ഒരു ഡ്രൈവർ പയ്യൻ നാളെ പെണ്ണിനെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ വീട്ടുകാരുടെ മുഖത്തൊരു കറുപ്പ് പടർന്നു.
ഒരു ഡ്രൈവറിനൊക്കെ എങ്ങനെയാ ന്റെ മോളെ പിടിച്ചു കൊടുക്കുന്നത്?
അല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു മെച്ചവും കാണില്ല
ഒന്നുമില്ലെങ്കിലും അവൾക്കിത്തിരി പഠിപ്പില്ലേ? പിന്നെ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുണ്ടെന്നു മാത്രമേയുള്ളു.
അല്ലെങ്കിലും ഈ ഡ്രൈവറു പണി ചെയ്യുന്നവരെ വിശ്വസിക്കാനും കൊള്ളില്ല. അങ്ങനത്തെ കൂട്ടുക്കെട്ടായിരിക്കും.
അച്ഛന്റെ ആകുലതകളെ അമ്മയും ശരി വെച്ചപ്പോഴും അവൾക്കു അതൊരു കുറവായി തോന്നിയില്ല.
അന്നന്നു അദ്ധ്വാനിച്ചു കുടുംബം നോക്കുന്ന അവന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ അവളുടെ മനസ്സിൽ വലിയ വലിയ ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ ശ്രമിയ്ക്കുന്ന ഓട്ടത്തിനിടയിലും അവളുടെ കാര്യത്തിനൊരു കുറവും വരുത്തിയിരുന്നില്ല.
വീട്ടിലേക്കുള്ള സാധനങ്ങളും, അവർക്കിഷ്ടമുള്ള ഉഴുന്നുവടയും, പഴംപൊരിയും വാങ്ങി വൈകിട്ട് വരുന്ന ഭർത്താവിനെയും നോക്കി അവളിരിക്കും.
വഴിയരികിൽ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴേ അവൾ ഓടിയെത്തും.
കൈയിലിരിക്കുന്ന കവറുകൾ വാങ്ങുമ്പോൾ അവളൊരു ചിരിയോടെ ചോദിയ്ക്കും.
ഏട്ടാ,
ഇന്നത്തെ ഓട്ടമെങ്ങനെയുണ്ടായിരുന്നു. ഞാനാണ് രാവിലെ കൈ നീട്ടം തന്നത്.
ഒരു ചിരിയോടെ മുഷിഞ്ഞതും, ചുരുണ്ടതുമായ നോട്ടുകൾ അവളുടെ കൈയിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തു സന്തോഷം നിറയും.
ഏതു പാതിരാത്രി ആരു വന്നു വിളിച്ചാലും ഒരു മടിയും കൂടാതെ പോകുന്ന ഭർത്താവിനോട് സൂക്ഷിച്ചു പോകണമെന്നു മാത്രമേ അവൾ പറഞ്ഞിരിന്നുള്ളൂ.
വണ്ടിയുടെ വെളിച്ചം കണ്ണിൽ നിന്നു മറയുന്നതു വരെ, ഒരാപത്തും വരാതെ കാത്തുക്കൊള്ളണെ ഈശ്വരന്മാരെ എന്ന പ്രാർത്ഥനയോടെ അവൾ ആ വാതിൽ ചാരി നിൽക്കും..... !
രചന: ഷെഫി സുബൈർ