ഗാഥ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ബുക്ക് തിരികെ കിട്ടണേ മഹാദേവാ...
"എടോ താൻ എന്തിനാ ഈ സമയത്ത് ഇവിടെ ഒറ്റക്ക് വന്നത്?"
ഗാഥ വിശ്വ ചോദിച്ചത് കേട്ടില്ല. അവൻ ഒന്നും കൂടി ശബ്ദം കൂട്ടി ചോദിച്ചു.
"ഹെലോ... തന്നോടാ ഈ ചോദിക്കുന്നെ. എന്തിനാ ഈ സമയത്ത് വന്നതെന്ന്..."
"ആഹ്... എന്താ?"
"ഹൊ... ഒന്നുല്ല"
വിശ്വ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല. അവൻ ഒന്നുകൂടി ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി. ഗാഥ വിശ്വയുടെ തോളിൽ മുറുക്കെ പിടിച്ചു. അധികം വൈകാതെ തന്നെ അവന്മാരെ കണ്ടു. വിശ്വ അവരെ ഓവർടേക്ക് ചെയ്ത് അവരുടെ ബൈക്കിനു മുന്നിൽ ആയി നിർത്തി. അവിടെയെങ്ങും വേറെയാരും ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ സ്ട്രീറ്റ് ലൈറ്റ് ഇട്ടിരുന്നു.
"ഇറങ്ങ്..."
വിശ്വ ഗാഥയോടായി പറഞ്ഞു.
അവൾ പതിയെ ഇറങ്ങി. വിശ്വ ഹെൽമെറ്റ് ഊരി ബുള്ളറ്റിന്റെ പുറത്ത് വെച്ചു. ഷർട്ടിന്റെ കൈ രണ്ടും മടക്കി മേലോട്ട് വെച്ചു. എന്നിട്ട് കയ്യും കെട്ടി ബുള്ളറ്റിൽ ചാരി നിന്നു. അവന്മാർ വിശ്വയെയും ഗാഥയെയും മാറി മാറി നോക്കി.
"എന്താടാ നിനക്ക് വേണ്ടേ? വഴിയിൽ നിന്ന് മാറടാ..."
മുന്നിൽ ഇരുന്നവൻ അലറി.
"എനിക്കൊന്നും വേണ്ടായേ... എടോ താൻ ചോദിക്ക്. തനിക്കല്ലേ ബുക്കിന്റെ ആവശ്യം"
ഗാഥ എന്താ പറയേണ്ടത് എന്നറിയാതെ വിശ്വയുടെ മുഖത്ത് നോക്കി നിന്നു.
"ഓഹോ... അപ്പോൾ മോള് ഇവനെയും കൂട്ടി വന്നത് ഈ ബുക്ക് എന്റെ കയ്യിൽ നിന്നും മേടിക്കാനാണല്ലേ? ഹ്മ്മ്... കിട്ടിയത് തന്നെ. ഈ ബുക്ക് ഞാൻ ഇങ്ങ് എടുക്കുവാ എന്ന് ചേട്ടൻ പറഞ്ഞത് മറന്നു പോയോ?"
"മര്യാദക്ക് താടോ? തനിക്ക് എന്തിനാ ഈ ബുക്ക്?"
"മര്യാദക്കോ? ഹ ഹഹ...ഹാ... "
അവന്മാർ രണ്ടു പേരും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"മര്യാദ ഇല്ലാത്തവന്മാരോട് മര്യാദക്ക് തരാൻ പറഞ്ഞാൽ എങ്ങനെ തരാനാഡോ? താൻ ഇങ്ങോട്ട് മാറി നിൽക്ക്"
എന്നും പറഞ്ഞ് വിശ്വ അവരുടെ തൊട്ടടുത്ത് വന്ന് നിന്നു.
