ആറ്റു നോറ്റു പിറക്കാൻ പോകുന്ന വാവേനേം ഇന്നലേ കൂടി സ്വപ്നം കണ്ട് കിടന്നതാണ്...

Valappottukal


രചന: Shalili Vijayan
പെട്ടെന്നുള്ള അവളുടെ നിലവിളിയും അലർച്ചയും കേട്ടതും നിലത്ത് കിടന്നിരുന്ന ഞാൻ ഞെട്ടിയെഴുന്നേറ്റു.
നോക്കുമ്പോൾ അവൾ നിലത്തു വീണ് അസഹ്യമായ വേദനയാൽ പുളയുന്നു. അതിന്റെ പിൻതുടർച്ചയെന്നവണ്ണം
തുടരെ കതകു മുട്ടിയതും ഒരുമിച്ചായിരുന്നു.

പെട്ടെന്ന് അവളേം വാരിയെടുത്ത് വാതിൽ തുറക്കുമ്പോൾ വീട്ടുക്കാർ എല്ലാവരും ഉണ്ടായിരുന്നു മുന്നിൽ.
എന്താടാ ഉണ്ടായത്?
അമ്മേ ..അത് ...

ഒന്നും പറയാതെ അവളേം കൊണ്ട് കാറിൽ കയറുമ്പോൾ പിറകിൽ നിന്നും പെങ്ങൾ പറയുന്നതു കേട്ടു .

ഏട്ടാ ബ്ലീഡിംഗ് ഉണ്ടെന്ന് തോന്നുന്നു .

നോക്കിയപ്പോൾ ശരിയാണ് ... കൈ നിറയെ രക്തത്താൽ നിറഞ്ഞിരിക്കുന്നു.

നാട്ടുനടപ്പനുസരിച്ച് ഏഴാം മാസത്തിൽ അവളെ അവളുടെ വീട്ടുക്കാർ കൂട്ടി പോയതുതൊട്ട് എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.

ഒന്നു രണ്ടു ദിവസം ഫ്രണ്ട്സിനൊപ്പം സിനിമ കണ്ടും കറങ്ങിയും നടന്നെങ്കിലും മൂന്നാം ദിവസം തൊണ്ടയിൽ നിന്നും ഭക്ഷണമിറക്കാൻ പറ്റാത്തതുപോലെയൊരു തോന്നൽ.

അമ്മാ ഈ ആഴ്ച്ച തന്നെ അവളെ ഇവിടെ ക്കു കൂട്ടി വരണം ...
മറുത്തൊന്നും പറയാതെ അമ്മ പോയെങ്കിലും വീടിനെയാകെ ദഹിപ്പിക്കുന്ന തരത്തിലുള്ള മറുപടി പെങ്ങളാണ് പറഞ്ഞത് .

അതേയ് എട്ടാ ... ഏട്ടൻ മാത്രല്ല കെട്ടിയത് ...
ഏട്ടനു മാത്രേ സ്വന്തം ഭാര്യയെ ഇങ്ങനെ പ്രണയിക്കുന്നുള്ളൂ എന്നാരു തോന്നലു വേണ്ടാട്ടോ?
ആദ്യ പ്രസവും ചെലവും ഒക്കെ പെണ്ണിന്റെ വീട്ടുക്കാരാ നോക്കേണ്ടത്.
ഒന്നു പോടീ ..
പോടാ പെൺ കോന്താ....
ഇനിയെങ്കിലും നിങ്ങൾടെയി വഴക്കുകൂട്ടൽ ഒന്ന് നിർത്താമോ?

ശരി.. ഞാനിറങ്ങിത്തരാം ... അതാണല്ലോ നിങ്ങൾക്കൊക്കെ ഇഷ്ടം ... ഒരു കള്ളച്ചിരിയോടെ ഞാനത് പറഞ്ഞൊപ്പിച്ചു.

ഭാര്യാ വീട്ടിലേക്കായിരിക്കും... അച്ചി വീട്ടിൽ പരമസുഖമാണല്ലോ...

അതായിരിക്കും നിന്റെ കെട്ടിയോനും നീയും ഇവിടെ തങ്ങുന്നത് .
ഞാനിത്രേം പറഞ്ഞത് പെങ്ങൾക്ക് രസിച്ചില്ലെന്ന് തോന്നുന്നു.
അവൾ മുഖം വീർപ്പിച്ചു പോയി.

കല്യാണം കഴിഞ്ഞ് 8 വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം പെങ്ങൾക്കിതുവരെ കിട്ടിയില്ല. അതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ നേർച്ചയും വഴിപ്പാടുമായി സ്വന്തം വീട്ടിലിരുന്ന് തിന്നു സുഖിക്കലാണ് പെങ്ങൾ.

അവള് നിന്റെ പെങ്ങള് തന്നെയല്ലേടാ.....

ആ....ആ കാര്യത്തിൽ ചെറിയൊരു സംശയമില്ലായ്കയില്ല എനിക്ക്....

