ഉത്തമഗീതം , പാർട് 6

Valappottukal


ഞെട്ടലും ദേഷ്യവും നിറഞ്ഞ അഖിലയുടെ മുഖം റോയിയിൽ പതർച്ച ഉണ്ടാക്കി..

അവൾ വേഗം തിരിഞ്ഞു പോകാൻ ആഞ്ഞു..

ആ... അഖില എങ്ങോട്ടാ ടോ പോകുന്നേ??

പ്രസാദെട്ടൻ ആണ്..

ഇത്തിരി വെള്ളം ആ ചെമ്പിൽ തിളയ്ക്കാൻ വച്ചിട്ടുണ്ട് പ്രസദേട്ടാ... അതെടുത്തിട്ടു വരാം..

അവൾ അത്രയും പറഞ്ഞിട്ട് പുറത്തേക്ക് പോയി.

വെള്ളമോ?? ഇപ്പോൾ എന്തിനാ വെള്ളം തിളയ്ക്കാൻ വെച്ചേ.. അല്ല ഇപ്പൊ എന്തിനാ വെള്ളം..

പ്രസാദ് നടന്നു വന്ന് റോയിയുടെ തോളിൽ തട്ടി ചോദിച്ചു.

റോയ് തൊണ്ടയിലെ വെള്ളം ഇറക്കി..

നേരെ തന്നോട് കുശലം അന്വേഷിച്ച ആളെ നോക്കി..

വല്ല ചരമക്കോളവും  വായിച്ചു ഇരുന്നാൽ പോരായിരുന്നോ ... എന്റെ നെഞ്ചത്തിട്ടു തന്നെ വേണം..

അയാൾ ഒന്നും മനസിലാകാതെ അവനെ കണ്ണും മിഴിച്ചു നോക്കി.

എന്താടാ??  പ്രസാദ് ചോദിച്ചു.

ഒന്നും ഇല്ല... റോയ് പുറത്തേക്ക് ഇറങ്ങി.
ചുറ്റും നോക്കി.. കാണുന്നില്ല..

അഖില സ്റ്റേജിന്റെ ഭാഗത്തേക്ക് പോയി..

മനസ്സിൽ മുള്ള് തറച്ച പോലെ...

എന്താണ് ? ഒന്നും തിരിച്ചറിയാൻ പറ്റാത്ത ‌പോലെ അവൾ ഇരുന്നു..

ഒന്ന് കണ്ണടച്ചിരുന്നു മനസ് ശാന്തമാക്കാൻ ശ്രമിച്ചു..
നിനക്ക് വിധിച്ചത് ആണെങ്കിൽ നിന്നെ തേടി വരും അഖില.. നിന്റേത് മാത്രം ആയ ഒന്നും ആരും തട്ടിപ്പറച്ചു കൊണ്ടു പോകില്ല. യജമാനൻ ഇല്ലാത്ത പ്രണയം നീർക്കുമിളകൾ പോലെ ആണ്.. നൈമിഷികം മാത്രം.. നിന്റെ പ്രണയത്തിന്റെ നൂലറ്റം എന്റെ ഹൃദയത്തിൽ ആണ് കൊരുത്തിരിക്കുന്നത്.. അപ്പോൾ അതിന്റെ അവകാശി ഞാൻ മാത്രം ആകും..

സ്വയം ഒരു മഴയായി മനസ്സിൽ പെയ്തു തീർത്തു..
കയ്യിൽ ആരുടെയോ കരസ്പർഷം അറിഞ്ഞു മെല്ലെ തുറന്നു നോക്കി.. കൈ വിരലുകൾ ഒതുക്കി കൈക്കുള്ളിൽ കൂട്ടി പിടിച്ചു ഇരിക്കുകയാണ്... ചെരിഞ്ഞു നോക്കിയപ്പോൾ മുന്നോട്ട് നോക്കി ഇരിക്കുന്നു..
ചുറ്റും നോക്കി ... സന്ധ്യ ചായം പൂശി തുടങ്ങി ഇരിക്കുന്നു.. ട്യൂബുകൾ തെളിഞ്ഞു.. കസേരകളിൽ ആൾക്കാർ സ്ഥാനം പിടിച്ചിരിക്കുന്നു..

പെട്ടെന്ന് വന്ന ബോധത്തിൽ കൈ വലിച്ചെടുക്കാൻ തുടങ്ങി..
ഇല്ല... പറ്റുന്നില്ല.. ബലത്തിൽ കൈക്കുള്ളിൽ പിടിച്ചിരിക്കുന്നു.

ചുറ്റും വീണ്ടും നോക്കി... ആരെങ്കിലും കണ്ടാൽ തീർന്നു.. പക്ഷെ നാടകം തുടങ്ങാൻ ആയതു കൊണ്ട് എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്ക് ആണ്.

