" ചേട്ടായിക്ക് ബുള്ളെറ്റ് ഉണ്ടോ "
" ഇല്ലല്ലോ എന്തേ .... എന്റെ വണ്ടി യുണീകോൺ ആണ് "
അകത്തെ മുറിയിലെ അടക്കി പിടിച്ച സംസാരം കേൾക്കേ ശ്രീദേവി അറിയാതെ തലയിൽ കൈ വച്ചു പോയി
" ഭഗവാനേ .... അങ്ങിനെ അതും മുടങ്ങി "
നിമിഷങ്ങൾക്കകം മുഖം വീർപ്പിച്ചു കൊണ്ട് ചെക്കൻ വന്ന വഴിയേ ഇറങ്ങി പോകുമ്പോൾ അകത്തെ മുറിയിലേക്കു നോക്കി പല്ലിറുമ്മി അവർ.
മംഗലത്തു വീട്ടിൽ ബാലചന്ദ്രൻ ശ്രീദേവി ദമ്പതികളുടെ ഏകമകൾ ശിവാനിയുടെ പെണ്ണുകാണൽ വിശേഷമാണിത്...ആദ്യത്തേതല്ല കേട്ടോ .... ഇതും കൂടിയായപ്പോൾ എട്ടാമത്തെ വിവാഹാലോചനയാണ് മനോഹരമായി മുടങ്ങുന്നത്. അതും ചെക്കന് ബുള്ളെറ്റില്ല എന്ന ഒറ്റക്കാരണത്താൽ. ശിവാനിയ്ക്ക് ഭാവി വരനെ പറ്റി അത്ര വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. പക്ഷേ ബുള്ളെറ്റ് അത് നിർബന്ധമാണ്. സ്വന്തമായി ബുള്ളെറ്റ് ഉള്ളവനെ താൻ കഴുത്തു നീട്ടി കൊടുക്കു എന്ന വാശിയിലാണ് കക്ഷി.
" പെണ്ണിനെ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കിയപ്പോൾ സമാധാനമായല്ലോ ... ഒരു ബുള്ളെറ്റ് പ്രേമി.. ആൺകുട്ട്യോൾക്കില്ലാത്ത വട്ടാണ് ഇവൾക്ക് "
ശ്രീദേവിയുടെ പതിവ് ശകാരങ്ങൾക്ക് മുഖം കൊടുക്കാതെ ഫേസ് ബുക്കിൽ കോഴികൾക്കു തീറ്റ കൊടുത്തിരിക്കുമ്പോഴാണ് പതിവ് ഭാവം വെടിഞ്ഞു അൽപം ഗൗരവത്തോടെ ബാലചന്ദ്രൻ ശിവാനിയുടെ മുറിയിലേക്ക് കയറി ചെന്നത്.
ചെന്നു എന്നല്ല ശ്രീദേവി തളളി വിട്ടു എന്നതാകും കൂടുതൽ ശരി
" മോളെ ... അച്ഛനൊരു കാര്യം സംസാരിക്കാനുണ്ട് നിന്നോട് "
" എന്താ അച്ഛാ പതിവില്ലാതെ ഒരു മുഖവുര ...."
സംശയത്തോടെ ശിവാനി തിരിഞ്ഞു നോക്കുമ്പോൾ പതറി നിൽക്കുകയായിരുന്നു ബാലചന്ദ്രൻ
"മോ ... മോളെ .. അത് .. പി .. പിന്നെ"
ആ പതർച്ച കാൺകെ അറിയാതെ ചിരിച്ചു പോയി അവൾ
"അച്ഛാ ..നാളെയാണോ ... ആരാ അടുത്ത ആള് ..."