"നിനക്കൊക്കെ എന്തിനാടാ ഈ കൊച്ചിന്റെ ബുക്ക്. വായിച്ചു പഠിക്കാൻ ഒന്നും പോകുന്നില്ലലോ. അത് ഇങ്ങ് കൊടുത്തേക്ക്. തരാൻ വയ്യെങ്കിൽ എന്നെക്കൊണ്ട് വാങ്ങിപ്പിക്കാൻ നിൽക്കരുത്. എനിക്ക് വേഗം വീട്ടിൽ എത്താൻ ഉള്ളതാ"
ഇത് കേട്ട് പുറകിൽ ഇരുന്നവൻ ബൈക്കിൽ നിന്നും ഇറങ്ങി വിശ്വയുടെ നേർക്ക് വന്ന് നിന്നു.
"നീ എന്താ ഹീറോ കളിക്കുന്നോ? ഏതാ മോളെ ഇവൻ? നീ ഇവിടെ നിന്ന് ലേറ്റ് ആകണ്ട. വേഗം വീട്ടിൽ ചെന്നാട്ടെ. ഇനി ഇവളെയും ഇവളുടെ ഈ ബുക്കിനെയും വിശദമായി പഠിച്ചിട്ട് ഞങ്ങൾ തന്നെ ഇവളെ വീട്ടിൽ കൊണ്ടാക്കിക്കോളാം. അല്ലേ മോളെ? ഇപ്പോൾ ഹാപ്പി ആയോ?"
ഇത് കേട്ട ഉടനെ തന്നെ വിശ്വ അവന്റെ മൂക്കിനിട്ടൊരു ഇടി കൊടുത്തു. അവൻ ഉടനെ മൂക്ക് പൊത്തിപ്പിടിച്ചു. കയ്യിൽ നിന്നും ബുക്ക് താഴെ വീണു. വിശ്വ അത് കുനിഞ്ഞെടുത്തു.
"നിനക്ക് ഇനി ഈ ബുക്ക് വിശദമായി പഠിക്കണമെന്നുണ്ടോ?"
ബുക്കിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കൊണ്ട് വിശ്വ അവനോട് ചോദിച്ചു.
"ഡാ......"
ബൈക്കിൽ ഇരുന്നവൻ വിശ്വയെ നോക്കി അലറി. അവൻ അതിൽ നിന്നും ഇറങ്ങാൻ പോയതും വിശ്വ അവന്റെ നേർക്ക് കൈവിരൽ ചൂണ്ടി. അതിൽ അവനുള്ള വാണിംഗ് ഉണ്ടായിരുന്നു. മറ്റവൻ മൂക്കും പൊത്തിപ്പിടിച്ച് ആ നിൽപ്പ് തന്നെയാണ്. ഗാഥ ഇതൊക്കെ കണ്ട് അന്തം വിട്ട് നിന്നു. വിശ്വയുടെ കയ്യിൽ ചുറ്റിയേക്കുന്ന രുദ്രാക്ഷമാല അവളുടെ കണ്ണിലുടക്കി.
"ദാ തന്റെ ബുക്ക്..."
ഗാഥ ആ രുദ്രാക്ഷത്തിൽ തന്നെ നോക്കിക്കൊണ്ടിരുന്നു.
"ഹലോ... ഇതെവിടെയാ നോക്കി നിൽക്കുന്നേ? ദാ ഈ ബുക്ക് പിടിക്ക്"
"ത...താങ്ക്സ്..."
ഗാഥയെ ഒന്നു തറപ്പിച്ചു നോക്കിയശേഷം വിശ്വ ചെന്ന് ബുള്ളറ്റിൽ കേറി സ്റ്റാർട്ട് ആക്കി.
"താൻ ഇവിടെ നിൽക്കുവാണോ? വന്ന് കേറ്"
കേട്ടപാടെ ഗാഥ വേഗം ചെന്ന് ബുള്ളറ്റിൽ കേറിയിരുന്നു.
