കാവ്യം, ഭാഗം 4

Valappottukal
കാവ്യം, ഭാഗം 4



രചന: Ullas Os
അമ്മേ.. അമ്മേ.. വീട്ടിൽ തിരിച്ചെത്തിയ മിത്ര ഭയങ്കര ഉച്ചത്തിൽ അമ്മയെ വിളിച്ചു.

 എന്താ മോളെ നീ ഇങ്ങനെ ഉച്ചത്തിൽ വിളിക്കുന്നത്,,, ഗീതാ ദേവി മകളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

 അമ്മേ... ഈ ഏട്ടൻ ഭയങ്കര സാധനം ആണ് കെട്ടോ.. അവൾ ബാഗ് മേശയിൽ വെച്ചിട്ട് അമ്മയെ നോക്കി.

നീ കാര്യം പറയു കുട്ടി... മുത്തശ്ശിയും മിത്രയുടെ ബഹളം കേട്ട് അവരുട അടുത്തേക്ക്  വന്നു.

നമ്മുടെ ഹോസ്പിറ്റലിലെ പുതിയ പീഡിയാട്രീഷൻ ആരാണെന്ന് അമ്മയ്ക്ക് അറിയണ്ടേ. അവൾ ഗീത ദേവിയുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.

 മുകളിലെ നിലയിലേക്ക് കയറി പോകുവാൻ തുടങ്ങിയ സുധിയുടെ കൈയിൽ അവൾ വേഗം പിടിച്ചു.

 അങ്ങനെ അങ്ങ് പോകാൻ വരട്ടെ, ഞാൻ ഈ കാര്യത്തെ കുറിച്ച് അമ്മയോടും മുത്തശ്ശിയോടും പറഞ്ഞതിനുശേഷം ഏട്ടൻ മുകളിലേക്ക് പോയാൽ മതി.

 നീ എന്തു വേണമെങ്കിലും പറഞ്ഞോ മിത്ര... അതിന് ഞാൻ എന്ത് വേണം, അതിനുമാത്രം വലിയ അപരാധം ഒന്നും ഞാൻ ചെയ്തിട്ടും കാണിച്ചിട്ടും ഇല്ല, സുധി മിത്രയുടെ കൈ വിടുവിച്ച് മുകളിലേക്ക് പോയി.

 മോളെ നീ കാര്യം പറയു, ആരാണ് ഹോസ്പിറ്റലിലെ പുതിയ ഡോക്ടർ, എന്താണ്ഇപ്പോൾ അതിനു  മാത്രം സംഭവിച്ചത്.. ഗീതാദേവി അക്ഷമയായി.

 ഏട്ടൻ പറഞ്ഞതുപോലെ അതിനുമാത്രം വലിയ കാര്യമൊന്നുമില്ല അമ്മേ, ഇന്ന് കാലത്തെ ഞാനും ഏട്ടനും കൂടി കാറിൽ പോയപ്പോൾ കഴിഞ്ഞദിവസം അമ്പലത്തിൽ വച്ച് ചേട്ടന്റെ വണ്ടി തട്ടി നമ്മൾ ഹോസ്പിറ്റലിൽ കൊണ്ടു പോയ ആ ചേച്ചിയെ ഞാനിന്ന് വഴിയിൽ വെച്ച് കണ്ടു, ഏട്ടനോട് പറഞ്ഞു ഞാൻ വണ്ടി നിർത്തി, ആ ചേച്ചിയും എന്റെ കൂടെ കാറിൽ വന്നു,, പിന്നീടുണ്ടായ സംഭവങ്ങൾ എല്ലാം മിത്ര അമ്മയെയും മുത്തശ്ശിയോടുമായി പറഞ്ഞു കേൾപ്പിച്ചു.

 ഏട്ടൻ പറഞ്ഞത് അതിത്ര വലിയ സംഭവമാക്കി ഒന്നും വേണ്ട എന്നാണ്, ഹോസ്പിറ്റലിൽ പുതിയ ഒരു ഡോക്ടർ ചാർജ് എടുത്തു അതിൽ പരം വലിയ കാര്യമൊന്നുമായിട്ട് ഇത് കാണേണ്ട എന്ന്.. മിത്ര പറഞ്ഞു നിർത്തി.

