രചന: Nitya Dilshe
ഉച്ചക്കുള്ള ചോറ് ടിഫിൻ ബോക്സിലേക്കാക്കുമ്പോഴാണ് പടിക്കൽ ഒരു കാർ വന്നു നിന്നത്. അടുക്കളയിലെ ചെറിയ ജനലിലൂടെ ആളെക്കണ്ടതും ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി..
"മഹിയേട്ടൻ"
കൈയ്യിലെ ചോറു പാത്രം ഊർന്നു നിലത്തേക്ക് വീണു ചിതറി..വലിയൊരാർത്തനാദം നെഞ്ചിൽ വന്നു തടഞ്ഞു നിന്നു..ശരീരം വിറ കൊണ്ടു...കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ..പതുക്കെ നിലത്തേക്കിരുന്നു...
ഉമ്മറത്ത് നിന്നും "മഹിയല്ലേ അത് "നേർത്തൊരു കരച്ചിലിനൊപ്പം അമ്മയുടെ ഇടറിയ ശബ്ദം കേട്ടു....
"എന്തൊരു കോലാഡാ.. ഇത്..എവിടായിരുന്നു നീ ഇതുവരെ..നിന്റെ വിവരമൊന്നുമറിയാതെ എത്ര വിഷമിച്ചഡാ ഞങ്ങൾ...നിനക്കൊന്നു വിളിച്ചു വിവരം പറഞ്ഞൂടെ..."
അമ്മയുടെ കരച്ചിൽ കുറച്ചുകൂടി ഉച്ചത്തിലായി..
"കുറച്ചു ജോലിപ്രശ്നങ്ങൾ ഉണ്ടായിരുന്നമ്മേ...ജോലി പോയി.." മഹിയേട്ടന്റെ പതിഞ്ഞ ശബ്ദം കേട്ടു..
"അവൾ അകത്തുണ്ട്..ജോലിക്കു പോവാനായി നിക്കാ..പാവം, അതിന്റെയൊരു കഷ്ടപ്പാട്...എങ്ങനെ ജീവിച്ച കുട്ട്യാ..."
കേട്ടതും ചാടിയെഴുന്നേറ്റു..ചിതറിയ ചോറ് കൈകൊണ്ടു വാരിയെടുത്ത് കളഞ്ഞു...വേഗം കുറച്ചു ചോറെടുത്ത് നിറച്ചു..ബാഗും കൊണ്ടു പുറത്തു കടന്നു..
മഹിയേട്ടൻ അച്ഛന്റെ റൂമിലാണ്...സംസാരം കേൾക്കുന്നുണ്ട്..
"ഇപ്പോൾ പിടിച്ചിരിക്കും..മുമ്പ് എല്ലാം കിടന്ന കിടപ്പിൽ തന്നെയായിരുന്നു..അവൾ ജോലിക്കു പോയാ എല്ലാ കാര്യങ്ങളും നടത്തുന്നത്..എത്രയൊക്കെ കഷ്ടപാടുണ്ടായിട്ടും മരുന്നിനൊരു മുടക്കവും വരുത്തിയില്ല..ഇപ്പൊ ആറുമാസായി.."
റൂമിൽ നിന്നും പുറത്തേക്കിറങ്ങാനൊരുങ്ങിയ ആൾ എന്നെ കണ്ടപ്പോൾ അവിടെത്തന്നെ തറഞ്ഞു നിന്നു...ആ തല കുനിയുന്നത് കണ്ടു..മുഖത്തേക്ക് നോക്കിയില്ല..
"നേരം വൈകി..ഞാൻ ..ഞാനിറങ്ങാണ്.." മറുപടിക്ക് കാത്തുനിൽക്കാതെ വേഗമിറങ്ങി നടന്നു..തികട്ടി വന്ന തേങ്ങൽ സാരിത്തുമ്പു കടിച്ചു പിടിച്ചമർത്തി..അറിയാതെ കണ്ണുകൾ തറകെട്ടി ഉയർത്തിയ വീടിനു നേർക്കു പാഞ്ഞു..
