ഞെട്ടലോടെ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്....

Valappottukal


രചന: Sreejith Achuz
ജീവിതം വെറുത്തു നീലി കൊക്കയുടെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ പോകുമ്പോഴാണ് പുറകിൽ നിന്നും ആരോ ഒരാൾ എന്താ സുഹൃത്തേ ഈ കാണിക്കുന്നത് എന്ന് ചോദിക്കുന്നത്....

ഞെട്ടലോടെ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് സുന്ദരനും സുമുഖനും ആയൊരു യുവാവിനെ ആയിരുന്നു...

വീണ്ടും ചാടാൻ ഒരുങ്ങിയ എന്നോടയാൾ.... സുഹൃത്തേ ഒരു നിമിഷം.... ഞാൻ പറയുന്നത് കേട്ടിട്ട് താങ്കൾ ആത്മഹത്യ ചെയ്തോളു എന്നയാളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ടിട്ട് ആകണം ഞാൻ ചാടാതെ അവിടെ തന്നെ നിന്നത്...

കരഞ്ഞു വീങ്ങിയ എന്റെ കണ്ണുകൾ കണ്ടിട്ട് ആകണം....

പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി ആണൊ ഈ ആത്മഹത്യ എന്നയാൾ എന്നോട് ചോദിച്ചത്... അയാൾക്ക് മുൻപിൽ മറുപടി പറയാതെ നിന്ന എന്നോട് താങ്കളുടെ പ്രശ്നം എന്നോട് പറ.. എന്നാൽ കഴിയുന്നത് ഞാൻ ചെയ്യാം.. എന്നെ ഒരു സഹോദരൻ ആയി കണ്ടാൽ മതി എന്നയാളുടെ വാക്കുകൾ കെട്ടത് കൊണ്ടാകണം എനിക്ക് അയാളോട് എല്ലാം തുറന്നു പറയാൻ തോന്നിയത്...

സ്നേഹിച്ച പെണ്ണ് എന്നെ ചതിക്കുകയായിരുന്നു.. നാളെ അവളുടെ കല്യാണം ആ.. എനിക്കിനി ജീവിക്കേണ്ട എന്ന എന്റെ മറുപടി കേട്ടിട്ട് അയാൾ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്...

മനസ്സ് മടുത്തിരിക്കുമ്പോ ഒരു ആശ്വാസത്തിന് എല്ലാം തുറന്നു പറഞ്ഞപ്പോൾ കളിയാക്കി ചിരിക്കുന്ന അയാളെ കണ്ടിട്ട് ദേഷ്യം ഇരച്ചു കയറിയെങ്കിലും ഞാൻ അത് നിയന്ത്രിച്ചു... താങ്കൾ ഒന്ന് എന്റെ വീട് വരെ വരുമോ എന്നയാളുടെ ചോദ്യം കേട്ടിട്ട് ഞാൻ അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി...

ഇതിന്റെ അടുത്താ വീട്... എന്റെ വീട് വരെ വന്നു.. കുറച്ചു സമയം അവിടെ ചിലവഴിച്ചു സുഹൃത്തിനു പിന്നെ എന്ത് വേണമെങ്കിലും തീരുമാനിക്കാം എന്ന് അയാൾ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഒടുക്കം ഞാൻ അതിനു സമ്മതിച്ചു...

ഏകദേശം അര മണിക്കൂറോളം നടന്നു കഴിഞ്ഞാണ് ഞാൻ അയാളുടെ വീട്ടിൽ ചെല്ലുന്നത്.. യാത്രയിലുടനീളം അയാൾ ഒരു അക്ഷരം പോലും എന്നോട് മിണ്ടിയില്ല...

പഴയൊരു തറവാട് ആയിരുന്നു അയാളുടെ വീട്...ആർക്കും ഇഷ്ട്ടപ്പെടുന്ന തരത്തിൽ പണി കഴിപ്പിച്ച ഒരു തറവാട്... വീടിന്റെ പൂമുഖത്തു തന്നെ പ്രായം തോന്നിയ ഒരാൾ ഇരിപ്പുണ്ടായിരുന്നു... അത് അയാളുടെ അച്ഛൻ ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു..

