ഒരു പുഞ്ചിരി മറുപടിയായി നൽകിയിട്ട് അവൻ പുറത്തേക്ക് നോക്കി ഇരുന്നു...

Valappottukal

"ഇത് സ്ലീപ്പർ ക്ലാസല്ലെ, പിന്നെന്താ ഇത്രയും തിരക്ക്.." എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ടാണ് ജൂലി ട്രെയിനിൽ കയറിയത്....

വിൻഡോ സീറ്റിൽ ചെന്നിരുന്നപ്പോ എതിർ വശത്ത് മ്മ്ടെ വാരണം ആയിരത്തിലെ സൂര്യയെ പോലൊരു ചുള്ളൻ ചെക്കൻ ഇരിക്കുന്നു... അവനാണെങ്കിൽ ഒടുക്കത്തെ ജാഡ.. ഒരു സുന്ദരി കുട്ടി മുന്നിൽ വന്നിരുന്നിട്ട്‌ ഒരു മൈൻഡും ഇല്ല..
രണ്ടും കല്പിച്ചു അവള് പറഞ്ഞു,

"അതേ ഇൗ സീറ്റ് എന്‍റെയാണ്..നിങ്ങളുടെ ബെർത്ത് മുകളിൽ ആണെന്ന് തോന്നുന്നു..!"

ഒന്ന് വാച്ചിൽ നോക്കിയിട്ട് അവൻ പറഞ്ഞു,

' അല്ലാ അതിനിപ്പോ അഞ്ച് മണിയല്ലെ ആയിട്ടുള്ളൂ.. ഇപ്പോഴെ താൻ ഉറങ്ങോ...! ഒമ്പത് മണി ആയിട്ട് ഞാൻ മുകളിൽ കയറിയാൽ പോരെ..?'

അവള് അതിനു മറുപടി പറഞ്ഞില്ല... അത് പോലെ തന്നെ അവനും ഹെഡ് സെറ്റ് ചെവിയിൽ തിരുകി കയ്യിലുള്ള ബുക്കിൽ നോക്കിയിരുന്നു...

"ഹൊ എന്തൊരു ജാഡയാ ഇയാൾക്ക്...!" ജൂലി മനസ്സിൽ ഓർത്തു..
ഇടക്ക് അവള് അവൻ വായിക്കുന്ന ബുക്കിലേക്ക് എത്തി നോക്കി, എന്താണ് ഇത്ര കാര്യമായിട്ട് വായിക്കുന്നതെന്ന് അറിയാൻ..അവള് നോക്കുന്നത് ശ്രദ്ധിച്ച അവൻ ബുക്കിലെ ഫോട്ടോ എടുത്ത് മാറ്റിയിട്ട് ബുക്ക് അവൾക്ക് കൊടുത്തു..

ബുക്കിലെ ഫോട്ടോയാണ് അവൻ നോക്കിയതെന്ന് അവൾക്ക് മനസിലായി..

"അതാരുടെ ഫോട്ടോയാ ചേട്ടാ...?"

' എന്റെ ഫാമിലി ഫോട്ടോ ആണ്.. അല്ലാ, ബുക്ക് ഞാൻ തന്നില്ലേ, അതും വായിച്ച് ഇരുന്നൂടെ എന്തിനാ ഓരോന്ന് ചോദിക്കുന്നത്...!'

ഒഴിഞ്ഞ് മാറി പോയപ്പോ "ഇയാളെ അങ്ങനെ വെറുതെ വിട്ടാ പറ്റില്ലല്ലോ" എന്നവൾ മനസ്സിലോർത്തു..
ഏഴു മണിയായപ്പോ ട്രെയിനിൽ എല്ലാരും കഴിക്കാൻ തുടങ്ങി.. അവൻ ബാഗിൽ നിന്ന് ഒരു കുപ്പി ജ്യൂസ് എടുത്ത് കുടിച്ചു..

"അല്ലാ ചേട്ടൻ ഒന്നും കഴിക്കുന്നില്ലെ..?"

