ഏതാടി ഉമേ അവള്...?
ബാക്ക് സ്റ്റേജിലേക്ക് നടക്കുമ്പോൾ അഖില ചോദിച്ചു.
അതോ.. പ്രസദേട്ടന്റെ കൊച്ചച്ഛന്റെ മോളാണ്.. ഓർമയില്ലേ.. കാവ്യ.
ഇപ്പൊ പി ജി ചെയ്യുന്നു.. വായനശാലയുടെ ജോയിൻ സെക്രെട്ടറി എങ്ങാണ്ട് ആണ്.
മ്മ്... അഖില ഒന്ന് മൂളുക മാത്രം ചെയ്തു.
എന്തേ.. നിനക്ക് അവളെ തോട്ടിൽ ഇടാൻ തോന്നുണ്ടോ?
ഉമ ഒന്ന് കൂർപ്പിച്ചു നോക്കി അവളോട് ചോദിച്ചു.
ഉള്ളിലെ ഞെട്ടൽ മറച്ചു പിടിച്ചു അഖില അവളെ നോക്കി.
എന്തിനു??
ഒന്നും ഇല്ല.... പഴയ സ്വഭാവം തന്നെയാ ഇപ്പോഴത്തെ പൂച്ചകൾക്കും കണ്ണടച്ചേ പാല് കുടിക്കൂ..
ഉമ ഒന്ന് ഇരുത്തി പറഞ്ഞു അഖിലയെ നോക്കി.
തന്റെ കള്ളം പിടിക്കപ്പെട്ട പോലെ ദയനീയമായി അഖില അവളെ നോക്കി.
ആരോ ഉള്ളം അറിഞ്ഞ പോലെ ഉമയെ വന്നു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു കൂട്ടി കൊണ്ടു പോയി.
നിനക്കുള്ളത് വന്നിട്ട് തരാം എന്ന ഭാവത്തിൽ ഉമ അവളെ നോക്കി നടന്നു പോയി.
ഉണ്ണി വന്നു അഖിലയെ വിളിച്ചു.
ഉമ എവിടെ അഖിലേ?
എന്താ ഏട്ടാ...
ചായ റെഡി ആയി ഇരിപ്പുണ്ട് .. അകത്തുള്ളവർക്ക് എല്ലാവർക്കും ഒന്ന് കൊടുക്കണം..
അവളെ ആരോ എന്തോ കാര്യത്തിന് വിളിച്ചു കൊണ്ടു പോയി.
സാരമില്ല.. ഞാൻ നോക്കാം. നീ അങ്ങോട്ട് ഒന്ന് ചെല്ലു..
അഖില നടന്നു പിറകിലേക്ക് ചെന്നു..
വലിയ ഒരു പാത്രത്തിൽ ചായ കൂട്ടി വെച്ചിരിക്കുന്നു..
പ്രസാദെട്ടൻ പേപ്പർ ഗ്ലാസ് എടുത്തു തന്നു.
ഇതിലേക്ക് എടുത്തു ഒഴിച്ചു വെച്ചാൽ മതി. ഞാൻ പിള്ളേരെ വിടാം ഇങ്ങോട്ട്.. കൊണ്ടു പോകാൻ..
അതും പറഞ്ഞു അതു അവളെ ഏൽപ്പിച്ചു അവൻ പോയി.
മേശെമേൽ ഗ്ലാസ് നിരത്താൻ എടുത്തതും ഒരു കൈ വന്നു അത് അവളിൽ നിന്നും വാങ്ങി.
മുഖം നോക്കാൻ ആവാതെ തല കുനിച്ചു.
ഞാൻ എടുത്തു വെയ്ക്കാം . നീ ചായ ഒഴിക്കു..
റോയ് ഗ്ലാസ് നിരത്തി വെച്ചു.
ചെറുതായി വിറച്ചു കൊണ്ടു അവൾ ചായ ഓരോ ഗ്ലാസ്സിൽ ആയി പകർത്തി....
കാവ്യ പ്രസാദിന്റെ പെങ്ങൾ ആണ്. എനിക്ക് ഒരു സുഹൃത്ത് ആണ്. വായനശാലയിൽ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ അടുപ്പം ഉണ്ട്.
തന്റെ മനസ് കണ്ടു പിടിച്ചിരിക്കുന്നു.. അഖില നിസാഹയായി.
