എന്ത് ഭംഗിയാ അവളെ കാണാൻ. ആരാ അവൾ ?

Valappottukal

രചന: Mahesh Kandanadan
അമ്പലത്തിൽ ദീപാരാധനയ്ക്കു തൊഴാൻ നിൽക്കുമ്പോളാണ് അവളെ കാണുന്നത് .. നിറഞ്ഞു കത്തുന്ന കൽവിളക്കിന്റെ പ്രഭയിൽ അവൾഒരപ്സരസായി തോന്നി .. കസവു മുണ്ടും നേര്യതും നന്നായി ഇണങ്ങുന്നുണ്ട് അവൾക്കു ..
വാലിട്ടെഴുതിയ കൺകളിൽ കാണാം ഒരു കൊച്ചുകുട്ടിയുടേത് പോലെയുള്ള കുസൃതി .. അനുസരണയില്ലാത്ത കുപ്പിവളകൾ കലപിലകൂട്ടുന്നുണ്ട് ഇടയ്ക്കിടെ ...

എന്ത് ഭംഗിയാ അവളെ കാണാൻ. ആരാ അവൾ ? കൂട്ടുകാരിൽ പലരും “ അവളെന്തൊരു ചരക്കാ എന്ന് കമന്റു പറഞ്ഞപ്പോളും , വളയുന്ന ടൈപ്പ് ആണോ ന്നു നോക്കാം “ ന്നു കളി പറഞ്ഞപ്പോളും മുൻപെങ്ങും തോന്നാത്ത ദേഷ്യം തോന്നി അവരോടു . ഇത്രനാളും അവരോടൊപ്പം തമാശകൾ പറഞ്ഞിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട് പക്ഷെ ഇതെന്തോ അങ്ങനെ പറ്റണില്ല .. ഇവൾ എന്റെ പെണ്ണാണെന്നൊരു തോന്നൽ ..
ഒന്നും മിണ്ടാതെ കൂർത്ത നോട്ടമെറിഞ്ഞപ്പോളും അതിരുവിടുന്ന തമാശയ്ക് ശകാരം കൊണ്ട് തടയിട്ടപ്പോളും വേണുവോഴികെ മറ്റെല്ലാവരും കളിയാക്കി . തൊലിവെളുപ്പുള്ള പെണ്ണിനെ കണ്ടപ്പോ പ്രണയത്തോടുള്ള എതിർപ്പ് മഞ്ഞു പോലെ ഉരുകിയെന്നു പറഞ്ഞു..

ഇനി അവിടെ നിന്നാൽ എന്തേലും തിരിച്ചു പറഞ്ഞു പോകും . അത് വേണ്ടാ . ഒന്നും പറയാതെ പുറകോട്ടു മാറിയ എന്നെ വേണു പിന്തുടർന്നു .. അവനു മനസിലാവുമായിരുന്നു എന്നെ .
സ്‌കൂളിൽ പഠിച്ച കാലത്തു ഇല്ലായ്മകളുടെ വറുതിയിൽ വിശപ്പില്ലായെന്നു പറഞ്ഞു ഒഴിഞ്ഞിരുന്ന നാളുകൾ ഉണ്ടായിരുന്നു ..രാവിലെ വയറു നിറച്ചും കഴിച്ചതോണ്ട് എനിക്ക് വേണ്ടാ നിങ്ങൾ പോയിക്കഴിച്ചോളൂ എന്ന് പറഞ്ഞു കൂട്ടുകാരെ യാത്രയാക്കാറുണ്ടായിരുന്നു .. അപ്പോഴും വയറ്റിലൊരു തീഗോളം എരിഞ്ഞമരുന്നുണ്ടാവും . ആരും കാണാതെ പൈപ്പ് വെള്ളം കുടിച്ചും കരകവിഞ്ഞൊഴുകുന്ന കണ്ണീരിനെ തടകെട്ടിനിർത്തിയും ഒരു മഴക്കാലത്തെ തടഞ്ഞു നിർത്താറുണ്ടായിരുന്നു ഞാൻ .