ഏട്ടനെപ്പോലെ എനിക്കും സംശയമുണ്ട് കേട്ടോ ....
ടി... പോടീ ...

അടുത്ത ദിവസം അവളെ കൂട്ടി വന്നപ്പോ പെങ്ങളും അളിയനും കൂടി ചേർന്ന് പരിഹസിക്കാൻ തുടങ്ങിയിരുന്നു..

എട്ടാ അമ്മേന്റെ  അടുത്ത് ഏട്ടത്തിയെ കിടത്തിയാൽ മതി ..... ഈ സമയത്ത് നല്ല ശ്രദ്ധ വേണം...പെങ്ങൾ ഇങ്ങനെ പറഞ്ഞ ആ രാത്രിയിലാണ് ഭാര്യയുടെ കരച്ചിൽ കേട്ടതും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതും...

എന്നാലും ബ്രോ... ഇതൊക്കെ നോക്കിം കണ്ടും വേണ്ടെ... ഒന്നൂല്ലെങ്കിലും അവൾ ഗർഭിണിയല്ലേടാ .....

ആക്രാന്തം എന്തിനാ ടോ... അവൾ നിന്റെ മാത്രം അല്ലേ..,
വാട്ട്സ്ആപ്പിലും ഫെയ്സ് ബുക്കിലും മുന വച്ചുള്ള മെസേജുകൾ വന്നു നിറഞ്ഞു...
ഇതിലൊന്നും ആയിരുന്നില്ല സങ്കടം എനിക്ക്..

എട്ടൻ ഒരു മനുഷ്യൻ തന്നെയല്ലേ ...
ഒന്നും അറിയില്ലേ ഏട്ടന് .. പെങ്ങൾ ഇത് പറഞ്ഞപ്പോൾ ശരിക്കും തകർന്നു പോയി ഞാൻ.

അന്നുവരെ കാണാത്ത സകല ബന്ധുക്കളേം അന്ന് ഞാനാദ്യമായി ഹോസ്പിറ്റൽവരാന്തയിൽ കണ്ടു. എല്ലാവരുടെയും നോട്ടം എന്നിൽ മാത്രം...
എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്ക് മാത്രം മനസ്സിലായില്ല.

ആരാ ഉത്തരയുടെ ഹസ്ബന്റ്.ഡോക്ടർ വിളിക്കുന്നു.
ഞാൻ മുഖമുയർത്തി അമ്മയെ നോക്കി ...

സ്കാനിംഗ് റിപ്പോർട്ടിൽ പ്രതീക്ഷയ്ക്കൊരു വകയില്ല മനോജ് ... സോറി ...
 ഡോക്ടർ അതു പറഞ്ഞപ്പോഴേക്കും എന്റെ ചങ്കിടിപ്പിന്റെ വേഗത കുറഞ്ഞതു പോലെയൊരു തോന്നൽ.
ആറ്റു നോറ്റു പിറക്കാൻ പോകുന്ന വാവേനേം ഇന്നലേ കൂടി സ്വപ്നം കണ്ട് കിടന്നതാണ് ..
എന്നിട്ടിന്ന്,...
കുഞ്ഞാവേന്റ നൂലുകെട്ട്...പാലു കൊടുക്കൽ തൊട്ടിലിൽ കിടത്തൽ ... എന്തൊക്കെ പ്രതീക്ഷകളാണ് നിമിഷ നേരം  കൊണ്ട്  തകർന്നത്.

മൂന്നാംദിവസം ഉച്ച കഴിഞ്ഞാണ് അവളെ റൂമിലേക്ക് മാറ്റിയത് .
ഈ മൂന്ന് ദിവസം  അവൾ എത്രമാത്രം വേദനിച്ചു കാണും..
അവളെക്കാണാനും എന്താണ് സംഭവിച്ചതെന്നറിയാനും തിരക്കി വന്ന ബന്ധുക്കളുടെ മുഖങ്ങളിൽ എന്നെ കാണുമ്പോൾ ഒരു പരിഹാസച്ചിരി പൊട്ടി വിടർന്നു.

ഇപ്പഴത്തെ പിള്ളേരല്ലേ ... എല്ലാത്തിനും ധൃതിയും തിരക്കുമാണല്ലോ ...

അപ്പുറത്തെ വീട്ടിലെ കല്യാണി ചേച്ചി അതു പറഞ്ഞപ്പോൾ കേട്ടു നിന്ന ഞാൻ ചൂളിപ്പോയി..

കുറച്ച് നായ്ക്കുരണപൊടി വേണോ കല്യാണിചേച്ചി ?
അമ്മ എന്റെ വായ് അടച്ചു പിടിച്ചു.

 അമ്മേ .... കുറച്ച്  കൊടുത്ത് വിട് .. വീട്ടിലിരുന്ന് സ്വയമങ്ങ് ചൊറിഞ്ഞോണ്ടിരിക്കട്ടെ ഇവരൊക്കെ...

