചു..

അവളുടെ കുടുംബത്തിൽ ഇത്രയും വൈകി ഒരു പെണ്കുട്ടിയുടെയും വിവാഹം നടന്നിട്ടില്ലത്രേ..അതുകൊണ്ടു രണ്ടുമൂന്നു മാസത്തിനുള്ളിൽ ഒരു ജോലി നേടി വിവാഹം നടത്തണം അതായിരുന്നു അവരുടെ ഡിമാൻഡ്.

ഇക്ക ബഹ്റിനിൽ ഒരു സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.. ഇക്കയുടെ അവിടെ തന്നെ തൽക്കാലം എനിക്കൊരു ജോലി ശരിയായി..

പോകുന്നതിനു രണ്ടു ദിവസം മുൻപ് ഒരു ഫോൺ കാൾ ആണ് രാവിലെ എല്ലാവരെയും ഉണർത്തി യത്...
കുവൈറ്റിൽ വച്ചു ഉപ്പക്കു പക്ഷാഘാതം.. സീരിയസ് ആണ്..വിവരമറിഞ്ഞു ഉമ്മയും പെങ്ങന്മാരും കരച്ചിലായി....ഉപ്പ അവിടെ ഒറ്റക്ക്......എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കാണ്...

ഒരു വിസിറ്റിംഗ് വിസ എടുത്ത് ഉപ്പാടെ അടുത്ത് എത്രയും പെട്ടെന്ന് എത്തുക..ഉപ്പയെ വേഗം നാട്ടിലെത്തിക്കുക...എല്ലാവരും കൂടി തീരുമാനമായി..ബഹറിനിലേക്കു പോകേണ്ട ഞാൻ വിസിറ്റിംഗ് വിസയിൽ കുവൈറ്റിലെത്തി..

എന്നെ കണ്ടതും ഉപ്പ കരച്ചിലായി..ഓർമ വച്ച കാലം മുതൽ തേച്ചുമടക്കിയ ഷർട്ടും അത്തറും പൂശി നടന്നിരുന്ന ഉപ്പ തളർന്നു കിടക്കുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി...

ഉപ്പയെ വേഗം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട്..യാത്ര ചെയ്യാനുള്ള ആരോഗ്യം ഉപ്പാക്കുണ്ടാവുന്നത് വരെ അവിടെ തുടരുന്നതാണ് നല്ലാതെന്നായിരുന്നു ഉപ്പയെ ചികിൽസിച്ച ഡോക്ടർമാർ നിർദേശിച്ചത്..
ഉപ്പയുടെ ശരീരത്തിനെക്കാൾ തളർച്ച മനസ്സിനാണെന്നു തോന്നി..രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടും ഉപ്പയുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടായില്ല..

ഒരു കാരണം നോക്കിയിരുന്ന സമീറയുടെ ബന്ധുക്കൾക്ക് അതൊരു പിടിവള്ളിയായിരുന്നു.. ..അവർ വിവാഹത്തിന് ധൃതി കൂട്ടി..ഈ അവസ്ഥയിൽ ഉപ്പയെ അവിടെ ഇട്ടിട്ട് പോരാൻ മനസ്സനുവദിച്ചില്ല..

പിന്നെ കേട്ടു ജോലിക്കു പോകാതെ ഉപ്പയെ നോക്കുന്ന  ഒരു മരുമകനെ അവർക്ക് ആവശ്യമില്ലെന്ന്..

നാട്ടിൽ നിന്നാരോ പറഞ്ഞറിഞ്ഞു സമീറക്കു വേറെ വിവാഹം ഉറപ്പിച്ചെന്നു..വിവാഹത്തിന് കുറച്ചുദിവസം മുൻപ് സമീറയെന്നെ വിളിച്ചു..

""ഷാഫി എങ്ങിനെയെങ്കിലും നാട്ടിലെത്തു..ഷാഫി വിളിച്ചാൽ ഞാൻ ഇറങ്ങി വരാം.." ഫോണിലൂടെ അവളുടെ കരച്ചിൽ കേട്ടു..മറുപടി പറയാനാവാതെ ഞാൻ ഫോൺ കട്ട് ചെയ്തു..അതുവരെ പിടിച്ചു വച്ച സങ്കടങ്ങളെല്ലാം കണ്ണീരായി പുറത്തു വന്നു..

എന്റെ സങ്കടം കണ്ടാവണം ഉപ്പ പറഞ്ഞു..

'"നീ പൊയ്ക്കോ ഷാഫിയെ... എന്റെ കാര്യം നോക്കേണ്ട..നിങ്ങൾ ആശിച്ച ജീവിതം നിങ്ങൾക്ക് കിട്ടട്ടെ..എനിക്ക് വേണ്ടി നിന്റെ ജീവിതം കളയേണ്ട.."

പരസഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത ഉപ്പ ഇതെങ്ങിനെ മനസ്സിലാക്കിയെന്ന ചിന്തയായിരുന്നു എനിക്കപ്പോൾ..