കൈ വിടൂ... ആരെങ്കിലും കാണും.

ഒന്നാമത് സന്ധ്യ... പിന്നെ നിന്റെ കൈ എവിടെ ഉണ്ടെന്നു നോക്കാൻ അല്ല ആൾക്കാർ ഇവിടെ..

മുന്നോട്ടു നോക്കി തന്നെ ആണ് സംസാരം. മൂന്നാമത് ഒരു കൈ വെച്ചു അതു കൊണ്ടു പിടിച്ചിരിക്കുന്ന പോലെ ആണ് ഭാവം..

നീ എന്നെ തന്നെ നോക്കാതെ മുന്നോട്ടു നോക്കി ഇരിക്ക് പെണ്ണേ... കാണാത്തവരെ കൂടി വിളിച്ചു കാണിക്കാതെ... എനിക്ക് പറയാൻ ഉള്ളത് അങ്ങനെ കേട്ടാൽ മതി.

ഞാൻ വേഗം മുന്നോട്ടു നോക്കി ഇരുന്നു..

പക്ഷെ ചുരിദാറിന്റെ ഷാൾ എടുത്തു കൈക്ക് മുകളിലേക്ക് വിരിച്ചു ഇട്ടു..

അപ്പോൾ കയ്യിൽ കൈ കോർത്തു പിടിച്ചു.. വിരൽ കൊണ്ട് കയ്യിൽ മെല്ലെ തലോടി..

മേടയിൽ നിന്ന് ഒരു ആലോചന വന്നു എന്നത് നേര് .. സാമുവൽ അങ്കിൾ ന്റെ മകളുമായി.. ഏട്ടന്റെ കല്യാണത്തിന് വന്നപ്പോൾ ബന്ധുക്കൾ വഴി വന്ന പ്രൊപ്പോസൽ ആണ്..
ഞാൻ അപ്പോൾ തന്നെ വേണ്ട താല്പര്യം ഇല്ല എന്നു പറഞ്ഞതാണ്.. ഇപ്പോഴും വീട്ടുകാർ  പൂർണമായും വിട്ടു കളഞ്ഞിട്ടില്ല.. അത് എന്റെ കുറ്റം അല്ല...

അഖില അപ്പോൾ അവനെ രൂക്ഷമായി ഒന്ന് നോക്കി..

നീ നോക്കി കണ്ണ് പുറത്തു ചാടിക്കണ്ട.. എനിക്ക് എന്റെ പൂമ്പാറ്റ പെണ്ണ് ഉള്ളപ്പോൾ വേറെ ആരും വേണ്ട....

"എന്നെ ഒരു മുദ്ര പോലെ നിന്റെ ഹൃദയത്തിലും
ഒരു മുദ്ര പോലെ നിന്റെ കരത്തിലും ധരിക്കൂ"

അവളുടെ കൈ ഒന്നു കൂടി അമർത്തി.. അവൻ അവളെ നോക്കി പറഞ്ഞു..

അഖിലയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... പക്ഷെ ആശങ്കകൾ ഇനിയും ബാക്കി ആയിരുന്നു.

അല്ല... അപ്പോൾ നിന്റെ ചെമ്പിൽ വെച്ച ചൂട് വെള്ളം എവിടെ? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ആവശ്യം വരുമ്പോൾ എടുക്കാം..

അവളും ഒരു ഒഴുക്കൻ  മട്ടിൽ പറഞ്ഞു.

അപ്പൊ എന്താ ഉദ്ദേശ്യം ?? എന്നെ കല്യാണം കഴിക്കാൻ ആണോ?..

അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

അവൻ മെല്ലെ തല ചെരിച്ചു നോക്കി.. എന്നിട്ട് വീണ്ടും നേരെ നോക്കി ഇരുന്നു പറഞ്ഞു..

പിന്നെ നീ എന്താ വിചാരിച്ചേ?? നീ അല്ലാതെ ഒരുവൾ എന്റെ ഹൃദയത്തിൽ ഇടം പിടിക്കില്ല... പിന്നെ ഞാൻ ആർക്കും നിന്നെ വിട്ടു കൊടുക്കാൻ വേണ്ടി അല്ല സ്നേഹിച്ചത്.. അറിയാമല്ലോ എത്രകാലം ആയി നെഞ്ചിലേറ്റിയിട്ടു എന്നു...

അപ്പോൾ നമ്മുടെ മതം ജാതി... അതൊക്കെ എന്തു ചെയ്യും??

നീ മലയാളം ടീച്ചർ അല്ലെ? അപ്പോൾ നീ വായിച്ചില്ലേ മാധവിക്കുട്ടി പറഞ്ഞത്..

മതത്തെ പറ്റി ദൈവത്തോട് ചോദിച്ചാൽ ദൈവം തിരിച്ചു ചോദിക്കും അതു എന്താണെന്ന്..