"അത് പിന്നെ .... പയ്യൻ പൊലീസിലാ എസ്ഐ. ആണ്. നല്ല ബന്ധമാ മോളെ നടന്നാൽ ഭാഗ്യമാ"
ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു ബാലചന്ദ്രൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി
" എന്റെ അച്ഛാ .... നമ്മുടെ പൊലീസുകാരനു ബുള്ളെറ്റ് ഉണ്ടോ"
ചോദിച്ചതു മാത്രമേ അവൾക്ക് ഓർമയുണ്ടായിരുന്നുള്ളൂ ... നിമിഷങ്ങൾക്കകം ഭദ്രകാളിയായി ഉറഞ്ഞു തുള്ളിക്കൊണ്ട് ശ്രീദേവി റൂമിലേക്ക് ഇടിച്ചു കയറി
" മിണ്ടിപ്പോകരുത്...അഹങ്കാരി അവളൊരു ബുള്ളെറ്റ് പ്രേമി. കുറെ നാൾ ആയി കേൾക്കുന്നു നിന്റെ ഈ വട്ട്. ഇനി അത് അംഗീകരിച്ചു തരുവാൻ പറ്റില്ല. കിട്ടാവുന്നതിൽ വച്ചു ഏറ്റവും നല്ലൊരു ആലോചനയാ നാളെ വരുന്നേ പയ്യൻ എസ് ഐ ആണ് അത് നാലാളോട് പറയാൻ തന്നെ എന്തൊരു ഗമയാണ് മര്യാദയ്ക്ക് അനുസരിച്ചോണം "
ശ്രീദേവിയുടെ ആ രൗദ്ര ഭാവം കാൺകെ പൊട്ടി ചിരിച്ചു പോയി ശിവാനി
" അത്രക്ക് ഗമയാണേൽ അമ്മ തന്നെ അങ്ങ് കെട്ടിക്കോന്നേ .... "
"ടി .... "
ഉറഞ്ഞു തുള്ളി കൈ ഓങ്ങിക്കൊണ്ട് ശ്രീദേവി അവൾക്ക് നേരെ ചീറിയടുക്കുമ്പോൾ ഇടയിലേക്ക് ഓടിക്കയറി ബാലചന്ദ്രൻ.
"എന്റെ ശ്രീ ഒന്ന് അടങ്ങ് താൻ.. അവളോട് ഞാൻ കാര്യങ്ങൾ പറയാം ഇനി കുട്ടിക്കളി പറ്റില്ല അത് പറയേണ്ട രീതിയിൽ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം... "
ഉറഞ്ഞു തുള്ളി വന്ന ഭദ്രകാളിയെ ഒറ്റ നിമിഷം കൊണ്ട് വട്ടം പിടിച്ചു റൂമിനു പുറത്താക്കി വാതിൽ ചാരി ബാലചന്ദ്രൻ .
" നോക്കിക്കോ നാളെ വരുന്ന ആലോചന കൂടി മുടങ്ങിയാൽ അവളുടെ അന്ത്യമായിരിക്കും"
മുറിയുടെ പുറത്ത് അപ്പോഴും ഗർജനങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. റൂം ലോക്ക് ചെയ്ത് തിരിയുമ്പോൾ ബാലചന്ദ്രന്റെ മുഖത്ത് വന്നു ചേർന്ന ഗൗരവ ഭാവം ഒരു നിമിഷം ശിവാനിയെയും ഒന്ന് ഭയപ്പെടുത്തി. ഭാവം കൈവിടാതെ തന്നെ അയാൾ അവൾക്കരികിലേക്ക് ചെന്നു
" മോളെ നാളത്തേതു നിനക്ക് വരുന്ന ഒൻപതാമത്തെ വിവാഹാലോചനയാണ്... അമ്മ പറഞ്ഞത് നീ കേട്ടില്ലേ ചെക്കൻ എസ് ഐ ആണ് വൈകാതെ ഇവിടുത്തെ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആകും. വരുന്നവർ നിലയും വിലയുമുള്ളവരാണ്. "
ആദ്യമായിട്ടായിരുന്നു അത്രയും ഗൗരവത്തിൽ ബാലചന്ദ്രൻ അവളോട് സംസാരിക്കുന്നത്.അതുകൊണ്ട് തന്നെ അവളൊന്ന് പതറിയിരുന്നു.
"അച്ഛാ... അത്......"
മറുപടി പറയുവാൻ ശിവാനി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ കുറച്ചു കൂടി അരികിലേക്കെത്തി ബാലചന്ദ്രൻ.
" എനിക്ക് നിന്നോട് ഒന്ന് മാത്രമേ ചോദിക്കുവാനുള്ളു"
ഒരു നിമിഷം കൂടി അയാൾ നിശ്ശബ്ദനാകുമ്പോൾ അവളുടെ മുഖത്ത് വിയർപ്പ് കിനിഞ്ഞു.
" വരുന്നത് പോലീസ് കാരനാ അതും എസ് ഐ........ നാണം കെടുത്തോടെ നീ എന്നെ.... പോലീസിന്റെ ഇടി കൊള്ളിക്കോ എന്നെ... "
ക്ഷണ നേരത്തിൽ ഗൗരവ ഭാവം വെടിഞ്ഞു കോമഡിയിലേക്കും അപേക്ഷയിലേക്കും വഴിമാറുമ്പോൾ ആ ചോദ്യം കേട്ടിട്ടും ഒന്നും മനസ്സിലാകാതെ ഒരു നിമിഷം അയാളെ തന്നെ തുറിച്ചു നോക്കിപ്പോയി ശിവാനി.
"ന്താ.... ന്താ അച്ഛാ പറഞ്ഞേ "
അവളുടെ ഭാവം കാൺകെ അറിയാതെ പൊട്ടിച്ചിരിച്ചു പോയി ബാലചന്ദ്രൻ.
" പേടിച്ചു പോയോ അച്ഛന്റെ വായാടി...... "
അച്ഛൻ തന്നെ കളിപ്പിച്ചതാണ് എന്ന് മനസ്സിലായതോടെ ശിവാനിയുടെ മുഖം ചുവന്നു.
"പോ.. അവിടുന്ന് കള്ള കിളവാ.. ചുമ്മാ മനുഷ്യനെ പേടിപ്പിക്കുവാരുന്നു അല്ലേ "
പിണക്കത്തോടെ അവൾ മുഖം തിരിക്കുമ്പോൾ സ്നേഹത്തോടെ അരികിലെത്തി നെറുകയിൽ തലോടി ബാലചന്ദ്രൻ
" എന്റെ ശിവ.... എന്തായാലും നാളെ എസ് ഐ വരട്ടെ..... എന്നിട്ട് നമുക്ക് നോക്കാം.... ഓന് ബുള്ളെറ്റ് ഉണ്ടോ ഇല്ലേ എന്ന്.. ഇനി ഇല്ലേൽ പോട്ടെ നമുക്ക് ബുള്ളെറ്റ് ഉള്ള ആളിനെ തന്നെ കണ്ടു പിടിച്ചു കളയാം "
പുഞ്ചിരിയോടെ അവൾ തന്റെ കവികിൽ ഒരു മുത്തം നൽകുമ്പോൾ ശിവാനിയുടെ തലയിൽ ഒരു തട്ട് വച്ചു കൊടുത്തിട്ട് ബാലചന്ദ്രൻ പതിയെ മുറിയുടെ പുറത്തേക്കിറങ്ങി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം അയാൾ ഒന്ന് തിരിഞ്ഞു
" അല്ല ശിവാ..... ഈ ബുള്ളെറ്റ് ഭ്രാന്ത് നിനക്ക് ഇത് എവിടുന്ന് കിട്ടിയതാ...... "
ആ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിച്ചു കൊണ്ടവൾ പതിയെ ഇടതു തോൾ താഴേക്ക് ചരിച്ചു നിന്നു.
" എല്ലാം ഏട്ടന്റെ മായാവിലാസം സ്വന്തം ഏട്ടൻ.... മ്മടെ ലാലേട്ടൻ..... "
മറുപടി പറയുമ്പോൾ അവളുടെ നോട്ടം ഭിത്തിയിൽ ഒട്ടിച്ചിരുന്ന മോഹൻലാലിന്റെ ഫോട്ടോയിൽ ആയിരുന്നു. ആറാം തമ്പുരാനിൽ മഴ നനഞ്ഞു ലാലേട്ടൻ ബുള്ളറ്റിൽ വരുന്ന അതേ സീൻ..........
പിറ്റേന്ന് പതിവ് പോലെ തന്നെ ശ്രീദേവിയുടെ ശകാരം കേട്ടാണ് ശിവാനി ഉണർന്നത്.
" പെണ്ണിനെ കെട്ടിക്കേണ്ട പ്രായം കഴിഞ്ഞു എന്നിട്ടും ഉച്ചിയില് വെയിൽ അടിക്കുന്നത് വരെ പോത്തു പോലെ കിടന്നുറങ്ങുവാ... എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഒരു തന്തയും. നാളെ മറ്റൊരു വീട്ടിൽ ചെന്നു കേറി ഇതേ സ്വഭാവം കാട്ടിയാൽ വളർത്തു ദോഷത്തിന്റെ ചീത്തപ്പേര് എനിക്കുമാകും "
ശകാരം സഹിക്കുവാൻ വയ്യാണ്ടായപ്പോൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു അവൾ ഉറക്കപ്പിച്ചിൽ പുറത്തേക്കിറങ്ങുമ്പോൾ പത്രം വായിച്ചിരിക്കുവാരുന്നു ബാലചന്ദ്രൻ. ശിവാനിയെ കണ്ട മാത്രയിൽ അയാൾ പത്രം താഴ്ത്തി
" ഗുഡ് മോർണിംഗ്... ഇന്ന് വളരെ നേരത്തെയാണല്ലോ.. "
പരിഹാസം കലർന്ന ആ മോർണിങ് വിഷ് കേൾക്കെ ശിവാനിക്ക് ദേഷ്യം ഇരച്ചു കയറി
" ഓ വെറും വയറ്റിൽ തന്നെ രാവിലെ ഒരു വളിച്ച കോമഡി.. എന്റെ അച്ഛാ എന്തായാലും കെട്ടി എന്നാ പിന്നെ ഒരു അടക്കവും ഒതുക്കവും ഉള്ള പെണ്ണിനെ കെട്ടിക്കൂടായിരുന്നോ.... ഇതിപ്പോ രാവിലെ മുതൽ തുടങ്ങി അലാറം പോലെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് "
ആ ചോദ്യം കേൾക്കെ ഒരു നിമിഷം പകച്ചു പോയി ബാലചന്ദ്രൻ. അപ്പോഴേക്കും കലപില കലപില അലച്ചുകൊണ്ട് ശ്രീദേവിയും വന്നെത്തി
" നീ ഇവിടെ വന്നു നിൽക്കുവാണോ.... പോയി കുളിച്ചൊരുങ്ങ് പെണ്ണെ അവരിപ്പോൾ ഇങ്ങെത്തും.."
പിന്നെ അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി പതിയെ മുറിയിലേക്ക് പാഞ്ഞു ശിവാനി.
പത്തു മണിയോട് കൂടി പെണ്ണുകാണുവാനുള്ള സംഘം എത്തിയിരുന്നു. അകത്തു നിന്നുമുള്ള ഒളിഞ്ഞു നോട്ടത്തിൽ തന്നെ ചെക്കനെ ശിവാനിക്ക് ഏറെ ബോധിച്ചു.
'ഭഗവാനേ ഈ ചേട്ടായിക്ക് സ്വന്തമായി ബുള്ളെറ്റ് ഉണ്ടായിരിക്കേണമേ '
മനസ്സിൽ അവൾ പ്രാർത്ഥിച്ചത് അത് മാത്രമായിരുന്നു.
" നല്ല ചെക്കനാ മോളെ... പേര് നിരഞ്ജൻ. കാണാൻ നല്ല ഭംഗി. ഒപ്പം നല്ല പെരുമാറ്റം നിനക്ക് നന്നായി ചേരും..ഇതിന് എന്റെ കുട്ടി മുടക്കമൊന്നും പറഞ്ഞേക്കരുതേ..."
ശ്രീദേവി ഓടി അരികിലേക്കെത്തിയ പാടെ വിവരണങ്ങൾ തുടങ്ങിയിരുന്നു. ചായയുമായി അവർക്ക് മുന്നിലേക്ക് പോകുമ്പോഴും നിരഞ്ജനെ ഒളികണ്ണിട്ടു നോക്കുമ്പോഴുമെല്ലാം അവളുടെ മനസ്സിലെ പ്രാർത്ഥന നിരഞ്ജന് ബുള്ളെറ്റ് ഉണ്ടാകണേ എന്ന് മാത്രമായിരുന്നു. ചായ കുടിയൊക്കെ കഴിഞ്ഞു ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആകാം എന്ന് തലമൂത്തൊരു കാരണവർ ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ തൊട്ട് ബാലചന്ദ്രന്റെയും ശ്രീദേവിയുടെയും ചങ്കിടിച്ചു തുടങ്ങി.