ആരാ ഉണ്ണീടെ കൂടെ എന്ന അച്ഛന്റെ ചോദ്യത്തിന് എന്റെ ഒരു കൂട്ടുകാരൻ ആ.. ഇവിടെ വരെ വന്നപ്പോൾ ഒന്നിവിടെ കേറിയതാ അച്ഛാ എന്ന് ഉണ്ണി മറുപടി നൽകി...

അപ്പോഴാണ് അകത്തു നിന്നും അമ്മയും സഹോദരിയും പുറത്തേക്കു ഇറങ്ങി വരുന്നത്.. ഉണ്ണിയുടെ ഫ്രണ്ട് ആണെന്ന് കരുതാതെ സ്വന്തം മകനോട് പെരുമാറുന്നത് പോലെ ആണ് അവർ എന്നോട് പെരുമാറിയത്...

രാത്രി ആയപ്പോൾ ഇല ഇട്ടു വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ എനിക്കവർ നൽകി... വിശന്നിരുന്നത് കൊണ്ടാകണം... ഇത് വരെ തോന്നാത്ത ഒരു രുചി എനിക്കന്നു തോന്നിയത്...

കൊച്ചു കൊച്ചു തമാശകളും കളി ചിരികളും ആയി അച്ഛനും മക്കളും ഒത്തു കൂടിയപ്പോൾ പതിയെ ഞാനും അവർക്കിടയിൽ ഒരു അംഗമായി മാറുകയാണെന്ന് എനിക്ക് തോന്നി... ഉണ്ണിയുടെ പെങ്ങൾ വന്നു എന്നെ ഏട്ടാ എന്ന് വിളിച്ചപ്പോൾ എന്റെ സ്വന്തം പെങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നതിനേക്കാൾ ഇപ്പോൾ എന്റെ മനസ്സ് നിറഞ്ഞതായി എനിക്ക് തോന്നി പോയി...

ഒടുവിൽ നല്ല ചൂടുള്ള പാൽ പായസം ഒരു ഗ്ലാസിൽ എനിക്കവർ നൽകിയപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു... ഇത്രയൊക്കെ എന്നെ സ്നേഹിക്കാനും പരിചരിക്കാനും ഞാൻ ആരാ അവരുടെ...അവരുടെ മകനായി ജനിക്കാൻ കഴിഞ്ഞത് ഉണ്ണിയുടെ ഭാഗ്യം ആണെന്ന് ഞാൻ ഒരു നിമിഷം ഓർത്തു പോയി..

പതിയെ പതിയെ ആത്മഹത്യ ചെയ്യാൻ വന്നതാണെന്നുള്ള കാര്യം വരെ ആ കുടുംബത്തിന്റെ കൂടെ ചില വഴിച്ചപ്പോൾ ഞാൻ മറന്നു പോയിരുന്നു.. അവരുടെ കൂടെ തമാശയും ചിരി കളികളും ആയി കൂടി ഞാൻ സന്തോഷമായിരിക്കുന്നത് കണ്ടത് കൊണ്ടാകണം... താങ്കൾ പ്രണയിക്കുമ്പോൾ ഇത്രയും അധികം സന്തോഷിച്ചിട്ടുണ്ടോ എന്ന് ഉണ്ണി എന്നോട് ചോദിച്ചത്....

ഉണ്ണിയുടെ ആ ചോദ്യം ഒരു കത്തി കുത്തി ഇറക്കുന്നത് പോലെ എന്റെ നെഞ്ചിൽ താഴ്ന്നിറങ്ങി.....