എങ്കിലും തല ഉയർത്തിയില്ല.. ഇനിയും മനസ് വായിക്കും..
ഒന്ന് എന്നെ നോക്കി എന്നു വെച്ചോ രണ്ട് വാക്ക് മിണ്ടി എന്നു വെച്ചോ .. ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ല.
അല്ലെങ്കിലും ഈ പച്ചക്കറി ഒന്നും എനിക്ക് ദഹിക്കത്തില്ല.. ഞാനെ നല്ല അപ്പവും ബീഫ് സ്റ്റൂവും തിന്നുന്ന ആളാ..
അഖില ആകെ വല്ലാതെ ആയി.. ദേഷ്യം പെരുവിരലിൽ കൂടു കയറുന്നത് അറിഞ്ഞു.
കയ്യിൽ ബാക്കി ഉണ്ടായിരുന്ന ചായ അവന്റെ കയ്യിലേക്ക് തന്നെ ഒഴിച്ചു.
ആ..!!
റോയിടെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണു.
അവൻ അന്തം വിട്ട് അവളേ നോക്കി.
അല്ലെങ്കിലും ഈ ചത്തതിനെയും കൊന്നതിനെയും തിന്നുന്നവന്മാരെ എനിക്കും ദഹിക്കില്ല..
അവളത്രയും പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോയി.
റോയ് അവൾ പോകുന്നതും നോക്കി ചിരിച്ചു.
ഭാഗ്യം ഇത്ര എങ്കിലും പറഞ്ഞല്ലോ..
കൈ ഒന്ന് കുടഞ്ഞിട്ടു അവനും പോയി.
നിറഞ്ഞു വന്ന കണ്ണ് ഒഴുകാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടു അഖില റീഡിങ് റൂമിലെ ഒരു കോണിൽ പോയി ഇരുന്നു... ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി..
എനിക്കെന്തിന്റെ കേട് ആണ്.. ആ മനുഷ്യൻ ഇഷ്ടം പറയാൻ വന്നപ്പോൾ ഓടി പോയി.. ഇപ്പൊ അനിഷ്ടത്തോടെ പറഞ്ഞപ്പോൾ വഴക്ക് ഉണ്ടാക്കി വന്നേക്കുന്നു.. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ലല്ലോ ഭഗവാനെ.. ഒരു കുന്നോളം ഇഷ്ടം ഇത്രയും ദിവസം കൊണ്ടു മനസിൽ ഉറഞ്ഞു കൂടിയിട്ടുണ്ട്.. പക്ഷെ മനസ് തുറന്നു സമ്മതിക്കുന്നില്ല.. എല്ലാവരും അറിഞ്ഞാൽ എന്തു പറയും.. എന്നെ പറ്റി എന്തു കരുതും.. കുടുംബം ജാതി മതം... ഇതൊക്കെ ഒരു ചോദ്യചിഹ്നം ആയി വരില്ലേ.. മനസിന് വേലിക്കെട്ടുകൾ ഇല്ല. പ്രണയത്തിന് ജാതിയോ മതമോ ഇല്ല.. സ്നേഹിക്കുന്ന മനസ് മാത്രമേ ഉള്ളു.. എന്നെ ബാക്കി ഉള്ളവർക്ക് മനസിലാകുമോ?
ഇതൊന്നും ആലോചിക്കാതെ ആണോ മനസ് അങ്ങോട്ടു കയറി ചാഞ്ഞത്.. അവൾ സ്വയം ശാസിച്ചു..
പെട്ടെന്ന് അവൾ അവന്റെ കയ്യിലേക്ക് ചായ ഒഴിച്ചത് ഓർത്തു.
ദൈവമേ അപ്പോഴത്തെ ദേഷ്യത്തിനു ചെയ്തു പോയത് ആണ്.. ഞാൻ എന്തേ ഓർത്തില്ല.. അവൾ തലയിൽ സ്വയം അടിച്ചു.. പിന്നെ ഒരു വെപ്രാളം ആയിരുന്നു..
പൊള്ളി കാണുമോ? വേദന ഉണ്ടാകുമോ? എന്നോട് ദേഷ്യം തോന്നില്ലേ? മനസോടൊപ്പം ശരീരവും ഞാൻ വേദനിപ്പിച്ചിരിക്കുന്നു..