 ഞാൻ ഇത് അത്ര വലിയ കാര്യമൊന്നും ആക്കി എടുത്തിട്ടില്ല അമ്മേ പക്ഷേ ഏട്ടനോട് ഞാൻ പുതിയ ഡോക്ടർ ചാർജെടുത്ത കാര്യം ചോദിച്ച സ്ഥിതിക്ക് ഏട്ടൻ എന്നോട് ഒന്നു പറയാമായിരുന്നു അത് ആ ചേച്ചി ആണെന്ന്. മിത്ര അമ്മയും മുത്തശ്ശിയും നോക്കി.

 ആ കുട്ടി എന്തേ നിന്നോട് കാറിൽ കയറിയ സമയത്ത് നമ്മുടെ ഹോസ്പിറ്റലിലേക്ക് ആണ് പോകുന്നത് എന്ന് പറയാതിരുന്നത്,, ഗീതാദേവി മകളോട് ആരാഞ്ഞു.

 ഏട്ടൻ ഈ കാര്യം നമ്മളോട് പറഞ്ഞില്ല എന്ന് ആ ചേച്ചിക്ക് മനസ്സിലായി കാണും. ഒരുപക്ഷേ ഏട്ടനെ പേടിച്ചിട്ട് ആയിരിക്കും ആ ചേച്ചി ഇത് എന്നോട്
പറയാതിരുന്നത്.

 നീ ഇത്ര വലിയ സംഭവമായി കാണുക ഒന്നും വേണ്ട, ഹോസ്പിറ്റലിൽ ചാർജ് എടുത്തിരിക്കുന്ന ഡോക്ടർസിന്റെ  എല്ലാം വിവരങ്ങൾ കാണണമെങ്കിൽ നീ ഹോസ്പിറ്റലിൽ വന്നു ഫയൽസ് ചെക്ക് ചെയ്താൽ മതി. വേഷംമാറി താഴേക്കിറങ്ങി വന്ന് സുധി മിത്ര യോട് ആയി പറഞ്ഞു.

 ആകെപ്പാടെ അവളെ വഴിയിൽ വച്ച് കണ്ട പരിചയം മാത്രമേ നിനക്ക് ഉള്ളൂ അല്ലാതെ നമ്മളുടെ ബന്ധു ഒന്നുമല്ല അവൾ, അതുമല്ലെങ്കിൽ നിന്റെ കൂടെ പഠിച്ച ഫ്രണ്ട് ആണോ അവൾ അല്ലല്ലോ, പിന്നെ നീ എന്തിനാ ഇത്ര ബഹളം വെക്കുന്നത്. സുധി മനസ്സിലാകാത്ത മട്ടിൽ മിത്രയെ നോക്കി.

 ശരിയല്ലേ അമ്മേ ആ പെൺകുട്ടി നമ്മുടെ ഹോസ്പിറ്റലിൽ പീഡിയാട്രീഷൻ ആയി ചാർജെടുത്തു അതില്പരം ഒരു ബന്ധവും അവളുമായി നമ്മൾക്ക് ഇല്ല, ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാ ഡോക്ടർസ്നെയും  പോലെ തന്നെയാണ് അവളും.

 എത്രയെത്ര പുതിയ ഡോക്ടറും പുതിയ സ്റ്റാഫും നമ്മുടെ ഹോസ്പിറ്റലിൽ ചാർജ് എടുക്കുന്നു, അവരെ എല്ലാവരെയും നിനക്ക് പരിചയപ്പെടണം എന്നുണ്ടോ, ഉണ്ടെങ്കിൽ നീ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരിക, അല്ലാതെ വീട്ടിൽ കിടന്നു ഇങ്ങനെ ബഹളം കൂട്ടണ്ട, ശരിയല്ലേ മുത്തശ്ശി,  മുത്തശ്ശിക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ. അവൻ മുത്തശ്ശിയെ നോക്കി.

 ആരും ആരും ഒന്നും പരസ്പരം മിണ്ടിയില്ല.

