വായനശാലയിലെ പരിപാടികൾ തുടങ്ങി...
കുട്ടികളുടെ പരിപാടികൾ കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നടക്കുന്നു.. റീഡിങ് റൂമിൽ ഇരുന്ന് അഖില കവിതാ രചനയുടെ പേപ്പറുകൾ നോക്കുകയായിരുന്നു...
നല്ല കഴിവ് ഉള്ള കുട്ടികൾ ഉണ്ട്... മാർക്ക് ഇടുന്നവരെക്കാൾ അനുഗ്രഹിക്കപ്പെട്ടവർ ആണെന്ന് ഓർമ്മപ്പെടുത്തുന്ന വരികൾ.. ഓരോന്നും വായിച്ചു നോക്കുകയാണ് അഖില..
പെട്ടെന്ന് ബെഞ്ചിന് തൊട്ട് അടുത്തു ഉമ വന്നിരുന്നു..
എന്തായി കവയത്രി.. അവൾ ഒരു പേപ്പർ എടുത്തു നോക്കി..
യ്യോ... വേണ്ട.. പണ്ടേക്ക് പണ്ടേ ഉപമയും ഉൽപ്രേക്ഷയും സഹിക്കാൻ വയ്യാതെ ഹിന്ദി സെക്കന്റ് ലൻഗ്വേജ് എടുത്തു പത്തിൽ നിന്ന് രക്ഷപ്പെട്ടതാ...
അവൾ പേപ്പർ തിരികെ വെച്ചു..
ഇവർക്ക് ഈ കഥയും കവിതയും ഒക്കെ നിർത്തി വല്ല മിട്ടായി പെറുക്കലോ വല്ല ഐസ് ക്രീം തീറ്റ മത്സരമോ ഒക്കെ നടത്തിക്കൂടെ പെണ്ണേ..
ഉമയുടെ വാക്ക് കേട്ട് അഖില അവളെ തറപ്പിച്ചോന്ന് നോക്കി.
വായനശാലയുടെ മത്സരത്തിനോ??
ഓ.. ഞാനൊന്നും പറഞ്ഞില്ലേ.. എടി.. ഈ പുസ്തകം തിന്നുന്നവർ ഒക്കെ ഇമോഷണലി ഇമ്പലൻസ് ആണെന്ന് കേട്ടിട്ടുണ്ട്.. ഉറപ്പായും ഒന്ന് രണ്ടു പ്രേമം ഒക്കെ അതിന്റെ ഭാഗം ആയി കാണും.. നീ മാത്രം എന്താ ഇങ്ങനെ... ഇനി എന്നെ കളിപ്പിക്കുന്നെ ആണോ പെണ്ണേ..
എന്റെ ഉമേ... നിന്നെ കളിപ്പിച്ചിട്ട് എനിക്ക് എന്തു കിട്ടാൻ ആണ്..
ഒന്നും ഇല്ല.. ആങ്ങളയുടെ അല്ലെ പെങ്ങൾ അതാ ചോദിച്ച..
അഖിലയ്ക്ക് ചിരി വന്നു.. തോന്നിയിട്ടില്ല എന്നു പറയാൻ പറ്റില്ല.. ഒരു ക്രിസ്റ്റമസ് അവധിക്കാലത്തെ ക്രിസ്റ്റമസ് അപ്പൂപ്പനോട് ഒരു ഇഷ്ടം തോന്നി ഇരുന്നു.. ഒരു കുഞ്ഞു വലിയ അപ്പൂപ്പനോട്..
ഉമ കണ്ണ് മിഴിച്ചു നോക്കി..
ഓ നാട്ടിൽ ചെക്കന്മാർ ഇല്ലാഞ്ഞിട്ടാ അപ്പൂപ്പനെ പ്രേമിക്കാൻ നടക്കുന്നെ... ടീ നീ ഇങ്ങനെ തന്നെ ഇരിക്കുന്നതാ നല്ലത്..
എന്റെ ഉമേ.. നീ എന്നെ ഇങ്ങനെ പൊതിഞ്ഞും കിള്ളിയും ഇരിക്കാതെ അങ്ങോട്ട് ഒന്ന് നോക്കിയേ.. അക്കരയിലെ അർച്ചന അല്ലെ അത് ഉണ്ണിയേട്ടനു ഒപ്പം..