അവൾ വേഗം പുറത്തേക്ക് ഓടി.. അവിടെയെല്ലാം നോക്കി.. ഇല്ല ..കാണുന്നില്ല.. ഉണ്ണിയേട്ടനും പ്രസാദെട്ടനും എല്ലാം ഉണ്ട്.. റോയിച്ചൻ മാത്രം ഇല്ല..
ഇത്തിരി മാറി തിരക്കിയപ്പോൾ ആണ് കണ്ടത് കുറച്ചു അപ്പുറത്തെ വീട്ടിലേക്ക് കയറി പോകുന്നത്.. നേരെ പിറകെ ചെന്നു.. ഡോർ തുറന്നു തന്നെ കിടപ്പുണ്ട്.
അകത്തേക്ക് കയറിയപ്പോൾ കണ്ടു.. ഹാളിലെ ഒരു ഡ്രോവർ വലിച്ചു തുറന്ന് എന്തോ ഒരു മരുന്ന് എടുത്തു.. കയ്യിലേക്ക് പുരട്ടുകയാണ്..
അഖിലയ്ക്ക് നെഞ്ചിൽ ഒരു കനം വന്ന പോലെ തോന്നി..
എന്താ കാണുന്നെ എന്നോ ചുറ്റും നടക്കുന്നെ എന്നോ ബോധ്യം ഇല്ലാതെ ധ്രിതിയിൽ അവൾ അവനടുത്തേക്ക് നടന്നടുത്തു.
ശബ്ദം കേട്ട് തിരിഞ്ഞ റോയ് അഖിലയെ കണ്ടു ഞെട്ടി..
അവൾ വേഗം അവന്റെ കയ്യിൽ നിന്നും മരുന്നു വാങ്ങി കൈ നീട്ടി വലിച്ചു പിടിച്ചു ചുവന്നു കിടക്കുന്ന ഭാഗം നോക്കി.. അവൾക്ക് ഉള്ള് പുകഞ്ഞു നീറി..
മെല്ലെ മരുന്ന് കയ്യിൽ എടുത്തു അവിടുവിടെയായി ചുവന്നു പൊങ്ങി കിടക്കുന്ന ഭാഗത്ത് തടവി കൊടുത്തു.
അവൻ എതിർത്തില്ല.. അത്ഭുതത്തൊടെ നോക്കി നിന്നു അവളെ... ഒരു ചിരി മിന്നി മാഞ്ഞു..
ഒരു തുള്ളി കണ്ണുനീർ കയിൽ പതിച്ചപ്പോൾ ആണ് അവൾ കരയുകയായിരുന്നു എന്നവന് മനസിലായത്.
അവൻ മറുകൈ നീട്ടി അവളുടെ താടി തുമ്പ് പിടിച്ചുയർത്തി..
അവന്റെ മുഖത്തേക്ക് നോക്കിയതെ ഉള്ളു...
ഒരു എങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു.
ഞാൻ അറിഞ്ഞോണ്ട് അല്ല... വേണം എന്ന് വെച്ചിട്ടല്ല.. സോറി.. ഞാൻ വേദനിപ്പിച്ചു..
അവന്റെ പൊള്ളിയ കൈ ഇരു കൈകളും കൊണ്ട് കൂട്ടി പിടിച്ചു അവൾ നെഞ്ചോട് ചേർത്തു.
റോയ് മറുകൈ കൊണ്ടു അവളെ ചേർത്തു പിടിച്ചു...
അവന് ഹൃദയം സന്തോഷം കൊണ്ടു ഇപ്പോൾ പൊട്ടും എന്നു തോന്നി...
പൂമ്പാറ്റ പെണ്ണിന് ഒരു സമ്മാനം തരട്ടെ..
അവന്റെ ചോദ്യം കേട്ട് അവക് ഞെട്ടി കൊണ്ടു അവന്റെ മുഖത്തേക്ക് നോക്കി..
ഞെട്ടൽ മാറും മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..
തറഞ്ഞു നിൽക്കുന്ന അവളെ നോക്കി അവൻ കുസൃതി നിറച്ചു ചിരിച്ചു.
അവനിൽ നിന്നും അടർന്ന് മാറി അവൾ കൈ കവിളിലേക്ക് ചേർത്തു.
കണ്ണുകൾ ഇപ്പോഴും അവനിൽ തന്നെ ആണ്.
