രചന: അനശ്വര ശശിധരൻ
നേരം പുലരുന്നതേയുള്ളൂ... ചെറിയമ്മ എന്തൊക്കേയോ പുലമ്പുന്നുണ്ട്... ചുണ്ടനക്കം കണ്ടിട്ട് പതിവ് ശൈലികളായിരിക്കുമെന്ന് ഞാൻ ഊഹിച്ചു...
അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കൈയൊഴിഞ്ഞ ബന്ധുക്കൾക്കും മൂക്കത്ത് വിരൽ വച്ച് എന്നെ തന്നെ നോക്കി നിന്ന നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗി വാക്കെന്ന പോലെ "ഇവളെ ഞാൻ നോക്കിക്കൊള്ളാം" എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.. ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പിറുപിറുത്തു തുടങ്ങിയതും ഞാനോർക്കുന്നു.. ആദ്യമൊക്കെ അവർ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.. ഏൽപ്പിച്ച വീട്ടുജോലികളിൽ എന്തെങ്കിലും പിഴവ് വന്നാൽ പിറുപിറുക്കലുകൾക്ക് പകരം ശകാരമുയർന്നിരുന്നു.. അത് ശകാരമാണെന്ന് മനസ്സിലായത് പോലും അവരുടെ മുഖത്തെ ഭാവങ്ങളിൽ നിന്നാണ്...
വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നു.. കേട്ട് തഴമ്പിക്കുവാൻ മാത്രം കേൾവിശക്തിയുള്ള കാതുകൾ എനിക്ക് ഇല്ലെന്ന് ചെറിയമ്മയ്ക്ക് നന്നേ ബോധ്യപ്പെട്ടിരിക്കണം..
സമയം 8മണിയോട് അടുക്കുന്നു.. നേരം വൈകി.. ബസ്സ് ഇപ്പോൾ ഇങ്ങ് എത്തും.. ജോലികൾ ഒതുക്കിവച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്ന് ചെറിയമ്മ പ്രാകുന്നുണ്ടാകും.. അതൊക്കെ ശ്രദ്ധിക്കുവാൻ പോയാൽ ഇപ്പോൾ കിട്ടിയ തൊഴിൽ ഇല്ലാതെയാകും..
ടൗണിലെ ഒരു തയ്യൽക്കടയിലാണ് എന്റെ ജോലി.. ചെറിയച്ഛന്റെ സുഹൃത്തിന്റെ സിംപതി കൊണ്ട് മാത്രം കിട്ടിയത്..
സുധ ചേച്ചി തുണികൾ വെട്ടാനും തയ്ക്കാനുമുള്ളതൊക്കെ അടയാളപ്പെടുത്തി വയ്ക്കും.. ചേച്ചിയുടെ ചുണ്ടനക്കം ഒരിക്കലും ചെറിയമ്മേടേത് പോലെ ആയിരുന്നില്ല.. എപ്പോഴും പുഞ്ചിരിയോട് മാത്രം.. ചേച്ചി തരുന്ന ജോലികളിൽ ഇന്ന് വരെ ഞാൻ അശ്രദ്ധ വരുത്തിയിട്ടില്ല.. നാവ് കൊണ്ട് നന്ദി പറയാൻ കഴിവില്ലാത്തവൾക്ക് പ്രവൃത്തികൾകൊണ്ടല്ലേ നന്ദി പ്രകടിപ്പിക്കുവാൻ പറ്റുകയുള്ളൂ..
"പൊട്ടി ഇന്ന് വൈകിയോ???" ബസ്സ് സ്റ്റോപ്പിലേക്കുള്ള ഓട്ടത്തിനടയിൽ വഴി തടഞ്ഞ് നിർത്തി ചായക്കടക്കാരൻ ദാമുവേട്ടൻ ചോദിച്ചു..
"അതെ" എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ദാമുവേട്ടനെ മറികടന്ന് ഓടി...
വഴിയിൽ കണ്ട പതിവ് മുഖങ്ങളിലും എന്നോടുള്ള സിംപതിയോ മറ്റോ നിറഞ്ഞിരുന്നു..
ദാ ബസ്സ് വരുന്നു... ബസ്സിനെ മാത്രം നോക്കിക്കൊണ്ട് ഓടിയത് മാത്രം ഓർമ്മയുണ്ട്.. പിന്നെ കാണുന്നത് ഒരുത്തൻ മുമ്പിൽ നിൽക്കുന്നതാണ്.. ചെറിയമ്മയുടെ മുഖത്ത് എന്നും കാണാറുള്ള അതേ ഭാവം..