കഴിഞ്ഞ ലീവിന് വന്നപ്പോൾ മഹിയേട്ടൻ പറഞ്ഞ വാക്കുകൾ ഓർത്തു..
" ഇനി വരുന്നത് നമ്മുടെ പുതിയ വീട്ടിലേക്കാവും..നമ്മുടെ കഷ്ടപാടൊക്കെ മാറാൻ പോവാ ഗായു..ഈ രണ്ടു വർഷം ഞാൻ പിടിച്ചു നിൽക്കാരുന്നു..ദൈവം വിളി കേട്ടു..പോകുന്നത് പുതിയ ജോലിയിലേക്കാ..ഇപ്പോഴത്തിനെക്കാൾ മൂന്നിരട്ടി ശമ്പളം...
എന്നിട്ടു വേണം നിന്റെ അച്ഛന്റേയും ഏട്ടന്റെയും മുന്നിൽ ചെന്നു പറയാൻ..മോളെ ഞാൻ ഇറക്കി കൊണ്ടു വന്നത് കഷ്ടപ്പെടുത്താനല്ല എന്ന്.."
ആദ്യ മാസങ്ങളിൽ കൃത്യമായി പണം വന്നുകൊണ്ടിരുന്നു..അങ്ങനെയാണ് വീടുപണി തുടങ്ങിയത്..ഞാനും കൂടി ഒരു ജോലി നോക്കട്ടെ എന്നു ചോദിച്ചപ്പോൾ,
"മാളിക വീട്ടിൽ നിന്നു കുടിലിലെത്തി..ഇനി നിന്നെ ജോലിക്കു കൂടി പറഞ്ഞയച്ചു ബുദ്ധിമുട്ടിക്കുകയാണെന്നു നാട്ടുകാരെകൊണ്ടു പറയിപ്പിക്കേണ്ട.."
പിന്നെ എവിടെയാണ് താളം പിഴച്ചത്..??..5 വർഷം നീണ്ട പ്രണയം.. വീട്ടുകാരെ ധിക്കരിച്ചു മഹിഏട്ടനൊപ്പം ഇറങ്ങേണ്ടി വന്നു..പിന്നിൽ നിന്നും വന്ന കരച്ചിലുകൾ കേട്ടില്ലെന് നടിച്ചു..പിന്നീടാ വാതിലുകൾ എനിക്ക് നേരെ കൊട്ടിയടച്ചപ്പോഴും ഒപ്പം മഹിയേട്ടനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു..
വേഗം തന്നെ ഒരു കുഞ്ഞായി..."എങ്ങനെ ജീവിക്കേണ്ട കൊച്ചാ" എന്നുള്ള ആളുകളുടെ ഒളിഞ്ഞും തെളിഞ്ഞും മുറുമുറുപ്പ് കേട്ടാണ് ഒടുവിൽ ഗൾഫിലേക്കൊരു ജോലി ശരിയായപ്പോൾ പോകണമെന്ന് മഹിയേട്ടൻ വാശി പിടിച്ചത്..എന്നിട്ടെന്തു നേടി..?...
ജോലി കഴിഞ്ഞു വന്നപ്പോൾ മുറിയിൽ തലയണ ചാരിവച്ചു മഹിയേട്ടൻ കിടപ്പുണ്ട്..കൈകൾ പിണച്ചു മുഖത്തു ചേർത്തു വച്ചിരിക്കുന്നു..ഉറങ്ങുകയല്ല.. അപ്പോഴേക്കും അപ്പു വന്നു കൈയ്യിൽ തൂങ്ങി..
"അച്ഛനെനിക്കു റിമോർട് കാർ കൊണ്ടുവന്നിട്ടുണ്ടോ..അമ്മേ ?"
"ഇല്ല..അച്ഛൻ ജോലിയില്ലാതെ വന്നിരിക്കാ, നീയിനി ഓരോന്ന് ചോദിച്ചു അച്ഛനെ വിഷമിപ്പിക്കേണ്ട.".ആ മുഖം മങ്ങുന്നത് കണ്ടു..