ഉമ ഞെട്ടി തിരിഞ്ഞൊന്ന് നോക്കി..
ഇവൾക്ക് ഇത് എന്തിന്റെ കേട് ആണ്.. നിന്റെ ഏട്ടൻ ഒട്ടി ചേർന്ന് നിൽക്കാൻ സമ്മതിച്ചിട്ടു അല്ലെടി അവളിങ്ങനെ സൂപ്പർ ഗ്ലു പോലെ നിൽക്കുന്നെ...
എന്നാൽ നീ പോയി വലിച്ചു പറിച്ചെടുക്കടി.. അഖില അവളെ കളിയാക്കി..
അവൾക്ക് കിട്ടിയതോന്നും പോരാ ന്ന് തോന്നുന്നു.. ഇനി ഇവളെ കടലിൽ മുക്കേണ്ടി വരും..
നീ അവളെ എന്തോ ചെയ്തു..??
കാര്യം അറിയതെ അഖില കൈ മലർത്തി ചോദിച്ചു..
ഓം.. കുറേ വർഷം പഴക്കം ഉള്ളതാ..
ഹാ.. എന്നാലും പറ പെണ്ണേ.. ഞാൻ അറിഞ്ഞില്ലലോ..
നീ അമ്മൂമ്മയുടെ വീട്ടിലായിരുന്നു..
ഒന്ന് ഇങ്ങനെ ഒട്ടി ചേർന്നു നിന്നതാ അവള്.. എന്നിട്ടെന്നെ നോക്കി ഒരു പുച്ഛഭാവവും..
എന്നിട്ട്??
അന്ന് തോട്ടിലെ വെള്ളം ഒരുപാട് കുടിച്ചവൾ..
പറഞ്ഞിട്ട് ഉമ വളിച്ച ഒരു ചിരി ചിരിച്ചു.
എടി മഹാപാപി... ഉണ്ണിയേട്ടൻ അറിഞ്ഞോ എന്നിട്ടിതു..
ഓ.. അറിയാൻ ഒന്നും ഇല്ല.. അങ്ങേര് തന്നെയാ മുങ്ങി തപ്പി കരയ്ക്ക് വലിച്ചിട്ടത്..
അപ്പോഴേക്കും ഉമയെ മേക് അപ്പ് ചെയ്യാൻ സഹായിക്കാൻ വേണ്ടി ഒരു പെങ്കൊച്ചു വന്നു വിളിച്ചു കൊണ്ടു പോയി.
അപ്പോൾ മാത്രം ആണ് തൊട്ടപ്പുറത്തു ബെഞ്ചിൽ ഇരുന്നു പേപ്പറുകൾ നോക്കുന്ന റോയിയെ അഖില കാണുന്നത്.
ഒരു നിമിഷം കണ്ണുകൾ നേരിടാൻ ആകാതെ തല കുനിച്ചു..
നെഞ്ചിടിപ്പ് കൂടിയ പോലെ..
ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ മറുപടി ആണ് മുന്നിൽ ഇരിക്കുന്നത് എന്നു മനസ് പറഞ്ഞു.. അല്ലെങ്കിൽ അങ്ങനെ ആകണം എന്നു മനസ് പറഞ്ഞു..
കെട്ടി പൂട്ടി വെയ്ക്കും തോറും പതഞ്ഞു പൊങ്ങുന്ന ഒരേയൊരു വികാരം മാത്രമേ ഉള്ളു.... പ്രണയം.. നിയന്ത്രണങ്ങൾ ഇല്ലാതെ സീമകളും ഇല്ലാതെ മനസ് ഇത്രയും അലയുന്നത് തന്റെ പ്രണയത്തിൽ മാത്രം ആണ്.. രക്തബന്ധങ്ങൾ എല്ലാം ജനനത്തോടെ ലഭിക്കുന്നു.. വളർന്നു വരും തോറും കർമങ്ങൾ കൊണ്ടു ഹൃദയത്തിൽ എഴുത്തു ചേർത്ത ബന്ധങ്ങൾ ഉണ്ടാകുന്നു.. എന്നാൽ വളർച്ചയിൽ മൊട്ടിട്ട് തളിർത്തു പൂത്തു രക്തത്തിൽ അലിഞ്ഞു ചേർന്ന് പോകുന്നത്... ഏറ്റവും മനോഹരമാക്കി ജീവിതം മാറ്റുന്നതും ഇതോന്നു മാത്രം ആണ്..
