രാവിലെ പാലുമായി വന്ന കുമാരേട്ടനാണ് അമ്പലക്കുളത്തിൽ ശ്രീദേവിയുടെ ശവം പൊന്തിയ കാര്യം പറഞ്ഞത്.
ഉറക്കമെണീറ്റു വന്നു ഉമ്മറപ്പടിയിലിരിക്കുവായിരുന്ന ആദിത്യനിൽ ഒരു ഞെട്ടലുണ്ടായി.
കൂടെ കുമാരേട്ടൻ മറ്റൊരു കാര്യം കൂടെ പറഞ്ഞു അമ്പലത്തിലെ ദേവിയുടെ സ്വർണ വിഗ്രഹം കാണാനില്ലെന്നും.
കയ്യിൽ കിട്ടിയ ഒരു ഷർട്ട് എടുത്തിട്ട് മുണ്ടും മടക്കി കുത്തി ഒരോട്ടമായിരുന്നു ആദിത്യൻ അമ്പലകുളത്തിലേക്ക്.
"ദേവി അതെന്റെ ശ്രീദേവി ആയിരിക്കല്ലേ... " എന്ന് മനസ്സിൽ മന്ത്രിച്ചു കൊണ്ടാണ് അവൻ കുളക്കടവിൽ എത്തിയത്.
ദേവിക്കര ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും അമ്പലകുളത്തിനു ചുറ്റും തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.
ആളുകളെ വകഞ്ഞു മാറ്റി ആദിത്യൻ കുളത്തിലേക്ക് എത്തി നോക്കി.
ഒന്നേ നോക്കിയുള്ളൂ ആ കാഴ്ച അധിക നേരം കണ്ടു നിൽക്കാനാവാതെ അവൻ മുഖം തിരിച്ചു കളഞ്ഞു.
ഉടുത്തിരുന്ന വസ്ത്രങ്ങൾ എല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. അർദ്ധ നഗ്നമായ ശ്രീദേവിയുടെ ശരീരം കുളപ്പടവിലും വെള്ളത്തിലുമായി കിടക്കുകയാണ്.
അമ്പലത്തിലെ ശാന്തിക്കാരൻ വാസുദേവൻ നമ്പൂതിരിയുടെ മകളാണ് ശ്രീദേവി.
ശ്രീദേവിയും ആദിത്യനും തമ്മിൽ അടുപ്പമുള്ളത് നാട്ടിൽ അവരെ പരിചയമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്.
കീറിപ്പറിഞ്ഞ അവളുടെ ഉടയാടകളും പൊട്ടിയൊലിച്ച കീഴ്ചുണ്ടും തുറിച്ചുന്തിയ കണ്ണുകളും ശരീരത്തിലെ മുറിവുകളുമൊക്കെ ആൾക്കാരിൽ സംശയം ജനിപ്പിച്ചു.
ആദിത്യനെ പരിചയമുള്ളവർ സംശയത്തിന്റെ കണ്ണിലൂടെ അവനെ നോക്കി.
വാസുദേവൻ നമ്പൂതിരിയും ഭാര്യയും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു.
ക്ഷേത്ര ഭരണാധികാരികൾ ആരെയും കുളത്തിലേക്ക് ഇറങ്ങാൻ അനുവദിച്ചില്ല.
അല്പ സമയം കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് അവിടേക്കു വന്നു.
ശ്രീദേവിയുടെ ശരീരം കുളത്തിന്റെ പടവിലേക്ക് എടുത്തു കിടത്തി.
"ബോഡി ആരാ ആദ്യം കണ്ടത്... "
എസ് ഐ ഷാനവാസ് ക്ഷേത്രത്തിലെ സെക്രട്ടറിയോട് ചോദിച്ചു.
"അമ്പലത്തിൽ വിളക്കിൽ തിരിയിടാനും അടിച്ചുവാരാനുമൊക്കെ വരുന്ന മീനാക്ഷി ആണ് കണ്ടത്... "
"അവരെ ഇങ്ങോട്ട് വിളിക്ക്... "
മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പേടിച്ചു വിറച്ചു അവിടേക്കു വന്നു.
"നിങ്ങൾ എപ്പോഴാ ബോഡി കാണുന്നത്...?? "
"രാവിലെ ഒരു അഞ്ചു മണിക്ക് കുളിക്കാൻ വന്നപ്പോഴാ കണ്ടത്.. ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി... അപ്പോഴാണ് ശ്രീകോവിലിൽ ദേവിയുടെ വിഗ്രഹം മോഷണം പോയത് ശാന്തിക്കാരൻ പറയുന്നത്... "
"ശ്രീദേവിയും അമ്പലക്കുളത്തിൽ ആണോ കുളിക്കാൻ വരുന്നത്... "
"മിക്കവാറും നിർമാല്യം തൊഴാൻ വരുന്ന ദിവസങ്ങളിൽ ഇവിടെയാണ് കുളിക്കാറ്...അമ്പലത്തിന്റെ തൊട്ടപ്പുറത്തു തന്നെയാ ശ്രീദേവിയുടെ വീട്..."