' ഏയ് ഇല്ല, എനിക്ക് യാത്ര പോവുമ്പോ ഇങ്ങനെ ട്രെയിനിൽ വെച്ച് കഴിക്കാൻ തോന്നില്ല, അതാ...'

"എന്നാ ഞാനും കഴിക്കുന്നില്ല.. ഇങ്ങള് നോക്കി ഇരിക്കുമ്പോ ഞാനെങ്ങനെ കഴിക്കാനാ...!"

ഒരു പുഞ്ചിരി മറുപടിയായി നൽകിയിട്ട് അവൻ പുറത്തേക്ക് നോക്കി ഇരുന്നു.. നല്ല മഴയാണ് പുറത്ത്, ഗ്ലാസ്സ് വിൻഡോ താഴ്ത്തി ഇട്ടിരുന്നു..
എങ്ങുമല്ലാത്ത ഒരു സ്ഥലത്ത് ട്രെയിൻ നിർത്തിയപ്പോ അപ്പുറത്ത് ആരോ പറയുന്നത് കേട്ടു, "ടി ടി ആർ പറഞ്ഞു പാളത്തിൽ മണ്ണ് ഇടിഞ്ഞു, ഇനി മൂന്നു മണിക്കൂർ എങ്കിലും കഴിയും ട്രെയിൻ പുറപ്പെടാൻ" എന്ന്...

പെട്ടന്നാണ് അവൻ അവളോട് ചോദിച്ചത്,
"അതേ ഇയാൾക്ക് വിരോധമില്ലെങ്കിൽ മുകളിലെ എന്റെ ബെർത്തിൽ കിടക്കോ..? എനിക്ക് ഉറക്കം വരുന്നില്ല, ഞാൻ ഇവിടെ താഴെ സീറ്റിൽ ഇരിക്കട്ടെ..!"

' അയ്യോ ചേട്ടാ, ഞാനത് അങ്ങോട്ട് പറയാൻ ഇരിക്കായിരുന്നു, എനിക്കും ഇൗ പറഞ്ഞത് പോലെ ട്രെയിനിലെ ഉറക്കം ശരിയാവില്ല.. എന്നാ നമുക്ക് ഇവിടെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം മാഷേ...!'

വീണ്ടും അവളുടെ കമന്റിനു ഒരു ചിരിയാണ് അവൻ കൊടുത്ത മറുപടി..

' അല്ലാ, ചേട്ടൻ എവിടെ പോവാ..?'

" എന്റെ വീട്ടില്, അല്ലാതെ എവിടെ പോവാൻ..;"

' ഒഹ് അതല്ല ഞാൻ ചോദിച്ചത്, എവിടെയെങ്കിലും പോയിട്ട് വരാണോ..? ചേട്ടനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്..'

" എന്റെ വീട് കൊല്ലം, മംഗലാപുരത്തുള്ള ഒരു കമ്പനിയിൽ ആണ് ജോലി.. രണ്ടു ദിവസം കഴിഞ്ഞ് എന്റെ അനിയത്തിടെ കല്യാണമാണ്.."

' ആഹാ കൊള്ളാലോ, അനിയത്തിടെ കല്യാണത്തിന് ഇന്നാണോ പോകുന്നത്..! എല്ലാ കാര്യത്തിനും ചേട്ടൻ അവിടെ വേണ്ടതല്ലേ..!'

അതിനുത്തരം ഒന്നും പറയാതെ പുറത്തെ മഴയും നോക്കിയിരുന്നു അവൻ..
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു,

" അതിനു അവളെന്റെ സ്വന്തം അനിയത്തിയൊന്നും അല്ല.. അവളുടെ അച്ഛനും അമ്മയും മക്കളില്ലാതിരുന്ന സമയത്ത് ദത്തെടുത്തതാണ് എന്നെ..അന്നെനിക്ക് മൂന്ന് വയസ് പ്രായം ഉണ്ടായിരുന്നു എന്നാണ് മഠത്തിലെ സിസ്റ്ററമ്മ പറഞ്ഞത്.. ഇവിടെ മംഗലാപുരത്ത് നിന്നാണ് എന്നെ എടുത്ത് വളർത്തിയത്..

