വിശ്വഗാഥ, ഭാഗം 4

Valappottukal
വിശ്വഗാഥ💕

ഭാഗം- 4

ഗാഥയും നാനിയും രാധികയെ കണ്ടു കഴിഞ്ഞു. ഗംഗ പതിയ എണീക്കാൻ പോയി.

"ഞാൻ നിന്നോട് ഇരുന്ന് പഠിക്കാൻ പറഞ്ഞിട്ട് പോയതല്ലേ ഗംഗേ...  കൊള്ളാം. നിനക്ക് പറ്റിയ ചേച്ചി"
ഗാഥ തല താഴ്ത്തി ഇരുന്നു.

"അമ്മ കഥ പറഞ്ഞ് തീർന്നോ? ഇങ്ങോട്ട് വരുമ്പോൾ കുറച്ചു ഉരുളക്കിഴങ്ങു എടുത്തായിരുന്നല്ലോ.  അത് നന്നാക്കിയോ?  അദ്ദേഹം ഇപ്പോൾ വരും.  കറി റെഡി ആക്കണ്ടേ?  പഠിക്കാതെ ഇരിക്കാൻ വേണ്ടിയിട്ടല്ലേ ഇവൾ അമ്മയുടെ അടുത്ത് വന്നത്.  അമ്മ ആണേൽ അച്ഛന്റെ പേര് കേട്ടാൽ പിന്നെ എല്ലാം മറക്കും. ഞാൻ ആണേൽ അവിടെ ചപ്പാത്തിയൊക്കെ ഉണ്ടാക്കി കഴിഞ്ഞു"

"അയ്യോ...  ഞാനത് മറന്നു.  നിങ്ങളൊക്കെ പോയേ.  ഞാനിത് അരിയട്ടെ"

"ഗംഗേ...  നിനക്ക് എന്താ ഇപ്പോൾ അച്ഛന്റെ കാര്യം ഓർമ വന്നത്?"

"അത് അമ്മേ...  ഇന്ന്... സ്കൂളിലൊരു ഡ്രാമ... "

"മതി നിന്റെ ഡ്രാമ.  സ്കൂളിലാണോ നീയാണോ ഡ്രാമ എന്ന് എനിക്ക് അറിയാം"

"സത്യമായിട്ടും... ദാ അച്ഛൻ വന്നു. കാറിന്റെ സൗണ്ട് അല്ലേ കേട്ടത്"
ഗംഗ മുൻവശത്തേക്ക് ഓടി പോയി.

"ഹെ ഭഗവാൻ... വഹ് ആ ഗയാ..."
രാധിക തലയിൽ കൈ വെച്ചു.

രാധിക നാനിയെ തറപ്പിച്ചൊന്നു നോക്കി. നാനി ഒന്നും മിണ്ടാതെ ഉരുളക്കിഴങ്ങ് അരിഞ്ഞുകൊണ്ടിരുന്നു.

"നോക്കിയേ... ഇന്ന് ഗാഥേച്ചിയുടെ ഫേവറിറ്റ് ആണ്. ഓറഞ്ച് ലഡ്ഡുവാ..."

ഗംഗ ലഡ്ഡുവിന്റെ പാക്കറ്റ് ഗാഥയുടെ കയ്യിൽ കൊടുത്തു.

"അച്ഛാ... നാളെ വരുമ്പോൾ ജിലേബി കൊണ്ടുവരണേ..."

"വരാലോ..."

"നീ എന്താ രാധികേ ഇങ്ങനെ നോക്കുന്നേ?"

"അത്... കറി തയ്യാറായില്ല..."

"ഓഹ് അതാണോ... സമയം ആയില്ലല്ലോ. ഞാൻ ഇന്ന് അല്പം നേരത്തെയല്ലേ വന്നത്"

കൈലാസ് രാധികയെ  നോക്കി ചിരിച്ചു. രാധികക്ക് സമാധാനമായി. ഗാഥയും ഗംഗയും നേരത്തെ ഇരുന്നയിടത്ത് തന്നെ പോയി ഇരുന്നു.

"ചേച്ചി എന്താ ലഡ്ഡു കഴിക്കാത്തെ?"

"ആഹ് കഴിക്കാം..."

ഗാഥ പാക്കറ്റ് തുറന്ന് ഒരണ്ണം കയ്യിൽ എടുത്തു. എന്നിട്ട് ആ പാക്കറ്റ് ഗംഗക്ക് തിരികെ കൊടുത്തു.

"നാനി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചതാ. ചേച്ചി വേറെ എന്തോ ആലോചിക്കുവായിരുന്നു"

"ഞ..ഞാൻ എന്ത് ആലോചിക്കാനാ?"

"ആവോ... എനിക്കറിയില്ല. ചേച്ചിയുടെ മൈൻഡ് വേറെ ഏതോ ലോകത്തോ ആയിരുന്നുവെന്നാ എനിക്ക് കണ്ടപ്പോൾ തോന്നിയെ"

"അത് ഞാൻ നാനി പറഞ്ഞപ്പോൾ ആ സീനൊക്കെ മനസ്സിൽ ഓർത്തതാ"

"ഏത് സീൻ?"

