ഉത്തമഗീതം , പാർട് 8

Valappottukal


എന്താണ് റോയ് മോനെ കുറച്ചു ദിവസം ആയി ഭയങ്കര സന്തോഷം ആണല്ലോ..

സിസിലി അവന്റെ റൂമിലേക്ക് കയറി വന്നു ചോദിച്ചു..

അഖിലയുടെ എഴുത്തു നെഞ്ചോട് ചേർത്തു കിടക്കുകയായിരുന്ന റോയ് പെട്ടെന്ന് പിടഞ്ഞു എഴുന്നേറ്റു.

എന്താ അമ്മച്ചി?

അല്ല ഒറ്റയ്ക്ക് ചിരിക്കുന്നു.. വർത്തമാനം പറയുന്നു.. മൂളിപ്പാട്ട് പാടുന്നു പിന്നെ വലിയ സന്തോഷവും.. എന്താണ് കാര്യം.

ഏയ്.. ഒന്നും ഇല്ല അമ്മച്ചി.. സർക്കാർ ശമ്പള പാരിഷ്കരണം ഒക്കെ കൊണ്ട് വന്നില്ലേ അതിന്റെയാ..

അവൻ ഒരു ഒഴുക്കൻ മട്ടിൽ അങ്ങു പറഞ്ഞു.

അതെനിക്ക് മനസിലാകുന്നുണ്ട്..

അവന്റെ കവിളിൽ തട്ടി അവർ പറഞ്ഞു.

അവൻ അവരെ നോക്കി കണ്ണടച്ചു മടിയിലേക്ക് തല വെച്ചു കിടന്നു.

അമ്മച്ചി.. അമ്മച്ചിക്ക് പപ്പയെ ആദ്യം കണ്ടപ്പോൾ എന്തു തോന്നി..

റോയ്‌യുടെ ചോദ്യം കേട്ട് അവർ കണ്ണു കൂർപ്പിച്ചു അവനെ ഒന്ന് നോക്കി.

പറ അമ്മച്ചി..

മനസമ്മതത്തിനു ആണ് ഞങ്ങൾ ആദ്യം കാണുന്നത്.. അതിനു മുൻപ് ഫോട്ടോ കണ്ടായിരുന്നു.. സിബിചൻ പട്ടാളത്തിൽ അല്ലായിരുന്നോ.. വന്നതും കണ്ടതുമൊക്കെ വല്യമ്മച്ചിയും പെങ്ങന്മാരുമാ..

പള്ളിയിൽ അടുത്തത് നിൽക്കുമ്പോ ഒന്ന് നോക്കണം എന്നു തോന്നി... ചുറ്റും ആൾക്കാർ അല്ലെ അന്നത്തെ കാലവും..
കണ്ണടച്ചു എല്ലാവരും പ്രാർത്ഥിക്കുമ്പോൾ ഞാൻ മെല്ലെ ഒറ്റക്കണ്ണു തുറന്ന് ഇങ്ങേരെ നോക്കി.. അപ്പോഴതാ അങ്ങേരും അതേ പോലെ നോക്കുന്ന്..

അതു പറഞ്ഞപ്പോൾ അമ്മച്ചിക്ക് നാണം വന്നു..

റോയ് കവിളിൽ പിടിച്ചു വലിച്ചു ചിരിക്കാൻ തുടങ്ങി..

എന്നിട്ട് ... എന്നിട്ട്..

പോടാ... ചെറുക്കാ..

ഹാ.. പറ അമ്മച്ചി..

എന്നിട്ടെന്താ .... ഞങ്ങൾ രണ്ടാളും നല്ല അസ്സൽ ആയി ചമ്മി..
പക്ഷെ അന്ന് നോക്കിയ ആ നോട്ടം ഉണ്ടല്ലോ റോയ്.. ഇന്നും ഈ നെഞ്ചിൽ ഉണ്ട്.. അന്ന് ഞാൻ ആ കണ്ണിൽ കണ്ട ഭാവം തന്നെ ആണ് സിബിച്ചൻ ഇന്നും എന്നെ നോക്കുമ്പോൾ എനിക്ക് കാണാൻ കഴിയുന്നത്..

റോയ് അത്ഭുതത്തോടെ അമ്മച്ചിയെ നോക്കി..

അവരുടെ കണ്ണിൽ നനവ് പടർന്നിരുന്നു.. പപ്പയോടുള്ള സ്നേഹം ആണത് എന്നവന് മനസിലായി..

അല്ല ഇതിപ്പോ എന്തിനാ എന്റെ മോൻ എന്നോട് ചോദിക്കുന്നത്.. എന്താ അടർന്ന് പോയ വാരിയെല്ലിനെ എവിടെ വെച്ചെങ്കിലും കണ്ടോ പൊന്നു മോൻ..