ആദ്യമൊക്കെ ഒരു അനാഥനായ എനിക്ക് അച്ഛന്റെയും അമ്മയുടെയും ലാളനയും സ്നേഹവും കരുതലും എല്ലാം കിട്ടി..പക്ഷേ അധിക നാള് ഉണ്ടായിരുന്നില്ല എന്റെ ആ സന്തോഷം..
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വാവ വളരുന്നത് അറിഞ്ഞത്..എന്റെ അച്ചനേക്കാളും അമ്മയേക്കാളും സന്തോഷം എനിക്കായിരുന്നു..

അങ്ങനെ അമ്മ ഒരു കുഞ്ഞനിയത്തിയെ  പ്രസവിച്ചു..താഴെ വെക്കാതെ ഞാനെന്റെ കുഞ്ഞി പെങ്ങളെ കൊണ്ട് നടന്നു..പക്ഷേ അമ്മയിലെ ഭാവമാറ്റം ആദ്യമൊന്നും എനിക്ക് മനസിലായില്ല..പിന്നീട് അറിവായി വരും തോറും അമ്മയുടെ പെരുമാറ്റം എന്റെ മനസ്സിൽ കൊണ്ടു.അമ്മയുടെ ബന്ധുക്കൾ എന്നിൽ നിന്ന് എന്റെ അമ്മയെയും അച്ഛനെയും അകറ്റി എന്ന് വേണം പറയാൻ....

ബിസിനസ്സ്, കാശ് എന്നൊക്കെ പറഞ്ഞു നടന്നിരുന്ന അച്ഛന് ഇതൊന്നും ശ്രദ്ധിക്കാൻ കൂടി സമയമില്ലായിരുന്നു...പക്ഷേ അച്ഛന് എന്നോട് സ്നേഹക്കുറവൊന്നും ഇല്ലായിരുന്നു.. അമ്മയുടെ ബന്ധുക്കൾ പല പ്രാവശ്യം എന്നെ ഉപദ്രവിച്ചു..

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രീ എനിക്ക് മഠത്തിൽ തന്നെ നിന്ന് പഠിക്കണമെന്ന് പറഞ്ഞു.. എന്നെ അവിടുന്ന് ഒഴിവാക്കാൻ അതൊരു അവസരമായി കണ്ട്, എന്നെ ദത്തെടുത്ത മംഗലാപുരത്തുള്ള മഠത്തിൽ കൊണ്ടാക്കി.. സത്യം പറഞ്ഞാ മനപൂർവ്വം അവിടുന്ന് ഒഴിവായി പോയതാ ഞാൻ..മഠത്തിലെ സിസ്റ്ററമ്മയോട് കാര്യം എല്ലാം തുറന്നു പറഞ്ഞു..പക്ഷേ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം അവരത് പ്രശ്നമാക്കിയില്ല..

പക്ഷേ എന്റെ അനിയത്തി കുട്ടി, അവളെ പിരിയാൻ അത്രയും സങ്കടായിരുന്നൂ.. ഡിഗ്രീ ചെയ്യുന്ന ഇടയിൽ അവധി ഉള്ളപ്പോ രണ്ടു മാസം ഞാൻ വീട്ടിൽ പോയി നിൽക്കും.. വീട്ടിലെ ലാൻഡ് ഫോണിൽ നിന്ന് ഒന്നരാടം എന്റെ പെങ്ങള് എന്നെ വിളിക്കും.. എനിക്ക് പഠിക്കാനുള്ള ചിലവ് മുഴുവനും അച്ഛനായിരുന്നു നടത്തിയത്..അമ്മ ഒരിക്കൽ പോലും എന്നെ അവിടെ വന്നു കണ്ടിട്ടില്ല..അച്ഛൻ എല്ലാ മാസവും വരും..