"നീ ഇങ്ങനെ ഓരോന്നും ചോദിച്ചുകൊണ്ട് ഇരിക്കാതെ ഇരുന്ന് പഠിച്ചേ. ഇത്രയും നേരം ചുമ്മാ കഥ കേട്ടുകൊണ്ട് ഇരുന്നതല്ലേ"

"ഓഹ്... ഇനി എന്ത് പഠിക്കാൻ? ഇപ്പോൾ സമയം 8:30 ആകാൻ പോണു. അപ്പോഴേക്കും അമ്മ കഴിക്കാൻ വിളിക്കും. ഞാൻ ഒരു 9:30 ആകുമ്പോൾ ഉറങ്ങാൻ പോകും"

ഗംഗ ഗാഥയെ നോക്കി കണ്ണിറുക്കി കാണിച്ചു. എന്നിട്ട് ചുമ്മാ ടെക്സ്റ്റ്‌ ബുക്ക്‌ എടുത്ത് ഓരോ പേജ് ആയി മറിച്ചുകൊണ്ടിരുന്നു. നാനി ഇത് കണ്ടുകൊണ്ട്  വന്നു. ഗംഗയെ നോക്കി കണ്ണുരുട്ടി. അവൾ നാനിക്കൊരു ഫ്ലൈയിങ് കിസ്സ് കൊടുത്തു. ഗാഥയും നാനിയും  അറിയാതെ ചിരിച്ചുപോയി. കുറച്ചുകഴിഞ്ഞ് രാധിക ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമായി വന്നു. ഗംഗ ടെക്സ്റ്റ്‌ ബുക്ക്‌ അടച്ചുവെച്ചിട്ട് ഓടി വാഷ് ബേസിനിൽ പോയി  കൈകഴുകി വന്നു.

"ഗാഥേച്ചി... മതി വരച്ചത്. എണീറ്റ് വാ..."

"ദാ വരുന്നു. കുറച്ചുകൂടിയേ ഫിനിഷ് ചെയ്യാൻ ഉള്ളു"

"അത് പിന്നെ വരക്കാം മോളെ. കഴിക്കാൻ  ദേ അമ്മ എടുത്തു വെക്കുവാ"

"ശെരി അച്ഛാ... ഇപ്പൊ വരാം"

ഗാഥ ഉടനെ തന്നെ ബുക്ക്‌ അടച്ചുവെച്ചിട്ട് പോയി കൈ കഴുകി വന്നു. രാധികയും നാനിയും അവർക്ക് വിളമ്പികൊണ്ട് നിന്നു.  കഴിച്ചുകൊണ്ടിരുന്ന സമയത്ത് കൈലാസിന്റെ ഫോൺ റിങ്ങ് ചെയ്തു.

"രാധികേ... അത് ആരാന്ന് നോക്കൂ..."

രാധിക റൂമിൽ ചെന്ന് ഫോൺ എടുത്ത്കൊണ്ടു വന്ന് കൈലാസിന് കൊടുത്തു.

"കാശിയാ..."

"ആഹ് അവൻ ആയിരുന്നോ? ഹെലോ... എന്തൊക്കെയുണ്ടടാ വിശേഷങ്ങൾ? നിനക്കെപ്പോഴും തിരക്കാണല്ലോ. ഓഹ്...എനിക്കും ഉണ്ട് ഇവിടെ തിരക്കൊക്കെ. നീ ഇങ്ങോട്ടൊന്നും വരുന്നില്ലേ? ഏഹ്?  വെക്കേഷനോ? ഹ്മ്മ്... ശെരി പറയാം... എന്ത് ബിസിയോ? ആഹ്... വെച്ചു. രാധികേ....ഇതൊന്ന് ചാർജിൽ വെച്ചേക്ക്"

രാധിക ഫോണുമായി തിരികെ റൂമിലേക്ക് പോയി.

"നിങ്ങളുടെ ചെറിയച്ഛന് എപ്പോഴും ബിസിയാ. ദേ ഇപ്പോൾ വിളിച്ചപ്പോഴും ബിസി. നിങ്ങൾ രണ്ടുപേരെയും അന്വേഷിച്ചു"

"അവൻ  ഇങ്ങോട്ട് വരുന്നുണ്ടോ കൈലാസ്?"

"അത് ചോദിച്ചപ്പോൾ വെക്കേഷന് അവിടെ വെച്ച് കാണാമെന്നു പറഞ്ഞു"

"ശോ... പെട്ടെന്നൊന്നു വെക്കേഷൻ ആയാൽ മതിയാർന്നു. അല്ലേ ചേച്ചി?"

"അതൊക്കെ സമയം ആകുമ്പോൾ ആയിക്കോളും. നീ വേഗം കഴിച്ചേ..."

"ഓ കഴിക്കുവല്ലേ നാനി..."

ഗംഗ വേഗം കഴിച്ചിട്ട് മുറിയിലേക്ക് ഓടി. ഗാഥ അവർ കഴിച്ച പ്ലേറ്റ്സൊക്കെ എടുത്ത് അടുക്കളയിൽ കൊണ്ടുപോയി വെച്ചു. എന്നിട്ട് കൈകഴുകി. അവളുടെ ബുക്കും ഗംഗയുടെ ടെക്സ്റ്റ്‌ ബുക്കും എടുത്ത് ഗാഥയും മുറിയിലേക്ക് ചെന്നു.

"നീ നിന്റെ ടെക്സ്റ്റ്‌ ബുക്ക്‌ എടുക്കാതെ നേരെ ഇങ്ങ് ഓടിയല്ലേ?"
എന്നും പറഞ്ഞ് ഗാഥ വാതിൽ കുറ്റിയിട്ടു.