എന്നിട്ടും എപ്പോഴോ വേണു അത് കണ്ടെത്തി . ഡെസ്ക്കിൽ തല ചായ്ച്ചു കണ്ണ് നിറച്ചു കിടന്ന എന്റെ തോളിൽ നനുത്ത ഒരു സ്പർശം തോന്നിയപ്പോ .. തലയുയർത്തി നോക്കി .. മുന്നിൽ വേണു . എന്നെയനുസരിക്കാതെ കണ്ണുനീർ ചാലിട്ടൊഴുകി . മറച്ചു വയ്ക്കാനായില്ല ഒന്നും , എല്ലാം തുറന്നു പറയേണ്ടി വന്നു അവനോടു .. അച്ഛനില്ലാത്ത കുട്ടിയെ വളർത്തുന്ന സരസ്വതിയമ്മ എന്ന എന്റെ അമ്മയുടെ കഷ്ടപ്പാടുകൾ .. വൈകിയ നേരത്തു തടിപ്പലകയിൽ തീർത്ത കതകിൽ മുട്ടുന്ന പകല്മാന്യന്മാരെ പേടിച്ചു ഉറങ്ങാതെ എന്നെയും നെഞ്ചോടടക്കി ജീവിക്കേണ്ടി വരുന്ന അമ്മയുടെ സങ്കടം .. മകന്റെ വിശപ്പടക്കാൻ കുര്യാക്കോസ് മുതലാളിയുടെ വീട്ടിൽ അടുക്കളപ്പണിക്ക് പോയതും ഭാര്യയില്ലാത്ത നേരത്തു കയറിപ്പിടിച്ച മുതലാളിയെയും അത് കണ്ടോണ്ടു വന്ന ഭാര്യ വ്യഭിചാരിണിയായി ചിത്രീകരിച്ചതിലുമുള്ള കുത്തുന്ന നോവുകൾ ..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ കണ്ണുകൾ നിറഞ്ഞതവന്റെയാണ് .. നീയെനിക്ക് കൂടപ്പിറപ്പല്ലേടാ എന്ന് പറഞ്ഞു ചേർത്തുപിടിച്ചു . ഇലപ്പൊതിയിൽ അവൻ കൊണ്ടുവന്ന ചോറ് പങ്കിട്ടു കഴിച്ചപ്പോ ഇന്നേവരെ അത്ര രുചിയുള്ളതു മറ്റൊന്നും കഴിച്ചിട്ടില്ല എന്ന് തോന്നി .. കണ്ണീർ പെയ്തൊഴിഞ്ഞതുകൊണ്ടാവും ഒരൽപം ഉപ്പു കൂടുതലായി തോന്നി എന്നതൊഴിച്ചാൽ ...

അന്ന് കൂടെക്കൂടിയതാണ് അവൻ .. ഇപ്പൊ ഒരേ കുടുംബത്തിലെ കുട്ടികളെ പോലെ കൂടെയുണ്ട്. അവനെയൊളിച്ചു ഒരു രഹസ്യങ്ങളും ഇല്ലാ ജീവിതത്തിൽ .. അവൻ കൂടെയില്ലാത്ത സമയം ഇല്ലാ എന്ന് തന്നെ വേണം പറയാൻ , എന്റെ കാവൽ മാലാഖയെ പോലെ.. ചെയ്തു തന്ന ഉപകാരങ്ങൾ ഒരുപാടുണ്ട് .. പഠിച്ചോണ്ടിരുന്ന നാളുകളിൽ ഫീസ് അടയ്‌ക്കേണ്ടി വന്നിട്ടില്ല ഒരിക്കലും .പുസ്തകങ്ങളും യൂണിഫോമും ബാഗും കുടയുമെല്ലാം കൃത്യമായി അവൻ എത്തിക്കുമായിരുന്നു .. പുത്തനുടുപ്പു ഒരെണ്ണം വാങ്ങിയാൽ ഒപ്പം വാങ്ങും എനിക്കും ഒരെണ്ണം.. അങ്ങനെയുള്ള അവനു മാത്രേ എന്നെ മനസ്സിലാവൂ .

“എന്താ ദീപു നിനക്ക് പറ്റിയെ ? ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു .. ആ പെൺകുട്ടിയെ കണ്ടപ്പോ മുതൽ ഒരു ഇളക്കം .. ?” മുഖം കാണാതെ വേണു അത് ചോദിച്ചെങ്കിലും അവന്റെ സംശയം എനിക്ക് ബോധ്യപ്പെടുന്നുണ്ടായി .