"ശരി... നിങ്ങൾ പൊയ്ക്കോളൂ... എന്തെങ്കിലും ആവശ്യം വന്നാൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം... "
"ശരി സർ... "
എസ് ഐ വാസുദേവൻ നമ്പൂതിരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
കരഞ്ഞു തളർന്നു ആകെ അവശനായി അയാൾ പോലീസിന് മുന്നിൽ വന്നു.
വാസുദേവൻ നമ്പൂതിരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
അയാളുടെ ദയനീയാവസ്ഥ ആർക്കും സഹിക്കാൻ കഴിഞ്ഞില്ല.
"നിങ്ങൾ എപ്പോഴാ മകളുടെ മരണവിവരം അറിഞ്ഞത്... "
"അമ്പലത്തിലെ ഒച്ചപ്പാടും ബഹളവും കേട്ട് ഓടിവന്നപ്പോഴാ അറിയുന്നത്... "
"മകൾ വീട്ടിൽ ഇല്ലെന്ന കാര്യം നിങ്ങൾ അറിഞ്ഞില്ലേ... "
"ഇന്നലെ രാത്രി നല്ല മഴ കാരണം അവൾ അമ്മാവന്റെ വീട്ടിൽ തങ്ങിയെന്നു വിചാരിച്ചു... "
"അമ്മാവന്റെ വീട് എവിടെയാണ്...?? "
"അമ്പല കുളത്തിന്റെ മറുവശത്തു കാണുന്നതാണ്... "
"ശരി... മകളെ നിങ്ങൾ അവസാനമായി കാണുന്നത് എപ്പോഴാണ്... "
"ഇന്നലെ സന്ധ്യക്ക് ദീപാരാധന തൊഴാൻ അവൾ അമ്പലത്തിൽ വന്നു. ചില ദിവസങ്ങളിൽ എന്റൊപ്പം അമ്പലം അടച്ച ശേഷം വരികയാണ് പതിവ്. വരുന്ന വഴി നിവേദ്യം വച്ച പായസം അമ്മാവന്റെ വീട്ടിൽ കൊടുക്കുക്കാറുണ്ട് ഇടയ്ക്ക്... പതിവ് പോലെ ഇന്നലെ നട അടയ്ക്കാറായപ്പോൾ നല്ല മഴക്കോള് ഉണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങിയപ്പോൾ മഴ ചാറി തുടങ്ങി... അവൾ പായസവും കൊണ്ട് അമ്മാവന്റെ വീട്ടിലേക്ക് ഓടി. മഴ തോർന്നിട്ടു വരാമെന്നു പറഞ്ഞു അമ്മായി വീട്ടിലെങ്കിൽ രാവിലെ വരാമെന്നു പറഞ്ഞു....അവൾ അവിടെ തങ്ങിയെന്നു വിചാരിച്ചു ഞാനും അവളുടെ അമ്മ ലക്ഷിമിയും നോക്കി ഇരുന്നിട്ട് വാതിലടച്ചു ഉറങ്ങി. ഇടയ്ക്ക് ഇതൊക്കെ പതിവുള്ളതായത് കൊണ്ട് കാര്യമാക്കിയില്ല.... " നെഞ്ച് പൊട്ടുന്ന വേദനയിലും അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.
"വിഗ്രഹം മോഷണം പോയത് നിങ്ങൾ അറിഞ്ഞില്ലേ...?? "
"ഇല്ല സർ... രാവിലെ നട തുറന്നു പൂജ നടത്തുന്നത് വേറൊരു പൂജാരിയാണ് വൈകിട്ടാണ് ഞാൻ പോകുന്നത്... എനിക്ക് ആധാരം എഴുത്താപ്പീസിൽ ജോലിയുണ്ട്.... രാത്രി ഭദ്രമായി ശ്രീകോവിലും അമ്പലവും അടച്ചു പൂട്ടിയിട്ടാണ് പോകാറുള്ളത്... "
"ഉം ശരി... "
അയാളെ കൂടുതൽ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കാതെ എസ് ഐ ശ്രീദേവിയുടെ അമ്മാവനെ ചോദ്യം ചെയ്യാൻ തുടങ്ങി.
"നിങ്ങളുടെ പേരെന്താ... "
"ഭാസ്കരൻ... "
"വീട്ടിൽ ആരൊക്കെ ഉണ്ട്... "
"ഭാര്യയും ശ്രീദേവിയുടെ പ്രായത്തിൽ ഒരു മോളും ഞാനും..."