"അത് ചേച്ചി എടുക്കുമെന്ന് അറിയാമായിരുന്നു. ഈൗ... "

"ആഹാ... ഇപ്പോൾ കഴിച്ചതല്ലേ ഉള്ളു. എണീറ്റ് ഇരുന്നേ..."

"മ്മ്... ശെരി. ചേച്ചി വാ. ഇവിടെ ഇരുന്ന് വരക്കാതെ കട്ടിലിൽ എന്റെ അടുത്ത് ഇരിക്ക്"

"ഇതൊന്നു തീർക്കട്ടെ. നീ പറഞ്ഞോ. ആഹ് ഇന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞില്ലാലോ. പറയ്‌"

ഗംഗക്ക് ഇത് കേട്ട് സന്തോഷമായി. അവൾ വാ തോരാതെ യൂത്ത്ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ പറഞ്ഞു.

"മ്മ്... കൊള്ളാലോ. അപ്പോൾ ഇന്ന് അടിച്ചുപൊളിച്ചല്ലേ? നീ ഡാൻസ് ഒന്നും കളിക്കാത്തതെന്താ?

"എനിക്ക് നമ്മുടെ ചിക്കുവിന്റെയും മാലുവിന്റെയും ഒപ്പം ഡാൻസ് കളിക്കുന്നതാ ഇഷ്ടം"

"ഓഹോ..."

"യാ...മതി വരച്ചത്. ഇനി വന്ന് കിടക്ക്‌"

"ദാ കഴിഞ്ഞു"
ഗാഥ തന്റെ ബുക്ക്‌ അടച്ചുവെച്ചു.

"ഞാൻ പോയി മുഖമൊന്നു കഴുകിയിട്ട് വരാം"

"മ്മ്... വേഗം വാ... എനിക്ക് ഉറങ്ങണം"

ഗാഥ വേഗം തന്നെ ബാത്‌റൂമിൽ പോയി വന്നു. എന്നിട്ട് ട്യൂബ് ലൈറ്റ് ഓഫ്‌ ചെയ്തതിനു ശേഷം ഡിം ലൈറ്റ് ഇട്ടു.

"ഗുഡ് നൈറ്റ്‌ ചേച്ചി. ഉമ്മാാ..."
ഗംഗ ഗാഥയുടെ കവിളൊരു ഉമ്മയും കൊടുത്ത് കെട്ടിപ്പിടിച്ച്  കിടന്നു.

"മ്മ്... ഗുഡ് നൈറ്റ്‌. പിന്നേ... നീ ആ ഡ്രാമയുടെ കാര്യം മാത്രം പറഞ്ഞില്ലാലോ"

"ഏത് ഡ്രാമ?"

"നീ നേരത്തെ നാനിയോട് പറഞ്ഞില്ലേ?"

"ഓഹ്. അതോ?  ശോ... നാനിയെ പോലെ ഗാഥേച്ചിയും പൊട്ടി ആയോ?  അത് ഞാൻ കള്ളം പറഞ്ഞതാ എന്ന് മനസ്സിലായില്ലേ?  അങ്ങനെ എന്തേലും പറഞ്ഞാൽ അല്ലേ നാനയെ കുറിച്ച് പറയുള്ളു"

"ആഹാ... അപ്പോൾ ഇന്ന് ഒരു ഡ്രാമയും ഇല്ലായിരുന്നോ?"

"ഇല്ലേച്ചി... ചിലപ്പോൾ നാളെ കാണുമായിരിക്കും"

"മ്മ്...കിടന്നുറങ്ങ്. ലേറ്റ് ആകണ്ട"

"ആഹ് ഇപ്പോഴാ ഓർത്തേ. ചേച്ചി എന്താ വൈകിട്ട് വരാൻ ലേറ്റ് ആയത്?"

"അത്... അത് ഓട്ടോ കിട്ടിയില്ലെടി"

"ആണോ?  അല്ലാതെ വേറെ ഒന്നും കൊണ്ടല്ലാലോ??"

"വേറെ എന്ത്?"

"അത് എന്നോടാണോ ചോദിക്കുന്നെ?"

"അത് ഒന്നുല്ല. നീ മര്യാദക്ക് കിടന്നുറങ്ങിക്കേ"

"ആഹ് അപ്പോൾ എന്തോ ഉണ്ട്. ഗാഥ മോളെ... മര്യാദക്ക്  എന്നോട് പറഞ്ഞോ. പിന്നീട് എന്തേലും ഉണ്ടായാൽ എന്റെ അടുത്ത് വന്ന് ഗംഗേ... ഇതായിരുന്നു കാര്യം എന്ന് പറയാൻ വരരുത്"

ഇതും പറഞ്ഞ് ഗംഗ തിരിഞ്ഞുകിടന്നു. ഗാഥ നടന്നതെല്ലാം പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ഗംഗയെ വിളിച്ചു.

"നീ പിണങ്ങല്ലേ. ഞാൻ പറയാം"

"എങ്കിൽ പറയ്‌"
 ഗംഗ അവളുടെ മുഖത്തേക്ക് നോക്കി.

"ഹ്മ്മ്..."

ഗാഥ എല്ലാ കാര്യങ്ങളും ഗംഗയോട്  പറഞ്ഞു. അവൾ ഇതൊക്കെ കേട്ട് വാ പൊളിച്ചു.

"ശേ... അങ്ങനെ പറഞ്ഞ അവന് ഒരു ഇടി പോരാ. അല്ലാ... ആ ചേട്ടൻ കൊള്ളാലോ. പേരെന്താന്നാ പറഞ്ഞേ?  വിശ്വയോ?  നൈസ്. പുള്ളിയെ കണ്ടാൽ ഒരു ഷേക്ക്‌ ഹാൻഡ് കൊടുക്കണം. ചേച്ചിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറേ നടക്കണോ ആ ചേട്ടന്റെ കടയിൽ പോകാൻ?"

"ഇല്ല. കുറച്ച്..."

"ആ ചേട്ടനെ മുൻപ് എവിടേലും കണ്ടിട്ടുണ്ടോ?"

"ഏയ്... ആഹ് ഉണ്ട്. നീ എന്നോട് രാവിലെ ചോദിച്ചില്ലേ ഒരു ആന്റിയെ പറ്റി. നമ്മൾ ക്ഷേത്രത്തിൽ പോയപ്പോൾ. ആ ആന്റിയുടെ മകൻ ആണെന്ന് തോന്നുന്നു"

"ഓഹ് ആ ചേട്ടനാണോ?  ഞാൻ നോക്കിയിരുന്നു പുള്ളിയെ"

"ഏഹ്?! എന്തിന്?"

"ഇവിടെങ്ങും കണ്ടിട്ടില്ലാലോ. ജസ്റ്റ്‌ ഒന്നു നോക്കി പോയതാ. പിന്നേ,  ബുള്ളറ്റിൽ ഗാഥേച്ചി കേറിയത് ആരും കണ്ടില്ലെന്നു ഉറപ്പല്ലേ?"

"ഹ്മ്മ്... ഞാൻ ആരെയും കണ്ടില്ല"

"മ്മ് ഓക്കേ. ഇനി കിടന്നുറങ്ങാം"

"ശെരി"

"അല്ലാ ഗാഥേച്ചി... ഒരു ഡൌട്ട്"

"ഇനി എന്താടി?"

"നാനിയുടെ സ്റ്റോറിയുമായി ഈ സംഭവം കുറച്ച് മാച്ച് ഉള്ളതുപോലെ തോന്നുന്നു"

"ഒരു മാച്ചുമില്ല. നീ ഉറങ്ങാൻ നോക്കിയേ. ഗുഡ് നൈറ്റ്‌"

"അല്ല ഇതെന്താ അങ്ങോട്ട്‌ തിരിഞ്ഞു കിടക്കുന്നെ?  ഇനി ആ ചേട്ടനെ സ്വപ്നം വല്ലതും കണ്ടു കിടക്കാൻ പ്ലാൻ ഉണ്ടോ?  ഏഹ്?  ഹി..ഹിഹി..."

എന്നും പറഞ്ഞ് ഗംഗ കളിയാക്കാൻ തുടങ്ങി.

"ഓഹ്... ഈ പെണ്ണ്"

ഗാഥ ഉടനെ തിരിഞ്ഞ് ഗംഗയെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ തുടങ്ങി.
ഈ സമയം വിശ്വ ഗാഥയെ ഓർത്ത് കിടക്കുവായിരുന്നു. ഇടക്ക് എപ്പോഴോ ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഗാഥ ഞെട്ടി ഉണർന്നു. ഗംഗയെ നോക്കിയപ്പോൾ അവൾ കൂർക്കം വലിച്ച് നല്ല ഉറക്കമാണ്. ഗാഥ തിരിഞ്ഞു കിടന്നു. ഒരിക്കൽ കൂടി അതൊക്കെ ഓർത്ത് അവൾ ഉറക്കത്തിലേക്ക്  ആഴ്ന്നിറങ്ങി.
**********--------------**********
"ഡി... നീ ഇത് എന്തോർത്ത് ഇരിക്കുവാ?"

"ഏയ്... ഒന്നുല്ല. ശ്വേത ഇപ്പോൾ കസിൻസിന്റെ ഒപ്പം അടിച്ചുപൊളിക്കുകയായിരിക്കും. അല്ലേ?"

"ആഹ് അതെ. പിന്നെ,  നീ ഇത് കംപ്ലീറ്റ് ആക്കിയില്ലേ?  നോക്കട്ടെ"

ഗാഥ അവളുടെ ബുക്ക്‌ ആശക്ക് കൊടുത്തു.

"ഛോട്ടു... ഇന്ന് ആ കടയിലൊന്നു പോണം"

"ഏത് കട?"

"ടെക്സ്റ്റൈൽസ് ഇല്ലേ നമ്മൾ ഇന്നലെ പോയത്"

"ഓഹ് അവിടെയോ? എന്തേ? നിനക്കിന്ന് ചുരിദാർ എടുക്കണോ?"

"ഏഹ്?  മ്മ്മ്..."

"ശെരി. ക്ലാസ്സ് കഴിയുമ്പോൾ പോകാം. മിസ്സ്‌ എന്താ ഈ സമയത്ത്?"

"അതേ... കുറച്ചു നോട്ട്സ് കൂടി തരാൻ ഉണ്ട്. എല്ലാവരും ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കണോട്ടൊ. പ്രാക്ടിക്കൽ ചെയ്യാൻ എല്ലാവർക്കും അറിയാമായിരിക്കും. അതുപോലെ തന്നെ തിയറിയും നല്ലതുപോലെ എഴുതണം"

"ഓഹ്... ഇനിയും നോട്ട്സ്  ഉണ്ടോ? ഇത് എന്ത് കഷ്ടമാ ഗാഥേ?"

"അടുത്ത മാസമാണ് എക്സാം എന്ന് ഓർമയുണ്ടല്ലോ?"

"എപ്പോഴായിരിക്കും മിസ്സ്‌?"
ക്ലാസ്സിൽ ഒരാൾ ചോദിച്ചു.

"പകുതിക്ക് വെച്ചായിരിക്കും. ഡേറ്റ് കൺഫേം ആയില്ല. ഞാൻ പറയാം. റെക്കോർഡ് മറ്റും കംപ്ലീറ്റ് ആക്കാൻ ഉണ്ടെങ്കിൽ നേരത്തെ ചെയ്യുന്നതായിരിക്കും നല്ലത്. പഠിക്കുന്നതിനിടയിൽ അതിന് സമയം കളയണ്ട. കേട്ടോ എല്ലാവരും?"
എല്ലാവരും തലയാട്ടി.

"ഗാഥേ... ശ്വേത എവിടെ?"

"അവൾ ഒരു കസിന്റെ കല്യാണത്തിന് പോയി മിസ്സ്‌"

"ഹ്മ്മ്... റെക്കോർഡൊക്കെ കംപ്ലീറ്റ് ആക്കിയിട്ടാണോ പോയേ?"

"കുറച്ചും കൂടി ഉണ്ടെന്ന് തോന്നുന്നു"

"മ്മ്... ദാ ഇത് വാങ്ങിക്ക്. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഗാഥയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് കേട്ടോ"

എന്നും പറഞ്ഞ് അവരുടെ മിസ്സ്‌ പോയി.

"ഗാഥേ... നമുക്ക് പോകുന്ന വഴിക്ക്  ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കൊടുത്തിട്ട് പോകാം. ഇതിപ്പോൾ കുറേ പേജ് ഇല്ലേ... ക്ലാസ്സിൽ ശ്വേതയും കൂട്ടി ക്ലാസ്സിൽ 28 പേർ ഉണ്ട്. അത്രയും പേർക്ക് എടുക്കണ്ടേ? പോകുന്ന വഴിക്ക് ഏല്പിച്ചിട്ട് പോകാം"

"മ്മ്... ശെരി"

ക്ലാസ്സ്‌ കഴിഞ്ഞ ശേഷം അവർ ഫോട്ടോസ്റ്റാറ്റ് കടയിൽ കേറാൻ തുടങ്ങിയപ്പോൾ ഗാഥ മൊബൈൽ എടുത്ത് സൈലന്റ് മോഡ് മാറ്റി. അപ്പോഴേക്കും ശ്വേതയുടെ കാൾ വന്നു.

"ഛോട്ടു നീ ഇത് കൊടുത്തിട്ട് വാ. ശ്വേത വിളിക്കുന്നു"

"മ്മ്... താ..."

"ഹെലോ..."

"ഹൈ ഡിയർ... ക്ലാസ്സ്‌ കഴിഞ്ഞോ?"

"മ്മ്... ഇപ്പോഴായിട്ട് കഴിഞ്ഞേ ഉള്ളു"

"ഞങ്ങൾ ഇവിടെ അമ്പലത്തിൽ പോകാൻ റെഡി ആകുവാ. ചേച്ചിയുടെ കല്യാണവും ഇവിടെതന്നെയാ"

"ആണോ? മ്മ്... ഞങ്ങൾ ഇവിടെ ഫോട്ടോസ്റ്റാറ്റ് കടയിൽ നിൽക്കുവാ"

"ഓഹ് ഇന്നും തന്നോ? എക്സാം അടുത്ത മാസം തുടങ്ങും എന്ന് പറഞ്ഞപ്പോൾ ഇനി തരില്ലാന്നാ വിചാരിച്ചേ. ഹ്മ്മ്... എനിക്കും കൂടി എടുത്തേക്ക്"

"ആഹ്... ക്ലാസ്സിലെ എല്ലാവർക്കും എടുക്കുന്നുണ്ട്. മിസ്സ്‌ എന്റെ കയ്യിലാ തന്നേ"

"ഗാഥേ... ഫോൺ ഇങ്ങു തന്നേ..."

"മ്മ്... ഡി ഞാൻ ഛോട്ടുവിന് കൊടുക്കാം"

"ഹലോ... വീഡിയോ കാൾ ചെയ്യാം"

"ആഹ് വരാം"
ആശ ഉടനെ നെറ്റ് ഓൺ ചെയ്തു.

"ഹൈ..."

"ങേ?  ഇത് നീ ഇന്നലെ എടുത്തത് അല്ലേ? കറക്റ്റ് ആണല്ലോ?!"

"ആഹ് ഡി. ഇവിടെ എല്ലാവർക്കും ഇഷ്ടമായി. ഇതിന്റെ വില പറഞ്ഞിട്ട് വിശ്വസിക്കണില്ല. ഇതിനെക്കാളും വില കൂട്ടിയാ ഇവർ പറയുന്നെ. ഞാൻ പറഞ്ഞു പുതിയ കടയാ എന്ന്"

"മ്മ്... ഇന്ന് ഗാഥക്ക് എടുക്കണമെന്ന് പറഞ്ഞു. പോകുന്ന വഴിക്ക് അവിടെ കയറും"

അപ്പോഴാണ് ഗാഥക്ക്  വിശ്വയെ ഓർമ വന്നത്.
ശോ... കടയിൽ കയറണമല്ലോ. പുള്ളിക്കാരനോട് ഒരു താങ്ക്സും കൂടി പറയണം.