പ്രണയിച്ച നാൾ മുതൽ വഴക്കുകൾ മാത്രം ആയിരുന്നു ഞങ്ങൾ തമ്മിൽ..പലപ്പോഴും കാശിനു മാത്രമാണോ നീ എന്നെ സ്നേഹിക്കുന്നതെന്നു അവളോട് ചോദിക്കുമ്പോൾ ദേഷ്യപ്പെടുകയാണ് അവൾ ചെയ്തിരുന്നത്... നെറ്റ് ഓഫർ തീരുമ്പോൾ ചെയ്തു കൊടുക്കാനും.... ബാലൻസ് തീരുമ്പോൾ എല്ലാ ആഴ്ചയിലും സ്നേഹക്കൂടുതൽ കാണിച്ചു എന്നെ കൊണ്ടു അവൾ ആ ആഗ്രഹവും സാധിച്ചെടുക്കുമ്പോൾ സ്നേഹം കൊണ്ടാണെന്നു ഞാൻ വിശ്വസിച്ചു....അല്ല.. അങ്ങനെ എന്നവൾ എന്നെ വിശ്വസിപ്പിച്ചു...

പതിയെ ഓർമ്മയിൽ നിന്നും തിരിച്ചു വന്നു ഉണ്ണിയുടെ ചോദ്യത്തിന് ഞാൻ ഇല്ല എന്ന് മറുപടി നൽകി..

ഒരിക്കൽ പോലും സന്തോഷം നിങ്ങൾക്ക് തരാത്ത അവൾക്കു വേണ്ടി ആത്മഹത്യ ചെയ്യാൻ നിങ്ങൾക്ക് ലജ്ജ ഇല്ലേ എന്ന് ഉണ്ണി എന്റെ മുഖത്തു നോക്കി ചോദിക്കുമ്പോൾ മറുപടി പറയാനാകാതെ ഞാൻ തല താഴ്ത്തി..

പതിയെ ഉണ്ണി എന്റെ അടുത്ത് വന്നിരുന്നു..എന്നിട്ടെന്നോട് പറഞ്ഞു...... ജീവിതത്തിൽ ആരൊക്കെ നമ്മളെ ഉപേക്ഷിച്ചു പോയാലും സ്വന്തം മാതാപിതാക്കൾ നമ്മളെ ഉപേക്ഷിക്കില്ല... പ്രണയത്തിനു വേണ്ടി ജീവിക്കാതെ...

താങ്കൾ ഒരു ദിവസം എങ്കിലും സ്വന്തം വീടിനും വീട്ടുകാർക്കും വേണ്ടി ജീവിച്ചു നോക്ക്... അമ്മ വെച്ചുണ്ടാക്കി തരുന്ന ആഹാരത്തിന്റെയും.. പെങ്ങളുടെ ഏട്ടാ എന്ന വിളിയുടെയും... അച്ഛൻ തരുന്ന സ്നേഹത്തിനും പകരം വെക്കാൻ ലോകത്തിൽ ഒരു പ്രണയത്തിനും കഴിയില്ല എന്ന് ഉണ്ണി പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

പ്രണയ വേദനയിൽ അവളുടെ മുഖം മാത്രം ഞാൻ ഓർത്തെടുത്തപ്പോൾ എന്നെ വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളുടെ സ്നേഹം ഞാൻ മറന്നു പോയിരുന്നു...

രാത്രി വീട്ടിൽ എത്താൻ വൈകിയാൽ പൂമുഖത്തു ആധിയോടെ കാത്തു നിൽക്കുന്ന അമ്മയും... വിഷമം മറച്ചു വെച്ചു അവനിപ്പോ ഇങ്ങോട്ട് വരുമെടി എന്ന് പറയുന്ന അച്ഛനും... ഇന്ന് വഴക്കിടാൻ ഏട്ടനെ കണ്ടില്ലല്ലോ....അതിനുപരി ഞാൻ കൊണ്ടു വരുന്ന പരിപ്പ് വട കൊതിയോടെ കഴിക്കാൻ കാത്തിരിക്കുന്ന എന്റെ കുഞ്ഞനുജത്തിയുടെയും കാര്യം മറന്നാണല്ലോ.... ഇന്നാള് പരിചയപ്പെട്ട അവൾക്കു വേണ്ടി ഞാൻ ആത്മഹത്യ ചെയ്യാൻ പോയതെന്നോർത്തു ഉണ്ണി പറഞ്ഞത് പോലെ എനിക്ക് ലജ്ജ തോന്നി പോയിരുന്നു..