അമ്മയുടെ വീട്ടുകാര് എന്നെ ആ വീട്ടിൽ നിർത്തുന്നത് വിലക്കി.. ഒന്നുമില്ലെങ്കിലും ഒരു പെൺകുട്ടി വളർന്നു വരുകയാണ്, സ്വന്തം ചോരയൊന്നും അല്ലല്ലോ..അപ്പൊ സൂക്ഷിക്കണം എന്നൊക്കെ പറയുന്നത് ഞാൻ ഒരിക്കൽ കേട്ടു.. പിന്നീട് എനിക്ക് ആ വീട്ടിൽ നിൽക്കുന്നതിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു..

പക്ഷേ ഇപ്പൊ എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്റെ അനിയത്തി കുട്ടിയാണ്.. പ്ലസ് ടു കഴിഞ്ഞപ്പോ അവളെ കൊച്ചിയിൽ അമൃത വിദ്യാപീഠത്തിൽ ബി എസ് സി മെഡിക്കൽ ലബോറട്ടറി കോഴ്സ് പഠിക്കാൻ കൊണ്ടു നിർത്തി..
ഇടക്ക് ഇവിടെ മംഗലാപുരത്തുനിന്ന് അവളെ കാണുവാൻ ഞാൻ പോകുമായിരുന്നു... എല്ലാ ദിവസവും വൈകീട്ട്  അവളെ ഞാൻ വിളിക്കും..

ഇപ്പോ ഞാൻ ഞാൻ മംഗലാപുരത്തുള്ള ഒരു കമ്പനിയിൽ  ജോലിചെയ്യുകയാണ്.. അവളുടെ  വിവാഹം ഉറപ്പിക്കുന്ന ചടങ്ങിന് ഒരു അന്യനെ പോലെ പോയി നിന്നു.. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ അമ്മ പോലും എന്നെ അവഗണിച്ചപ്പോൾ തകർന്നു പോയി ഞാൻ..
ആരുമില്ലാത്ത എന്നെ എടുത്തുവളർത്തി വീണ്ടും അനാഥനാക്കി...

രണ്ടുദിവസം കഴിഞ്ഞ്  എന്റെ പെങ്ങളുടെ വിവാഹമാണ്... തലേന്ന് വരാമെന്ന് പറഞ്ഞതാണ്  ഞാൻ.. പക്ഷേ അവൾ സമ്മതിക്കുന്നില്ല, കരഞ്ഞുകൊണ്ടു പറഞ്ഞു ചേട്ടൻ വരണമെന്ന്....ഇതൊക്കെയാണ് എന്റെ ജീവിതം, ഇനി വല്ലതും അറിയണോ തനിക്ക്..!"

അത്രയും കേട്ടപ്പോ ജൂലി പിന്നീട് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടിയില്ല.. അവനും ഒന്നും അറിയാത്തത് പോലെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു..
'പാളത്തിലെ പ്രശ്നം കഴിഞ്ഞെന്ന് തോന്നുന്നു ട്രെയിൻ എടുത്തു ' എന്ന് ജൂലി പുറത്തേക്ക് നോക്കി പറഞ്ഞു..

ട്രെയിൻ പിടിച്ചിട്ടത് കൊണ്ട് ഒരാള് കാപ്പിയും കൊണ്ട് വന്നു.. അവൻ രണ്ട് കാപ്പി പറഞ്ഞു...ഒന്നും മിണ്ടാതെ അവൻ കൊടുത്ത കാപ്പിയും കുടിച്ച് കൊണ്ടിരുന്നപ്പോ അവള് അവനോട് ചോദിച്ചു,

' ചേട്ടന്റെ പേര് അർജുൻ എന്നല്ലേ...! എന്നെ ചേട്ടൻ കണ്ടിട്ടില്ലേ..; ഒന്നോർത്തു നോക്കൂ..'

ജൂലിയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു,
"ഏയ് ഇല്ല, എനിക്ക് എന്തോ ഓർമ്മ കിട്ടുന്നില്ല..എന്റെ പേര് എങ്ങനെ മനസിലായി.."