നിരഞ്ജനെ ശിവാനിയുടെ മുറിയിലേക്ക് കൊണ്ട് ചെന്ന് കാട്ടിക്കൊടുക്കുമ്പോൾ പിന്നിൽ നിന്നും അവളോട് കണ്ണുകൾ കൊണ്ടുള്ള ആംഗ്യത്തിൽ ഒന്നും ചോദിച്ചേക്കരുതേ എന്ന് അപേക്ഷിക്കുകയായിരുന്നു ശ്രീദേവി.
നിരഞ്ജന് മുന്നിൽ പുഞ്ചിരി തൂകി നിന്നു ശിവാനി.
" തന്നെ കണ്ടാൽ അറിയാലോടോ ആളൊരു സംസാര പ്രിയയാണ് എന്നത് എന്നിട്ടെന്തേ ഇപ്പോൾ ഒന്നും മിണ്ടാനില്ലെ.... "
ബെഡിന്റെ ഓരത്തായി പതിയെ ഇരുന്നു കൊണ്ട് നിരഞ്ജൻ മുഖത്തേക്ക് നോക്കുമ്പോൾ പതിവില്ലാത്തൊരു നാണം അനുഭവപ്പെട്ടു അവൾക്ക്. പക്ഷേ അത് പുറത്തു കാട്ടാതെ തന്നെ പുഞ്ചിരിച്ചു ശിവാനി.
" ചേട്ടായി ഏത് സ്റ്റേഷനിലാ ജോലി ചെയ്യുന്നേ ..."
" ഇപ്പോൾ എറണാകുളത്താ... വൈകാതെ ഇവിടേക്ക് മാറും.. അതല്ലേ ഇവിടെ തന്നെ ഒരു പെണ്ണിനെ നോക്കാം എന്ന് കരുതിയെ...."
" ആഹാ ചേട്ടായി ഇടി വീരനാണോ.... "
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് നിരഞ്ജൻ ഒന്ന് പകച്ചു.
" ഇടി വീരനോ അതെന്താ.... "
സംശയത്താൽ അവൻ തുറിച്ചു നോക്കുമ്പോൾ പതിയെ വിശദീകരിച്ചു അവൾ
" അല്ല ഈ പ്രതികളെ ഒക്കെ സ്റ്റേഷനിൽ കൊണ്ടിട്ടു ഇടിക്കില്ലേ അതിൽ കേമനാണോ എന്ന് "
ആ ചോദ്യം നിരഞ്ജന് ഏറെ രസിച്ചു. അറിയാതെ പുഞ്ചിരിച്ചു പോയി അവൻ.
" ആ ചോദ്യം എനിക്കങ്ങ് ബോധിച്ചു കേട്ടോ... പക്ഷേ ഈ ഇടിയുടെ ഒക്കെ കാലം കഴിഞ്ഞെടോ... ഇപ്പോൾ മാതൃകാ പോലീസ് സ്റ്റേഷനുകൾ അല്ലേ.... പിന്നെ ഇടിച്ചു പോയാൽ അപ്പോ വരും മനുഷ്യാവകാശ സംരക്ഷകർ. ചിലപ്പോ ജോലി വരെ പോവും .. എങ്കിലും വലിയ പുലികളെ ഒക്കെ കിട്ടിയാൽ അവസരമുണ്ടാക്കി രണ്ട് കൊടുക്കാൻ മറക്കാറില്ല "
" ആ അത് വേണം അത് വേണം ഇങ്ങള് പൊളിയാ ചേട്ടാ... മരണ മാസ് "
സംസാരിച്ചു തുടങ്ങിയതോടെ അവൾ ഫോമിലേക്കെത്തിയിരുന്നു. ആ മാറ്റവും നിരഞ്ജൻ കൗതുകത്തോടെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.
അവന്റെ മനസ്സിൽ പതിയെ പതിയെ ശിവാനിയുടെ മുഖം പതിഞ്ഞു തുടങ്ങിയിരുന്നു.