അതൊരു പ്രായമായ സ്ത്രീ അല്ലേടാ..... വിട്ടു കള ....

ഒരു കാര്യം എനിക്കുറപ്പുണ്ടായിരുന്നു.
ആരും അവളെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാൻ വന്നവരല്ല ...
എല്ലാവരും ചേർന്ന് ആളിക്കത്തുന്ന അവളിലേക്ക് കുറച്ചു കൂടി ഊതി കത്തിക്കാൻ വന്നവരാണ്.

എനിക്കവളെ കാണാനും ഒന്നു രണ്ട് വാക്ക് സംസാരിക്കാനും മനസു തുടിച്ചു.

ഏട്ടത്തി ഒന്നും സംസാരിക്കുന്നില്ല.
കരച്ചില് മാത്രാ...
പെങ്ങളതു പറയുമ്പോൾ അവൾക്കൊപ്പം ഞാനും കരഞ്ഞു പോയി..

വൈകീട്ട് റൂമിൽ കയറിയപ്പോൾ ചുവന്നു ക്ഷീണിച്ച അവളുടെ മുഖം.
എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങിപ്പോയി ഞാൻ.

ബെഡിൽ കിടന്ന അവൾടെ വലതു കൈയിൽ ഞാൻ എന്റെ കൈകൾ ചേർത്തു പിടിച്ചു... കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ തുള്ളികൾ ഒഴുകുന്നതല്ലാതെ അവളൊന്നും സംസാരിച്ചതേയില്ല...

പിന്നെയും ഒന്നു രണ്ട് ദിവസങ്ങൾ വേണ്ടിവന്നു .എന്റെ അമ്മയും പെങ്ങളും അവൾക്കരികിൽ തന്നെ ഒപ്പമുണ്ടായിരുന്നു.
വൈകീട്ട് പതിവുപോലെ അവൾക്കരികിൽ ഇരുന്ന ഞാൻ ചായ വാങ്ങാൻ പുറത്തേക്കിറങ്ങാൻ നോക്കിയതായിരുന്നു.

ഏട്ടാ ... ഏട്ടന് ഉള്ള സത്യങ്ങൾ എല്ലാ വരോടുമായി പറഞ്ഞുടെ... എന്റെ അശ്രദ്ധ കാരണം ഞാൻ കട്ടിലിൽ നിന്നും താഴെക്ക് വീണക്കാര്യം ....
വേണ്ട മോളെ .. ഇനി  ഇങ്ങനെപ്പറഞ്ഞാലും അതൊരു തിരുത്തിപ്പറയൽ ആയിട്ട് മാത്രമേ എല്ലാവരും കാണൂ ,
ആ തെറ്റ് എന്റെ പേരിൽ തന്നെ ഉണ്ടാവട്ടെ ...

കുറച്ചു നേരം എന്റെ നെഞ്ചിൽ ചേർന്നവൾ എങ്ങിയേങ്ങി കരഞ്ഞു .. അവളുടെ ഓരോ കണ്ണുനീർ തുള്ളികളും മാപ്പു പറച്ചിലും എന്റെ ഉള്ളിലാണ് തറച്ചത്.
വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ അവൾടെ വീട്ടുക്കാരും എന്റെ അമ്മയും പെങ്ങളും ഒക്കെ നിൽക്കുന്നുണ്ടവിടെ ...

മോനേ നീ കൂടി അവളെ തള്ളിപ്പറഞ്ഞാൽ ...

ഇല്ല അമ്മേ .... ഈ ഏഴു മാസക്കാലം ഞാനവളെ  കണ്ടതല്ലേ ... എത്രത്തോളം സന്തോഷവധിയായിരുന്നുവെന്ന് മറ്റാരെക്കാളും എനിക്കറിയാം .. അവൾ അറിഞ്ഞു കൊണ്ടൊരിക്കലും ഇങ്ങനെ ച്ചെയില്ല..

എട്ടാ സോറിട്ടോ .... ഞാൻ....

എടീ... നീ പറഞ്ഞതു കൊണ്ടൊന്നും അല്ല ഇങ്ങനെ സംഭവിച്ചത്.

അവളെയെങ്കിലും തിരിച്ചു കിട്ടിയില്ലേ നമുക്ക്....

ചിലപ്പോൾ മറ്റുള്ളവർ  ഏൽപ്പിക്കുന്ന മുറി വിനേക്കാളും പതിൻമടങ്ങ് വേദനയായിരിക്കും ഈയൊരവസ്ഥയിൽ നാം അവരെ അവഗണിക്കുമ്പോൾ അവർക്കുണ്ടാകുക . ...
ഒന്നുചേർത്തുനിർത്തി അവരെ ഒന്നാശ്വസിപ്പിച്ചാൽ
നമ്മൾ കൂടെയുണ്ടെന്ന തോന്നലിൽ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേക്കാം...


രചന: Shalili Vijayan
To Top