റോയ് ഒന്നും പറയാതെ അവരുടെ മടിയിൽ മുഖം അമർത്തി കിടന്നു.

                          *********

പിറ്റേന്ന് കോളേജിൽ പോകാൻ പാടവരമ്പതു കൂടി നടക്കുകയായിരുന്നു.. ഉമ ഇന്നില്ല അവൾക്ക് പനി ആണ് .. അതു കൊണ്ടു തന്നെ തനിച്ചാണ്.. റോഡിൽ എത്താൻ ആയപ്പോൾ കണ്ടു.. ബൈക്ക് നിർത്തി തന്നെ നോക്കി റോഡിനോട് ഓരം ചേർന്നു നിൽക്കുന്ന റോയിച്ചനെ..

എന്താണ് തനിച്ചു.

ഉമയ്ക്ക് പനി ആണ്.

വരുന്നോ ഞാൻ കൊണ്ടു വിടാം..

സീറ്റിൽ കൈ തട്ടി റോയ് ചോദിച്ചു.

അഖില കൂർപ്പിച്ചു ഒന്ന് നോക്കി..

ആദ്യം തന്നെ ഇത് വേണോ..

റോയ് എന്താ എന്നു മനസിലാകാതെ അവളേ നോക്കി..

എന്തായാലും ഒരു ഭൂകമ്പം ഞാൻ പ്രതീക്ഷിക്കുന്നുണ്ട് റോയ്ച്ചാ.. അപ്പൊ ഇപ്പോൾ തന്നെ നാട്ടുകാരെ അറിയിച്ചിട്ടു ഉള്ള സമാധാനം കളയണോ.. അതുവരെയ്ക്കും ഞാനൊന്ന് കണ്ണ് നിറച്ചു കണ്ടോട്ടെ... പിന്നെ എന്തൊക്കെ ആണ് പിറകെ വരാൻ പോകുന്നത് എന്നറിയില്ല..

എന്നാൽ കണ്ടോ.. റോയ് കുറച്ചു കൂടി അവളുടെ അടുത്തേക്ക് ചേർന്നു നിന്നു പറഞ്ഞു.

അഖില ഒന്ന് പുറകിലേക്ക് നീങ്ങി...

അതേ കാണണം എന്നാ പറഞ്ഞേ.. അത് അവിടെ നിന്നാലും എനിക്ക് കാണാം.. എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല.

റോയിക്ക് ചിരി വന്നു..

ഞാൻ നടക്കട്ടെ... പിന്നെ ബസ് കിട്ടില്ല..

ഉച്ചയ്ക്ക് ക്‌ളാസ് ഉണ്ടോ..

ബൈക്കിൽ കയറുന്നതിനിടയ്ക്ക് റോയ് ചോദിച്ചു.

ആദ്യത്തെ ഹവർ ഉണ്ട്.. ബാക്കി രണ്ടും ഇല്ല.. എന്തേ?

ഞാൻ ലീവ് എടുക്കാം..

എന്തിനു ? അഖില കണ്ണ് മിഴിച്ചു ചോദിച്ചു.

ഒരു സ്റ്റോപ് അപ്പുറം ആണ് മുനിസിപ്പൽ ലൈബ്രറി.. താനും വാ.. തന്നോട് കുറച്ചു നേരം സംസാരിച്ചു ഇരിക്കാൻ..

അഖില സംശയത്തോടെ നിന്നു..

എന്നും ഇങ്ങനെ വഴിയിൽ നിന്നു സംസാരിക്കാൻ പറ്റില്ലലോ.. അതാണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്..

അവൾ സമ്മതപൂർവം തലയാട്ടി.

ക്‌ളാസ് കഴിഞ്ഞു സ്റ്റോപ്പിൽ നിന്നാൽ മതി ഞാൻ വന്നു കൂട്ടിക്കോളം..

ശരി.. അവൾ ചിരിച്ചു കൊണ്ട് നടന്നു...

റോയിയുടെ ബൈക്ക് അഖിലയെ കടന്നു പോയി.

കോളേജിൽ എത്തി ആദ്യ ഹവർ ക്ലാസ്സ് ഉണ്ടായിരുന്നു.. ഫസ്റ്റ്  ഇയർ നു ആണ്.. ഒന്ന് രണ്ടു ഡിപാർട്മെന്റ  മിക്സ്  ആയാണ് ഉള്ളത്.. കുട്ടികൾ കുറച്ചു പേർ പുറത്തു കാത്തു നിൽക്കുന്നുണ്ട്.. അകത്തു ക്ലാസ്സ് തീർന്നിട്ടില്ല..

മെല്ലെ അകത്തേക്ക് നോക്കിയപ്പോൾ കണ്ടു ശരത്ചന്ദ്രൻ സർ ആണ് ക്ലാസ്സ് എടുക്കുന്നത്..