അവൻ എനിക്ക് നേരെ കൈ നീട്ടിയപ്പോഴാണ് മനസ്സിലായത് ഞാൻ നിലത്ത് വീണുകിടക്കുകയാണ് എന്ന്..
"നിനക്ക് എന്താടി കണ്ണില്ലേ??" എന്ന് ചോദിക്കുന്ന തരത്തിലുള്ള അതേ ചുണ്ടനക്കം...
ഞാനൊന്ന് മാപ്പ് പറഞ്ഞ് തൊഴുതു.. അവിടെന്ന് നടക്കാൻ ഒരുങ്ങിയതും ചെക്കൻ വഴി തടഞ്ഞു... അവൻ എന്തൊക്കേയോ പറയുന്നുണ്ടായിരുന്നു..
ആൾ നല്ല ചൂടിലാണ്.. ഇടയ്ക്ക് ഷർട്ടിലേക്ക് ഒന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് എനിക്ക് കാര്യം പിടിക്കിട്ടിയത്.. ബസ്സ് കിട്ടാനുള്ള ഓട്ടത്തിൽ ഞാൻ പുള്ളിയെ ഇടിച്ചു വീഴ്ത്തി.. നല്ല ഒന്നാന്തരം വെള്ള ഷർട്ടിൽ ചെളി പുരണ്ടു.. അതിനാണ് ഇങ്ങനെ രോഷം കൊള്ളുന്നത്.. എന്തെങ്കിലും നല്ല കാര്യത്തിന് ഇറങ്ങിയതായിരിക്കണം.. അത് മുടങ്ങിയതിന്റെ ദേഷ്യം മുഴുവൻ പുള്ളി എന്നോട് തീർത്തുകൊണ്ടിരിക്കുകയാണ്..
ഞാൻ വീണ്ടും തൊഴുതു.. അവന് കൂടുതൽ കലിക്കയറി.. ചെറിയച്ഛൻ കുടിച്ചിട്ട് വന്ന് ബഹളം വയ്ക്കുമ്പോഴുള്ള അതേ മുഖഭാവം.. "നിനക്ക് എന്താടി നാവ് ഇല്ലേ??" എന്ന തരത്തിൽ അയാളുടെ ചുണ്ടുകൾ അനങ്ങി... ചെറിയച്ഛൻ മുടിക്ക് കുത്തി പിടിച്ച് തല്ലുമ്പോഴുള്ള അതേ ചോദ്യം..!! ആ ദുരനുഭവം ഓർത്തതും കണ്ണുകൾ നിറഞ്ഞുപോയി.. അത് അവൻ കണ്ടിട്ടുണ്ടാകണം..
അവന്റെ ഭാവം മാറി വരുന്നു.. സുധ ചേച്ചിയുടെ മുഖം പോലെ ശാന്തമായി.. ആട്ടം കണ്ട് തീർന്നതിന്റെ നിറവിൽ കൂടി നിന്ന നാട്ടുകാരിലൊരാൾ അവനോട് എന്തോ പറഞ്ഞു.. തിരിഞ്ഞ് നിന്നത് കൊണ്ട് അയാളുടെ ചുണ്ടനക്കം കാണാൻ പറ്റിയില്ല.. പക്ഷേ കൈകൾ കൊണ്ടുള്ള അയാളുടെ ചേഷ്ടകൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായ് "അവൾക്ക് ചെവിയും കേൾക്കില്ല, സംസാരിക്കാനും ആവില്ല" എന്നാണ് അവനോട് പറയുന്നതെന്ന്..
അവന്റെ മുഖത്ത് കുറ്റബോധം വന്നപോലെ.. അവൻ എന്നെ സഹതാപത്തോടെ നോക്കി.. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല..
ഞാനവിടെന്ന് വേഗം നടന്ന് പോയി... തയ്യൽക്കടയിൽ എത്തിയപ്പോൾ നേരം ഒത്തിരി വൈകിയിരുന്നു.. സുധ ചേച്ചി ദേഷ്യപ്പെടും എന്ന് പ്രതീക്ഷിച്ചെങ്കിലും ഓടി വന്ന് " നിനക്ക് എന്താ പറ്റിയേ?" എന്നാണ് ചോദിച്ചത്.. ആ കണ്ണിൽ പേടിയും വെപ്രാളവും ദൃശ്യമായിരുന്നു..