"ആണോ? മ്മ്... ഇന്ന് ഇവിടെ ചേച്ചിക്ക് അമ്മായി ചെരിപ്പ് വാങ്ങി. കാണാൻ രസമുണ്ട്. വൈറ്റ് സ്റ്റോൺസൊക്കെ വെച്ച്. പക്ഷേ, നല്ല ഹീലാണ്. കെട്ടാൻ പോകുന്ന ചേട്ടന് നല്ല പൊക്കമാ. അപ്പോൾ എനിക്ക് നിന്നെ ഓർമ വന്നു. നിന്നെ കെട്ടാൻ പോകുന്ന ചെക്കന് നല്ല പൊക്കമാണേൽ നിനക്കും ഇതുപോലെ വാങ്ങിക്കേണ്ടി വരും. വൈകാതെ ഇതുപോലെ നീയും ഒരെണ്ണം വാങ്ങി വെച്ചോ. ആവശ്യം വരും. ഹി..ഹി..."

"പോടീ കളിയാക്കാതെ..."

"പിന്നെ... അയ്യോ എന്റെ ചേട്ടൻ വന്നെടി. കല്യാണത്തിനേ വരുള്ളൂ എന്നു പറഞ്ഞ ആളാ. ഞാൻ വെക്കുവാണേ. പിന്നെ വിളിക്കാം. റ്റാറ്റാ..."
ശ്വേത ഉടനെ കാൾ കട്ട്‌ ചെയ്തു.

"ഹാ... ഇനി അവൾ വിളിച്ചത് തന്നെ. ചേട്ടൻ വന്നാൽപ്പിന്നെ ആരെയും വേണ്ട. വാ... നമുക്ക് പോകാം"

"മ്മ്...
ആശയും ഗാഥയും നടക്കാൻ തുടങ്ങി.
     **********------------*********
"ഹെലോ... ആഹ് ഷാജു... പറയ്‌"

"ഏഹ്?  ഉറപ്പാണോ? മ്മ്... ശെരി"

"ആരാ മോനെ?  ഷാജഹാൻ ആണോ?"

"ആഹ് ഇക്ക. അവനാ..."

"ഇന്നും തിരക്കാണല്ലോ ഗാഥേ... കച്ചവടം പൊടിപൊടിക്കുന്നുണ്ട്"

ഗാഥയുടെ കണ്ണുകൾ വിശ്വയെ തിരഞ്ഞു. അവൻ അപ്പോഴേക്കും അവളെ കണ്ടിരുന്നു.

"നമുക്ക് ഈ ചേട്ടനോട് തന്നെ ചോദിക്കാം"

ആശ വിശ്വയുടെ അടുത്തേക്ക് ചെന്നു.

"ചേട്ടാ... ഇന്നലെ കുറച്ചു കാണിച്ചില്ലേ... അതുപോലെത്തെ ചുരിദാർ മതി"

"ഏയ് ചുരിദാർ വേണ്ട. മെറ്റീരിയൽ മതി"

വിശ്വ ചുരിദാർ മെറ്റീരിയൽ അവർക്ക് കാണിച്ചു കൊടുത്തു. ഗാഥ അവന്റെ മുഖത്ത് നോക്കിയെങ്കിലും അവൻ മൈൻഡ് ചെയ്തതേ ഇല്ല.

ഈ പുള്ളിക്ക് എന്താ ഇത്ര ഗൗരവം?  ഇത് ചിരിക്കില്ലേ?  ചിരിക്കാൻ പൈസ കൊടുക്കണമെന്നാ തോന്നുന്നേ. സംസാരിക്കാമെന്നു വെച്ചാൽ പിന്നെ ആശയോട് എല്ലാം പറയേണ്ടി വരും. അതിപ്പോൾ വേണ്ട.

"ഗാഥേ... ഇത് കൊള്ളാം. നിനക്ക് നന്നായി ചേരും. നല്ല രസമായിരിക്കും ഇത് തയ്ച്ചു ഇടുമ്പോൾ"

വൈറ്റിൽ റെഡും യെല്ലോയും കളറിലുള്ള  പൂക്കൾ എംബ്രോയ്ഡറി വർക്ക് ചെയ്തതായിരുന്നു അത്.

"മ്മ്... എനിക്കും ഇഷ്ടപ്പെട്ടു"

ഗാഥ... മ്മ്മ്... പേര് കൊള്ളാം.
വിശ്വ മനസ്സിൽ പറഞ്ഞു.

"അതേ... എനിക്ക് ഇത് മതി"

"ഓക്കേ?  വേറെ ഒന്നും നോക്കുന്നില്ലേ?"

"പിന്നെ വരാം ചേട്ടാ..."
ആശ പറഞ്ഞു.

വിശ്വ ചുരിദാർ മെറ്റീരിയൽ പാക്ക് ചെയ്ത് കവറിലാക്കി ഗാഥയുടെ നേരെ നീട്ടി. ഗാഥ ബിൽ പേ ചെയ്തിട്ട്  അവിടെന്ന് ഇറങ്ങി.