അവനെ ചേർത്തു പിടിച്ചു പുറത്തേക്കു നടന്നു..
"ചായ കുടിച്ചോ അപ്പു.."
"അച്ഛമ്മയുണ്ടാക്കി തന്നു " മറുപടി പറയലും കുട്ടിപട്ടാളങ്ങളെ കണ്ട് കളിക്കാനായി ഓടി..
കഴുകാനുള്ള തുണികൾ വാരിയെടുത്തു.. സങ്കടവും ദേഷ്യവും അലക്കുകല്ലിനോട് തീർത്തു..
രാത്രി ഏറെ വൈകുവോളം അടുക്കളയിൽ തന്നെ നട്ടം തിരിഞ്ഞു..ഉണങ്ങിയ തുണികൾ വീണ്ടും വീണ്ടും മടക്കി...എല്ലാവരും ഉറങ്ങിക്കാണുമെന്ന ചിന്തയോടെയാണ് മുറിയിലേക്ക് കയറിയത്...വേഗം അപ്പുവിനെ മഹിയേട്ടനരുകിലേക്കു നീക്കി കിടത്തി കട്ടിലിനോരം ചേർന്നു ചുവരിലേക്ക് തിരിഞ്ഞു കിടന്നു....
ദീർഘനിശ്വാസങ്ങളും തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പും മഹിയേട്ടൻ ഉറങ്ങിയില്ലെന്നു സൂചിപ്പിക്കുന്നുണ്ടായിരുന്നു..തന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടു മാസങ്ങളായല്ലോ ....
പിറ്റേന്നു ജോലി കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വൈകി..ടൗണിൽ ഏതോ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം..ട്രാഫിക് ബ്ലോക്കെല്ലാം കഴിഞ്ഞു ബസ്സിറങ്ങിയപ്പോൾ വൈകിയിരുന്നു..കവലയിൽ ആരോടോ സംസാരിച്ചു മഹിയേട്ടൻ നിൽപ്പുണ്ടായിരുന്നു..കണ്ടതും അടുത്തേക്ക് വന്നു.
"എവിടായിരുന്നെടി ഇത്രനേരം ? " ആ മുഖം ചുവന്നിരുന്നു..
മറുപടി പറയാതെ മഹിയേട്ടനെ ഒന്നു നോക്കി, വീട്ടിലേക്കുള്ള വഴിയെ ധൃതിയിൽ നടന്നു..
"അല്ലെങ്കിലും ഈ പ്രവാസികൾക്കു ജോലിയുണ്ടെങ്കിൽ തന്നെയേ വീട്ടിൽ വിലയുള്ളൂ..ജോലി പോയാൽ പിന്നെ വീട്ടിലെ പട്ടിയുടെ വില പോലുമുണ്ടാകില്ല....."
മഹിയേട്ടനൊപ്പമുണ്ടായിരുന്ന ആളുടെ ശബ്ദമാണ്..
എത്ര ശാസിച്ചിട്ടും കണ്ണുകൾ നിറഞ്ഞു..
അടുത്തേക്ക് വരുന്ന കാലടി ശബ്ദം കേട്ടാണ് തല ചായ്ച്ചു കിടന്നിരുന്ന അടുക്കളയിലെ കൊച്ചു ടേബിളിൽ നിന്നും മുഖം ഉയർത്തി നോക്കിയത്..
മഹിയേട്ടന്റെ മുഖം കനത്തു തന്നെ ഇരിക്കുന്നു..കൈയ്യിലെ കവർ ടേബിളിൽ വച്ചു പറഞ്ഞു..
"നാളെ മുതൽ നീയിനി ജോലിക്കു പോകേണ്ട..മഹിക്കു ജോലിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം ഇപ്പോഴുമുണ്ട്.."
കേട്ടതും ഉള്ളിലെ അമർത്തി വച്ച ദേഷ്യം മുഴുവൻ പുറത്തു ചാടി.. പിടഞ്ഞെണീറ്റു..
"ഇത്രനാൾ മഹിയേട്ടൻ എവിടെയായിരുന്നു..അതിനൊരുത്തരം പറയൂ.. എന്നിട്ടു തീരുമാനിക്കാം ജോലിക്കു പോകണോ വേണ്ടയോ എന്ന്.."
എന്റെ ശബ്ദം വിറച്ചിരുന്നു..
മഹിയേട്ടൻ പതറുന്നത് കണ്ടു..ആ മുഖം വിളറി..
എന്റെ മൊബൈൽ ഓപ്പൺ ചെയ്ത് മഹിയേട്ടന്റെ കൈയ്യിൽ കൊടുത്തു.. നോക്കിയതും ആൾ തളർന്നു താഴെക്കിരുന്നു...
"എനിക്കറിയാം ..ഈ ഫോട്ടോയിൽ മഹിയേട്ടനൊപ്പമുള്ളത് മഹിയേട്ടന്റെ ഫിലിപ്പിനോ ഗേൾ ഫ്രണ്ട്.. ആരും ഒന്നും അറിയില്ലെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് ...കാലം പുരോഗമിച്ചു..
കഴിഞ്ഞ മൂന്നുമാസം മഹിയേട്ടൻ ദുബായ് ജയിലിലായിരുന്നു..മഹിയേട്ടനെയും ഈ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇല്ലീഗൽ ആയി കണ്ടതിനു..എന്താ ശരിയല്ലേ..?
മഹിയേട്ടന്റെ വിവരമൊന്നുമില്ലാതായപ്പോൾ മഹിയേട്ടനൊപ്പം ജോലി ചെയ്തവരോട് ഫേസ്ബുക്കിലൂടെ വിവരങ്ങൾ ചോദിച്ചിരുന്നു..അവരിൽ നിന്ന് എല്ലാം അറിഞ്ഞു.."
കാൽമുട്ടിൽ തലയൂന്നി മഹിയേട്ടൻ കരയുന്നത് കണ്ടു..ഇത്രനാളും കൊണ്ടു നടന്ന ഭാരം ഇറക്കിവച്ച ആശ്വാസമായിരുന്നു മനസ്സിൽ...
കുറച്ചു കഴിഞ്ഞപ്പോൾ മഹിയേട്ടന്റെ കൈ എന്റെ കാലിൽ പതിഞ്ഞിരുന്നു..
"എന്നോട് ക്ഷമിക്കാനാവില്ലെന്നറിയാം..പെട്ടെന്നുള്ള പ്രമോഷൻ.. വിചാരിച്ചതിലും കൂടുതലുള്ള ശമ്പളം..ഇതെല്ലാം എന്നെ മാറ്റിയിരുന്നു..നിന്നെയും മോനെയും ഞാൻ മറന്നു..അനുഭവിച്ച ശിക്ഷകൾ പോരാ എന്നറിയാം..ഇനിയൊരിക്കലും ഇങ്ങനെയുണ്ടാവില്ലെന്നു വാക്ക് തരാം.. എന്നോട് ഈ ഒരിക്കൽ ...ഒരിക്കൽ മാത്രം ക്ഷമിച്ചു കൂടെ നിനക്ക്.."
"ഈ താലി കഴുത്തിൽ അണിയുന്നവൾക്ക് മാത്രമല്ല.. കെട്ടുന്നവർക്കും വേണം അതിലുള്ള വിശ്വാസം..മഹിയേട്ടനെതിരെ ദുബായ് പൊലീസിന് കംപ്ലൈന്റ് മെയിൽ ചെയ്തത് ഞാൻ തന്നെയാണ്.."
വിശ്വാസം വരാതെ മഹി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവിടെ നിശ്ചയദാർഢ്യമായ മുഖത്തോടെയുള്ള പുതിയൊരു ഗായത്രിയെ കാണുകയായിരുന്നു അവനപ്പോൾ...
സ്നേഹത്തോടെ...
രചന: Nitya Dilshe