റോയ് പതിയെ എഴുന്നേറ്റ് വന്നു അഖിലയുടെ ബെഞ്ചിൽ ഇരുന്നു..
മനസിന് ഭാരം കൂടിയ പോലെ..
എപ്പോഴാ ക്ലാസ് തുടങ്ങുന്നെ കോളേജിൽ?
അടുത്ത ആഴ്ച്ച .. പേപ്പറിൽ നിന്നും മുഖം ഉയർത്താതെ തന്നെ അവൾ മറുപടി പറഞ്ഞു.
മുഖത്തു നോക്കി മറുപടി പറഞ്ഞിരുന്നെങ്കിൽ ആ കണ്ണിൽ ഒളിപ്പിച്ചത് എനിക്ക് വായിച്ചെടുക്കാമായിരുന്നു..
അഖില ഒന്ന് ഞെട്ടി.. പതിയെ മുഖം തിരിച്ചു നോക്കി.
ചോദ്യം പോലും അതിനായിരുന്നു അഖില.
അവളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോട്ടം പതിപ്പിച്ചു റോയ് പറഞ്ഞു.
ആ കണ്ണുകൾ തന്റെ ആത്മാവ് ഊറ്റി എടുക്കുകയാണെന്നു തിരിച്ചറിഞ്ഞു അഖില..
വേഗം പേപ്പറിലേക്ക് നോട്ടം മാറ്റി.
ഞാൻ പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് അഖില..
'നീയും ഞാനും മാത്രം ഉള്ള തോണി
പുഴയുടെയും മഴയുടെയും നടുവിൽ
ഒറ്റപ്പെടുമ്പോൾ നമുക്ക് ശബ്ദവും നഷ്ടപ്പെടുന്നു.'
അഖില ചുറ്റും നോക്കി റീഡിങ് റൂം വിജനം ആണ്.. എല്ലാവരും പരിപാടി നടക്കുന്ന സ്ഥലത്തു ആണ്.
തൊണ്ടയിൽ വാക്കുകൾ കുരുങ്ങി കിടക്കുന്നു.. കാണാൻ കൊതിച്ച ആളാണ് തൊട്ടടുത്തു ... ചോദിക്കാൻ ഒരു കൂട്ടം ഉണ്ട്.. പക്ഷെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു..
ചിലത് മനസിൽ ജനിക്കുമ്പോൾ ആണ് അഖില ചിലത് നമുക്ക് നഷ്ടം വരുന്നത്.. തനിക്ക് അതു പോലെ ആണ് ശബ്ദവും..
അവൾ ഒന്നു കൂടി ആ മുഖത്തേക്ക് നോക്കി..
എന്താണ് മനസിൽ അഖില..?
അവളുടെ കണ്ണുകളിൽ ഒരു നനവ് റോയ് കണ്ടു.
അവന് അവളെ വിഷമിപ്പിച്ചു എന്നു തോന്നി..
മുന്തിരി വള്ളികൾ തളിർത്തോ എന്നും മാതള മരങ്ങൾ പൂവണിഞ്ഞൊ എന്നും നോക്കാനും പോകാനും എന്റെ മുന്നിൽ ഇപ്പോൾ വഴികൾ ഒന്നും ഇല്ല അഖില.. അതു കൊണ്ടു നേരിട്ട് ക്ഷണിക്കുകയാണ് നേരെ എന്റെ ഹൃദയത്തിലേക്ക് ...
അവൻ ആ കൈ നീട്ടി.. വാഗ്‌ദാനങ്ങൾ ഒരുപാടൊന്നും ഇല്ല.. കാണുന്ന സ്വപ്‌നങ്ങളിൽ ഒരു കൂട്ടു വേണം.. അത് നീ മാത്രം ആണെന്നും കൊതിക്കുന്നു.. ഇപ്പോൾ തന്നെ എന്റെ ഈ ചെറിയ ഹൃദയം നിന്നോടുള്ള പ്രണയം കൊണ്ട് പൂത്തു തളിർത്തു നിൽക്കുകയാണ്.. ഇനിയും പറഞ്ഞില്ലെങ്കിൽ എനിക്ക് എന്നെയും നിന്നെയും നഷ്ടപ്പെടുമോ എന്നു ഞാൻ ഭയക്കുന്നു..