അനാഥാലയങ്ങളിൽ അച്ഛനാരെന്നോ.. അമ്മ ആരെന്നോ അറിയാതെ അവരുടെ വരവും കാത്തിരിക്കുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.. ഒരു നിമിഷം എങ്കിലും അവരെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് കുട്ടികൾ...അവരുടെ വിധി താങ്കൾക്കു വരുത്താതെ നല്ലൊരു കുടുംബത്തെ തനിക്കു നൽകിയ അവരുടെ സ്നേഹം മറന്നു തനിക്കു വേണമെങ്കിൽ ഇനി ആത്മഹത്യ ചെയ്യാമെന്ന് ഉണ്ണി പറഞ്ഞു നിർത്തിയപ്പോൾ കണ്ണീരോടെ ഞാൻ ചെന്നു ഉണ്ണിയെ കെട്ടിപ്പിടിച്ചു.... ഒരിക്കലും ഒരു പ്രണയത്തിനു വേണ്ടി ഞാൻ എന്റെ ജീവിതം ഇല്ലാതാക്കില്ലെ
ന്നു ഉണ്ണിക്ക് വാക്ക് നൽകി... കുറച്ചു മണിക്കൂർ നേരം മറ്റൊരു മായ ലോകം തനിക്കു സമ്മാനിച്ച ആ വീട്ടുകാരോടും യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു തിരിച്ചു...

പിറ്റേന്ന് എന്നെ സ്നേഹിച്ചവളുടെ കല്യാണത്തിന് കൂടി...

പൂർണ വിജയിയെ പോലെ എല്ലാ കാര്യത്തിനും ഞാൻ അവിടെ മുൻപന്തിയിൽ നിൽക്കുന്നത് കണ്ടു അത്ഭുതത്തോടെ എന്നെ നോക്കിയ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് ചിരിച്ചു..

പരാജയത്തിൽ നിന്നും വിജയത്തിലേക്ക് വന്ന എന്റെ മനോഹരമായൊരു പുഞ്ചിരി... പുതിയൊരു തിരിച്ചു വരവ് തനിക്കു നൽകിയ ഉണ്ണിയേയും..അതിനേക്കാൾ ഉപരി സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ വീട്ടുകാരെയും കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഒരിക്കൽ കൂടി ഞാൻ അങ്ങോട്ടേക്ക് യാത്ര ആയതും...

ഇത്തവണ ഉണ്ണിയുടെ വീട്ടിൽ ചെന്ന ഞാൻ ഞെട്ടി പോയിരുന്നു... ഇന്നലെ വരെ വൃത്തിയോടെയും ആരും കണ്ടാൽ കൊതിച്ചു പോവുകയും ചെയ്ത ആ തറവാട് ആകെ കാട് പിടിച്ചു കിടക്കുന്നു...

മനസ്സിൽ ഒരായിരം സംശയങ്ങളോടെ അങ്ങോട്ടേക്ക് കയറി ചെന്ന എന്നെ... എങ്ങോട്ടേക്കാ മോനെ പോകുന്നതെന്ന് ചോദിച്ചു വയസ്സായ ഒരാൾ പിടിച്ചു നിർത്തി..

ഞാൻ ഉണ്ണിയെ കാണാൻ വന്നതാണെന്നുള്ള എന്റെ മറുപടി കേട്ട് അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു..
മോൻ ആ ഉണ്ണിയെ കാണാൻ വന്നതാണോ എന്ന് ചോദിച്ചു... ആ വീടിന്റെ മുന്നിലേക്ക് വിരൽ ചൂണ്ടിയ അയാൾക്കൊപ്പം തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് മാല ഇട്ടു വെച്ചിരിക്കുന്ന ഉണ്ണിയുടെ പടം ആയിരുന്നു..