അവൾ വേഗം പുറത്തേക്ക് ഇറങ്ങി നടന്നു... കാലുകൾ പായുകയായിരുന്നു എന്നു വേണേൽ പറയാം.. ചെന്നു നിന്നത് വീട്ടിലെ തന്റെ മുറിയിൽ ആണ്.. അവന്റെ കൈപടയിലെ പേപ്പറുകൾ എല്ലാം എടുത്തു നോക്കി ഇരുന്നു..
മനസ് വർഷങ്ങൾക്ക് മുൻപിലേക്ക് ചെന്നു.. ഒരു ക്രിസ്റ്റമാസ് അവധിക്കാലത്തിലേക്ക്.. രാത്രി വന്ന കരോൾ സംഘത്തിനെ കൗതുകത്തോടെ നോക്കുന്ന ഒരു അഞ്ചാം ക്ലാസ് കാരിയിലേക്ക്....
മുറ്റത്തു ഒരു കോണിൽ നിന്ന് എല്ലാം കണ്ടു നിൽക്കുകയാണ്.. നാട്ടിലെ പിള്ളേര് എല്ലാം ഉണ്ട്.. ഉണ്ണിയേട്ടനും ഉണ്ട് കൂടെ.. വലിയ പാപ്പയും കുഞ്ഞു പാപ്പമാർ വേറെയും ഉണ്ട്.. പാട്ടും ബഹളവും എല്ലാം ഉണ്ട്.. ഒരു കുഞ്ഞു പാപ്പ പെട്ടെന്നാണ് അഖിലയുടെ അടുത്തേക്ക് വന്നത്..
പൂമ്പാറ്റപെണ്ണിന്... സമ്മാനം വേണ്ടേ?
കാതോരം വന്നു ചോദിച്ചു..
ഞാൻ പൂമ്പാറ്റ അല്ലല്ലോ... അഖിലയാ..
എല്ലാ നിഷ്കളങ്കതയോടും അവൾ പറഞ്ഞു..
പക്ഷെ എനിക്ക് പൂമ്പാറ്റ പെണ്ണാണല്ലോ..
വേണ്ടേ സമ്മാനം?
അവൾ ചിരിച്ചു കൊണ്ട് തല കുലുക്കി...
മുഖംമൂടി കുറച്ചു മാത്രം ഉയർത്തി.. അവളുടെ കാതോരം ചെന്നു കവിളിൽ ഒരുമ്മ കൊടുത്തു..
അവൾ ഞെട്ടി പോയി.
മുഖംമൂടി തിരിച്ചു വെച്ചു രണ്ടടി പിറകോട്ടു മാറി ആ പാപ്പ അവളെ നോക്കി നിന്നു..
അന്നത് മനസിലാക്കാൻ ഉള്ള വലുപ്പമോ പ്രായമോ അല്ലായിരുന്നു... എന്നാലും ക്രിസ്റ്റമസ് അപ്പൂപ്പനിൽ നിന്നും കിട്ടിയ സമ്മാനം എന്നും ഓർത്തു വെച്ചു. ഓർമകൾ എന്നും പ്രീയപ്പെട്ടതായി സൂക്ഷിക്കുന്ന അഖിലയ്ക്ക് ഇതും ഒരു താളിൽ കുറിച്ചു വെച്ചു.. അടുത്ത വർഷവും കരോൾ വന്നു.. പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഇരു കവിളും പൊത്തിപ്പിടിച്ചാണ് മാറി നിന്നത്... പാപ്പ പക്ഷെ വന്നു.. രണ്ടടി ദൂരം നിന്നു നോക്കി നിന്നു.. കരോളിന് ഒപ്പം തിരിച്ചു പോയി..
പിന്നെയും വർഷങ്ങൾ... പക്ഷെ പിന്നെ ഒരിക്കലും വന്നില്ല..
അപ്പോൾ...??
അഖിലയ്ക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു..
ആ എഴുത്തുകൾ നെഞ്ചോട് ചേർത്തു ബെഡിലേക്ക് കിടന്നു....
ഫോൺ റിങ് ചെയ്തപ്പോൾ ആണ് സ്വബോധം വന്നത്..
ഉമ ആണ്.
എവിടെ ആടി? എവിടെയെല്ലാം നോക്കി.?
ഞാൻ വീട്ടിലാ ഉമാ..