പിന്നീടുള്ള ദിവസങ്ങളിൽ ഉപ്പ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു.. ഏതു സമയവും പ്രാർത്ഥനയിലായി..
ഒരു ദിവസം പറഞ്ഞു..
"എത്ര പ്രാർത്ഥിച്ചിട്ടും പടച്ചോൻ എന്റെ വിളി കേൾക്കുന്നില്ലല്ലോ ഷാഫിയെ..' അതു പറയുമ്പോൾ ഉപ്പയുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി...

"സാരമില്ല ഉപ്പാ..അവളെ എനിക്ക് വിധിച്ചിട്ടില്ല..ആരോഗ്യമുള്ള കാലം മുഴുവൻ ഞങ്ങൾക്ക് വേണ്ടി ഇവിടെ ജീവിതം കളഞ്ഞ ഉപ്പയെ ഒറ്റക്കിവിടെ ഇട്ടിട്ടു പോവാൻ എനിക്ക് കഴിയില്ല ...."

അവളുടെ വിവാഹം കഴിഞ്ഞെന്നറിഞ്ഞു..ഉപ്പ രണ്ടു മാസം കൂടി അതേ കിടപ്പ് തന്നെയായിരുന്നു..ഉപ്പ പോയി....കർമ്മങ്ങളെല്ലാം അവിടെ തന്നെ ചെയ്തു..നാട്ടിലേക്ക് പോകാൻ തോന്നിയില്ല..ഉപ്പയുടെ അറബി തന്നെ ഒരു ജോലി ശരിയാക്കി തന്നു..കുറെ വർഷങ്ങൾ അങ്ങനെ ഇവിടെ തന്നെ..

ഉമ്മക്കെന്നെ കാണണമെന്നു പറഞ്ഞു കരച്ചിലായി..
"അന്നെ കാണാതെ ഉപ്പാടെ അടുത്തേക്ക് പോണ്ടി വരോ ഷാഫി...?"
ഒരിക്കൽ വിളിച്ചപ്പോൾ ഉമ്മ ചോദിച്ചു...

"ഉമ്മക്കും വയ്യാതായടാ..ഒന്നു പോയി കണ്ടേക്ക്.."
ഇക്കയും വിളിച്ചു പറഞ്ഞു..

അങ്ങനെ 7 വർഷങ്ങൾക്കു ശേഷം വീണ്ടും നാട് കണ്ടു..ഉമ്മയും പെങ്ങമ്മന്മാരെയും കണ്ടു...അതിനിടയിൽ ഇക്കയുടെയും ഒരു പെങ്ങളുടെയും വിവാഹം കഴിഞ്ഞിരുന്നു...എന്തോ പോകാൻ തോന്നിയില്ല..

ഇനി ഒരു പെണ്ണ് കെട്ടീട്ടു പോയ മതീന്നു ഉമ്മ തീർപ്പു പറഞ്ഞു.ഇല്ലെങ്കിൽ ജീവിതത്തിൽ ഞാൻ ഒറ്റക്കാവുമെന്നായിരുന്നു ഉമ്മയുടെ വേവലാതി..
അങ്ങനെയാണ് ഉമ്മയുടെ ബന്ധത്തിൽപ്പെട്ട റുബീനയുടെ ആലോചന കൊണ്ടുവരുന്നത്..ഉപ്പയില്ല.. രണ്ടാനുമ്മയോടൊപ്പമാണ്...

"അയിനൊരു ജീവിതം കിട്ടിക്കോട്ടെടാ.." എന്നേ ഉമ്മ പറഞ്ഞുള്ളു..ഉമ്മ പറഞ്ഞപോലെ തന്നെ പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത ഒരു സാധു..നിക്കാഹ് കഴിഞ്ഞാണ് ഞാൻ കാണുന്നത് തന്നെ..

ഇന്ന് എന്നോടൊപ്പം അവൾ മാത്രമല്ല..രണ്ടു കുറുമ്പന്മാരും ഉണ്ട്..

മൊബൈലിൽ വന്ന മെസ്സേജ് എടുത്തു നോക്കി..സമീറയുടേതാണ്..
"സുഖം.. ഷാഫിയെ എനിക്ക് മനസ്സിലാകും.. എനിക്ക് ബഹുമാനം കൂടീട്ടെ ഉള്ളു..."

ആശ്വാസത്തോടെ കസേരയിലേക്കു ചാഞ്ഞു...

എന്നും സുഖമായിരിക്കട്ടെ അവൾ..അങ്ങനെയേ ഇതുവരെ പ്രാർത്ഥിച്ചിട്ടുള്ളൂ...

ജീവിതം ഇങ്ങനെയാണ്..ആശിച്ചതെല്ലാം കിട്ടണമെന്നില്ല.അതെപ്പോഴും ഒരു നോവായി മനസ്സിലുണ്ടാകും..ഒരു മകന്റെ കടമകൾ ചെയ്‌തു തീർത്ത സന്തോഷം ...അതുമതി ആ നോവിനെ സാന്ത്വനപ്പെടുത്താൻ...

സ്നേഹത്തോടെ....
Nitya Dilshe
To Top