"ഇന്നലെ രാത്രി പ്രസാദവുമായി ശ്രീദേവി നിങ്ങളുടെ വീട്ടിൽ വന്നിരുന്നോ...? "
"വന്നിരുന്നു... മഴ തോർന്നപ്പോൾ അവൾ തിരിച്ചു പോയി. ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു രാത്രി പോണ്ട രാവിലെ പോകാമെന്നു... ഇടയ്ക്ക് പതിവുള്ളതിനാൽ നാളെ വരാമെന്നു പറഞ്ഞു അവൾ പോയി. ഞാൻ കൂട്ടുവരാമെന്നു പറഞ്ഞു ഇറങ്ങിയപ്പോഴേക്കും അവൾ വേണ്ടെന്നു പറഞ്ഞു അത്രതടം വരയല്ലേ ഉള്ളു അച്ഛൻ അവിടെ നിൽക്കാമെന്ന് പറഞ്ഞു എന്ന് പറഞ്ഞിട്ട് അവൾ വേഗം പോയി... "
"എത്ര മണിക്കാണ് അവൾ ഇറങ്ങിയത്... "
"പത്തുമണി ആകാറായിരുന്നു.... "
"രാത്രി ഒരു പെൺകുട്ടിയെ തനിച്ചു വിട്ടത് ശരിയായ കാര്യമാണോ...?? "
"അത് പിന്നെ സർ... അപ്പുറവും ഇപ്പുറവും ആണ് വീടുകൾ.പരിചയമുള്ള സ്ഥലം... ഇതുവരെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ശ്രീദേവി ഇടയ്ക്ക് ഇതുപോലെ വന്നു പോകുന്നതാണ്. എന്റെ മോളും അവിടെ പോയി വരുന്നതാണ്....ഇങ്ങനെ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.... "
"ശരി പൊയ്ക്കോളൂ.... ആവശ്യം വന്നാൽ വിളിപ്പിക്കാം.... "
"ശരി സർ... "
"സാറെ മീനാക്ഷിക്ക് എന്തോ പറയാനുണ്ടെന്ന്... " സെക്രട്ടറി എസ് ഐ യോട് പറഞ്ഞു.
"എന്താ മീനാക്ഷി കാര്യം... "
"സാറെ അതുപിന്നെ.... "
"മടിക്കാതെ എന്താണെങ്കിലും പറയു... "
"രാത്രി മഴ കാരണം ടൗണിൽ പോയിട്ട് വരാൻ വൈകിയായിരുന്നു... അപ്പൊ ശ്രീദേവിയും വേറൊരു പയ്യനും ഇടവഴിയിൽ കെട്ടിപ്പുണർന്നു നിൽക്കുന്നത് കണ്ടായിരുന്നു ഞാൻ..."
"അതാരാ ആ പയ്യൻ.... "
"ആദിത്യൻ.... ശ്രീദേവിയും ആ കൊച്ചനും തമ്മിൽ പ്രേമത്തിലാ... "
"വേറെന്തെങ്കിലും പറയാൻ വിട്ട് പോയിട്ടുണ്ടോ... "
"ഇല്ല സാറെ... "
"ഉം ശരി... "
ആദിത്യനെ ഒന്ന് വിശദമായി ചോദ്യം ചെയ്യണമെന്ന് എസ് ഐ ഷാനവാസ് തീരുമാനിച്ചു.
എല്ലാവരുടെയും മൊഴി എടുത്ത ശേഷം പോലീസുകാർ ശ്രീദേവിയുടെ ശരീരവുമായി മടങ്ങി പോയി. ശ്രീദേവിയുടെ ശരീരം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
വിഗ്രഹ മോഷണത്തെ പറ്റിയും ശ്രീദേവിയുടെ കൊലപാതകത്തിന്റെയും അന്വേഷണ ചുമതല പുതിയതായി ചാർജെടുത്ത സ്ഥലം എസ് ഐ ഷാനവാസിനായിരുന്നു.
ട്രെയിനിങ് കഴിഞ്ഞു സർവീസിൽ കയറിയ ഷാനവാസിന് ആദ്യ പോസ്റ്റിങ്ങ് കിട്ടിയത് ദേവിക്കരയിലാണ്.
ചാർജ് എടുത്ത ദിവസം തന്നെ കേസും വന്നു. അതും കൊലപാതകവും മോഷണവും. രണ്ടും ഒരേ സ്ഥലത്തു നടന്നത്.
കയ്യിൽ കിട്ടിയ ആദ്യത്തെ കേസ് ആയതിനാൽ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ട് പോയി പ്രതികളെ ഒട്ടും വൈകാതെ തന്നെ പിടികൂടണം എന്ന് ഷാനവാസ് ഉറപ്പിച്ചു.
****************************************
ക്ഷേത്രത്തിൽ വിഗ്രഹം കവരാൻ വന്നവർ ശ്രീദേവിയെ ബലാത്സംഗം ചെയ്തു കുളത്തിൽ ഉപേക്ഷിച്ചു പോയതാകാമെന്നും ചിലർ ഊഹാപോഹം പറഞ്ഞു.
മറ്റുചിലർ ആദിത്യനെയും സംശയിച്ചു. ചിലപ്പോൾ അവനെന്തെങ്കിലും കൈയബദ്ധം പറ്റിയതാകാം എന്നും ആളുകൾ അടക്കം പറഞ്ഞു.
അമ്പലത്തിലെ ദേവി വിഗ്രഹം കവർച്ച ചെയ്യാൻ മാത്രം ധൈര്യം ആർക്കുണ്ടായി എന്നത് എല്ലാവരെയും ആശയകുഴപ്പത്തിലാക്കി.
സമനില തെറ്റിയവനെ പോലെ മുന്നിൽ നടന്ന കാര്യങ്ങൾ ഒന്നും വിശ്വസിക്കാൻ കഴിയാതെ ആദിത്യൻ മുറിയിൽ തന്നെ അടച്ചിരുന്നു.
ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും അവന് തോന്നി.