വീട്ടിലോ? നിനക്കെന്താടി? നാടകം ഇപ്പോൾ തുടങ്ങും.. നീ വരുന്നുണ്ടോ??
ഞാൻ വരണോടി ഇനി?
ദേ.. ചവിട്ടി കൂട്ടും മര്യാദക്ക് വന്നോ.. നിനക്ക് ... രാവിലെ എന്താടി കഞ്ചാവ് കൂട്ടി ആണോ വീട്ടീന്ന് ചായ തന്നത്.. രാവിലെ മുതൽ പോകഞ്ഞു നടക്കുവാ പെണ്ണ്...
വേഗം ഇങ്ങു പോന്നോ.. എനിക്ക് എല്ലാം മനസിലാകുന്നുണ്ട്...
വരാം.. ഇനി വിളിച്ചു കൊയ്‌വി നാട്ടുകാരെ അറിയ്ക്കണ്ട.. നിന്നെ എനിക്ക് വിശ്വാസം ഇല്ല...
ആ മര്യാദയ്ക്ക് വാ..
ഫോൺ വെച്ചു വെളിയിലേക്ക് ഇറങ്ങുമ്പോൾ അമ്മ വായും പൊളിച്ചു നോക്കി.. ഇതെപ്പോ വന്നു കേറി എന്ന മട്ടിൽ..
നാടകത്തിനു വരുന്നില്ലേ എന്നു ചോദിച്ചപ്പോൾ മുത്തശ്ശിയെ ഒറ്റക്കാക്കി വരുന്നില്ല നീ പൊയ്ക്കോ എന്ന് പറഞ്ഞു.
നടക്കുംതോറും കാലിൽ ഒരു വിറ കയറുന്നത് അറിയുന്നുണ്ടായിരുന്നു.
ചിന്തിച്ചു കൂട്ടി എത്തിയത് അറഞ്ഞില്ല..
ഒന്ന് ചുറ്റും കണ്ണോടിച്ചു.. ഉമയും ഉണ്ണിയേട്ടനും ഒരു മതിലിന്റെ ഓരം ചേർന്നു നിന്നു സംസാരിക്കുന്ന കണ്ടു.. അടുത്തേക്ക് ചെല്ലും തോറും ഉണ്ണിയേട്ടൻ ദേഷ്യത്തിൽ ആണെന്ന് മനസിലായി... എന്നെ കണ്ടതും ഉണ്ണിയേട്ടൻ നിർത്തി.
ഉമയുടെ മുഖം എല്ലാം വല്ലാതെ ചുവന്നിട്ടുണ്ട്.. കണ്ണു ചുവന്നു കലങ്ങിയിട്ടുണ്ട്..
എന്താ ഉണ്ണിയേട്ടാ?
ഇവളോട് ചോദിക്ക്..
എന്താടി.. ഉമയുടെ കയ്യിൽ പിടിച്ചു ചോദിച്ചു.
ഇങ്ങേർക്ക് ആ അർച്ചനയെ കെട്ടണം പോലും..
ങേ?? അഖില കണ്ണും വായും മിഴിച്ചു ഉണ്ണിയെ നോക്കി.
എന്റെ മോളേ... ഇവൾക്ക് പ്രാന്ത് ആണ്..
പ്രാന്ത് നിങ്ങടെ മറ്റവൾക്ക് ആണ് മനുഷ്യാ... എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.. ഈ നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലാഞ്ഞിട്ടാണോ അവള് നിങ്ങടെ നെഞ്ചതൊട്ടു കയറുന്നത്..
അതേ... നിന്നെ പോലെ അല്ല .... നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാ അവൾ..
പിന്നെ അതാണല്ലോ അവള് നിങ്ങടെ കയ്യിൽ കേറി പിടിച്ചേ.. അടക്കവും ഒതുക്കവും കൊണ്ടു..
അതിനു നീ എന്തിനാടി അവളുടെ മെത്തു കളർ കോരി ഒഴിച്ചത്..
അഖില അന്തംവിട്ട് നിന്നു..
നീ എന്തോ ചെയ്തു..?? അവൾ ഉമയെ നോക്കി ചോദിച്ചു.
ഞാൻ കളർ ഒന്നും ഒഴിച്ചില്ല.. കൈ തട്ടി അറിയാതെ വീണത് ആണ്..
ഉമാ തല കുനിച്ചു..