അവന്റെ ആഴത്തിലുള്ള നോട്ടത്തിന് മുന്നിൽ അവളിലും നാണത്തിന്റെ അലകൾ അടിച്ചു തുടങ്ങി.ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ വല്ലാത്തൊരു കാന്തികാകർഷണം അനുഭവപ്പെട്ടു ശിവാനിക്ക്. പെട്ടെന്ന് അവൾ മുഖം വെട്ടിച്ചു കൊണ്ട് വീണ്ടും സംസാരത്തിലേക്ക് മുഴുകി
" അതേ ചേട്ടായി... ഈ കൂടെ വന്ന ടീംസ് ഒക്കെ വീട്ടിൽ തന്നെ ഉള്ളതാണോ അതോ ചടങ്ങ് അറിയിച്ച ഉടനെ അണിഞ്ഞൊരുങ്ങി വന്നതാണോ.... "
ആ ചോദ്യം കേൾക്കെ ഒരു നിമിഷം നിരഞ്ജന്റെ കിളി പോയി. കാരണം ഒരു മടിയും കൂടാതെ അവൾ ചോദിച്ചത് തന്റെ അമ്മാവന്മാരെ പറ്റിയാണ്. പക്ഷേ ആ ചോദ്യം അവനു ഏറെ ബോധിച്ചു.
കാരണം അച്ഛന്റെ മരണ ശേഷം തിരിഞ്ഞു നോക്കാത്ത അമ്മാവന്മാർ തനിക്കൊരു നല്ല ജോലിയും സാമ്പത്തിക ശേഷിയുമായപ്പോൾ ഇടിച്ചുകേറി വന്നു ബന്ധം പുതുക്കുന്നത് നിരഞ്ജനെയും ചൊടിപ്പിച്ചിരുന്നു. പക്ഷേ മറുപടി നൽകാതെ അവൻ ഒഴിഞ്ഞു മാറി.
" അതേ ശിവാനി തനിക്ക് എന്നെ ഇഷ്ടമായോ"
ആ ചോദ്യത്തിന് മുന്നിൽ അവൾ പെട്ടെന്ന് നിശബ്ദയായി... മനസ്സ് കൊണ്ട് നിരഞ്ജനിലേക്ക് ഏറെ അടുത്തുവെങ്കിലും മനസ്സിലെ ഏക ആഗ്രഹം അത് തുറന്നു പറയുവാൻ അവളൊന്നു മടിച്ചു..... ഒരു പക്ഷേ നോ എന്നാണ് മറുപടിയെങ്കിൽ തനിക്കത് വല്ലാത്തൊരു ആഘാതമായേക്കും എന്ന് ശിവാനി പേടിയോടെ തന്നെ ഓർത്തു.
" എന്താടോ മറുപടിയില്ലാത്തെ ഇഷ്ടമായില്ലേ എന്നെ "
സംശയത്തോടെ നിരഞ്ജൻ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കുമ്പോൾ പതിയെ ഒന്ന് പുഞ്ചിരിക്കുവാൻ ശ്രമിച്ചു അവൾ.
" അത് ചേട്ടായി ഇഷ്ടക്കേട് ഒന്നുമില്ല.പക്ഷേ എന്നെ കെട്ടാൻ വരുന്ന ആളിനോട് ഒരൊറ്റ ഡിമാൻഡ് മാത്രമേ എനിക്കുള്ളൂ അത് ഡിമാൻഡ് അല്ല എന്റെ ആഗ്രഹം എന്റെ സ്വപ്നം ....... ആളിന് ഒരു ബുള്ളെറ്റ് ഉണ്ടായിരിക്കണം.
മനസ്സിൽ വല്ലാതെ കൊതിച്ചു പോയതാ അത് "
അവളുടെ മറുപടി കേൾക്കെ ഒരു നിമിഷം നിശബ്ദനായി ഇരുന്നു നിരഞ്ജൻ.
' ആളൊരു കാന്താരിയാണ് കെട്ടുവാൻ ആരും കൊതിച്ചു പോകും തന്റെ മനസ്സിലും ആ ആഗ്രഹം ഉടലെടുത്തു കഴിഞ്ഞു. പക്ഷേ ഡിമാൻഡ് കൊള്ളാം '
അറിയാതെ അവൻ മനസ്സിൽ ഓർത്തു പോയി.... കുറച്ചേറെ നേരം നിരഞ്ജൻ നിശബ്ദനായിരിക്കുമ്പോൾ ശിവാനിയുടെ നെഞ്ചിടിപ്പും ഏറിയിരുന്നു.