എന്നെ കണ്ടതു കൊണ്ടാണെന്നു തോന്നുന്നു.. ക്ലസ് നിർത്തി.. പിള്ളേര് കുറച്ചു പേർ എഴുന്നേറ്റു പുറത്തേക്ക് വന്നു ബാക്കി പിള്ളേര് അകത്തേക്കും..

ക്ളാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ശരത്ചന്ദ്രൻ അഖിലയുടെ സമീപത്തേക്ക് വന്നു..

അഖില ഒന്ന് ചിരിച്ചു.
തിരിച്ചു കിട്ടില്ല എന്നു പ്രതീക്ഷിച്ചു കൊണ്ടു തന്നെ..

ക്ലാസ്സ് എങ്ങനെ ഉണ്ട്?..

കുഴപ്പം ഇല്ല.

എന്നും ബസിനാണോ വരുന്നേ..?

അതേ..

മ്മ്.. ഒന്ന് മൂളി..

സാറിന്റെ വീട്??

ഇവിടെ അടുത്തു തന്നെ ആണ്.. അരമണിക്കൂർ ദൂരം.

ശരി.. ചെല്ലട്ടെ.. അതും പറഞ്ഞു നടന്നു..

ഇതെന്തൊരു മനുഷ്യൻ ആണ്.. ഒന്ന് ചിരിച്ചാൽ എന്താ... ഉണ്ണിയേട്ടനോട് പറയണം.. മനസ്സിൽ ഓർത്തു.

ഞാനും ക്ലാസിലേക്ക് കയറി.

ക്ലാസ്സ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോഴും മനസ്സിൽ ഉച്ചയാവാൻ ഉള്ള ധൃതി ആയിരുന്നു.. സ്കൂൾ വിട്ടു അമ്മയോടൊട്ടി നിൽക്കാൻ കൊതിക്കുന്ന മനസ്സ് പോലെ.. പിന്നെ എല്ലാം സമയം പതിയെ ആണ് പോകുന്നതെന്ന് തോന്നി.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴും എല്ലാം..
അതിനു ശേഷം ഉള്ള ഹവർ എങ്ങനെ എടുത്തു തീർത്തു എന്നു തന്നെ അറിയില്ല.

ബസ് സ്റ്റോപ്പിലേക്ക് എത്തിയതും ബൈക്ക് വന്നു അടുത്തു നിന്നതും ഒരുമിച്ചു ആണ്.

കയറു..

മെല്ലെ കയറി ഇരുന്നു.. കൈ തോളിലേക്ക് ചേർത്തു വെച്ചു.. കണ്ണാടിയിൽ കൂടി നോക്കി ഒന്ന് ചിരിച്ചു.

പരസ്പരം ഒന്നും മിണ്ടിയില്ല.. അഖില ഒരു പ്രത്യേക ലഹരിയിൽ ആയിരുന്നു... അവന്റെ സാമീപ്യവും ആ യാത്രയും ..
റോയിക്ക് ആണെങ്കിൽ കാറ്റിൽ പാറി വരുന്ന മുടിയിഴകൾ നല്ല കാച്ചെണ്ണയുടെ മണം ആണ് സമ്മാനിച്ചത്... അതു അവന്റെ ശ്വാസങ്ങളിൽ കടന്നു ശരീരം ആകെ പടരുന്ന പോലെ തോന്നി അവനു.. ലൈബ്രറിയിൽ എത്തി...
ഒപ്പം തന്നെ അകത്തേക്ക് കയറി.. ഒരു പത്രം എടുത്തു റോയ് റീഡിങ് കോർണറിലേക്ക് നടന്നു.. അഖില ഒരു മാഗസിൻ എടുത്തു കൂടെ പോയി.

ഒരു മേശയുടെ ഇരുവശത്തും ആയി അവർ ഇരുന്നു.

അഖില വെറുതെ മാഗസിന്റെ പേജുകൾ മറിച്ചു.. റോയ് അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു..

ക്ലാസ്സ് എങ്ങനെ ഉണ്ട്?

കുഴപ്പം ഇല്ല..

ഇപ്പോഴത്തെ പിള്ളേര് അല്ലെ എല്ലാം വിളഞ്ഞ സാധനങ്ങൾ ആണ്.

അവൾ ചിരിച്ചു....

ഞാനും കുറച്ചു മാസം മുൻപ് ഒരു സ്റ്റുഡന്റ് ആയിരുന്നു..

നിന്നെയും ചേർത്താണ് പറഞ്ഞത്.

അവൾ ചുണ്ടു കോട്ടി..

എന്നാൽ വിളയാത്ത ആ സാമൂവലിന്റെ മോളേ കെട്ടിയാൽ പോരായിരുന്നോ?

നീ അത് ഇതുവരെ മറന്നില്ലേ..

മറവി എനിക്ക് കുറവാണ് റോയ്ച്ചാ..

അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി...

എന്താ റോയ്ച്ചാ..

നീ വിളിക്കുന്നെ കേൾക്കാൻ ഒരു പ്രത്യേക സുഖം.

എവിടെയൊക്കെയോ നാണം പൂത്തു വിരിയുന്നത് അവൾ അറിഞ്ഞു.

റോയ് മെല്ലെ കൈ നീട്ടി മേശയിൽ വച്ചിരുന്ന കൈ വിരലുകളിൽ പിടിച്ചു...
അവൾ ഒന്ന് മുഖം ഉയർത്തി നോക്കി..

സ്നേഹത്തിന്റെ നിറം എന്താണ് റോയ്ച്ചാ.?

അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു.

എന്റെ സ്നേഹത്തിനു ഇപ്പോൾ നല്ല കാച്ചെണ്ണയുടെ മണം ആണ് അഖില.

അവളൊന്ന് മേൽചുണ്ടു കടിച്ചു മിഴികൾ പുറത്തേക്ക് ഊന്നി..

പിന്നെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

നിറമില്ലാത്ത ഗന്ധമില്ലാത്ത രൂപം ഇല്ലാത്തത് കൊണ്ടല്ലേ അഖില പ്രണയം ഇത്രയും മനോഹരം ആകുന്നത്..
പക്ഷെ ഇപ്പോൾ എന്റെ പ്രണയത്തിന് നിന്റെ രൂപം ആണ് നിന്റെ നിറം ആണ് ഗന്ധം ആണ്..

റോയിച്ചൻ സ്കൂൾ എല്ലാം പുറത്തല്ലേ പഠിച്ചത് പിന്നെ എങ്ങനെ ആണ് മലയാളത്തിൽ ഇങ്ങനെ എല്ലാം... കവിത എല്ലാം...

വല്യപ്പച്ചൻ മലയാളം മാഷ് ആയിരുന്നു.. ഓരോ വേക്കഷനു വരുമ്പോഴും ഞങ്ങളെ മലയാളം പഠിപ്പിക്കണം എന്നത് വല്യപ്പച്ചന്റെ നിർബന്ധം ആയിരുന്നു.. അങ്ങനെ പഠിച്ചു.  ഒരു കുഞ്ഞു ലൈബ്രറി ഉണ്ടായിരുന്നു വീട്ടിൽ... എനിക്ക് കഥ പറഞ്ഞു തരും ആയിരുന്നു.. കവിത ചൊല്ലി തരും ആയിരുന്നു..

അഖില അവന്റെ വാക്കുകൾ ഓരോന്നും ശ്രദ്ധയോടെ കേട്ടു..

കുറച്ചു കഴിഞ്ഞു റോയ് ചോദിച്ചു .. തനിക്ക് കാപ്പി വേണോ.. പുറത്തു കോഫീ മെഷിൻ ഉണ്ട്..

ഞാൻ തലയാട്ടി..

പുറത്തു പോയി റോയിച്ചൻ രണ്ടു ഗ്ളാസ്സിൽ കോഫിയും ആയി വന്നു..

അങ്ങനെ അന്നത്തെ ഞങ്ങളുടെ വൈകുന്നേരത്തിന് കോഫിയുടെ മണം ആയിരുന്നു... ഓർത്തു വെയ്ക്കാൻ..

തിരിച്ചു സമയം ആയപ്പോൾ റോയിച്ചൻ ബസ് സ്റ്റോപ്പിൽ കൊണ്ടു വിട്ടു..
യാത്ര പറഞ്ഞു ബൈക്ക് തിരിച്ചു പോയി.. ബസ് വരാൻ പത്തു മിനിറ്റ് കൂടി ഉണ്ട്..
അപ്പോൾ കണ്ടു ശരത് സാറിന്റെ കാർ കോളേജ് ഗേറ്റ് കടന്ന് വരുന്നു.. ഇത്തിരി ഇറങ്ങി നിന്നത് കൊണ്ടു എന്നെ ഇപ്പോൾ കണ്ടു കാണും.. വണ്ടി അടുത്തു എത്തിയപ്പോൾ ഇത്തിരി വേഗത കുറഞ്ഞ പോലെ.. പതിവ് തെറ്റിക്കണ്ട എന്നു വെച്ചു സ്ഥിരം പോലെ ഞാൻ ഒന്ന് ചിരിച്ചു..
തിരിച്ചു ചിരിച്ചില്ലെങ്കിലും പതിവില്ലാത്ത ഒരു തെളിച്ചം ആ മുഖത്തു ഉണ്ടായിരുന്നു.

(തുടരും)

 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
കൂട്ടുകാരെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൂട്ടുകാർ വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ... അല്ലെങ്കിൽ Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ Search ചെയ്യൂ...

https://www.instagram.com/valappottukal
To Top