അഖിലയ്ക്ക് ചിരി വന്നു..
അവൾ ഉമയുടെ കവിൾ രണ്ടും പിടിച്ചു വലിച്ചു..
നിന്നെ എനിക്ക് അറിയാത്തത് അല്ലാലോ എന്റെ ഉമേ??.
ഉണ്ണിക്കും ചിരി വന്നു... അവൻ അടക്കി പിടിച്ചു..
ഞാൻ പോകുന്നു.. നിങ്ങൾ ആങ്ങളയും പെങ്ങളും ഒന്നായി.. ഞാൻ ആരാ... ഉമ തിരിഞ്ഞു നടന്നു..
എന്താ ഉണ്ണിയേട്ടാ.. പിണങ്ങാൻ വേണ്ടി മാത്രം ആണോ നിങ്ങള് മിണ്ടുന്നത്... അവൾക്ക് വിഷമം ആയി.
അതേ ഒരു കുഞ്ഞു കുശുമ്പി ആണ്.. ഉണ്ണി ചിരിച്ചു..
സ്നേഹം കൊണ്ടല്ലേ ഏട്ടാ..
ചെന്നവളെ സമാധാനിപ്പിക്കു.. ഇപ്പൊ തന്നെ എത്രയായി പിണങ്ങി നടക്കുന്നു.
മ്മ്.. ഉണ്ണി ഉമയ്ക്ക് പിറകെ പോയി..
ലൈബ്രറിയിൽ ബുക്ക് റാക്കിന് ഇടയിൽ കണ്ണുകൾ അടച്ചു ചാരി നിൽക്കുകയായിരുന്നു ഉമ.
ഉണ്ണി ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി..
ഉമയുടെ തൊട്ടു മുൻപിൽ പോയി നിന്നു.. മുട്ടി മുട്ടിയില്ല എന്ന പോലെ..
മെല്ലെ.. ചുണ്ടു മൂക്കിൻ തുമ്പിൽ തൊട്ടു.
ഉമ ഞെട്ടി കണ്ണു തുറന്നു..
അവൾ ദേഷ്യത്തോടെ അവനെ തള്ളി മാറ്റി. പക്ഷെ അവൻ പൂണ്ടടുക്കം അവളെ കെട്ടിപ്പിടിച്ചു..
എന്റെ വഴക്കാളി...
വേണ്ട.. നിങ്ങടെ ആ സുന്ദരിക്കോതയെ പോയി കെട്ടിപ്പിടിക്ക്..
ദേ.. പെണ്ണേ ഇത്ര ദിവസം ശ്വാസം മുട്ടി ആണ് ഞാൻ നടന്നത്.. അവളെ കൊണ്ടെങ്കിലും നീ മിണ്ടിയല്ലോ..
അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു.
ഇങ്ങനെ കണ്ണു നിറച്ചു നിൽക്കല്ലേ പെണ്ണേ... എപ്പോഴും തറുനില പറയുന്ന വഴക്കാളി ആയ മതി എന്റെ മോള്.. കൂടുമ്പോൾ ഞാൻ ഇങ്ങനെ ചെവിക്ക് പിടിച്ചോളം..
അവൻ ഉമയുടെ ചെവി പിടിച്ചു.
കൈ തട്ടി മാറ്റി അവനെ ഇരുകൈ കൊണ്ടും മുറുക്കി പിടിച്ചു അവൾ നിന്നു.. ഉണ്ണിയും...
അഖില മെല്ലെ നടന്നു.. ബാക്ക് സ്റ്റേജിൽ പോയി..
നാടകക്കാർ ഒരുങ്ങി നിൽക്കുന്നു....
സഹായിക്കാൻ എല്ലാവരും ഉണ്ട്...
അവളും നടന്ന് അങ്ങോട്ടേക്ക് ചെന്നു..
റോയിയെ... നിന്റെ ആ കല്യാണാലോചന എന്തായടാ
മേടയിലെ സാമുവലിന്റെ മോളുടേത്??
കൂട്ടത്തിൽ ആരോ ചോദിക്കുന്നത് കേട്ടു അഖില നിന്നു പോയി..
ഒന്നും ആയില്ല... ആകുമ്പോൾ പറയാം..
റോയ് പറഞ്ഞു തിരിഞ്ഞതും മുന്നിൽ അഖില.
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു