കൊതി, ചെറുകഥ...

Valappottukal


രചന: പ്രവീൺ ചന്ദ്രൻ

വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ്  ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്..

പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്..

വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും എല്ലാം ചെറുപ്പം മുതലേ കിട്ടാക്കനിയാ യിരുന്നു എനിക്കും പെങ്ങന്മാർക്കും... പലപ്പോഴും ഹോട്ടലുകളുടെ മുന്നിൽ വെള്ളമിറക്കി നിന്നിട്ടുണ്ട് ഞാൻ..

അച്ഛൻ കൂലി പണിക്ക് പോയി കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കള്ളു കുടിക്കാൻ ചിലവഴിച്ചിരുന്നത് കൊണ്ടാണ് ഞങ്ങൾക്ക് നല്ല ഭക്ഷണം പോലും കഴിക്കാൻ യോഗമില്ലാതിരുന്നത്...

രാവിലെ പത്രമിടാൻ പോയിക്കിട്ടുന്ന തുച്ഛവരുമാനത്തിൽ നിന്നാണ് മാസത്തിലൊരിക്കലെങ്കിലും ചിക്കനെങ്കിലും വാങ്ങി വീട്ടിൽ കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നത്.. ആ ദിവസത്തിനായി കൊതിയോടെ കാത്തിരിക്കുകമായിരുന്നു ഞങ്ങൾ...

അതുകൊണ്ട് തന്നെയാണ് കാറ്ററിംഗ് പണി തിരഞ്ഞെടുത്തതും.. ഇപ്പോൾ ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും സുഭിക്ഷമായ ഭക്ഷണം കിട്ടുന്നുണ്ട്..

പാർട്ടിക്ക് വിളമ്പാനുള്ള ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ  വായിൽ വെള്ളമൂറുമായിരുന്നു.. എത്രയെത്ര വിഭവങ്ങളാണ്... വല്ല ക്യാഷ് പാർട്ടികളുടെ കല്ല്യാണമാണെങ്കിൽ പറയുകയും വേണ്ട...

എന്റെ  മാത്രമല്ല എന്റെ  കൂടെ വരുന്ന മറ്റു പലരുടേയും അവസ്ഥ ഏറെക്കുറെ ഇത് തന്നെയായിരുന്നു..

പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം എല്ലാവരും മൂക്ക്മുട്ടെ തിന്നുന്നത് നോക്കി വെള്ളമിറക്കി നിൽക്കാനല്ലേ  ഞങ്ങൾക്കാവൂ..

അവസാനം മിച്ചം വരുന്നത് കിട്ടുമ്പോൾ ആർത്തിയോടെ വാരിത്തിന്നുമായിരുന്നു ഞങ്ങൾ...

പലപ്പോഴും കൊതിമൂത്ത് കഴിക്കണമെന്ന് വിചാരിച്ച പല ഐറ്റംസും ഒന്ന് രുചിച്ച് നോക്കാൻ പോലും കിട്ടാറില്ല എന്നതാണ് വാസ്തവം...

എങ്കിലും ഈ കിട്ടുന്നതിന് തന്നെ ദൈവത്തിനോട് നന്ദി പറയണം...

ആരും കാണാതെ എന്നും ഞാൻ  കുറച്ച് പാർസൽ എടുക്കാറുണ്ട്.. അമ്മയ്ക്കും പെങ്ങന്മാർക്കും കൊടുക്കാനായി.. അത് കൊണ്ട് തന്നെ ഈ ജോലിക്ക്  പോകുന്നതിൽ എന്നേക്കാൾ ആവേശം അവർക്കാണ്..

അല്ല എന്നും കഞ്ഞിയും അച്ചാറും ചുട്ട പപ്പടവുമൊക്കെ കഴിച്ചാൽ ആർക്കായാലും മടുക്കില്ലേ?..

കോളേജിലെ എന്റെ  അടുത്ത സുഹൃത്തുക്കൾ ക്കല്ലാതെ മറ്റാർക്കും ഞാൻ കാറ്ററിംഗിന് പോകുന്ന വിവരം അറിയുകയില്ലായിരുന്നു....

അത്യാവശ്യം കലാപരമായി കഴിവുണ്ടായിരുന്നത് കൊണ്ട്  കോളേജിലെ  കുറച്ച് പേരൊക്കെ എന്നെ അറിയുമായിരുന്നു..

അങ്ങനെയിരിക്കെയാണ് ഒരു കാറ്ററിംഗ് സർവ്വീസിന് വേണ്ടി ആ വലിയ ഓഡിറ്റോറിയത്തിൽ എത്തുന്നത്..

വലിയൊരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം ആയിരുന്നത് കൊണ്ട് ഇഷ്ടം പോലെ വിഭവങ്ങൾ ഉണ്ടായിരുന്നു..

വിഭവങ്ങൾ നിരന്നിരിക്കുന്നത് കണ്ടപ്പോഴേ വായിൽ വെള്ളമൂറാൻ തുടങ്ങിയിരുന്നു..

കൊതി കൺട്രോൾ ചെയ്ത് ആളുകൾക്ക്   പൊരിച്ചതും എരിച്ചതുമായ വിളമ്പുന്നതിനിടയി ലാണ് ആ പ്ലേറ്റ് എന്റെ  നേരെ നീണ്ടത്...

ഒരു പെൺകുട്ടിയുടെ സുന്ദരമായ കൈകളാണല്ലോ അത് എന്നറിഞ്ഞ ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി..

ആ മുഖം കണ്ടതും എനിക്ക് സന്തോഷമായി   ..

എന്റെ  കോളേജിൽ ജൂനിയറായ ദിവ്യശ്രീയായി രുന്നു അത്...

"ഹായ് ദിവ്യ"..

ഞാൻ ഹായ് പറഞ്ഞിട്ടും അവൾ എന്നെ മൈന്റ് പോലും ചെയ്യാഞ്ഞത് കണ്ട് എനിക്ക് അതിശയമായി..

അവളുടെ കൂടെ ഒന്ന് രണ്ട് പെൺകുട്ടികൾ കൂടെ ഉണ്ടായിരുന്നു..

പ്ലേറ്റുമായി അവൾ നേരെ അടുത്ത കൗണ്ടറി ലേക്ക് പോകുന്നത് കണ്ട് ഞാനൊന്ന് അമ്പരന്നു..

കോളേജിൽ വച്ച് അവളെ പല തവണ കണ്ടിട്ടുമുണ്ട് സംസാരിച്ചിട്ടുമണ്ട്.. പിന്നെ എന്താ ഇവൾക്ക് പ്രശ്നം എന്ന് ഞാനോർത്തു..

അവിടെ വച്ച് പിന്നേയും ഒന്ന് രണ്ട്  തവണ അവളെ കണ്ടെങ്കിലും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതുപോലുമില്ലായിരുന്നു..

ചിലപ്പോൾ അവളുടെ ആളുകളുടെ മുന്നിൽ വച്ച് എന്നോട് പരിചയഭാവം കാണിച്ചാൽ കുറച്ചിലാകുമെന്നോർത്താവാം...

അവളെ കുറ്റം പറയാൻ പറ്റില്ല.. വലിയ വീട്ടിലെ കുട്ടിയല്ലേ? ചിലപ്പോൾ നാണക്കേട് തോന്നിക്കാണും...

അല്ലേലും ഇതിനൊക്കെ ഞാനെന്തിനാ വിഷമിക്കുന്നത്.. അല്ല പിന്നെ.. ആരേയും പിടിച്ച് പറിച്ചിട്ടല്ലല്ലോ ഞാൻ ജീവിക്കുന്നത് അന്തസ്സായ തൊഴിൽ ചെയ്തല്ലേ?അവളോട് പോകാൻ പറ..

ഞാൻ എന്റെ  ജോലി തുടർന്നുകൊണ്ടിരുന്നു...

അല്ലേലും നമ്മളെന്തിന് മൈന്റ്  ചെയ്യണം.. അത്താഴ പട്ടിണിക്കാർക്ക് ഇങ്ങനെയുള്ള ഭക്ഷണം കഴിക്കാൻ കിട്ടാന്ന് പറഞ്ഞാ തന്നെ ഭാഗ്യം ആണ്..

തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറീട്ടുള്ള ഇവൾക്ക് ഇത് വല്ലതും അറിയോ...

നന്നായി പാടുമായിരുന്ന അവളോട് എനിക്ക് ചെറിയൊരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നതാണ് അത് ഇതോടെ പോയി...