 മിത്ര അവരുടെ മുറിയിലേക്ക് പോയി.

 ഗീതാദേവിക്കും എന്തുപറയണമെന്ന് അറിയില്ലായിരുന്നു.

 സുധി പറഞ്ഞതുപോലെ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ.. അതിൽ കൂടുതൽ ഒന്നും ഇല്ല.. മക്കൾക്ക് രണ്ടാൾക്കും ചായ എടുക്കുവാനായി ഗീതാ ദേവി അടുക്കളയിലേക്ക് പോയി.

 എന്റെ ഏട്ടാ ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തിരിക്കുന്നു, ഏട്ടൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി ഒന്നുമല്ലല്ലോ, അല്ലെങ്കിൽ ഏട്ടന്റെ ഗേൾഫ്രണ്ട് അല്ല.. പിന്നെന്ത അല്ലേ.. സോറി... സോറി... മിത്രയുടെ പെട്ടെന്നുണ്ടായ ഈ മാറ്റത്തിൽ  എല്ലാവരും അമ്പരന്നു.

അന്ന് രാത്രിയിൽ ഗീതാദേവിയെ മായ വിളിച്ചിരുന്നു, കുറേ ഏറെ ആലോചനകൾ മായ അവരുമായി പങ്കു വെച്ചു.

സുധിയോട് കൂടി ആലോചിച്ചിട്ട് പറയാം എന്ന് അവർ മറുപടി കൊടുത്ത്.

എനിക്ക് ആ അനുചേച്ചിയെ ഇഷ്ടം ആയിരുന്നു അമ്മേ, ഏട്ടന്റെ പെണ്ണായി അനുചേച്ചി ഈ വീട്ടിലേക്ക് കയറി വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, മിത്ര രാത്രിയിൽ ആരും കേൾക്കാതെ അമ്മയോട് ഈ രഹസ്യം പറഞ്ഞു.

സുധിക്ക് താല്പര്യം ഇല്ലാ മോളേ ആ കുട്ട്യേ, അവനു എപ്പോളും അവളോട് ദേഷ്യമാ.. അതോണ്ട് നീ ഈ കാര്യം അവനോട് പറയേണ്ട... മാത്രമല്ല അവരുടെ കുടുംബം, ആ പെൺകുട്ടി ഒന്നും നമ്മൾക്കു അറിയില്ലലോ. അപ്പോൾ തന്നെ മിത്രയെ അമ്മ വിലക്കി.. പിന്നീട് അവൾ ഒന്നും ഇതേപ്പറ്റി സംസാരിച്ചില്ല.

സുധിയോട് വിവാഹ കാര്യം സംസാരിച്ചപ്പോൾ അമ്മയും മിത്രയു കൂടി ആലോചിക്ക് എന്നായിരുന്നു അവന്റെ മറുപടി.

മോളേ,,, അവന്റെ മനസ്സിൽ ആരും ഇല്ലാ... അതാ കെട്ടോ നമ്മളോട് അങ്ങനെ പറഞ്ഞത്. ഗീതാദേവി പറഞ്ഞപ്പോൾ മിത്രക്കും അത് ശരി ആണെന്ന് തോന്നി.

എങ്കിലും ഒരു പരീക്ഷണാർത്ഥം അവൾ സുധിയുടെ മുറിയിലേക്ക് പോയി.

ഏട്ടാ... അവൾ വിളിച്ചു.

ഫോണിൽ വെറുതെ എന്തോ നോക്കി കിടക്കുക ആണ് സുധി.

അപ്പോൾ ആണ് മിത്രയുടെ വിളി.

എന്താ മിത്ര... അവൻ ഫോൺ മേശമേൽ വെച്ചിട്ട് ചോദിച്ചു.

ഏട്ടന്റെ സങ്കല്പം എങ്ങനെ ആണ്,അവൾ സുധിയുടെ കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് ചോദിച്ചു.

എന്ത് സങ്കല്പം...? സുധി മിത്രയുടെ അടുത്ത് കട്ടിലിൽ വന്നു ഇരുന്നു.