"ഗാഥേ... നീ ഇന്നലെ നെല്ലിക്ക വാങ്ങിച്ചില്ലലോ. വാ..."

അവർ റോഡ് ക്രോസ്സ് ചെയ്ത് നെല്ലിക്ക വാങ്ങിക്കാൻ പോയി. അത് വാങ്ങി തിരിച്ച് ഇപ്പുറത്ത് വന്നതും അവരുടെ മുന്നിലായി ഒരു ബൈക്ക് വന്ന് നിന്നു. ആശയുടെ ചേട്ടനായിരുന്നു അത്.

"ഏഹ്? ചേട്ടനോ?  ചേട്ടനെന്താ ഈ വഴിക്ക്?"

"ഞാൻ നിന്നെ വിളിക്കാൻ വന്നതാ"

"എന്നെയോ? എന്തിന്?"

"വീട്ടിൽ കുറച്ച് ഗസ്റ്റ് വന്നു. അമ്മ നിന്നെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു"

"ആണോ? ആരാ ചേട്ടാ?"

"അതൊക്കെ പറയാം. നീ കേറ്. അപ്പോൾ ഞങ്ങൾ പോകുവാണേ ഗാഥേ..."

"സീ യൂ ഡി. നാളെ കാണാം"
ഗാഥ ചിരിച്ചു കൊണ്ട് തലയാട്ടി. 

അവർ പോയതും ഗാഥ ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നും. അവിടെ അങ്ങനെ അധികം ആളുകളൊന്നും ഇല്ലായിരുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കികൊണ്ട് അവൾ നിന്നു. ആ സമയം വിശ്വ ആരെയോ കാൾ ചെയ്യാനായി ഡോർ തുറന്ന് പുറത്തേക്ക് വന്നു. നമ്പർ ഡയൽ ചെയ്ത് വിളിക്കാൻ പോയതും   അവൻ ഗാഥയെ കണ്ടു. അവളെ അറിയാതെ നോക്കി നിന്നപ്പോൾ അവളും അവനെ കണ്ടു. പെട്ടന്ന് വിശ്വ ഫോൺ ചെവിയിൽ വെച്ചു.

"ഹലോ... പറയ്... ആഹ് ഞാനവിടുണ്ട്"

എന്തൊരു ജാഡയാണ്. ജസ്റ്റ്‌ ഒന്നു നോക്കി ചിരിച്ചാൽ എന്താ ഈ പുള്ളിക്ക്...
ഗാഥ അങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ടു നിൽക്കവേ വിശ്വയുടെ ഫോൺ റിങ്ങ്  ചെയ്തു. അവൻ ഉടനെ ചെവിയിൽ നിന്നും ഫോൺ മാറ്റി ചെറിയൊരു ചമ്മലോടെ അവളെ നോക്കി.

ഏഹ്?  ഹമ്പടാ... വെറുതെ ആയിരുന്നല്ലേ...

ഗാഥ ചിരിച്ചുകൊണ്ട് വിശ്വയുടെ അടുത്തേക്ക് ചെന്നു.

"അതേ... ആർക്കായാലും ഇത്ര ജാഡ പാടില്ലാട്ടോ. ഒന്നു ചിരിക്കണമെങ്കിൽ തനിക്ക് പൈസ തരണം പോലുണ്ടല്ലോ"

വിശ്വ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. പിന്നെയും എന്തോ പറയാനായി പോയപ്പോൾ ഗാഥക്ക് പോകാനുള്ള ബസ് വന്നു. അവൾ ഉടനെ ചെന്ന് ബസിൽ കയറി. വിൻഡോ സൈഡ് തന്നെ അവൾക്ക് ഇരിക്കാനുള്ള സീറ്റ്‌ കിട്ടി. ഗാഥ വിശ്വയെ നോക്കിയപ്പോൾ അവൻ രണ്ടു കയ്യും കെട്ടി അവളെ തന്നെ തറപ്പിച്ചു നോക്കിക്കൊണ്ട്  നിൽപ്പാണ്. അവൾക്ക് അത് കണ്ട് ദേഷ്യം വന്നു. അവൾ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞ് ഇരുന്നു. ബസ് അവിടെന്ന് പോയതും വിശ്വയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവൻ ചിരിച്ചു കൊണ്ട് നേരത്തെ ഡയൽ ചെയ്ത നമ്പറിലേക്ക് കാൾ ചെയ്ത് സംസാരിച്ചശേഷം  കടക്കകത്ത് കയറി.
       *********------------------**********
"ആഹാ ഗാഥേച്ചി എത്തിയല്ലോ. ഇന്ന് നെല്ലിക്ക വാങ്ങിച്ചോ? അല്ല. എന്താ മുഖം ഇങ്ങനെ ഇരിക്കുന്നേ?"

"ഏയ് ഒന്നുല്ല. നെല്ലിക്ക ഞാൻ വാങ്ങിയിട്ടുണ്ട്"

"അപ്പോൾ എനിക്കൊന്നും വാങ്ങിയില്ലേ?"
അയൽ വീട്ടിലെ പയ്യനാണ്. അഞ്ചാം  ക്ലാസ്സിൽ പഠിക്കുന്നു. ഗാഥയുമായി വല്യ ചങ്ങാത്തത്തിലാണ്.