“എനിക്കറിയില്ലേടാ .. അവളെ കണ്ടപ്പോ ഒരിഷ്ടം തോന്നി. ഇവളാണ് ഇനിയെന്റെ കൂട്ടെന്നു ഒരു തോന്നൽ ” ദീപു ഒന്നും ഒളിച്ചില്ല

“ ഡാ അവളെ നീ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ ? അവളാരാണെന്നോ എന്താണെന്നോ നിനക്കറിയോ ? ഒന്നും വേണ്ടാ അവളുടെ വീട് എവിടാണെന്നോ അറ്റ്ലീസ്ററ് അവളുടെ പേര് എന്താണെന്നെങ്കിലും അറിയോ .. പ്രേമം മണ്ണാങ്കട്ട ” വേണു വിടാനൊരുക്കമല്ലായിരുന്നു .

“ നീ തന്നെ ഇത് പറയണം . ജ്യോതിയെ പ്രേമിച്ചു ആ പ്രേമം തലയ്ക്കു പിടിച്ചു രാത്രിക്കു രാത്രി വിളിച്ചിറക്കിക്കൊണ്ടുവന്നു കല്യാണവും കഴിച്ചു രണ്ടു കുട്ടികളും ആയിക്കഴിഞ്ഞപ്പോ നിനക്ക് പ്രേമിക്കുന്നവരോട് പുച്ഛം അല്ലേടാ കോപ്പേ .. "ദീപുവും വിട്ടു കൊടുത്തില്ല .

“ എന്റെ പൊന്നു ദീപു നീ സന്തോഷത്തോടെ നിനക്കിഷ്ടമുള്ള പെണ്ണിനെക്കെട്ടി സുഖമായി ജീവിക്കുന്നത് കാണുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനും ജ്യോതിയും ആയിരിക്കുമെന്ന് നിനക്കറിയാല്ലോ .. ജ്യോതീടെ വീട്ടിൽ അവളൊറ്റ മോളായതുകൊണ്ടു പ്രശ്നം ഏതു ലെവൽ വരെ പോകൂന്നു ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു .. “ ഞങ്ങളെവിട്ടു ഇറങ്ങിപ്പോയവൾ ചത്തൂ ന്നു കൂട്ടിക്കോളാം ഇനി ഞങ്ങൾക്കങ്ങനെ ഒരു മകളില്ല” എന്ന് പറഞ്ഞവർ ആദ്യത്തെ കുഞ്ഞായിക്കഴിഞ്ഞപ്പോ പിന്നെ വീട്ടീന്ന് മാറാതായി .

ഇത് അതുപോലെ അല്ലാ . ആ കുട്ടീടെ പേര് ഭാമ . അങ്ങ് അയ്യപ്പന്കാവ്നടുത്താണ് അവളുടെ വീട് .. അവളുടെ അച്ഛൻ ഒരാളുണ്ട് ഒരു സേതുമാധവൻ , റിട്ടയേർഡ് കേണൽ .. ആ തോക്കും തുടച്ചോണ്ടു എപ്പോഴും ഉണ്ടാവും പൂമുഖത്തു .. പിന്നെ ഗുണ്ടാപ്പണിക്ക് നടക്കുന്ന ഒരു ചേട്ടൻ ഉണ്ട് .. പെങ്ങളെ ശല്യം ചെയ്തതിനു ഒരുത്തനെ കുത്തിക്കീറി ഇപ്പൊ ജയിലിലാ.. പിന്നൊരുത്തൻ എറണാകുളത്തു എവിടെയോ ഒരു ഐ ടി കമ്പനീലാ .. കോടിശ്വരിയായ ഒരുത്തീനേം കെട്ടി അവിടെത്തന്നെ കൂടിയേക്കുവാ . .പിന്നെ ഇതിനെല്ലാം പുറമെ ഗവണ്മെന്റുദ്യോഗമില്ലാത്ത ഒരുത്തനു മകളെ കൊടുക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അവളുടെ തന്ത ..പ്രേമം ന്നു പറഞ്ഞു അങ്ങോട്ട് ചെന്നാലും മതി .. ആ തോക്കിലെ ഉണ്ട മുഴുവൻ നിന്റെ നെഞ്ചത്തിരിക്കും . അങ്ങേരു പട്ടാളത്തിലെ കശാപ്പുകാരനാരുന്നോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് അമ്മാതിരി ലുക്ക് ആണ് ..”

ദീപു വേണുവിനെ അതിശയത്തോടെ നോക്കി ..