എനിക്ക് കരച്ചിൽ വന്നു.. രാത്രി വീട്ടിലെത്താൻ വൈകിയാൽ സ്വന്തം ചെറിയമ്മയുടെ മുഖത്ത് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഭാവം ദാ.. എന്റെ ആരുമല്ലാത്ത സുധ ചേച്ചിയുടെ മുഖത്ത്..!
സ്നേഹവും കരുതലും..!! എനിക്ക് ഒരിക്കലും അർഹമാകാത്ത രണ്ട് വാക്കുകൾ.. അതാണ് ഞാനിപ്പോൾ അനുഭവിച്ചത്..!!
ഇന്നത്തെ ജോലി തീർത്ത് ഇറങ്ങി.. സമയം അഞ്ചായി.. അല്പം കാത്ത് നിന്നാൽ ബസ്സ് വരും.. ബസ് സ്റ്റോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുവാൻ നിൽക്കവേ... എതിർവശത്ത് രാവിലെ കണ്ട ആ ചെക്കൻ.. ബൈക്ക് നിർത്തിയിട്ടിട്ട് അതിൽ ചാരി ഇരിക്കുകയാണ്..
എന്നെ കണ്ടപ്പോൾ പുള്ളി എഴുന്നേറ്റു നിന്നു.. രാവിലെ നടന്നതിന് ക്ഷമ ചോദിക്കുവാനാകും എന്ന് ഞാൻ ഓർത്തു.. ഒരാളുടേയും കൂടി സഹതാപത്തോടെയുള്ള മുഖം കാണുവാനുള്ള ശക്തി എനിക്കില്ലായിരുന്നു..
അയാൾ "മാപ്പ്" എന്ന് പറഞ്ഞാൽ "അതൊന്നും സാരമില്ല.. എനിക്ക് ഇതൊക്കെ ശീലമാണ്" എന്ന് ഞാനെങ്ങനെ മറുപടി പറയും? എഴുതാൻ അറിയുമായിരുനെങ്കിൽ ആ വഴി ഒന്ന് ശ്രമിച്ചേനേ...
അയലത്തെ ശാരദമ്മേടെ മോൾക്ക് ചോറ് കൊണ്ടുകൊടുക്കാനല്ലാതെ സ്കൂളിന്റെ പടി ചവിട്ടാത്ത ഞാനെങ്ങനെ എഴുതി കാണിക്കും??
റോഡ് ക്രോസ് ചെയ്യാൻ ഞാൻ മടിച്ചു നിന്നു.. എന്റെ ഭാഗ്യം പോലെ പതിവ് ബസ്സ് വന്നു.. ഞാൻ വേഗം ഓടി അയാൾക്ക് മുഖം കൊടുക്കാതെ ബസ്സിൽ കയറി...
പിന്നീടുള്ള ദിവസങ്ങളിൽ അയാളെ ഞാൻ കണ്ടില്ല.. ആദ്യമൊക്കെ അത് ഒരു ആശ്വാസമായിരുന്നു.. പിന്നെ പിന്നെ അത് ഒരു വേദനയായി.. പിന്നീട് എന്നിൽ ഒരു ഭയം ഉടലെടുത്തു.. "അയാൾക്ക് അരുത്താത്തത് എന്തെങ്കിലും...???"
പല രാത്രിയിലും ഞാൻ ഉറങ്ങിയില്ല..
ഉറക്കം വരാത്ത രാത്രികളെ വൃഥാ ഞാൻ ശപിച്ചു.. അയാളോട് പ്രണയമായിരിക്കുമോ എന്ന സംശയം ഉടലെടുത്തതിന്റെ അടുത്ത നിമിഷം ഞാൻ സ്വയം എന്റെ തലയ്ക്ക് കൊട്ടി.. ആരാ, എന്താ, എവിടുന്നാ, കല്യാണം കഴിഞ്ഞതാണോ എന്ന് പോലും നോക്കാതെ എന്നോ ഒരിക്കൽ വഴിയിൽ കണ്ട ചെക്കനെ മോഹിച്ചതിന്..!
"നീ എന്തൊരു മണ്ടിയാണ്..?? വെറുതെയല്ല നിന്നെ എല്ലാവരും പൊട്ടി എന്ന് വിളിക്കുന്നത്.." തലച്ചോർ ഹൃദയത്തിനോട് പറഞ്ഞത് ഞാൻ കേട്ടു..