ഐ മീൻ ഏട്ടന്റെ ഭാവി വധുവിനെ കുറിച്ച്... അവൾ വിശദീകരിച്ചു.

ഓഹ്... അതോ... നമ്മൾ സങ്കൽപ്പിക്കുന്നത് പോലെ ആവണം നമ്മൾക്ക് കിട്ടണത് എന്നില്ല.. അതുകൊണ്ട് എനിക്ക് അങ്ങനെ ഒന്നും ഒരു സങ്കല്പവും ഇല്ല. അത്രമാത്രം.. സുധി അവളെ നോക്കി പറഞ്ഞു.

ഏട്ടാ.. ഞാൻ ഒരു കാര്യം പറയട്ടെ, എനിക്ക് കുറച്ചു സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ട്, എന്റെ ഏടത്തിയമ്മയായി വരണ പെൺകുട്ടിയെ കുറിച്ച്... മിത്ര അവളുടെ മനസിലെ കാര്യം തുറന്നു പറയുകയാണ്.

ഒരു ജാടയും ഇല്ലാത്ത, നാടൻ പെൺകുട്ടി മതി ഏട്ടന്, ഏട്ടന്റെ പ്രൊഫഷൻ ആയാലും അത്രയും നന്ന്. ഒരുപാട് മുടിയും, വിടർന്ന കണ്ണുകളും, ശാലീനതയും, നിറഞ്ഞ ഒരു നിഷ്കളങ്ക.... ചുരുക്കി പറഞ്ഞാൽ ആ അനുചേച്ചിയെ പോലെ.. മിത്ര സുധിയുടെ മുഖത്തേക്ക് നോക്കി..

പെട്ടന്ന് അവന്റെ ഭാവം മാറി.

അനുചേച്ചിയോ,,, നിനക്ക് എന്താ തലയ്ക്കു ഭ്രാന്ത് ഉണ്ടോ മിത്ര, അവൾ നമ്മുടെ ആരാ... നീ ഇങ്ങനെ ഒക്കെ പറയുവാനും മാത്രം എന്താ അവരുമായി നമ്മൾക്കു ബന്ധം.. സുധി രോഷാകുലൻ ആയി.

ഞാൻ വെറുതെ എന്റെ മനസിലെ കാര്യം പറഞ്ഞു എന്നേ ഒള്ളൂ ഏട്ടാ.... ലീവ് ഇറ്റ്.. മിത്ര എഴുനേറ്റു.

എന്തിനാ ഇവൾ എപ്പോളും ആ പെണ്ണിനെ കുറിച്ച് പറയുന്നത്, സുധി ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.

ഏതൊരു സഹോദരിയെയും പോലെ അവൾക്കും ആഗ്രഹം ഉണ്ട്, തന്റെ സഹോദാരന്റെ വിവാഹം എന്ന് സുധിക്ക് നന്നായി അറിയാം.

ഡോക്ടർ വീണാ കൈലാസിന്റെ വിവാഹം ആണ് ഈ സൺ‌ഡേ, അവർ ഹോസ്പിറ്റലിൽ  എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്,അനുഗ്രഹയെയും പ്രേത്യേകം വിളിച്ചു, ഡോക്ടർ വീണയുടെ വീട് കുറച്ചു ദൂരെ ആണ്, അതുകൊണ്ട് എങ്ങനെ ആണ് പോകുന്നത് എന്ന് അനുവിന് അറിയില്ല..

ഡോക്ടർ പ്രിയയും, ഡോക്ടർ സൂസൻ ദേവസിയും, ഒക്കെ കല്യാണത്തിന്  പോകുന്ന കാര്യം ഇടക്ക് ചർച്ച ചെയ്യാറുണ്ട്,ഡോക്ടർ പ്രിയ ആണെങ്കിൽ ഡോക്ടർ അശ്വിന്റെ ഭാര്യ ആണ്, രണ്ടാളും ഈ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയുന്നത്.

അവർ ഒക്കെ ഡ്രസ്സ്‌ എല്ലാം എടുത്തു കഴിഞ്ഞു. .