"നീ എന്താ നേരത്തെ ചോദിച്ചേ? ഞാൻ ഹീറോ കളിക്കുവാണോ എന്നോ? എനിക്ക് ഹീറോ കളിക്കേണ്ട കാര്യമില്ല. കാരണം ഈ വിശ്വ ഹീറോ തന്നെയാ. കേട്ടോടാ? അടുത്തുള്ള ഹോസ്പിറ്റലിൽ പോയി മൂക്കിന്റെ പാലത്തിന് നല്ലതുപോലെ കോൺക്രീറ്റ് ഇടാൻ പറയ്. ഇനി ഇതുപോലെ പൊട്ടിപ്പൊളിഞ്ഞ് പോകാതെ ഇരിക്കാൻ"
എന്നും പറഞ്ഞ് വിശ്വ ഹെൽമെറ്റ് എടുത്ത് വെച്ചു. അവന്മാരെ ഒരിക്കൽ കൂടി നോക്കിയശേഷം തിരിച്ചുപോകാതെ നേരെ ബുള്ളറ്റോടിച്ചു പോയി. മൂക്കിന് ഇടി കിട്ടിയവൻ പതിയെ തന്റെ കൈകളിലേക്ക് നോക്കി. സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ ചോര തിളങ്ങുന്നതായി അവന് തോന്നി. വിശ്വ പോയ വഴിയിൽ നോക്കി അവൻ പല്ലിറുമ്മി.
**********---------------**********
വിശ്വയും ഗാഥയും കുറച്ചു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല. പെട്ടെന്നൊരു കാറ്റ് വന്ന് അവളുടെ മുഖത്ത് മെല്ലെ തഴുകി പോയി. അപ്പോഴാണ് ഗാഥ വഴി ശ്രദ്ധിക്കുന്നത്.
"അതേ... നമ്മൾ എങ്ങോട്ടാ ഈ പോകുന്നേ?"
"ജംഗ്ഷൻ ആകാറായില്ലേ. അവിടെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് പൊയ്ക്കോ. ഞാൻ പുറകേ ഉണ്ടാകും. ഈ കാലത്ത് ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല. താൻ വീട്ടിൽ എത്തിയിട്ടേ ഞാൻ എന്റെ വീട്ടിലേക്ക് പോകുള്ളു. ഇതിൽ തന്നെ കൊണ്ടാക്കുമായിരുന്നു. പക്ഷേ, തന്നെ അറിയാവുന്ന ആരേലും കണ്ടാൽ അത് പിന്നെയൊരു പ്രശ്നമാകും"
വിശ്വ പറയുന്നതെല്ലാം കേട്ട് ഗാഥ മിണ്ടാതെ ഇരുന്നു.
"ഹലോ... ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?"
"ആഹ്...ഉണ്ട്"
"മ്മ്... എങ്കിൽ ശെരി. ഇറങ്ങിക്കോ. ദാ ജംഗ്ഷൻ എത്തി"
ഇറങ്ങാൻ പറഞ്ഞപ്പോൾ ഗാഥക്കെന്തോ ഉള്ളിൽ ഒരു വിഷമം വന്നതുപോലെ തോന്നി. വിശ്വയുടെ തോളിൽ നിന്നും അവൾ പതിയെ കൈ എടുത്തു. ബുള്ളറ്റിൽ നിന്നും ഇറങ്ങി വിശ്വയുടെ മുഖത്തേക്ക് നോക്കി.
"വേഗം റോഡ് ക്രോസ്സ് ചെയ്ത് ഓട്ടോയിൽ കയറി പോകാൻ നോക്ക്. കയ്യിൽ കാശുണ്ടോ?"
"അത് ഞാൻ വീട്ടിൽ ചെന്നിട്ട് കൊടുത്തോളം"
"മ്മ്... എങ്കിൽ ശരി. നിന്ന് സമയം കളയണ്ട. പൊയ്ക്കോ"
"മ്മ്..."
അവൾ ചെറുതായി മൂളിക്കൊണ്ടു തലയാട്ടി. എന്നിട്ട് റോഡ് ക്രോസ്സ് ചെയ്ത് ഒരു ഓട്ടോയിൽ കയറി പോകാനുള്ള സ്ഥലം പറഞ്ഞു കൊടുത്തു.
ഗാഥ ബുക്ക് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു. പിറകെ ബുള്ളറ്റ് വരുന്നതിന്റെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു. അവളുടെ വീടിനു മുന്നിൽ ഓട്ടോ നിന്നു.