മാസങ്ങൾക്ക് ശേഷം പുള്ളിക്കാരനെ ഞാൻ കണ്ടു.. അതേ ബസ്സ് സ്റ്റോപ്പിൽ..!! പുള്ളി എന്നെ കാത്തുനിൽക്കുകയാണ്..
ഓടി ഒന്ന് അടുത്ത് ചെല്ലുവാൻ കാലുകൾ വെമ്പി.. പക്ഷേ എന്റെ തലച്ചോർ അവയെ കണ്ണുരുട്ടി പേടിപ്പിച്ചു പിടിച്ച് നിർത്തി..
"അടുത്ത് ചെന്നാലും ഞാനെന്ത് പറയാനാണ്?? എങ്ങനെ പറയാനാകും??"
ഞാൻ അനങ്ങാതെ നിന്നു.. അതാ പുള്ളി റോഡ് കടന്ന് വരുന്നു...!!!!
നെഞ്ചിൽ ഒരു പഞ്ചാരിമേളം തന്നെ നടക്കുന്നുണ്ട്.. സന്തോഷിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥ..
എന്റെ അടുത്തുവന്ന് കൈവിശീ എന്തോ പറഞ്ഞു.. എനിക്കത് മനസ്സിലായില്ല.. എന്തൊക്കൊയോ പുള്ളി പറയുന്നുണ്ട്.. ചുണ്ടനക്കം ശ്രദ്ധിക്കുവാൻ ഞാൻ മുതിര്‍ന്നില്ല.. ഞാൻ ആ കണ്ണുകളിലേക്ക് മാത്രം നോക്കി നിന്നു..
പുള്ളി കൈയിലെന്തോ കവർ വച്ചു തന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്.. പുള്ളി പുഞ്ചിരിച്ചുകൊണ്ട് പോയി...
"ശ്ശെ..!!! എന്താ പറഞ്ഞത് എന്ന് ശ്രദ്ധിച്ചതുകൂടി ഇല്ല.." എനിക്ക് കുറ്റബോധമായി...
ബസ്സിലെ ജനലരികിൽ തലചായ്ച്ചിരുന്നു.. വീടെത്തും വരെ മനസ്സ് നിറയെ ആ ചെക്കൻ മാത്രമായിരുന്നു.. ഏത് പെണ്ണിനും ഇഷ്ടം തോന്നി പോകും.. അത്ര ഭംഗിയാണ് അവന്.. നെയ്തുകൂട്ടിയതൊക്കെ ഒരിക്കലും നടക്കില്ല എന്ന് ബോധം വന്നത് ഉമ്മറത്ത് മുഖം വീർപ്പിച്ചു നിൽക്കുന്ന ചെറിയമ്മയെ കണ്ടപ്പോഴാണ്.. കൈയിലെ കവർ ചെറിയമ്മ കാണാതെ ഒതുക്കിപ്പിടിച്ചു..
ഒരു കുന്ന് ജോലി എനിക്കായി ചെറിയമ്മ മാറ്റി വച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി.. ഞാൻ അടുക്കളപ്പുറത്തെ എന്റെ കൊച്ചുമുറിയിൽ ആ കവർ ഒളിപ്പിച്ചുവച്ചു.. എന്നിട്ട് വേഗം കുളിച്ച് വന്നു ഓരോ ജോലികളിൽ മുഴുകി..
ആ ക്ഷീണത്തിൽ ഞാനന്ന് വേഗം ഉറങ്ങിപ്പോയി... ഞായറാഴ്ച തയ്യൽക്കടയിലേക്ക് പോകേണ്ടതില്ല.. അതിനാൽ വീട്ടിലെ കരിക്കലങ്ങളോടും മുറത്തെ മണ്ണിനോടും കൂട്ടുകൂടി..
സമയം ഏകദേശം പത്ത് മണിയായി കാണും.. കരിക്കലങ്ങളുമായി മല്ലിട്ടുക്കൊണ്ട് നിൽക്കുമ്പോൾ ഉമ്മറത്ത് നിന്ന് ചെറിയമ്മ പിന്നിൽ നിന്ന് തോളിൽ കൈവച്ചു..
ഞെട്ടിത്തരിച്ചുപോയി... ഞാൻ പിന്നിലേക്ക് നോക്കി..