' അർജുൻ ചേട്ടാ, ട്രെയിനിൽ കയറിയപ്പോ ഞാൻ പറഞ്ഞില്ലേ, എവിടെയോ കണ്ടിട്ടുണ്ടെന്ന്..! പിന്നെ ദേ ഇപ്പൊ ചേട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആളെ പിടികിട്ടി..ചേട്ടാ ഞാൻ ചേട്ടന്റെ അനിയത്തി ആരതിയുടെ കൂടെ പഠിക്കുന്നതാ.. ചേട്ടൻ അവളെ കാണാൻ കോളേജിൽ വരുമ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്..

പിന്നെ ഹോസ്റ്റലിൽ അവൾക്ക് അവൾടെ അർജ്ജുൻ ചേട്ടനെ പറ്റി പറയാനേ നേരമുള്ളു.. ഒരാൾക്ക് കാണാതെ തന്നെ ചേട്ടനെ മനസ്സിലാക്കി തരും ആരതി..'

ഒന്ന് ചിരിച്ചിട്ട് അർജ്ജുൻ ചോദിച്ചു,

"അല്ലാ, അപ്പൊ തന്റെ വീട് എവിടെയാ..?"

' അത് ഞാൻ ട്രെയിനിൽ കയറിയ സ്ഥലം തന്നെ, കോഴിക്കോട്.. ചേട്ടന്റെ അനിയത്തി എനിക്ക് ഒരു സമാധാനവും തന്നിട്ടില്ല..കല്യാണത്തിന് രണ്ടു ദിവസം മുൻപ് വരണമെന്ന് പറഞ്ഞ് മെസേജും കോളും..'

"ഓഹോ അപ്പൊ നമ്മള് രണ്ടും ഒരേ വീട്ടിലേക്കാണ് അല്ലേ..! തന്റെ പേര് പറഞ്ഞില്ല.."

' ഹൊ ഇപ്പോഴെങ്കിലും വാ തുറന്ന് എന്തെങ്കിലും ചോദിച്ചാല്ലോ, എന്റെ പേര് ജൂലി..'

അവൻ ബുക്കിൽ നോക്കിയിരുന്ന ഫോട്ടോ അവളെ കാണിച്ചു.. അച്ഛനും അമ്മയും അവനും പിന്നെ ആരതിയും ഉള്ളൊരു ഫോട്ടോയാണ്..

"എന്റെ ഫോണിൽ കുറെ ഫോട്ടോസ് ഉണ്ട്..പക്ഷേ ഇത് അവള് എന്റെ പിറന്നാളിന് അയച്ചു തന്നതാണ്..അവളുടെ ഗിഫ്റ്റ്.."

റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരു രണ്ടും ഒരു ടാക്സി പിടിച്ച് വീട്ടിലേക്ക് തിരിച്ചു...
ചേട്ടൻ വരുന്നതും നോക്കി കല്യാണ തിരക്കിനിടയിലും ഉമ്മറത്ത് നിന്നിരുന്ന ആരതി ചേട്ടന്റെ കൂടെ തന്റെ ഉറ്റ സുഹൃത്ത് ജൂലിയെയും കണ്ടപ്പോ ഒരു ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി ചെന്നു..
പിന്നെ സങ്കടം പറച്ചിലും കരച്ചിലും ഒക്കെയായി.. ആ സമയം അവരുടെ അച്ഛൻ വീടിന് അരികിൽ നിന്ന് കണ്ണ് നിറയ്ക്കുന്നത് അവൻ കണ്ടു..
പക്ഷേ അമ്മ ഒരു  അതിഥിയോടെന്ന പോലെ അവനോട് വിശേഷം തിരക്കി..

അന്ന് വൈകീട്ട് ജൂലിയും ആരതിയും അർജുനും കൂടി ടെറസ്സിൽ കളിയും ചിരിയും ആയി സംസാരിച്ചിരുന്നു....
അതിനിടക്ക് ആരതി അർജ്ജുനോട് പറഞ്ഞു,

"ഏട്ടാ, ദേ ഇൗ ജൂലിയുടെ കൂടെ വന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ..! വേറൊന്നുമല്ല  ഞങ്ങടെ ഇടയിലെ ഒരു ഉഗ്രൻ കോഴിയാട്ടാ ഇവള്.."

അത് കേട്ടതും ഒരു ചമ്മലോടെ ജൂലി അവനെ ഇടക്കണ്ണിട്ട്‌ നോക്കി ചിരിച്ചു..
ചേട്ടൻ വന്നതോട് കൂടി തന്റെ എല്ലാ ആഗ്രഹവും പൂർത്തിയായ സന്തോഷം ആരതിയുടെ മുഖത്ത് ഉണ്ടായിരുന്നു...

വീട്ടിൽ നിന്ന് കോൾ വന്നപ്പോ ജൂലി എണീറ്റ് മാറി, ആ സമയത്ത് ആരതി അവനോട് ചോദിച്ചു,

"ചേട്ടാ, അവള് എങ്ങനെയുണ്ട്..? എന്റെ കൂട്ടുകാരി ആയത് കൊണ്ട് പറയല്ല, കുറച്ച് കോഴിത്തരം ഉണ്ടെന്നേ ഉള്ളൂ..ആളൊരു പാവാട്ടോ..! എന്താ ഒന്ന് നോക്കുന്നോ..?"

ഒരു തമാശ രൂപേണ അവളത് പറഞ്ഞപ്പോ അവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,

" ഏയ് അതൊന്നും വേണ്ട മോളെ, അതിനു എന്റെ അവിടെയുള്ള മൊഞ്ചത്തി കുട്ടി സമ്മതിക്കില്ല..ചേട്ടൻ മോളോട് പറയണമെന്ന് വിച്ചാരിച്ചതല്ല.. നേരിട്ട് കാണിച്ച് തന്നു ഒരു സർപ്രൈസ് തരാന്നു കരുതിയതാണ്.."

' എടാ ദുഷ്ടാ, അതാരാ ആ മൊഞ്ചത്തി...? എന്നോട് പറഞ്ഞിട്ടില്ലല്ലോ...?'

ഇവരുടെ സംസാരം കേട്ട് കൊണ്ട് ജൂലി വന്നിട്ട് ചോദിച്ചു,
" അല്ലാ എന്താ ഒരു സർപ്രൈസിന്റെ കാര്യം പറഞ്ഞത്..! പറയ് ഞാനും കേൾക്കട്ടെ.."

ആരതി കാര്യങ്ങള് പറഞ്ഞു അവളോട്...അത് കേട്ടതും അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവളും കാര്യം തിരക്കി...

' ചേട്ടാ എന്നാ ഫോട്ടോ എങ്കിലും കാണിക്ക്‌...!'

ഒരു കള്ള ചിരിയോടെ അർജ്ജുൻ പറഞ്ഞു,

"ഏയ് ഫോട്ടോയൊന്നും കാണിക്കില്ല, നേരിട്ട് കാണുന്നതല്ലെ നല്ലത്...!  എന്റെ കൂടെ ജോലി ചെയ്യുന്നതാ.. അവളുടെ പേര് ' മെഹന്തി ജഹാൻ ' എന്നാണ്.. ഇപ്പൊ അത്രയും അറിഞ്ഞാ മതിട്ടാ രണ്ടാളും... ഒരു ദിവസം ഞാൻ അവളെയും കൂട്ടി കൊണ്ട് വരാം... എന്റെ കമ്പനി പ്രോഗ്രാം കൊച്ചിയിൽ ഉണ്ട് രണ്ടു മാസം കഴിഞ്ഞ്..അപ്പൊ ഞാൻ കാണിച്ചു തരാം.."

അപ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു.. സ്ക്രീനിൽ ഒരു പേരും തെളിഞ്ഞു,  "മെഹന്തി ജഹാൻ"....!

                                                                  Story By
                                                          ജിഷ്ണു രമേശൻ

( ഇതൊരു തുടർക്കഥയൊന്നും അല്ലാട്ടാ.. "മെഹന്തി ജഹാന്റെ" ജീവിതം ഒരിക്കൽ വരും..വേറൊരു കഥയുടെ രൂപത്തിൽ..!)

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ...
To Top