"ചേട്ടാ... ഒരു അഞ്ചു മിനിറ്റ്. പൈസ ഇപ്പൊ കൊണ്ടുവരാം. വെയിറ്റ് ചെയ്യണേ..."
"മ്മ്... വെയിറ്റ് ചെയ്യാം"
ഓട്ടോയുടെ ശബ്ദം കേട്ട് രാധികയും നാനിയും വീടിന്റെ ഉന്മറത്തേക്ക് വന്നു.
"ഗാഥേ നീ... നിന്നോട് ഞാൻ പറഞ്ഞതല്ലേ സന്ധ്യക്ക് മുൻപ് ഇങ്ങ് എത്തണമെന്ന്. ഫോണും കൊണ്ടുപോയില്ല. ഞാൻ ആണേൽ അത് ശ്രദ്ധിച്ചില്ല. എത്രമാത്രം ടെൻഷൻ അടിച്ചുവെന്ന് നിനക്കറിയാമോ?"
"പോട്ടേ രാധു. അവളിങ്ങ് വന്നില്ലേ. കോയി ബാത് നഹീം ബേട്ടാ, അന്തർ ആ ജാ..."
"ഓട്ടോ ഇപ്പോഴാ കിട്ടിയത് അമ്മേ... അതാ ലേറ്റ് ആയത്. അമ്മ ചെന്ന് ഒരു നാൽപത് രൂപ എടുത്ത് കൊണ്ടു വന്നേ"
"നാൽപത് രൂപയോ? അവിടെന്ന് ഇരുപത്തിയഞ്ചോ മുപ്പതോ അല്ലേ?"
"അത്... അത് സന്ധ്യ ആയില്ലേ. ചാർജ് കൂടും"
"ഹ്മ്മ്... കൊണ്ടുവരാം"
രാധിക വേഗം പോയി കാശ് എടുത്ത് കൊണ്ടുവന്നു. ഗാഥ അത് വാങ്ങി ഓട്ടോക്കാരന് കൊടുത്തു. ഓട്ടോ തിരിച്ചു പോയപ്പോഴാണ് അവൾ വിശ്വയെ കണ്ടത്.
"ഗാഥേ... നീ അവിടെ എന്ത് നോക്കി നിൽക്കുവാ?"
"ഒന്നുമില്ലമ്മേ..."
അവൾ വേഗം വീട്ടിൽ കയറി.
"വേഗം പോയി കുളിച്ചു വാ..."
"മ്മ്... ശെരി. ഗംഗ എവിടെ?"
"അവൾ പൂജാമുറിയിൽ ഉണ്ട്"
"ആഹ്... ഞാൻ പെട്ടന്ന് വരാം"
ഗാഥ അവളുടെ മുറിയിൽ പോയി ബുക്ക് മേശപ്പുറത്ത് വെച്ചു. അവൾ അതിന്മേൽ മെല്ലെ തടവി. അവളുടെ മനസ്സിൽ വിശ്വ ബുക്കിന്മേൽ പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കളയുന്ന രംഗം ഓടിയെത്തി. പിന്നെ അവിടെ നടന്ന എല്ലാ രംഗവും ഗാഥ ഓർത്തെടുത്തു.
ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ കുളിച്ചു മാറാനുള്ള ഡ്രസ്സും എടുത്തുകൊണ്ട് അവൾ ബാത്‌റൂമിൽ പോയി. ഗാഥയുടെ മനസ്സിൽ വിശ്വയുടെ മുഖവും അവന്റെ കയ്യിലെ രുദ്രാക്ഷവും ഓരോ നിമിഷവും മിന്നിമറഞ്ഞു കൊണ്ടിരുന്നു. അധികം വൈകാതെ തന്നെ അവൾ കുളിച്ചു കയറി. തലതുവർത്തി ഒരു കുളിപിന്നലും ഇട്ടുകൊണ്ട് ഗാഥ താഴേക്ക് ചെന്നു. അപ്പോഴേക്കും ഗംഗ അവളുടെ പ്രാർത്ഥന അവസാനിപ്പിച്ചിരുന്നു.