ഈ സാഹചര്യത്തിൽ താൻ എന്തെങ്കിലും ചെയ്താൽ എല്ലാവരും തന്നെ സംശയിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
തലേ ദിവസം രാത്രി നടന്ന സംഭവങ്ങൾ ആലോചിച്ചപ്പോൾ തന്നെ അവൻ നടുങ്ങി തരിച്ചു. എരിതീയിൽ വീണ വണ്ടിനെ പോലെ അവൻ മുറിക്കുള്ളിൽ കിടന്നു വെന്തുരുകി.
തന്നെ ഇന്നലെ അവളോടൊപ്പം ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും പോലീസ് ഇവിടെയും എത്തുമെന്ന് അവൻ ഉറപ്പിച്ചു.
************************************
ആദിത്യന്റെ ഊഹം ശരിയായിരുന്നു പിറ്റേന്ന് രാവിലെ എസ് ഐ ഷാനവാസ് അവനെ ചോദ്യം ചെയ്യാനായി അവന്റെ വീട്ടിൽ എത്തി.
ഉള്ളിൽ തിങ്ങി നിറഞ്ഞ ഭയം പുറത്തു കാണിക്കാതെ അവൻ വിളറിയ ഒരു ചിരി ചുണ്ടിൽ വരുത്തി.
"നിങ്ങളാണോ ആദിത്യൻ... "
"അതേ സർ... "
"ശ്രീദേവിയുടെ മരണവുമായി ബന്ധപെട്ടു ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ വന്നത്...ചോദ്യങ്ങൾക്ക് ശരിയായി മറുപടി പറഞ്ഞു സഹകരിച്ചാൽ നിങ്ങൾക്ക് കൊള്ളാം.... "
"സാറിന് എന്താ അറിയേണ്ടത്...?? "
"ഇന്നലെ രാത്രി ശ്രീദേവി ആദിത്യന്റെയൊപ്പം ആയിരുന്നില്ലേ... "
ഒന്ന് മടിച്ചു നിന്ന ശേഷം അതേയെന്നവൻ സമ്മതിച്ചു.
"ഇന്നലെ രാത്രി അവൾ എന്റൊപ്പം ആയിരുന്നു.... "
"എന്താ ഇന്നലെ സംഭവിച്ചത്... വിശദമായി പറയു... "
തലേ ദിവസം രാത്രി ഉണ്ടായ കാര്യം അവൻ പറയാൻ തുടങ്ങി.
"രണ്ടാഴ്ച മുൻപാണ് ടൗണിലെ ഒരു ഹൈസ്കൂളിൽ മലയാളം മാഷ് ആയി എനിക്ക് ജോലി കിട്ടിയത്.... ദൂരക്കൂടുതൽ ആയതിനാൽ ദിവസവും പോയി വരാൻ കഴിയാത്തത് കൊണ്ട് സ്കൂളിന്റെ അടുത്തായി ഒരു വാടക വീടെടുത്തു നിൽക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം വന്നു പോകും.
അമ്പലത്തിൽ വച്ചുള്ള പരിചയം ആയിരുന്നു ശ്രീദേവിയുമായിട്ട്... മൂന്നാലു വർഷമായി ഞങ്ങൾ അടുപ്പത്തിലായിട്ട്... ചിങ്ങത്തിൽ വിവാഹം ഉറപ്പിച്ചിരുന്നു...
ഈ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ടതിനാൽ രാത്രി എട്ടരയ്ക്കുള്ള ബസ്സിൽ ഞാൻ വീട്ടിലെത്തി...
വന്നപാടെ കുളിച്ചു ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. പറ്റിയാൽ അവളെയൊന്നു കാണാമെന്നു വിചാരിച്ചു... കുറെ ദിവസായി അവളോട് നല്ലപോലെ അടുത്തിരുന്നു സംസാരിച്ചിട്ട്...
കവലയിലേക്കിറങ്ങി ഒരു ചായ കുടിച്ചിട്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി... അവിടെ അവളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു... അച്ഛന്റൊപ്പം നട അടച്ചിട്ടേ അവൾ വരുള്ളൂ എന്നറിഞ്ഞപ്പോ ഞാൻ ഇറങ്ങി.
വെറുതെ കുറെ നേരം അമ്പലകുളത്തിലൊക്കെ പോയി ഇരുന്നിട്ട് തിരികെ പോരാൻ നിൽക്കുമ്പോ മഴ തുടങ്ങി.
അമ്പലകുളത്തിനു മുന്നിലെ ഇടവഴിയിൽ പൂട്ടി കിടക്കുന്ന കടത്തിണ്ണയിലേക്ക് ഞാൻ കയറി നിന്നു. ശ്രീദേവിയുടെ അമ്മാവന്റെ പഴയ കട ആയിരുന്നു അത്. ഇപ്പൊ തുറക്കാറില്ല.
മഴ തോർന്നു പോകാൻ നിൽക്കുമ്പോഴാണ് ശ്രീദേവി വരുന്നത് കണ്ടത്.
അവൾ അടുത്തെത്തിയപ്പോൾ ആദിത്യൻ അവളെ വട്ടം ചുറ്റി കയറിപ്പിടിച്ചു.