കേട്ടത് വിശ്വസിക്കാൻ ആവാതെ അഖില റോയിയെ തന്നെ നോക്കി.
നീ ഇങ്ങനെ അത്ഭുതത്തോടെ നോക്കുന്നതിൽ അർത്ഥം ഇല്ല അഖില.. കാരണം എന്നേ നീ എന്റെ മനസ് മനസിലാക്കിയിരുന്നു.. നിന്റെ കണ്ണുകളിൽ എന്റെ കൈപ്പടയും ഹൃദയത്തിൽ വാക്കുകളിൽ കൂടി ഉള്ള പ്രണയവും എന്നേ പതിഞ്ഞതാണ്..
ഇനി ഒരു മറുപടി ആണ് എനിക്ക് വേണ്ടത്..
അവൻ കൈകൾ പിന്നെയും നീട്ടി പിടിച്ചു തന്നെ ആണ് ഇരിക്കുന്നത്...
ഇത്രയും പെട്ടെന്ന് ഒരു മുഖാമുഖം അവൾ പ്രതീക്ഷിച്ചിരുന്നില്ല...
നെറ്റിയിൽ വിയർപ്പ് പൊടിയുന്നത് അവൾ അറിഞ്ഞു.
ഹൃദയം സ്വാസ്ഥാനത് നിന്നും വെളിയിൽ ചാടും പോലെ തോന്നി അവൾക്ക്.. അവന്റെ സ്വരങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ കൊണ്ടാണ് വന്നിരിക്കുന്നത് പക്ഷെ ഞാൻ എന്തോ ദുർബല ആയിരിക്കുന്നു.. ഒരു കൈ ദൂരത്തിൽ ആണ് തന്റെ സ്വപ്നവും പ്രണയവും കൈ നീട്ടി നിൽക്കുന്നത്.. തട്ടി നീക്കിയാൽ ജന്മം മുഴുവൻ വിങ്ങൽ ആകാൻ പോകുന്ന മുറിവ് ഹൃദയത്തിൽ സൃഷ്ടിക്കും പക്ഷെ..
അവൾ വേഗം പേപ്പറുകൾ ഒതുക്കി എടുത്തു ഒന്നും മിണ്ടാതെ എഴുന്നേറ്റു.. വേഗം പുറത്തേക്ക് ഇറങ്ങി പോയി.. റോയ് വേദനയോടെ അവൾ പോകുന്നതും നോക്കി ഇരുന്നു..
പരിപാടി നോക്കി ഇരിക്കുന്ന ഉമയുടെ അടുത്തു പോയി ഇരുന്നു.. അവൾ തിരിഞ്ഞു നോക്കി.. ഒന്ന് ചിരിക്കാൻ പോലും താൻ ആശക്ത ആയിരിക്കുന്നു..
എന്താടി..?.. നിനക്ക് വയ്യേ?
ഒന്നും ഇല്ല..
ഉമ മുഖം പിടിച്ചു നോക്കി.. നെറ്റിയിൽ കൈ വെച്ചു..
പനിക്കുന്നുണ്ടോ നിനക്ക്..??
ഇല്ലടി.. ചെറിയ തല വേദന..
മ്മ്..
ഇത് എന്റെ പ്രണയത്തിന്റെ ചൂട് ആണ് ഉമ.. അവനെ ഞാൻ വേദനിപ്പിച്ചു... ഇപ്പൊ അവനോളം തന്നെ ഞാനും വേദനിക്കുന്നു.
ആലോചിച്ചു കൊണ്ടു തല ഉയർത്തിയപ്പോൾ കണ്ടു ഒരു വശത്തായി മതിലും ചാരി ഉണ്ണിയേട്ടനോടപ്പം.. കൂടെ പ്രസദേട്ടനും...
ഇല്ല... നോക്കുന്നില്ല.
തൊട്ടടുത്തുണ്ടായിട്ടും പ്രീയപ്പെട്ടതെന്ന് ഞാൻ മുദ്ര ചെയ്യാത്തത് കൊണ്ടു മാത്രം അകന്നു പോകുന്ന ഒരു സ്വപ്നം പോലെ തോന്നിച്ചു ആ രൂപം..