അനുഗ്രഹയും അവരോടൊക്കെ ഏത് ആണ് നല്ല ടെക്സ്റ്റിൽ ഷോപ്പ് എന്ന് ചോദിച്ചറിഞ്ഞു.

ഏറ്റവും മുന്തിയ തുണിതരങ്ങൾ ഉള്ള ഷോപ്പിന്റെ പേരാണ് ഡോക്ടർ പ്രിയ പറഞ്ഞു കൊടുത്തത്.

അങ്ങനെ അനു അന്ന് ഡ്യൂട്ടി കഴിഞ്ഞു അവൾക്ക് ഒരു ചുരിദാർ എടുക്കുവാനായി തുണിക്കടയിലേക്ക്
ഒരു ഓട്ടോയിൽ പോയി.

ഇത്ര വലിയ കട ആണെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

കടയിൽ കയറി ഒരു ചുരിദാർ ഒക്കെ എടുത്തു ബില്ല് അടക്കാൻ കൗണ്ടറിൽ നിന്നപ്പോൾ തൊട്ടടുത്തു സുധി..

അവനും എന്തൊക്കെയോ ഡ്രസ്സ്‌ മേടിച്ചിട്ടുണ്ട്, നോക്കിയപ്പോൾ അപ്പുറത്തായി  മിത്രയും ഉണ്ട്. കൂടെ ഗീതാദേവിയും.

സർ, ഗുഡ് ആഫ്റ്റർനൂൺ.. അനു അവനെ കണ്ടപ്പോൾ പറഞ്ഞു.

അവനും തിരിച്ചു വിഷ് ചെയ്തു.

ഡോക്ടർ അനുഗ്രഹ... ഷോപ്പിംഗ് നു ഇറങ്ങിയത് ആണോ.. ആദ്യമായി ആണ് സുധി ഇങ്ങനെ സംസാരിക്കുന്നത്.

അതേ സർ, അവൾ മറുപടി പറഞ്ഞു.

മിത്ര അവിടെ നിൽക്കണത് കണ്ടതും അനു വേഗം അവളുടെ കവർ മേടിച്ചു സുധിയോട് യാത്ര പറഞ്ഞു പോയി.

മിത്ര ഇനി വണ്ടിയിൽ കയറാൻ നിർബന്ധം പിടിച്ചാലോ എന്ന് ഓർത്താണ് അവൾ വേഗം പോയത് എന്ന് അവനു തോന്നി.

അവൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇനി മേലാൽ തന്റെ വണ്ടിയിൽ കയറി തനിക്ക് ഒരു ശല്യം ആകരുത് എന്ന്.

മിത്രയും അമ്മയും അവളെ കണ്ടില്ലായിരുന്നു.

ശനിയാഴ്ച ഡോക്ടർസ് എല്ലാവരും കൂടി പ്ലാൻ ചെയ്തു, വിവാഹത്തിന് പോകുന്ന കാര്യം.

ഡോക്ടർ പ്രിയയും ഡോക്ടർ അശ്വനും മക്കളും കൂടി അവരുടെ  വണ്ടിയിൽ പോകുന്നത്, അപ്പോൾ അവരുടെ കൂടെ അനുവും പോരുവാൻ ഡോക്ടർ പ്രിയ അവളെ നിർബന്ധിച്ചു. അനു സമ്മതിക്കുകയും ചെയ്തു. കാരണം അറിയുകയും കേൾക്കുകയും ഇല്ലാത്ത നാട് അല്ലേ.

അങ്ങനെ അടുത്ത ദിവസം കാലത്തെ എല്ലാവരും കൂടി ഡോക്ടർ വീണയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു

അനുഗ്രഹ അന്ന് സുന്ദരി ആയിട്ടായിരുന്നു.

വളരെ ആഡംബരം നിറഞ്ഞ വിവാഹം ആയിരുന്നു ഡോക്ടർ വീണയുടെ.

പണത്തിന്റെ പ്രൗഢി  തെളിഞ്ഞു നിന്ന വിവാഹം ആയിരുന്നു..