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അതു പറഞ്ഞത്.

ദൈവത്തിന് ഒറ്റ മതവും ഭാഷയും മാത്രമേ ഉള്ളു അഖില.. സ്നേഹം.. നീയും ഞാനും ആ മതത്തിന്റെ പേര് പറഞ്ഞു പിരിഞ്ഞാൽ അവിടെ ദൈവം അല്ല ചെകുത്താൻ ആണ് ജനിക്കുന്നത്.

ആരും സമ്മതിച്ചില്ലേങ്കിലോ?

കാത്തിരിക്കാം..

അവൻ പിന്നെയും പറഞ്ഞു.

അല്ല ... ഇതു ചോദിക്കാൻ നീ എന്നോട് ഇതുവരെ മറുപടി പറഞ്ഞില്ലലോ?

അവന്റെ ചോദ്യം അവൾ ഒന്ന് ഞെട്ടി..

അവൻ അവളെ നോക്കി ചിരിച്ചു.

നീ പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം അഖില... പക്ഷെ കേൾക്കാൻ ഒരു കൊതി.

ഈ പ്രാവശ്യം അവൾ ആണ് അവന്റെ കയ്യിൽ മുറുക്കി പിടിച്ചത്.. അവൻ തല ചെരിച്ചു അവളെ നോക്കി..

എന്റെ റോയിച്ചൻ...

അവൾ മെല്ലെ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

ഒരു നിമിഷം പരസ്പരം കൺ കോർത്തു നിന്നു..

പെട്ടെന്ന് ചുറ്റും ഉള്ള ആളുകൾ ഒന്ന് എഴുന്നേൽക്കാൻ ഒക്കെ തുടങ്ങി..

അപ്പോൾ ആണ് ഇരുവർക്കും ബോധം വന്നത്.. നാടകം ഇന്റർവ്ൽ ആയിരിക്കുന്നു..

ഒന്നും അറിഞ്ഞില്ല.

അവൾ വേഗം കൈ പിൻവലിച്ചു..

ആ സമയം റോയിയുടെ ഫോൺ റിങ് ചെയ്തു..

എടുത്തു നോക്കി.. അവളോട്‌ പറഞ്ഞു..

പ്രസാദ് ആണ്.. കാണാഞ്ഞിട്ടു ആകും. ഞാൻ അങ്ങോട്ടു ചെല്ലട്ടെ... ഒന്നും കൂടി അവളെ നോക്കി.. എഴുന്നേറ്റ് പോയി..

കുറച്ചു നേരം കഴിഞ്ഞു.. അടുത്തൊരാൾ വന്ന് ഇരുന്ന കണ്ടു അഖില തല ഉയർത്തി നോക്കി..

ഉമ..

നീ മാമോദീസ മുങ്ങാൻ തിരുമാനിച്ചല്ലേ??

കയ്യിലിരിക്കുന്ന ചോളം വായിലേക്കിട്ടു അവൾ ചോദിച്ചു.

അഖില ഒന്ന് ഞെട്ടി.. പിന്നെ തല കുനിച്ചു.

ഉമ അവളുടെ താടി പിടിച്ചുയർത്തി.

എടി.. തല... തല ഉയർത്തി വെക്കണം...
കള്ളം കാണിക്കുമ്പോഴേ തല താഴാവൂ.. സ്നേഹം ഒരിക്കലും ഒരു കള്ളം അല്ലെടി. അതു ആരോടും പറഞ്ഞിട്ടും അല്ല വരുന്നത്.. തല കുനിച്ചു ഇരുന്ന് അതിന്റെ ഭംഗി നീ കളായല്ലേ..

എന്നാലും ഉമേ..

എന്തു എന്നാലും... കൊല്ലുന്നെങ്കിൽ അങ്ങു ചാവാമെടി...

ഞാൻ വിചാരിച്ചേ നീ എതിർക്കും എന്നാ..

എന്തിനു.. അവൾ കൈ മലർത്തി..

അഖില പിന്നെ ഒന്നും പറഞ്ഞില്ല.. ഉമയെ കെട്ടിപ്പിടിച്ചു.

അല്ല... നിന്റെ ചുണ്ട് എങ്ങനാ പൊട്ടിയെ..

അവളെ ഞെക്കി പിടിച്ചു അഖില ചോദിച്ചു.

ഉമ ഒന്ന് ഞെട്ടി..

ഓ.. അവളുടെ ഒരു കോങ്കണ്ണു.. അതൊക്കെ കൃത്യം കാണും..

അഖില ഒന്നും കൂടി അവളെ ഇറുകെ കെട്ടിപ്പിടിച്ചു..

ദൂരെ റോയ് അവളെ നോക്കി ചിരിച്ചു...
(തുടരും)

 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top