അടിമുടി എരിയുക ആയിരുന്ന എന്നോട്.. ഉണ്ണി മരിച്ചിട്ട് 1 വർഷം കഴിഞ്ഞു മോനെ.. ഇവിടെ അടുത്തുള്ള നീലി കൊക്കയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.. സ്നേഹിച്ച പെണ്ണ് ചതിച്ചതിന്റെ വിഷമത്തിൽ ആയിരുന്നു ആ കുഞ്ഞു അങ്ങനൊരു ബുദ്ധിമോശം കാണിച്ചത്...

മോൻ പോയതിന്റെ പുറകെ അച്ഛനും പോയി.. അതിന്റെ വിഷമത്തിൽ കൂടി ആകണം അമ്മയും മകളും കൂടി വിഷം കഴിച്ചു ആത്മഹത്യ ചെയ്തത്... വല്ലാത്തൊരു അവസ്ഥയാ മോനെ ഈ കുടുംബത്തിന്റെ എന്ന് അയാൾ പറയുമ്പോഴേക്കും ഞാൻ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്ന് എനിക്കൊരു നിമിഷം തോന്നി പോയി...

പിന്നെ ഒരു ഓട്ടം ആയിരുന്നു നീലി കൊക്കയുടെ മുകളിലേക്ക്... അവിടെ മേഘങ്ങൾക്കുള്ളിൽ ഞാൻ കണ്ടു ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ഉണ്ണിയുടെ മുഖം...

തന്റെ കുടുംബത്തിനു വന്ന ഗതി ഇനി ആർക്കും ഉണ്ടാകരുത് എന്ന ഉണ്ണിയുടെ ഗതി കിട്ടാത്ത ആത്മാവ് ആയിരിക്കാം ദൈവ ദൂതനെ പോലെ എന്നെ രക്ഷിക്കാൻ ഇന്നലെ ഇവിടെ വന്നത്...

അർദ്ധ രാത്രിയിൽ അല്ലെങ്കിലും വിജനമായാ ഈ കൊക്കയുടെ മുകളിൽ എന്തിനു വന്നെന്നു ഞാൻ ഉണ്ണിയോട് ചോദിച്ചില്ല... അത് ഞാൻ മറന്നു പോയതല്ല.. മനഃപൂർവം എന്നെ കൊണ്ടു ആ ചോദ്യം ഉണ്ണി എന്റെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞതാണ്...

പ്രണയത്തിനേക്കാൾ വലുതാണ് കുടുംബം എന്ന് എനിക്ക് മനസ്സിലാക്കി തരാൻ.... അതിനേക്കാൾ നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാൻ....

ജീവിതം മടുത്തു എന്നെ പോലെ നൂറുകണക്കിന് ആൾക്കാർ നീലി കൊക്കയിലേക്ക് കയറി വരുമ്പോൾ... അവരെ രക്ഷിക്കാൻ ദൈവ ദൂതനെ പോലെ അയാൾ എപ്പോഴും അവിടെ ഉണ്ടാകുമെന്നുള്ള വിശ്വാസത്തിൽ കോടമഞ്ഞു വന്നു തുടങ്ങിയ ആ കുന്നിൽ നിന്നും ഞാൻ പതിയെ വീട്ടിലേക്കു യാത്രയായി...

തനിക്കു സംഭവിച്ച ഈ കാര്യങ്ങൾ വിശ്വസിച്ചില്ലെങ്കിലും മറ്റുള്ളവരോട് പറയണം എന്നുള്ള എന്റെ ആഗ്രഹങ്ങളും ആയി... അതിനേക്കാൾ ദൈവം പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് നേരിട്ടാകില്ല.. ഇത് പോലെ ഉള്ള പല രൂപങ്ങളിൽ ആയിരിക്കും എന്നുള്ള എന്റെ വിശ്വാസങ്ങളും ആയി..

രചന: Sreejith Achuz
To Top