പാർട്ടി അവസാനിച്ച് ബാക്കി വന്ന ഫുഡ്ഡും കഴിച്ച് പാർസലുമെടുത്ത് പുറത്തേക്ക് നടക്കുന്നതിനി ടയിലാണ് അവളെ വീണ്ടും കണ്ടത്..

കയ്യിൽ ഒരു ബോക്സുമായി അവൾ എന്റെ  അടുത്തേയ്ക്ക് വരുന്നു..

നേരത്തേ കണ്ട ആളേ അല്ലായാരുന്നു അപ്പോൾ...

പുഞ്ചിരിച്ചു കൊണ്ടാണ് അവൾ എന്റെ അരികിലെത്തിയത്...

"ഹായ് ജിഷ്ണുവേട്ടാ..."

അവളുടെ ഹായ്ക്ക് ഞാനും മറുപടി കൊടുത്തില്ല.. അല്ല പിന്നെ.. അവളുടെ ഒരു ഹായ്.. ഞാനെന്റെ ജോലികൾ തുടർന്നുകൊണ്ടിരുന്നു...

" ജിഷ്ണുവേട്ടന് എന്നോട് ദേഷ്യമാണോ.. സോറി ഏട്ടാ.. അപ്പോ ഏട്ടനെ കണ്ടപ്പോ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.. പിന്നെ നല്ല ചമ്മലും.... അതാട്ടോ.."

അവൾ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാത്ത പോലെ ഞാനവളെ നോക്കി..

"എന്തിനാ താൻ ചമ്മുന്നത്.. ? തന്റെ ആളുകളുടെ കല്ല്യാണം.. ഞാനവിടെ വിളമ്പാൻ വന്ന ആൾ.. ഓ.. ഞാൻ തന്റെ കോളേജിൽ പഠിക്കുന്ന ആളാണ് എന്ന് കുടെയുള്ളവരോട് പറയാനുള്ള ചമ്മലായിരിക്കും അല്ലേ? വയറ്റി പിഴപ്പിന് വേണ്ടിയാ ഞാനിവിടെ വരുന്നത്.. പിന്നെ നല്ല കൊതിയും ഉണ്ടെന്ന് കൂട്ടിക്കോ.. ഞങ്ങളെ പ്പോലെയുള്ളവരുടെ വിഷമം നിങ്ങക്ക് പറഞ്ഞാ മനസ്സിലാവില്ല...."

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു...

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

അത് കണ്ട് ഞാനും ഒന്നമ്പരന്നു...

" സോറി ചേട്ടാ.. എനിക്ക് മനസ്സിലാവും... അത് പോട്ടെ.. ഈ ബോക്സില് കുറച്ച് ഭക്ഷണം തരാമോ? "

കണ്ണുതുടച്ച് കൊണ്ട് കയ്യിലിരുന്ന ബോക്സ് എന്റെ നേരെ നീട്ടി അവൾ ചോദിച്ചു..

" ഇതാർക്കാടോ ഫുഡ്ഡ്... ? താൻ കഴിച്ചതല്ലേ? വീട്ടിലെ പട്ടിക്ക് കൊടുക്കാനാണോ ? അല്ല സാധാരണ അങ്ങനെയാണ് ആളുകൾ അവസാനം ഞങ്ങളുടെ അടുത്ത് വരാറുള്ളത്.."

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം ഒന്നൂടെ വാടി..