അയ്യോ എന്ന് നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായ പൊത്തിപ്പിടിച്ചിട്ട് അവൻ അവളുടെ കാതിൽ പതുക്കെ പറഞ്ഞു.
"പെണ്ണെ പേടിക്കണ്ട ഇതു ഞാനാ നിന്റെ ആദിയേട്ടൻ... "
കപട ദേഷ്യത്തോടെ അവൾ അവന്റെ കരവലയത്തിൽ നിന്നും കുതറിമാറിയപ്പോൾ അവനവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തി പതിയെ അവളുടെ ചെന്താമര ചുണ്ടിലേക്ക് ചുണ്ടുകൾ അടുപ്പിക്കവേ ആരോ നടന്നു വരുന്ന ഒച്ച കേട്ടു...
പെട്ടന്നവൾ അവനെയും കൊണ്ട് കുളക്കടവിലേക്ക് ഓടിക്കയറി അവനെ പറ്റിച്ചേർന്ന് ശ്വാസം അടക്കിപ്പിടിച്ചു മറഞ്ഞു നിന്നു.
നോക്കിയപ്പോൾ അമ്പലത്തിലെ ജോലിക്കാരി മീനാക്ഷി ആയിരുന്നു നടന്നു വന്നത്.
"അവർ കണ്ടിരുന്നെങ്കിൽ നാളെ നാട് മൊത്തം പറഞ്ഞു നടന്നേനെ" പേടിയോടെ അവൾ അവനോടു പറഞ്ഞു...
"അതിനെന്താ നമ്മുടെ കല്യാണം ഉറപ്പിച്ചില്ലേ.... "
"എന്നാലും നാണക്കേടാ... അച്ഛൻ അറിഞ്ഞാൽ പിന്നെ കല്യാണം വരെ കാണാൻ കൂടെ പറ്റില്ല... "
"അതൊക്കെ പിന്നത്തെ കാര്യമല്ലേ മോളെ.. " അതും പറഞ്ഞു ആദിത്യൻ അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളാൽ കോർത്തെടുത്തു...
മഴ പെയ്തു തോർന്ന ഈറൻ രാവിലും അവൾ നിന്ന് വിയർത്തു.
കിതച്ചു കൊണ്ടവൾ അടർന്നു മാറവെ ഇരു കൈകൾ കൊണ്ട് ശ്രീദേവിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു അവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.
അവളോടുള്ള സ്നേഹാധിഗ്യത്താൽ ആദിത്യൻ വികാരപരവശനായി....
അപ്രതീക്ഷിതമായി അവൻ നുകർന്നു നൽകിയ അനുഭൂതിയിൽ അവൾ സർവ്വവും മറന്നു ലയിച്ചു ചേർന്നു...
ഇടതു കൈ കൊണ്ട് അവളുടെ ധാവണിയുടെ ദുപ്പട്ട മെല്ലെ നീക്കി ആലില വയറിൽ ചുംബിച്ചപ്പോൾ അവൾ കുതറിമാറി...
അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു ഇറുക്കെ പുണർന്നു...
"മതി ആദിയേട്ടാ.... എന്നെ വിട്... ഇപ്പൊ തന്നെ വിളച്ചിൽ കുറച്ചു കൂടിയിട്ടുണ്ട്... ആരെങ്കിലും കണ്ടാൽ പ്രശ്നമാകുമെ.... " അവൾ ഭീതിയോടെ ചുറ്റും നോക്കികൊണ്ട് പറഞ്ഞു...
"ആരും കാണില്ല... നീ ഇങ്ങനെ പേടിക്കല്ലേ മോളെ... "
"അയ്യടാ.... വിറയൽ കാരണം എന്റെ കയ്യും കാലും നിലത്തുറയ്ക്കണില്ല... "
"വിറയൽ ഒക്കെ മാറ്റാനല്ലേ ഞാൻ.. " അവൻ അവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് മീശ പിരിച്ചു.
"ഇപ്പൊ തന്നെ സമയം കുറെയായി. ഏട്ടൻ വേഗം പോകാൻ നോക്ക്. നിങ്ങൾ പോയിട്ട് വേണം ആരും കാണാതെ എനിക്ക് വീട്ടിൽ കയറിപ്പറ്റാൻ... "
"ഞാൻ കൊണ്ട് വിടാം... നമുക്ക് ഒരുമിച്ചു പോവാം വീട്ടിലേക്കു... "
"അത് വേണ്ട ആരെങ്കിലും കാണും... വല്യ ദുരോന്നും ഇല്ലല്ലോ വീട്ടിലേക്ക് ആ കാണുന്നതല്ലേ... മോൻ സഹായിക്കാൻ നിക്കണ്ട പെട്ടന്ന് വീട്ടിൽ പോകാൻ നോക്ക്... "
"ഒരുമ്മ കൂടെ... " അവൻ കെഞ്ചി.