ചെറിയമ്മയുടെ പുഞ്ചിരിച്ച മുഖം...!! അവരുടെ ചുണ്ടുകളിലേക്ക് ഞാൻ നോക്കി.. "മോളേ അമ്മൂ..." എന്ന് പറയും പോലെ അവ ചലിച്ചു...
എനിക്ക് അത്ഭുതമായി... ചെറിയമ്മയ്ക്ക് പത്തൊമ്പത് വർഷങ്ങളെടുത്തു എന്നെ അമ്മൂ എന്ന് വിളിക്കാൻ..!!
എന്റെ പേര് മന്ത്രിക്കുന്നത് ഞാൻ അവസാനമായി കണ്ടത് മരിക്കാറായ എന്റെ അമ്മയിൽ നിന്നാണ്.. സുധ ചേച്ചിക്ക് എന്റെ പേര് ആരും പറഞ്ഞുകൊടുക്കാത്തത് കൊണ്ട് എന്നെ 'സുമേ' എന്നാണ് വിളിക്കുന്നത്.. ചേച്ചിയുടെ മരിച്ചുപോയ അനിയത്തിയുടെ പേരാണ്..
Loading...
ചെറിയമ്മ എന്റെ മുടിയിഴകൾ തലോടി.. ഞാനാകെ അതിശയിച്ചു നിന്നു.. ചെറിയമ്മയ്ക്ക് പിന്നിൽ മറ്റാരോ നിൽപ്പുണ്ടായിരുന്നു.. ഏതോ ഒരമ്മ.. നല്ല ഐശ്വര്യമുള്ള മുഖം.. അവർ എന്നെ നോക്കി പുഞ്ചിരി തൂകി.. ചെറിയമ്മ അവരുടെ സാരിത്തലപ്പുകൊണ്ട് എന്റെ മേലുള്ള ചെളിയും കരിയും തുടച്ച് കൃതൃമ വാത്സല്യം കാണിച്ചു.. അത് ഈ അമ്മയുടെ മുമ്പിലെ വെറും പ്രഹസനമാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല..
ആ അമ്മ എന്റെ കൈപിടിച്ചു.. എന്റെ കൈയിലെ കരി അവരുടെ കൈയിൽ പറ്റിയിട്ടും അവർ എന്റെ മൂർദ്ധാവിൽ ചുംബിച്ചു..
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവർ എന്തൊക്കേയോ പറയുന്നുണ്ടായിരുന്നു.. കണ്ണ് കലങ്ങിയത് കാരണം ഞാനൊന്നും കണ്ടില്ല.. അവരെന്റെ കൈ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ട് പോയി.. കിഴക്കോട്ട് പിടിച്ചു നിർത്തി..
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..!! ചെവിയും നാവും കേട് വന്നത് പോരാഞ്ഞിട്ട് ഇപ്പോൾ കാഴ്ചയും പോയോ??? ഞാൻ എന്റെ മുഖത്ത് തപ്പി.. എന്റെ കണ്ണുകൾ മുഖത്ത് തന്നെയുണ്ട്..
പെട്ടെന്ന് എന്റെ കൈയിൽ ആരോ നുള്ളി...!! വേദന കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി.. ആ ചെക്കൻ...!! എന്റെ തൊട്ടരികിൽ..
"സ്വപ്നമല്ല കേട്ടോ.." ആ ചുണ്ടനക്കം ഞാൻ മനസ്സിലാക്കി.. പുള്ളി ആ അമ്മയെ ചേർത്തുപിടിച്ചു.. പുള്ളിയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു..
"ഇതെന്റെ അമ്മയാണ്.."
ഞാൻ അവരെ നമസ്ക്കരിച്ചു...
ആ അമ്മ ചെറിയമ്മയോട് എന്തോ പറയുന്നുണ്ടായിരുന്നു.. അന്നേരം പുള്ളിക്കാരൻ എന്റെ കൈയിൽ പിടിച്ചു മുറ്റത്തേക്ക് കൊണ്ട് പോയി...
മുറ്റത്തൊരു കാർ കിടപ്പുണ്ടായിരുന്നു.. എന്നോട് അതിൽ കയറുവാൻ പുള്ളി പറഞ്ഞു.. ഞാൻ പിന്തിരിഞ്ഞോടി...