എന്റെ ഈശ്വരന്മാരേ... എല്ലാവർക്കും എന്റെ നന്ദിയുണ്ട്. എന്തിനെന്നോ... അവിടെ കറക്റ്റ് സമയത്തിന് വിശ്വയെ എത്തിച്ചതിന്. പുള്ളിക്കാരൻ വന്നില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു. ഞാൻ പുറകേ ഓടിയാലൊന്നും ബുക്ക് കിട്ടാൻ പോണില്ല. അങ്ങനെയാണേൽ ആദ്യംമുതൽ ഓരോന്നും വരക്കേണ്ടി വന്നേനെ...
ഗാഥ കണ്ണുകളടച്ച് പ്രാർത്ഥിച്ചു. ഒരു ഭസ്മക്കുറിയും തൊട്ടുകൊണ്ട് പൂജാമുറിയിൽ നിന്നിറങ്ങി.
"ആഹാ നീ പഠിക്കാൻ ഇരുന്നോ? നാളെയും കൂടി യൂത്ത്ഫെസ്റ്റിവൽ ഇല്ലേ?"
"ഓഹ്... യൂത്ത്ഫെസ്റ്റിവൽ നാളെയങ്ങ് അവസാനിക്കും. അതിന്റെ പേരും പറഞ്ഞ് ഞാൻ എന്തിനാ പഠിക്കാതെ ഇരിക്കുന്നേ? അല്ലേ അമ്മേ?"
ഗംഗ പറയുന്നത് കേട്ട് രാധികക്ക് ചിരി വന്നു. രാധികയെ പേടിച്ചിട്ടാണ് ഗംഗ പഠിക്കാൻ ഇരിക്കുന്നതെന്ന് ഗാഥക്ക് മനസ്സിലായി. ഒട്ടും ഇഷ്ടമില്ലാതെയാണ് ഇരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
"നല്ല മുഖത്തോടു കൂടി ഇരുന്ന് പഠിക്കാൻ നോക്ക്. ഇങ്ങനെ വിഷമത്തോടെ ഇരിക്കാതെ. അമ്മക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി പഠിക്കാൻ നോക്ക്"
"ആ...ആര് പറഞ്ഞു അമ്മക്ക് വേണ്ടിയാന്ന്. അമ്മ പറഞ്ഞിട്ടാ പഠിക്കാൻ ഇരുന്നതെന്നത് ശെരിയാ. പക്ഷേ, പഠിക്കുന്നത് എനിക്ക് വേണ്ടി തന്നെയാണ്"
"ഓഹോ... എങ്കിൽ നിനക്ക് കൊള്ളാം"
എന്നു പറഞ്ഞുകൊണ്ട് ഗാഥ സ്‌റ്റെപ്സ് കയറാൻ പോയി.
"ഗാഥേച്ചി എവിടെ പോണു? ഇവിടെ എന്റെയൊപ്പം ഇരിക്ക്"
"ഓ വരാം. ഞാൻ മൊബൈൽ ചാർജ് വെക്കട്ടെ. പിന്നെ, കുറച്ച് വരയ്ക്കാൻ ഉണ്ട്. ബുക്ക് എടുത്തിട്ട് വരാം"
"മ്മ്... ശെരി"
ഗാഥ മുറിയിൽ ചെന്ന് മൊബൈൽ ചാർജിൽ ഇട്ട ശേഷം ബുക്കും വരയ്ക്കാൻ ഉള്ളതൊക്കെ എടുത്തുകൊണ്ട് വന്നു.
ബുക്ക് തുറന്നതും വിശ്വയുടെ മുഖം അതിൽ തെളിഞ്ഞു വന്നു.
ശേ... ഇത് എന്താ ഇങ്ങനെ തോന്നുന്നേ.
"ചേച്ചി എന്ത് ആലോചിക്കുവാ? വരക്ക്"
"ഗംഗേ... അവൾ വരച്ചോളും. നീ നിനക്കുള്ളത് പഠിക്കാൻ നോക്കിയേ"
"ഓ..."
"ഹ്മ്മ്..."
ഗംഗയെ ഒന്നു നോക്കിയ ശേഷം രാധിക അടുക്കളയിലേക്ക് പോയി. കൂടെ നാനിയും.