"ഇനിയും ഉമ്മ തന്നാൽ നിങ്ങൾ പോവില്ല... വേഗം പോകാൻ നോക്ക് ആരെങ്കിലും കാണുന്നതിന് മുൻപ്... "
"നിന്നെ കല്യാണം കഴിഞ്ഞു എടുത്തോളാം പെണ്ണെ... " അതുപറഞ്ഞു അവളെ ചേർത്ത് നിർത്തി ഒന്നൂടെ ചുംബിച്ചിട്ട് ചുറ്റുമൊന്നു നോക്കിയിട്ട് മുണ്ട് മടക്കി കുത്തി അവൻ മുന്നോട്ട് നടന്നു...
ആദിത്യൻ കണ്ണിൽ നിന്നും മറയും വരെ ചുണ്ടിൽ വിരിഞ്ഞ നാണം കലർന്ന ചിരിയുമായി അവളവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
"ഇത്രേ എനിക്കറിയൂ സർ പിന്നീട് എന്തുണ്ടായി എന്നെനിക്ക് അറിയില്ല... "
"പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ... "
"അതേ സർ... എനിക്കൊന്നും അറിയില്ല... ഞാൻ അല്ല അവളെ കൊന്നത്... "
"എത്ര മണിക്കാണ് നിങ്ങൾ തമ്മിൽ പിരിഞ്ഞത്.... "
"കുളക്കടവിൽ ഒന്നര മണിക്കൂറോളം ചിലവഴിച്ചു. പതിനൊന്നര കഴിഞ്ഞു കാണും.... "
"ഇവിടെ തന്നെ ഉണ്ടാവണം... വേണ്ടി വന്നാൽ ചോദ്യം ചെയ്യാൻ ഇനിയും വരും."
"ശരി സർ... "
എസ് ഐ ഷാനവാസ് ആദിത്യനെ ചോദ്യം ചെയ്ത ശേഷം തിരിച്ചു പോയി.
****************************************
ഗഹനമായ ചിന്തയിലാണ് ഷാനവാസ്.
ആദിത്യൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ ആരായിരിക്കും ശ്രീദേവിയെ കൊലപ്പെടുത്തിയത്. വിഗ്രഹം മോഷ്ടിച്ചവർ ആയിരിക്കുമോ കൊലയും നടത്തിയത്... പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാതെ ഒന്നും ഉറപ്പിക്കാൻ കഴിയില്ല.... നാനാവിധ ചിന്തകൾ ഷാനവാസിന്റെ മനസിലൂടെ കടന്നു പോയി.
ഒന്നൂകൂടെ ശ്രീദേവിയുടെ വീട്ടിലും അമ്മാവൻ ഭാസ്കരന്റെ വീട്ടിലും ആദിത്യന്റെ വീട്ടിലും പോയി എല്ലാവരെയും നേരിട്ട് കണ്ട് മൊഴി എടുത്തു.
അമ്പലകുളവും പരിസരവും ഒന്നുകൂടെ സന്ദർശിച്ചു.
കല്പടവുകളിൽ ഉണങ്ങി പറ്റിയിരിക്കുന്ന ചോരക്കറകൾ ഷാനവാസിന്റെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു.
കുളത്തിലേക്ക് ഇറങ്ങുന്ന രണ്ടു പടികൾക്ക് മുന്നേയുള്ള പടിയിൽ രക്തം ഒഴുകി പരന്നു ഉണങ്ങി പിടിച്ചു കിടക്കുകയായിരുന്നു. ആ പടിയിൽ നിന്നും മുകളിലെ നാലാമത്തെ പടിയിലും അത്യാവശ്യം കുറച്ചു ചോരപ്പാട് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്.
അതുകണ്ടപ്പോൾ ഷാനവാസിന് ഒരു കാര്യം മനസിലായി.
രാത്രിയിൽ പടവിൽ വച്ചു ആരുമായോ മൽപ്പിടുത്തം നടക്കുകയും താഴേക്കു മറിഞ്ഞു വീണു തല ഇടിച്ചായിരിക്കും ശ്രീദേവി കൊല്ലപ്പെട്ടത് എന്ന് അയാൾ ഊഹിച്ചു. മുകളിലെ പടിയിൽ കാണുന്നത് എതിരാളിയുടെ ചോരക്കരയാകുമെന്നും ഊഹിച്ചു.
ശ്രീദേവി കൊല്ലപ്പെട്ട ശേഷം ശരീരം താഴത്തെ പടിയിലേക്ക് മറിച്ചിട്ടതാകാം എന്ന് ഷാനവാസ് ഉറപ്പിച്ചു. പടവിലും കുളത്തിലുമായിട്ടാണ് മൃതദേഹം കിടന്നതും.
തന്റെ ഊഹാപോഹം ഏകദേശം ശരിയാണെന്നു ഷാനവാസ് ഉറപ്പിച്ചു.
പിറ്റേന്ന് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ശ്രീദേവി കൊലക്കേസിന്റെ നിർണായകമായ വഴിത്തിരിവായിരുന്നു...
ബലാത്സംഗത്തിന് ഇരയായിട്ടില്ല ശ്രീദേവി.
അമിതമായ രക്തസ്രാവവും വീഴ്ചയിൽ ഉണ്ടായ മുറിവുമാണ് ശ്രീദേവിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി പ്രതിപാദിച്ചിരുന്നു.