"അയ്യോ... ഇല്ല കണ്ണാ. ഞാൻ മറന്നു പോയി. ചേച്ചി നാളെ ചോക്ലേറ്റ് വാങ്ങി തരാട്ടോ"

"ആഹ്... വാങ്ങി കൊടുക്ക്. ഡാ പുഴുപ്പല്ലാ... നിനക്ക് മിട്ടായി തീറ്റ നിർത്താറായില്ലാലേ?  നിന്റെ അമ്മ എവിടെ?  പറഞ്ഞുകൊടുക്കുന്നുണ്ട്"

"നീ പോടീ മരത്തലച്ചി..."

"ദേ ചേച്ചി... എന്നെ വിളിച്ചത് കേട്ടോ?"

"ഡാ... ചേച്ചിന്മാരെ ഇങ്ങനെ വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? സോറി പറയ്"

"അതെന്നെ മരത്തലയാ എന്നു വിളിച്ചോണ്ടാ..."

"ആഹ്... ഇനി അവൾ വിളിക്കില്ല"

"മ്മ്... സോറി ഗംഗ ചേച്ചി..."

"ഹ്മ്മ്..."

"ഡി ഗംഗേ.. ഇനി നീയും ഇങ്ങനെ അവനെ വിളിക്കരുത്"

"ഓ ശെരി"

"ഞാൻ കണ്ണന് ചോക്ലേറ്റൊക്കെ വാങ്ങി തരാം. പക്ഷേ, കഴിച്ചു കഴിഞ്ഞാൽ ഉടൻ പോയി പല്ലു തേക്കോ? എന്നാലേ ഇനി തരുള്ളു"

"ആ... തേക്കാം"

"ദേ... ഞാൻ വനജ ചേച്ചിയോട് ചോദിക്കും. ഹാ..."

കണ്ണൻ  നിന്ന് തലയാട്ടി. ഗാഥ ലവ് ബേർഡ്സിന്റെ അടുത്തേക്ക് ചെന്നു.

"ഗാഥ ചേച്ചീ... ലവ് ബേർഡ്സിന് കുഞ്ഞുണ്ടാകുമ്പോ എനിക്ക് തരോ?"

"അതിനെന്താ,  തരാലോ..."

"നല്ല ചേച്ചി. പിന്നെ,  ഇന്നലെ ചേച്ചി എന്തിനാ ഒറ്റക്ക് ജംഗ്ഷന്റെ അവിടെ വന്നേ? ഞാൻ കണ്ടായിരുന്നല്ലോ  ഒരു ഓട്ടോയിൽ കയറി പോകുന്നത്"

കണ്ണൻ പറഞ്ഞത് കേട്ട് ഗാഥയും ഗംഗയും  പരസ്പരം നോക്കി.

"അത് ഗാഥേച്ചി ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയതാ"

"ആണോ ചേച്ചി?"

ഗാഥ അതെയെന്ന് തലയാട്ടി.

"നീ അവിടെ എന്തിന് പോയതാടാ?"

"ഞാൻ മാത്രമല്ല. അച്ഛനും ഉണ്ടായിരുന്നു. ഞങ്ങൾ നിങ്ങളുടെ ബേക്കറിയിൽ പോയിട്ട് വരുമ്പോഴാ കണ്ടത്"

"ഏഹ്?  രമേശേട്ടനും കണ്ടോ?"
ഗാഥ ഞെട്ടലോടെ ചോദിച്ചു.

"ആഹ്... അച്ഛൻ കണ്ടല്ലോ"

"കണ്ണാ... വന്നേ... ആഹ് ഗാഥ വന്നോ?  ഇവൻ സ്കൂളിൽ നിന്നും വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചില്ല. കളിച്ചു നടക്കുവാ. ഞാൻ എന്തേലും ഇവനെ കഴിപ്പിക്കട്ടെ. വാടാ..."

"ഞാൻ പോട്ടേ ചേച്ചി. റ്റാറ്റാ..."

"റ്റാറ്റാ..."
ഗാഥയും തിരിച്ച് റ്റാറ്റാ പറഞ്ഞു. വനജ കണ്ണനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഗംഗ ഗാഥയുടെ അടുത്തേക്ക് വന്നു.

"ഗാഥേച്ചി... രമേശേട്ടൻ ചേച്ചിയോട് എന്തേലും ചോദിച്ചോ?"

"ഇന്ന് രാവിലെ കണ്ടപ്പോൾ ബൈക്ക് കഴുകയായിരുന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു"

"സാധാരണ എവിടെ വെച്ചേലും കണ്ടാൽ ചോദിക്കുന്നതാ. ഹാവൂ... ചോദിച്ചില്ലാലോ"

"ഹ്മ്മ്..."

"ഗാഥേ..."
നാനിയുടെ വിളി കേട്ട് ഗാഥയും ഗംഗയും ചെറുതായൊന്നു ഞെട്ടി നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്

ദിവസവും 1 പാർട്ടേ ഇടാൻ ആവൂട്ടോ, നിങ്ങൾക്ക് എല്ലാവർക്കും അറിയാലോ 5 മാസം പ്രായമുള്ള കുഞ്ഞു മോളാണ് എനിക്ക്.... ദിവസവും കിട്ടുന്ന കുറച്ചു സമയത്താണ് ടൈപ്പ് ചെയ്യുന്നത്... വായിക്കുന്ന കൂട്ടുകാർ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ...
To Top