അപ്പോൾ ഗംഗ ഒരു കടലാസ്സിൽ എന്തോ എഴുതി ഗാഥയെ കാണിച്ചു.
എനിക്ക് പഠിക്കാനൊന്നും തോന്നുന്നില്ല ചേച്ചി. യൂത്ത്ഫെസ്റ്റിവൽ നല്ല രസമുണ്ടായിരുന്നു. കുറേ ഉണ്ട് പറയാൻ.
ഗാഥക്ക് ഇത് വായിച്ചിട്ട് ചിരി വന്നു.
രാത്രി കിടക്കാൻ നേരത്ത് പറയാം...
ഗാഥയുടെ മറുപടി വായിച്ചിട്ട് ഗംഗ വിഷമത്തോടെ അവളെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നാനി രാത്രിത്തേക്കുള്ള കറിക്ക് വേണ്ടി കുറച്ചു ഉരുളക്കിഴങ്ങുമായി ഹാളിലേക്ക് വന്നു. എന്നിട്ട് ഡൈനിങ്ങ് ടേബിളിന്റെ അവിടെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് അത് കുഞ്ഞുകഷ്ണങ്ങൾ ആക്കാൻ തുടങ്ങി.
ഇത് കണ്ട് ഗംഗയുടെ മുഖം പെട്ടെന്ന് പ്രകാശിച്ചു.
ഗാഥ എന്താന്ന് ആംഗ്യത്തിൽ ചോദിച്ചു. അവളെ നോക്കി ഗംഗ സൈറ്റ് അടിച്ച് കാണിച്ചു.
"നാനീ......"
"ഹാ... ബോൽ"
"അതേ... നാനി, ഇന്ന് യൂത്ത്ഫെസ്റ്റിവലിൽ ഒരു ഡ്രാമ ഉണ്ടായിരുന്നു. കുറച്ചു നേരമേ ഉണ്ടായുള്ളൂ. എന്നാലും സൂപ്പർ ആയിരുന്നു. ലവ് ആയിരുന്നു ടോപിക്. അപ്പോൾ എനിക്ക് നാനിയെ ഓർമ വന്നു. നിങ്ങളുടേത് ലവ് മാരേജ് അല്ലേ?"
ഗംഗ പറഞ്ഞത് കേട്ടപ്പോൾ നാനിയുടെ മുഖത്ത് ചെറുതായി നാണം വന്നു. ഇത് കണ്ടിട്ട് ഗംഗ ഗാഥയോട് കണ്ണുകൊണ്ട് നാനിയെ നോക്കാൻ ആംഗ്യം കാണിച്ചു.
"നാനി ഞങ്ങളോട് ഡീറ്റെയിൽ ആയി ഒന്നും പറഞ്ഞിട്ടില്ലലോ. നാന എങ്ങനെ കണ്ടെന്നോ ഇഷ്ടം എപ്പോഴാ പറഞ്ഞത് എന്നൊക്കെ?"
"നീ ഇരുന്ന് പഠിച്ചേ ഗംഗേ..."
"ഓഹ്... ഇപ്പോൾ മനസ്സിലായി. ഗാഥേച്ചി... ഈ നാനി നമ്മളോട് നുണ പറഞ്ഞതാ നാനയെ സ്നേഹിച്ച് കെട്ടിയതെന്നൊക്കെ"
"ഞാൻ നുണ ഒന്നും പറഞ്ഞിട്ടില്ല"
"പിന്നെ എന്താ ഞാൻ ചോദിച്ചിട്ട് പറയാത്തേ? വേറെ ആരോടും അല്ലാലോ. ഇപ്പോൾ അറിയണമെന്ന് തോന്നിയതുകൊണ്ട് ചോദിച്ചതാ"
"ആഹ് അതെ. പറ ദേവൂ..."
ഗാഥയും കൂടെ പറഞ്ഞു.
"പറയണോ?"
"പറയണം..."