വീടിന്റെ പിൻവശത്തേക്ക്... എന്റെ സ്വന്തം അടുക്കളപ്പുറത്തേക്ക്.. ഞാനൊളിപ്പിച്ചു വച്ച ആ കവർ പുറത്തെടുത്ത് നോക്കി... അതിൽ ഒരു പുടവ..!! പിന്നെ നിറയെ വളകളും കമ്മലും കൊലുസ്സും...
പുള്ളി അങ്ങോട്ടേക്ക് വന്നു.. ഞാനെന്റെ കണ്ണുകൾ തുടച്ച് എഴുന്നേറ്റു.. പുള്ളി ആ കവർ എന്റെ കൈയിൽ നിന്ന് വാങ്ങി..
പുള്ളിക്കാരൻ പറഞ്ഞു "മാല മേടിക്കാൻ മറന്നതല്ല.. അതിന് പകരം ഒരു താലി കരുതി വെച്ചിട്ടുണ്ട്... "
ഞാൻ തൊഴുതു നിന്നുപോയി.. അമ്മ അങ്ങോട്ടേക്ക് വന്നു.. എന്നെ ചേർത്തുപിടിച്ചുകൊണ്ട് നടന്നു...
കണ്ണുകൾ കണ്ണീരിൽ കുതിർത്തുകൊണ്ട് ഞാൻ പറഞ്ഞ എന്റെ സങ്കടങ്ങൾ മാത്രം കേട്ട് പരിചയമുള്ള കണ്ണന്റെ അമ്പലത്തിൽ വച്ചായിരുന്നു പിറ്റേന്ന് താലികെട്ട്....
" കണ്ണാ.... " അമ്മ പുള്ളിയെ വിളിക്കുന്നത് അങ്ങനെയാണ്.. അതോടെ 'പുള്ളി' എന്റെ കണ്ണേട്ടനായി.. എന്നെങ്കിലും സംസാരിക്കുവാൻ കഴിഞ്ഞാൽ ഞാൻ ആദ്യം പറയുന്നത് 'കണ്ണേട്ടൻ' എന്നായിരിക്കും എന്ന് ഞാൻ തീരുമാനിച്ചു...
എന്നേയും എന്റെ സാഹചര്യങ്ങളേയും പൂർണ്ണമായി മനസ്സിലാക്കുവാൻ കണ്ണേട്ടന് കഴിഞ്ഞിരിക്കണം.. അതുകൊണ്ടാകണം കല്യാണം കഴിഞ്ഞ രാത്രി അമ്മയോടൊപ്പം കിടന്നുകൊള്ളാൻ കണ്ണേട്ടൻ പറഞ്ഞത്..
ഞാനും അമ്മയും വേഗം കൂട്ടായി.. ഞങ്ങൾ ഒന്നിച്ചിരുന്ന് കണ്ണേട്ടനെ കളിയാക്കും ഗുസ്തി കൂടും..
സമയം കിട്ടുമ്പോഴൊക്കെ കണ്ണേട്ടൻ എന്നെ പഠിപ്പിക്കാറുമുണ്ട്...
ഞാൻ കണ്ണേട്ടന് ആദ്യമായി എഴുതിയ പ്രേമലേഖനത്തിലെ അക്ഷരപിശകുകൾ എന്റെ അരികിലിരുന്ന് എനിക്ക് തിരുത്തി തരാൻ കണ്ണേട്ടൻ യാതൊരു സങ്കോചവും കാണിച്ചില്ല..
പതിയെ പതിയെ മലയാളത്തിലെ അക്ഷരങ്ങൾ തെറ്റില്ലാതെ കൂട്ടി വായിക്കാനും എഴുതാനും ഞാൻ പഠിച്ചു കഴിഞ്ഞു...
ഇപ്പോൾ ദാ പാതിരാത്രി പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്.. ഞാൻ ഉറക്കം തൂങ്ങുന്നത് കണ്ട് എനിക്ക് കാപ്പി ഇട്ടു തരാം എന്ന് പറഞ്ഞ് പോയിട്ടുണ്ട്.. ഉപ്പേതാ പഞ്ചാരയേതാ എന്ന് തിരിച്ചറിയാനാകാതെ മിഴിച്ച് നിൽപ്പുണ്ട് അവിടെ.. അപ്പോൾ ഞാൻ പോയി ഒന്ന് സഹായിച്ചിട്ട് വരട്ടെ എന്റെ കണ്ണേട്ടനെ...
😉😉👍 ശുഭം
ഇഷ്ടായാൽ, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ....
രചന: അനശ്വര ശശിധരൻ