ശ്രീദേവി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ആരോ അവളുടെ വസ്ത്രങ്ങൾ പിച്ചി ചീന്തിയതാണെന്ന് എസ് ഐ ഷാനവാസിന് ബോധ്യമായി.... അതോടെ മനസ്സിൽ പ്രതിയെ പറ്റിയുണ്ടായിരുന്ന ധാരണ വ്യക്തമായി....
***************************************
ശ്രീദേവി കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത കേട്ടാണ് പിറ്റേന്ന് ദേവിക്കര നിവാസികൾ ഉണർന്നത്.
തെളിവെടുപ്പിനായി വനിതാ പോലീസുകാരുടെ അകമ്പടിയോടെ ഭാസ്കരൻ അമ്മാവന്റെ മകളെ അമ്പലകുളത്തിലേക്ക് കൊണ്ട് വന്നു.
ഭാസ്കരന്റെ മകൾ രോഹിണിയാണ് ശ്രീദേവിയെ കൊന്നതെന്ന വാർത്ത ഏവരെയും നടുക്കി. ചേച്ചിയെയും അനിയത്തിയേയും പോലെ ഒരുമിച്ചു കളിച്ചു നടന്നവർ....
ഏറ്റവും ഞെട്ടി നിന്നത് ആദിത്യൻ ആയിരുന്നു.
"അന്നത്തെ ദിവസം ആ രാത്രി ഉണ്ടായത് എന്താണ് രോഹിണി... " എസ് ഐ ഷാനവാസ് അവളോട് ചോദിച്ചു.
നിറമിഴികളോടെ അവൾ അന്നേ ദിവസം രാത്രി ഉണ്ടായത് പറയാൻ തുടങ്ങി.
"ശ്രീദേവി ചേച്ചിയുടെയും ആദിത്യൻ ഏട്ടന്റെയും അടുപ്പം അറിഞ്ഞ നാൾ മുതൽ മനസ്സിൽ കടുത്ത പകയായിരുന്നു എനിക്ക് ചേച്ചിയോട്. ചേച്ചിക്ക് മുന്നേ എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു... ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ശ്രീദേവിയെ ആണ് സ്നേഹിക്കുന്നതെന്നും എന്നെ ഒരു പെങ്ങളെ പോലെയാണ് കാണുന്നതെന്നും പറഞ്ഞു. പിന്നീട് അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെ എന്റെയുള്ളിൽ ശ്രീദേവി ചേച്ചിയോടുള്ള പക വളർന്നു.
അന്ന് രാത്രി ചേച്ചി വീട്ടിൽ നിന്ന് പോയപ്പോൾ സംശയം തോന്നി ഞാനും ആരും കാണാതെ പുറകെ പോയി. അപ്പോഴാണ് ഇണക്കുരുവികളെ പോലെ കുളപ്പടവിൽ കെട്ടിപ്പുണർന്നു നിൽക്കുന്ന അവരെ കണ്ടത്. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം അവർ അവിടെ കണ്ടുമുട്ടിയതായിരിക്കുമെന്ന് ഞാൻ കരുതി. അധികനേരം ആ കാഴ്ച കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല...
ആദിയേട്ടൻ പോയതും ഞാൻ കുളക്കടവിലേക്ക് ഇറങ്ങി ചെന്നു.
"നീ എന്താ ഈ സമയം ഇവിടെ...?? " ശ്രീദേവി അവളോട് ചോദിച്ചു.
അവളുടെ ചോദ്യം അവഗണിച്ചു കൊണ്ട് രോഹിണി ചോദിച്ചു.
"ഈ സമയത്ത് ഇവിടെ എന്തായിരുന്നു നിങ്ങൾ തമ്മിൽ...?? ഞാൻ എല്ലാം കണ്ടു നാളെ തന്നെ ഞാൻ എല്ലാകാര്യവും അച്ഛനോട് പറഞ്ഞു കൊടുക്കും... "
"നീ പറയുന്ന എന്ത് വേണമെങ്കിലും അനുസരിക്കാം... ഇവിടെ നടന്നത് ആരോടും പറഞ്ഞു നാറ്റിക്കരുത് മോളെ.."
ശ്രീദേവി അവളോട് കെഞ്ചി.
"എങ്കിൽ ആദിത്യനെ എനിക്ക് വിട്ട് തരണം... "
അതുകേട്ടു ശ്രീദേവി ശക്തമായി ഞെട്ടി....
അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടു. എന്തൊക്കെ പറഞ്ഞാലും ആദിയേട്ടനെ മറക്കാൻ എനിക്ക് കഴിയില്ലെന്നും ചേച്ചി ഇല്ലായിരുന്നെങ്കിൽ ആദിയെ എനിക്ക് കിട്ടുമായിരുന്നെന്നുമൊക്കെ ഞാൻ പറഞ്ഞു.
ഭ്രാന്തിയെ പോലെ പുലമ്പിക്കൊണ്ടിരുന്ന എന്റെ കവിളത്തു ഒരെണ്ണം പൊട്ടിച്ചു മുന്നോട്ട് പോയ അവളെ ഞാൻ തടഞ്ഞു നിർത്തി.