' ഭഗവാനേ... ആദ്യായിട്ടാ ഒരാളോട് ഇത്രയും ഇഷ്ടം തോന്നുന്നേ.. പക്ഷേ ബുള്ളെറ്റ് ഇല്ലാണ്ടിരിക്കോ അങ്ങിനെ ഉണ്ടാകരുതേ കൃഷ്ണാ . '
അറിയാതെ അവളും മനസ്സിൽ പ്രാർത്ഥിച്ചു പോയി.
കുറച്ചു നേരം കൂടി നിശ്ശബ്ദനായിരുന്ന ശേഷം നിരഞ്ജൻ പതിയെ എഴുന്നേറ്റു. പുഞ്ചിരിച്ചു കൊണ്ടവൻ ശിവാനിയുടെ മുന്നിലേക്ക് നിന്നു
" അപ്പോൾ ശെരി ശിവാനി ഞാൻ ഇറങ്ങുന്നു.... ഇയാൾ ആഗ്രഹിക്കുന്ന പോലെ എനിക്ക് ബുള്ളെറ്റ് ഇല്ല... പിന്നെ നിന്നിട്ടും കാര്യം ഇല്ലാലോ.... "
പുഞ്ചിരിയോടെ തന്നെ അവൻ പുറത്തേക്ക് നടക്കുമ്പോൾ മനസ്സിൽ ഉടലെടുത്ത പ്രതീക്ഷയുടെ നാമ്പുകൾ വാടിക്കരിഞ്ഞു ശിവാനി നോക്കി നിന്നിരുന്നു . കഴിഞ്ഞ എട്ടു ചെക്കന്മാരും വന്നുപോയപ്പോൾ മനസ്സിൽ തോന്നാത്തൊരു നിരാശ ഇത്തവണ അവളെ ഏറെ അസ്വസ്ഥയാക്കി.. അപ്പോഴും തന്റെ ഏക ആഗ്രഹം അത് വേണ്ടാന്ന് വയ്ക്കുവാനും അവൾക്ക് കഴിയുമായിരുന്നില്ല. വല്ലാത്തൊരു ആശയക്കുഴപ്പത്താൽ ബെഡിലേക്കിരുന്നു പോയി ശിവാനി.
മുറിയിൽ നിന്നും നിരഞ്ജൻ പുറത്തേക്കു വരുമ്പോൾ ആകാംഷയോടെ നോക്കി നിൽക്കുവായിരുന്നു ബാലചന്ദ്രനും ശ്രീദേവിയും...
അവർക്ക് മുന്നിലേക്കെത്തി പതിയെ പുഞ്ചിരിച്ചു അവൻ
" മോളെ കെട്ടണേൽ ഇനി ഒരു ബുള്ളെറ്റ് കൂടി വാങ്ങണം എന്ന് പറയുന്നത് കഷ്ടമാണ് കേട്ടോ.... "
എന്ത് സംഭവിക്കരുത് എന്ന് ആഗ്രഹിച്ചുവോ അത് തന്നെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ നിരാശയോടെ തല താഴ്ത്തി ബാലചന്ദ്രനും ശ്രീദേവിയും.
" ഞാൻ ഇറങ്ങുവാ കേട്ടോ...."
യാത്ര പറഞ്ഞു നിരഞ്ജൻ പുറത്തേക്കിറങ്ങുമ്പോൾ ഒന്നും മനസ്സിലാകാതെ കൂടെ ഇറങ്ങി ചെന്നു കാരണവന്മാരും. മുറ്റത്തേക്കിറങ്ങി കാറിലേക്ക് കയറവേ നിരഞ്ജൻ ഒന്നു തിരിഞ്ഞു
" അതേ മോളെ എനിക്ക് ഒരുപാട് ഇഷ്ടമായി... റെയർ പീസാണ്... വേറെ ആരെയും ഇനി നോക്കേണ്ട.. കേട്ടോ ഇച്ചിരി കാത്തിരുന്നിട്ടായാലും ഞാൻ തന്നേ കെട്ടിക്കോളാം "
ആ വാക്കുകൾ കേൾക്കെ മനസ്സിൽ ഏറെ സന്തോഷം തോന്നിയെങ്കിലും പുറത്തു കാട്ടുവാൻ കഴിയാതെ വിഷമിച്ചു ബാലചന്ദ്രൻ.. കാരണം ശിവാനിയുടെ മനസ്സിലെ ഇഷ്ടം അത് അയാളെ വല്ലാതെ അലട്ടി.