പ്രസാദെട്ടൻ ഒരു ചിരി സമ്മാനിച്ചു.
ഉണ്ണിയേട്ടൻ തലയനക്കി എന്താ എന്നു ചോദിച്ചു.
ഒന്നും ഇല്ല എന്നു തല ഇളക്കി....
എന്നിട്ടും നോക്കി ഇല്ല.
വാ ടി.. വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ട് വരാം.. ഇനി ഇപ്പോഴേ ഒന്നും നല്ല പരിപാടി ഇല്ല.. വൈകിട്ട് നാടകം ആണ്.
ഉമയുടെ കൈ പിടിച്ചു നടന്നു. പിന്തിരിഞ്ഞു നോക്കി..
ഒരു കാറ്റ് വീശിയ സുഖം.. എന്റെ കണ്ണു പതിഞ്ഞപ്പോൾ നോട്ടം മാറ്റി എങ്കിലും അത് എന്നെ നോക്കുക തന്നെ ആയിരുന്നു...
ഉമയുടെ വീട്ടിൽ നിന്നും കഴിക്കാം എന്ന് പറഞ്ഞു അവൾ കൂട്ടി കൊണ്ട് പോയി.
ഒന്നും ഇറങ്ങുന്നില്ല.. ഒന്ന് രണ്ടു ഉരുള ചോറ് വായിലേക്ക് വെച്ചപ്പോൾ തന്നെ ഉമ സംശയത്തോടെ നോക്കി..
എന്താടി.. എന്തെങ്കിലും കുഴപ്പം ഉണ്ടോ നിനക്ക്.. ഒരുമാതിരി നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ... നേരത്തെ പ്രശ്നം ഒന്നും ഉണ്ടായില്ലലോ? കുറച്ചു നേരം ആയി ഞാൻ ശ്രദ്ധിക്കുന്നു.
തല വേദന കൊണ്ടാണ് ഉമേ..
എന്നാൽ കുറച്ചു കഴിക്ക് എന്നിട്ട് എന്റെ റൂമിൽ പോയി കിടന്നോ.. ഒന്ന് മയങ് അപ്പോൾ ശരി ആകും...
മ്മ്.. അവൾ ഒന്ന് മൂളി..
കുറച്ചു കഴിച്ചെന്ന് വരുത്തി.. നേരെ ഉമയുടെ റൂമിൽ കയറി കിടന്നു..
മനസ് ഇപ്പോഴും ആ നീട്ടി പിടിച്ച കയ്യിൽ തന്നെ ആണെന്ന് തോന്നി അഖിലയ്ക്ക്.. തന്നെയും തന്റെ മനസിനെയും നഷ്ടപ്പെടുത്തി ഇവിടെ വന്നു കിടക്കേണ്ടി വന്നതിനു താൻ മാത്രം ആണ് കാരണം എന്നവൾ ഓർത്തു..
കണ്ണടച്ചു..
എപ്പോഴൊ ചിന്തകളുടെ വേലിയേറ്റത്തിൽ കണ്ണുകൾ അടഞ്ഞു പോയി..
കുറെ നേരം കഴിഞ്ഞു കണ്ണു തുറന്നു.. കുറച്ചധികം മയങ്ങി പോയോ?
വേഗം എഴുന്നേറ്റ് പുറത്തേക്ക് പോയി.. ഉമയെ നോക്കി കണ്ടില്ല.. വേഗം അവളുടെ അമ്മയെ നോക്കി പോയി..
അമ്മയാണ് പറഞ്ഞത്.. അവളെ വായനശാലയിൽ നിന്ന് ആരോ എന്തോ ആവശ്യത്തിന് വിളിച്ചു.. ഉണർന്നാൽ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
പോകാൻ തോന്നിയില്ല.. പക്ഷെ മനസ് കടിഞ്ഞാൺ ഇല്ലാതെ അങ്ങോട്ടു വലിച്ചടുക്കുന്നു...
മെല്ലെ നടന്നു... മനസ് ശൂന്യം ആകുന്നത് അറിഞ്ഞു.
വായനശാലയിൽ നിന്നും പാട്ട് കേൾക്കാം..
നടന്നു കയറിയതും കണ്ടു എല്ലാവരും വട്ടത്തിൽ കസേര ഇട്ട് ഇരിക്കുന്നു.. ഉണ്ണിയേട്ടനും ഉമയും പ്രസാദെട്ടനും റോയിച്ചനും ബാക്കി കുറച്ചാളുകളും.. പിന്നെ റോയിച്ചന്റെ തൊട്ടടുത്ത കസേരയിൽ ഒരു പെണ്ണ്.. അവളുടെ കൈ പക്ഷെ റോയിച്ചന്റെ കാലിനു മേലേ ആണ് വച്ചിരിക്കുന്നത്..
ഉമ പെട്ടെന്ന് അഖിലയെ കണ്ടു.. കൈ മാടി വിളിച്ചു..
എല്ലാവരുടെയും ശ്രദ്ധ അപ്പോൾ അങ്ങോട്ട് വന്നു.. പതിയെ നടന്നു അടുത്തു ചെന്നു..
തലവേദന കുറഞ്ഞോടി..?
ഉമ അടുത്ത കസേരയിൽ കൈ പിടിച്ചു ഇരുത്തി ചോദിച്ചു.
മ്മ്..
ആശുപത്രിയിൽ പോണോ മോളേ..ഉണ്ണിയേട്ടൻ ആണ്..
വേണ്ട ഏട്ടാ..
മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു..
ഏയ്.. കുഴപ്പം ഇല്ല.. ഇപ്പൊ ആശ്വാസം ഉണ്ട്.
റോയ് ടെ മുഖത്തേക്ക് അവൾ നോക്കിയതെ ഇല്ല.. പക്ഷെ അവന്റെ കാലിൽ ഇരിക്കുന്ന കയ്യിലേക്ക് ആയിരുന്നു നോട്ടം മുഴുവൻ..
അവളെ തന്നെ നോക്കി ഇരുന്ന റോയ് അത് വേഗം തിരിച്ചറിഞ്ഞു..
നോക്കും തോറും ചുവന്നു വരുന്ന ആ മുഖവും മൂക്കിൻ തുമ്പും കൗതുകത്തോടെ അവൻ വീക്ഷിച്ചു കൊണ്ടിരുന്നു.. അവനിൽ ഒരു കുസൃതി നിറച്ചു അവളുടെ ഭാവം.
റോയ് അങ്ങനെ തന്നെ ഇരുന്നു..
നോക്കാം എന്ന ഭാവം.
ഇനിയും താമസിച്ചാൽ ചിലപ്പോൾ എന്റേയോ അല്ലെങ്കിൽ അടുത്തിരിക്കുന്ന ഇവളുടെയോ കരണം പുകയും എന്ന ഒരു തോന്നലിൽ റോയ് മെല്ലെ അവളുടെ കൈ എടുത്തു മാറ്റി..
അപ്പോൾ... അപ്പോൾ മാത്രം അഖില തല ഉയർത്തി നോക്കി..
ദേഷ്യവും സങ്കടവും പരാതിയും പരിഭവവും ഒരു നിമിഷം ആ നോട്ടത്തിൽ കൂടി അവനിലേക്ക് എത്തി..
റോയിയെ... ഒരു കവിത പാടടാ..
പ്രസദേട്ടൻ ആണ് പറഞ്ഞത്..
പിന്നെ എല്ലാവരും അതേറ്റു പിടിച്ചു..
പിന്നെ അവൻ ഒന്നാലോചിച്ചു ഇരുന്നു.. മെല്ലെ മൂളി തുടങ്ങി..
ചൂടാതെ പോയ് നീ....
ചൂടാതെ പോയ് നീ...
നിനക്കായ് ഞാന്‍ ചോര
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നീ... നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍ ...
അഖില അവനെ തന്നെ നോക്കി... തന്നോടുള്ള പിണക്കമാണ് പറഞ്ഞു തീർക്കുന്നതെന്ന് തോന്നി അവൾക്ക്.. ഓരോന്നും ഓരോ മുറിവാണ് ഉണ്ടാക്കുന്നത് ഓരോ വരിയും..
(തുടരും)
അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ ....
രചന: ഋതു ❤
(Unauthorized usage (Re-uploading/ Editing) of this content in social media or Digital platforms will be taken as violation of Copyright act and will be followed with legal proceedings...)