“ ഞാൻ എങ്ങനെ ഇതൊക്കെ അറിഞ്ഞൂന്നാവും . ജ്യോതീടെ ഫ്രണ്ട് സരികയേ നിനക്കറിയില്ലേ . അവളുടെ അച്ഛന്റെ അനിയന്റെ മോളാ ഈ കുട്ടി ” വേണു പറഞ്ഞു നിർത്തി ..

“അളിയാ നിനക്ക് പരിചയമുള്ള കുട്ടിയാല്ലേ അവൾ . ഒന്ന് പരിചയപ്പെടുത്തെടാ അവളെ .. ഞാനൊന്ന് സംസാരിക്കട്ടെ .. “
ദീപു കുട്ടികളെ പോലെ കെഞ്ചി

“ നീയൊന്നു പോയെ ദീപു.. എനിക്കെങ്ങും പറ്റില്ല .. നീ ഓരോ തോന്യാസം ഒപ്പിച്ചു വച്ചിട്ട് ആ കാർന്നൊൻ എങ്ങാൻ തോക്കും പൊക്കിക്കൊണ്ട് ഇങ്ങു വന്നാലുണ്ടല്ലോ ആദ്യം ഉന്നം വയ്ക്കണത് എന്നെയായിരിക്കും. പണ്ടത്തെപ്പോലെ അല്ലാ കുഞ്ഞുകുട്ടിപരാധീനതകൾ ഉള്ളവനാണ് ജീവിച്ചു പോട്ടെ ” വേണു കൈയൊഴിഞ്ഞു ..

പിന്നെ ആ സംസാരം ഉണ്ടായില്ല . എന്നിട്ടും മടങ്ങാൻ നേരം വേണു ഭാമയ്ക്ക് ദീപനെ പരിചയപ്പെടുത്തി .
“ ഇതെന്റെ കൂട്ടുകാരൻ ദീപു . മൂന്നാലു
പി എസ് സി ലിസ്റ്റിൽ ഒക്കെയുണ്ട് .. ഉടൻ ജോലിയാവും ...”

“അമ്പലത്തിൽ തൊഴാൻ വന്നിട്ട് എന്നെ നോക്കി നിന്നാൽ എങ്ങനാ ? ദേവി കാണുന്നുണ്ട് എല്ലാം കേട്ടോ .. ദൈവദോഷം വരുത്തിവച്ചാൽ പിന്നെ ഞാനേ ഉണ്ടാവൂ നോക്കാൻ.. “ഭാമ ചിരിച്ചോണ്ടാണ് അത്രേം പറഞ്ഞത് ...

തലയിൽ വെള്ളിടി വെട്ടിയത് പോലെ തോന്നി ദീപുവിന് . അപ്പൊ താൻ നോക്കി നിന്നതെല്ലാം ഇവൾ കാണുന്നുണ്ടാരുന്നു ല്ലേ ? അപ്പൊ എനിക്ക് തോന്നിയ ഇഷ്ടം ഇവൾക്കെന്നോടും തോന്നിയിട്ടുണ്ട് അല്ലെ ?

“നാളെ ദീപാരാധനയ്ക്കു വരൂല്ലോ അല്ലെ ? ” എന്നോടെ ചോദിച്ചാണ് ഭാമ മടങ്ങീത്

എന്തിനായിരിക്കും അവൾ നാളെ ദീപാരാധനയ്ക്കു കാണാം ന്നു പറഞ്ഞത് . ഇനീപ്പോ അച്ഛനെ വിളിച്ചോണ്ട് വന്നു കാണിക്കാനായിരിക്കോ ? കിടന്നിട്ട് ഉറക്കം വന്നില്ല . എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു .. ഒന്നും മറയ്ക്കാറില്ലാത്തോണ്ട് അമ്മയോട് എല്ലാം തുറന്നു പറഞ്ഞു .. “ മോനിഷ്ടപ്പെട്ട ഏതു കുട്ടീനേം അമ്മയ്ക്കിഷ്ടാ .. കുഴപ്പത്തിലൊന്നും പോയി ചാടാണ്ടിരുന്നാ മതി. അറിയാല്ലോ അമ്മയ്ക്ക് നീ മാത്രേ ഒള്ളൂ ” ആ അമ്മ ഇങ്ങനെ മാത്രമാണ് പ്രതികരിച്ചത് ...

കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുമ്പോ വേണുവിന് പതിവില്ലാത്ത ഒരു സന്തോഷം .. മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട് കാര്യം ചോദിച്ചിട്ടു ഒന്നും പറയുന്നുമില്ല .. അമ്പലത്തിലെത്തീതും കാവിന്റെയടുത്തു നിൽക്കാൻ പറഞ്ഞിട്ട് അവനെങ്ങോട്ടോ മാറി .. കുറച്ചു കഴിഞ്ഞപ്പോ കണ്ടു ഭാമയും സരികയും അങ്ങോട്ട് വരുന്നത് .. ചുറ്റും നോക്കി ആരേലും പുറകേയുണ്ടോ ?

“ ആരും പുറകെയില്ല ചേട്ടാ . നോക്കി വിഷമിക്കണ്ട . എന്നെക്കുറിച്ചു ചേട്ടന് ഒന്നുമറിയില്ല .. എന്റെ വീട്ടുകാരെക്കുറിച്ചും . ഇന്നലെ വേണുച്ചേട്ടൻ പറഞ്ഞതൊക്കെ വമ്പൻ നുണകളാണ് . ഞാൻ ജ്യോതി ചേച്ചീടെ അമ്മേടെ അനിയത്തീടെ മോളാണ് . ചേട്ടനെ എനിക്ക് നേരത്തെ തന്നെ അറിയാം .. ജ്യോതി ചേച്ചി എല്ലാം പറഞ്ഞിട്ടുണ്ട് .. അന്നേ കരുതീതാ ഈ വീര പുരുഷനെ നേരിട്ട് കാണണമെന്നും പരിചയപ്പെടണമെന്നും .. നിങ്ങൾ എന്റെ ചേച്ചിക്കും ചേട്ടനും വേണ്ടി ചെയ്ത കാര്യങ്ങൾ കേട്ടപ്പോ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ നിങ്ങൾ തന്നെയായിരിക്കണം എന്റെ കഴുത്തിൽ മിന്നു ചാർത്തേണ്ടതെന്നു . അമ്മയ്ക്കും അച്ഛനും ഒക്കെ അറിയാം നിങ്ങളെ ..
അവര് പറഞ്ഞതെന്താന്നറിയോ “ഒരു കൂട്ടുകാരനെ ഇത്രയധികം സ്നേഹിക്കുന്ന അവനു സ്വന്തം ഭാര്യയേയും സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും പറ്റുമെന്ന് ..
അപ്പൊ അമ്മയേം കൂട്ടി ഒരുദിവസം വീട്ടിലേയ്ക്ക് വാ .... “ഇത്രേം പറഞ്ഞു ഭാമ നടന്നകന്നു...

എല്ലാം സ്വപ്നം പോലെയാണ് ദീപു നു തോന്നിയത് ..
“ വേണു , ദ്രോഹി എവിടെയവൻ ? എത്ര മനോഹരമായാണ് കള്ളകഥ പറഞ്ഞത് . അവനു ഒന്നും അറിയാത്ത പോലെ അഭിനയിച്ചതു.. ഇന്ന് രാവിലെ മുഖത്ത് കാണിച്ച സന്തോഷവും ഞാൻ ഭാമയുടെ മുന്നിൽ ചമ്മുന്നത് കാണാൻ വേണ്ടീട്ടല്ലേ . തെണ്ടി ഇങ്ങട്ട് വരട്ടെ ...”
ദീപു അമ്മയേയും വേണുവിനേയും കുടുംബത്തേയും കൂട്ടി ഭാമയുടെ വീട്ടിലെത്തി.ആർക്കും സമ്മതക്കുറവില്ലായിരുന്നു . മോളുടെ ഇഷ്ടം ഞങ്ങളുടെയും എന്ന നിലപാടിലായിരുന്ന് ഭാമയുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും ..കല്യാണം വാക്കാലുറപ്പിച്ചു . അധികം വൈകാതെ
ദീപുവിനു സിവിൽസ്റ്റേഷനിൽ ക്ലെർക്ക് ആയി നിയമനമായി . ജോലിയിൽ കയറി ആറാം മാസം അവരുടെ കല്യാണം മംഗളമായി നടന്നു ..

ഇന്നും കളിയായി ഭാമ ചോദിക്കും അച്ഛനോട് തോക്കുമായി ഇങ്ങു വരാൻ പറയട്ടെ എന്ന് ......

രചന: Mahesh Kandanadan
To Top