ആ കാർ ഗേറ്റ് കടന്നു പോകുമ്പോൾ വല്ലാത്ത വീർപ്പു മുട്ടലോടെയാണ് ശിവാനി മുറിക്കു പുറത്തേക്കു വന്നത്. അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കുവാൻ അവൾ ഏറെ ബുദ്ധിമുട്ടി.
ആ അവസ്ഥ മനസ്സിലാക്കിയിട്ടെന്നോണം പതിയെ അവളുടെ അരികിലേക്ക് ചെന്നു ബാലചന്ദ്രൻ
"നല്ല ബന്ധമായിരുന്നു അത് പക്ഷേ സാരമില്ല എന്റെ മോള് അച്ഛനോട് ആദ്യായിട്ട് പറഞ്ഞ ആഗ്രഹം അല്ലേ അത് അച്ഛൻ നടത്തിത്തരും ബുള്ളെറ്റ് ഉള്ള ഒരാളെ നോക്കി അച്ഛൻ കെട്ടിക്കും നിന്നെ അത് ഇനി എത്ര വൈകിയാലും "
ഓടിവന്ന് അയാളുടെ മാറിലേക്ക് ചായുമ്പോൾ ശിവാനിയുടെ മിഴികൾ തുളുമ്പി
" സാരമില്ല അച്ഛാ എന്റെ ആഗ്രഹം വെറും പൊട്ടത്തരം ആണ് എന്നറിഞ്ഞിട്ടും അച്ഛനും അമ്മയും ഇത്രയും നാൾ കൂട്ടി നിന്നില്ലേ അതിനു. അത് മതി എനിക്ക് ഇനി വാശി ഇല്ല എനിക്ക് ഇഷ്ടാ ഈ ബന്ധത്തിന് അച്ഛൻ അവരെ വിളിച്ചു പറഞ്ഞോളൂ.. "
നിറകണ്ണുകളോടെ അവൾ മുഖത്തേക്ക് നോക്കുമ്പോൾ സന്തോഷത്താൽ അവളെ വാരി പുണർന്നു ബാലചന്ദ്രൻ ഒപ്പം ഏറെ സന്തോഷത്താൽ ശ്രീദേവിയും
തിരികെ കാർ ഓടിച്ചു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നിരഞ്ജന്റെ ഫോൺ ശബ്ദിച്ചത്. വണ്ടി സൈഡിലേക്കൊതുക്കി ഫോൺ കയ്യിലെക്കെടുക്കുമ്പോൾ സ്‌ക്രീനിൽ സുഹൃത്തിന്റെ നമ്പർ കണ്ടു പുഞ്ചിരിയോടെ അറ്റന്റ് ചെയ്തു അവൻ
" നിരഞ്ജൻ... നിന്റെ ആ ബുള്ളെറ്റ് വിൽക്കുന്നെന്ന് അല്ലേ പറഞ്ഞേ... പറ്റിയൊരു ആളെ കിട്ടിയിട്ടുണ്ട് വണ്ടി നോക്കാനായി കൊണ്ട് വരട്ടെ വീട്ടിലേക്ക് "
സുഹൃത്തിന്റെ ചോദ്യം കേൾക്കെ അവൻ അൽപനേരം പുഞ്ചിരിയോടെ മൗനമായി.. എന്നിട്ട് പതിയെ പറഞ്ഞു
" അതിനി കൊടുക്കുന്നില്ലെടാ.... ഇപ്പോൾ മുതൽ ആ ബുള്ളെറ്റിനെ ഞാൻ വല്ലാണ്ട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ഇനി എന്നും അത് എനിക്കൊപ്പം വേണം "
കാൾ കട്ട് ചെയ്ത് പോക്കറ്റിലേക്കിടുമ്പോൾ അറിയാതെ അവൻ ചിരിച്ചു പോയി
' ഒരു ബുള്ളറ്റ് പ്രേമി... കാന്താരി '
ആത്മഗതം പറഞ്ഞുകൊണ്ട് വണ്ടി ആക്സിലേറ്ററിലേക്ക് കാലമർത്തുമ്പോൾ ഒന്നും മനസ്സിലാകാതെ അമ്മാവൻ അപ്പോഴും അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുവായിരുന്നു...
രചന: Prajith Surendrababu
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....