എല്ലാവരും ഡോക്ടർവീണക്കും ഭർത്താവിനും വിവാഹമംഗളം നേർന്നു.

ഡോക്ടർ അശ്വിന്റെ  മക്കൾ ആണെങ്കിൽ അവിടെ എല്ലാം പാറി നടക്കുകയാണ്. അനുഗ്രഹ ആന്റിയെ അവർക്ക് വല്ലാതങ്ങ് പിടിച്ചു.

ഏറ്റവും അവസാനം ആണ് അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നത്.

അങ്ങനെ വിവാഹം ഒക്കെ കഴിഞ്ഞു ഓരോരുത്തരായി യാത്ര പറഞ്ഞു പുറപ്പെട്ടു.

ഏറ്റവും ഒടുവിലായി ആണ് ഡോക്ടർ അശ്വിനും കുടുംബവും കൂടെ അനുഗ്രഹയും  പുറപ്പെട്ടത്.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആണ് പ്രിയയുടെ ഫോണിലേക്ക് ഒരു കാൾ
വന്നത്.

അവരുടെ അമ്മക്ക് ഒരു ചെറിയ നെഞ്ചു വേദന, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുക ആണ്. എത്രയും പെട്ടന്ന് അവരോട് രണ്ടാളോടും ഹോസ്പിറ്റലിൽ എത്തുവാൻ ആണ് അറിയിച്ചിരിക്കുന്നത്.

അവർക്ക് ഈ വഴി അല്ല പോകേണ്ടത്..

അയ്യോ ഇനി എന്ത് ചെയ്യും..അനു എങ്ങനെ പോകും.  ഡോക്ടർ പ്രിയ വിഷണ്ണയായി.

എന്നെ അടുത്തുള്ള ബസ്റ്റോപ്പിൽ ഇറക്കിയിട്ട് നിങ്ങൾ പൊയ്ക്കോളൂ എന്ന് അനു പറഞ്ഞു.

ഞാൻ എന്നാൽ ഡോക്ടർ സൂസനെ വിളിക്കാം എന്ന് പറഞ്ഞു പ്രിയ ആരെ ഒക്കെയോ വിളിച്ചു. എല്ലാവരും പക്ഷെ കുറേ ദൂരം കഴിഞ്ഞിരുന്നു.

ഡോക്ടർ അശ്വിൻ വേഗം സുധിയുടെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. സുധിയും കുറച്ചു നേരത്തെ ഇറങ്ങിയതിനാൽ കുറേ വഴികൾ പിന്നിട്ടിരുന്നു.

അനുഗ്രഹ.. നിങ്ങൾ സുധിയുടെ കൂടെ പൊയ്ക്കോളൂ എന്ന് അശ്വിൻ പറഞ്ഞപ്പോൾ വേണ്ട സർ എന്നെ ബസ്റ്റോപ്പിൽ അയച്ചാൽ മതി, ഞാൻ പോയ്കോളാം എന്ന് അനു പറയുന്നത് അവൻ ഫോണിൽ കൂടി കേട്ടു.

അനുഗ്രഹയെ ബസ്റ്റോപ്പിൽ ഇറക്കാതെ അവർക്ക് വേറെ നിവർത്തി ഇല്ലായിരുന്നു.

പെട്ടന്ന് അവർ അനുവിനോട് യാത്ര പറഞ്ഞു കാർ വേഗത്തിൽ ഓടിച്ചു പോയി.

അനു ബസ് കാത്തു നിൽക്കുക ആണ്.

ആദ്യം രണ്ടു ബസ് കടന്നു പോയെങ്കിലും അതിൽ എല്ലാം ഭയങ്കര തിരക്ക് ആയിരുന്നു.

മഴ പെയ്യാനായി ആകാശം മൂടി കെട്ടി നിൽക്കുന്നു.

രണ്ട് ബംഗളി പയ്യന്മാർ എന്തോ വായിൽ ഇട്ട് ചവച്ചുകൊണ്ട് അവളുടെ അടുത്ത് നിൽപ്പുണ്ട്.

അവർ ഇടക്ക് അവളെ നോക്കി എന്തോ പറയുന്നുണ്ട്.