മല്പിടുത്തത്തിനൊടുവിൽ ചേച്ചി എന്നെ പടവിലേക്ക് തള്ളിയിട്ടു. എന്റെ നെറ്റി പടവിൽ പോയിടിച്ചു മുറിഞ്ഞു. അപ്പോഴേക്കും നിലതെറ്റി ചേച്ചി പിന്നിലേക്ക് മറിഞ്ഞു വീണു ഉരുണ്ടുണ്ടു താഴെ പോയി... കൈയബദ്ധം കൊണ്ട് പറ്റിപോയതാണ് ഒന്നും മനഃപൂർവം ആയിരുന്നില്ല.... "നിലത്തിരുന്ന് രോഹിണി പൊട്ടിക്കരഞ്ഞു.
"ആ വിഗ്രഹം മോഷ്ടിച്ചത് ആരാണ്.... ദേവി വിഗ്രഹം ഇപ്പോൾ എവിടെയുണ്ട്...?? ആ ചോദ്യം കേട്ട് രോഹിണി വീണ്ടും ഞെട്ടി... അന്ന് രാത്രിയിലെ മോഷണത്തിന്റെ ഏക സാക്ഷി രോഹിണി ആയിരുന്നു....അതുകൊണ്ടാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രീദേവിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി ബലാത്സംഗമാക്കാൻ ശ്രമിച്ചത്... ശരിയല്ലേ...?? " എസ് ഐ ഷാനവാസിന്റെ ചോദ്യം കാരമുള്ളുകൾ പോലെ അവളുടെ കാതുകൾ തുളച്ചു അകത്തു കയറി.
"അതേ സർ.... പറഞ്ഞത് സത്യമാണ്... വിഗ്രഹം കുളത്തിന്റെ അടിയിലുണ്ട്.... "
"ആരാണ് അത് അവിടെ കൊണ്ട് വച്ചത്.."
രോഹിണിയുടെ കണ്ണുകൾ ആൾക്കൂട്ടത്തിലൂടെ പരതി നടന്നു ഒടുവിൽ അവൾ കൈചൂണ്ടിയ ഭാഗത്തേക്ക് എസ് ഐ ഷാനവാസ് ദൃഷ്ടികൾ പായിച്ചു.
ആൾക്കൂട്ടത്തിലേക്ക് വലിയാൻ ശ്രമിച്ച അമ്പലത്തിലെ സെക്രട്ടറിയെ ഷാനവാസ് പിടിച്ചു നിർത്തി.
തൊണ്ടിമുതൽ മുങ്ങൽ വിദഗ്ദ്ധരെ കൊണ്ട് തപ്പിയെടുപ്പിച്ചു...
കേസ് തെളിയിച്ചു പ്രതികളുമായി മടങ്ങാൻ തുടങ്ങവേ ആദിത്യൻ എസ് ഐ ഷാനവാസിനോട് ചോദിച്ചു.
"ഒരു തെളിവുമില്ലാതെ സാറിന് എങ്ങനെയാ രോഹിണി ആണ് പ്രതിയെന്ന് സൂചന ലഭിച്ചത്... "
"രോഹിണിയുടെ നെറ്റിയിലെ മുറിവ് കല്പടവിൽ പറ്റിപ്പിടിച്ച ചോരക്കറ പിന്നെ ശ്രീദേവി ബലാത്സംഗത്തിന് ഇരയല്ലെന്ന് തെളിഞ്ഞ പോസ്റ്റുമോർട്ടം റിപ്പോർട്ട്. അങ്ങനെ സംശയം രോഹിണിയിൽ എത്തി.
മൊഴി എടുക്കാൻ വീട്ടിൽ പോയപ്പോൾ അവളുടെ ഭാവങ്ങളിൽ തന്നെ കുറ്റവാളി ഒളിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടെ വന്നപ്പോൾ ഉറപ്പിച്ചു. അവളിലൂടെ വിഗ്രഹ മോഷ്ടാവിനെ കണ്ടെത്താനും കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ശ്രീദേവിയുമായുള്ള മല്പിടുത്തത്തിനു ശേഷം രക്ഷപെടാൻ തുടങ്ങവേയാണ് സെക്രട്ടറി നാരായണൻ വിഗ്രഹം കുളത്തിൽ മറവു ചെയ്തു പോയത് രോഹിണി കാണുന്നത് . ഇരുട്ടത്തു മറഞ്ഞു നിന്നതിനാൽ നാരായണൻ രോഹിണിയെ കണ്ടില്ല....വിഗ്രഹം മറവു ചെയ്യുന്നത് കണ്ടപ്പോഴാണ് അവൾക്കു ശ്രീദേവിയുടെ ഉടുപ്പുകൾ വലിച്ചു കീറാൻ ബുദ്ധി തോന്നിയത്.... എല്ലാത്തിനും ദൈവത്തിന്റെ ആദൃശ്യമായ കയ്യൊപ്പുണ്ടാകും. ഇവിടെ കേസ് എളുപ്പത്തിൽ തെളിഞ്ഞതും അതുകൊണ്ടാണ്... "
പുഞ്ചിരിച്ചു കൊണ്ട് എസ് ഐ ഷാനവാസും സംഘവും മടങ്ങിപ്പോയി.
a story by
Siva S Nair
ഫോളോ ചെയ്യണേ....