"പട്ടിക്കല്ല ചേട്ടാ.. എന്റെ അമ്മയ്ക്കാ.. എന്റെ  കൂടെ വന്നത് എന്റെ  അനിയത്തിമാരാണ്.. ചേട്ടൻ വിചാരിക്കുന്നത് പോലെ ഞാനിവരുടെ ആരുമല്ല.. എന്റെ അമ്മ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന കടയിലെ ജോലിക്കാരിയാണ്.. ഞങ്ങൾ ഈ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുള്ള ചേരിയിലാണ് താമസിക്കുന്നത്.. ഇവിടെ ഫംക്ഷൻ ഉള്ളപ്പോഴൊക്കെ ഞങ്ങൾ ഇവിടെ വരാറുണ്ട്.. വേറെ ഒന്നിനുമല്ല ചേട്ടൻ പറഞ്ഞ ആ "കൊതി "  അത് ഞങ്ങൾക്കും ഉണ്ട്.. ചെറുപ്പം മുതൽ ഇവിടെ നടക്കുന്ന പാർട്ടികളുടെ വേസ്റ്റ് ഞങ്ങളുടെ ചേരിയിലേക്കാണ് തള്ളിയിരുന്നത്.. അച്ഛൻ ഇട്ടെറിഞ്ഞ് പോയതോടെ വളരെ കഷ്ടപെട്ടാണ് അമ്മ ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്..  കൊതി മൂത്ത് ഞാനൊരു ദിവസം ആ വേസ്റ്റിൽ നിന്ന് എടുത്ത് കഴിക്കുന്നത് കണ്ട് എന്റെ അമ്മ ഒരുപാട് വിഷമിച്ചു.. അതിന് ശേഷം അമ്മ ഈ ഹാളിൽ പാർട്ടിയുള്ള ചില ദിവസങ്ങളിലൊക്കെ ജോലിചെയ്യുന്നിടത്ത് നിന്ന് നല്ല ഡ്രസ്സുകൾ കൊണ്ട് വന്ന് ഞങ്ങളെ അണിയിച്ചൊരുക്കി വിടും... മക്കൾ മാസത്തിലൊരിക്കലെങ്കിലും നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ആ പാവം വിചാരിച്ചു..  അതാ ഞാൻ പെട്ടെന്ന് ഏട്ടനെ കണ്ടപ്പോ ചമ്മിപ്പോയത്.. "

അവളത് പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ കണ്ണും  നിറഞ്ഞിരുന്നു..

അവളിൽ ഞാൻ കണ്ടത് എന്നെത്തന്നെയായി രുന്നത് കൊണ്ടാണ് അവളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വരാഞ്ഞത്...

പിന്നെ ഞാനവളോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ..

"പോരുന്നോ കൂടെ?"

പിന്നീടുള്ള ദിവസങ്ങളിൽ കാറ്ററിംഗ് പാർട്ടികളിൽ ഞങ്ങൾ അവളേയും ഞങ്ങളോടൊപ്പം കൂട്ടി..

അവൾക്ക് അത് പുതിയൊരു അനുഭവമായി രുന്നു..

സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാമെന്നതിനോ ടൊപ്പം കൊതി തീരും വരെ ഭക്ഷണം കഴിക്കുക യും ചെയ്യാം എന്നുള്ളത് അവൾക്ക് വലിയ ഹരമായി തോന്നി...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞങ്ങളുടെ രണ്ട് പേരുടേയും കൈകളിൽ ഞങ്ങളുടെ വീട്ടിലേക്കുള്ള പൊതികളും ഉണ്ടാവാറുണ്ട്...

അങ്ങനെ ഞങ്ങളുടെ ആ കൊതി തുടർന്നുകൊ ണ്ടേയിരുന്നു...

കാലങ്ങൾക്കപ്പുറം സഞ്ചരിച്ച് അതിപ്പോൾ എത്തി നിൽക്കുന്നത് ഞങ്ങളുടെ "കൊതി" കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിലാണ്...

എന്നോടൊപ്പം അവളേയും ഞാനങ്ങട് കൂട്ടി.. ബിസിനസ്സ് പാർട്ണറായി മാത്രമല്ല  ലൈഫ് പാർട്ണറും കൂടെയായി...

ദൈവം ഞങ്ങൾക്ക് ഒരു കൊതിയനേയും കൊതിയത്തിയേയും കൂടെ തന്നതോടെ ഞങ്ങളുടെ ജീവിതം ഒന്നൂടെ കളർഫുള്ളായി..

ഇപ്പോഴും ഞങ്ങൾ തുടരുന്ന ഒന്നുണ്ട്.. എപ്പോഴും ഞങ്ങൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പൊതിയുന്ന  പൊതി...

പക്ഷെ അത് പാക്ക് ചെയ്ത് കൊണ്ട് പോകുന്നത് വീട്ടിലേക്കല്ലെന്ന് മാത്രം...

അത് ചെന്നെത്തുന്നത് തെരുവിലെ വിശക്കുന്ന വയറുകളിലേക്കാണ്.. കൊതിയുടെ വില എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നവരുടെ കൈകളിലേക്കാണ്...

രചന: പ്രവീൺ ചന്ദ്രൻ
കൂടുതൽ കഥകൾക്ക് ഫോളോ ചെയ്യൂ....
To Top