അവൾക്ക് എന്തോ മനസ്സിൽ പേടി തോന്നി.

അവൾ അല്ലാതെ മറ്റൊരു പെണ്ണും ആ ബസ്റ്റോപ്പിൽ ഇല്ലാ..

മഴ പെയ്തു വരുന്നുണ്ട്, കുടയും എടുത്തില്ല...

മഴ ചന്നം പിന്നം പെയ്തപ്പോൾ ഒരു കാറ്റും കൂടി വീശി അടിച്ചു.

അനുവിന്റെ ചുരിദാറിൽ ഒക്കെ വെള്ളം ആയി.. അവളുടെ മുഖവും കയ്യും എല്ലാം വെള്ളത്തുള്ളികൾ ഏറ്റു നനഞ്ഞു.

ഈശ്വരാ ബസ് വേഗം വന്നിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു അവൾ നിന്നപ്പോൾ ഒരു കാർ വന്നു നിന്നു.

സുധി ആയിരുന്നു അതിൽ.

അവൻ അവളോട് കയറിക്കൊള്ളുവാൻ പറഞ്ഞു.

ആദ്യം ഒന്ന് മടിച്ചു എങ്കിലും അവൾ ഓടിപോയി കാറിൽ കയറി, കാരണം അവൾക്കു അറിയുകയും കേൾക്കുകയും ഇല്ലാത്ത ആ സ്ഥലത്തു നിൽക്കുവാൻ പേടി ആയിരുന്നു.

മഴ കാരണം കണ്ണ് കാണാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു.

ഇടക്കെല്ലാം സുധി കാർ വഴിയോരത്തു നിർത്തി ഇട്ടു.

അങ്ങോട്ട് പോയപ്പോൾ ഡോക്ടർ പ്രിയയുടെ മക്കളുമായി സംസാരിച്ചു അവരുമായി തമാശകൾ ഒക്കെ പറഞ്ഞു എന്ത് രസം ആയിട്ടാണ് പോയത്... അനു ഓർത്തു.

മഴ കുറഞ്ഞു കുറഞ്ഞു വന്നു.

തനിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ,, സുധി അവളെ നോക്കി..

വേണ്ട സാർ.... അവൾ പെട്ടന്ന് തന്നെ മറുപടി കൊടുത്ത്.

അനുവിന്റെ വീട്ടിൽ നിന്നും ഇടക്കെല്ലാം ഫോൺ വന്നു കൊണ്ടിരുന്നു.

എന്നാൽ ഡോക്ടർ അവിനാഷിന്റെ ഒപ്പം ആണെന്ന് മാത്രം അവൾ പറഞ്ഞില്ല...

ജംഗ്ഷനിൽ എത്തിയപ്പോൾ അവൾ താൻ ഇവിടെ ഇറങ്ങിക്കൊള്ളാം എന്ന് സുധിയോട് പറഞ്ഞു.

അപ്പോൾ സമയം ഏഴുമണി ആയിരുന്നു.

തന്റെ വീട് എവിടെ ആണെന്ന് പറഞ്ഞാൽ മതി, അവിടെ വിടാം, ഇപ്പോൾ രാത്രി ആയില്ലേ.. സുധി അവളെ നോക്കി.

വേണ്ട സാർ, ഞാൻ പോയ്കോളാം... ഇവിടുന്നു രണ്ടു മിനിറ്റ് ഒള്ളു.. അവൾ പറഞ്ഞപ്പോൾ സുധി വണ്ടി നിറുത്തി.

താങ്ക് യ്യു സാർ...താങ്ക്യു വെരി മച്ച്... അവൾ സുധിയെ നോക്കി.. എന്നിട്ട് വേഗം അവനോട് യാത്ര പറഞ്ഞു നടന്നകന്നു ..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ തിരികെ തന്റെ വീട്ടിലേക്ക് കാർ ഓടിച്ചു പോയി.


(ഹായ്... കഥ ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു )
രചന: Ullas Os
തുടർന്ന് വായിക്കൂ.....

Part 5:       CLICK HERE
To Top