ഗാഥയും ഗംഗയും ഒരേ സ്വരത്തിൽ പറഞ്ഞു. അവർ രണ്ടുപേരും നാനിയുടെ അടുത്ത് പോയി കസേര നീക്കിയിട്ട് ഇരുന്നു.
"മ്മ്... ഠിക്ക് ഹെ. അത്ര വിശദമായിട്ടൊന്നും പറയാൻ പറ്റില്ല"
"ഓഹ് ശെരി. നാനി എപ്പോഴാ നാനയെ കണ്ടുമുട്ടിയേ? അതാദ്യം പറയ്"
നാനി കയ്യിലെ കത്തി മാറ്റി വെച്ചു. എന്നിട്ട് ചെറുതായൊന്നു നെടുവീർപ്പു വിട്ടു.
"ഞാൻ തയ്യൽക്ലാസ്സിനു പൊയ്ക്കോണ്ടിരുന്ന സമയത്താ നിങ്ങളുടെ നാനയെ ആദ്യമായി കണ്ടത്. ഞങ്ങളുടെ അവിടെ ചെറിയ ഒരു ഹോട്ടൽ. ഹോട്ടൽ എന്ന് പറയാൻ പറ്റില്ല. ഒരു ചെറിയ കട"
"ആരുടെ കട? നാനയുടേതാണോ?"
"ആഹ്... അതേ"
"മ്മ്... എനിക്ക് മനസ്സിലായി. നാനി അത് വഴി പോകുമ്പോൾ നാന നോക്കുമല്ലേ. അങ്ങനെ നോക്കി നോക്കി രണ്ടുപേരും ലൈൻ ആയി"
"ശോ ഈ പെണ്ണ്..."
അവർ ഒരു കൈ കൊണ്ട് മുഖം മറച്ചു.
"നാനയുടെ പഴയ ഫോട്ടോ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളു. അതിലും എന്താ ഗ്ലാമർ. നാനക്ക് നല്ല മീശ ഉണ്ടായിരുന്നല്ലേ?"
"മ്മ്... ആ മീശ കണ്ടാൽ നല്ല ദേഷ്യക്കാരൻ ആണെന്ന് തോന്നും. മുഖത്ത് എപ്പോഴും ഗൗരവം ആയിരുന്നു. പക്ഷേ, ആള് പാവമാ. ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി കാണുന്ന പോലെയല്ല ആളെന്ന്"
ഇത് കേട്ടപ്പോൾ ഗാഥ പെട്ടന്ന് വിശ്വയെ ഓർത്തു.
***********----------**********
വിശ്വ വീട്ടിൽ എത്തിയപ്പോൾ 7 മണി ആയി. ബുള്ളറ്റിന്റെ ചാവി കറക്കിക്കൊണ്ട് അവൻ വീടിനുള്ളിൽ കയറി.
"ആഹ് വിശ്വ വന്നോ? രാഗിണി... ദേ വിശ്വ വന്നു. ഇന്ന് എങ്ങനെ ഉണ്ടായിരുന്നു? തിരക്കുണ്ടോ?"
"അത്യാവശ്യം ഉണ്ട്"
"മ്മ്...ഞാനൊന്നു മേല് കഴുകി വരാം"
"ശെരി അമ്മാവാ..."
"ചാണകത്തിന്റെ മണം മാറിയില്ലന്നാ കോമളം പറയുന്നേ... ഹാ നമുക്ക് ഇതൊക്കെ സെന്റിന്റെ മണമാ"
വിശ്വ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. രാഗിണി അവിടെ പാത്രം കഴുകുകയായിരുന്നു. അവൻ പതിയെ ചെന്ന് അവരെ കെട്ടിപ്പിടിച്ചു. രാഗിണി ഒന്നും മിണ്ടിയില്ല. വിശ്വ അവരെ തിരിച്ചു നിർത്തി.
"അമ്മ പേടിച്ചില്ലേ?"
"ഇല്ലാലോ..."
"അതെന്താ?"
"ഈ ചെക്കന്റെ ഒരു കാര്യം. കുഞ്ഞിലത്തെ പോലെ തന്നെ ഇപ്പോഴും. പണ്ട് സ്കൂളിൽ നിന്നും വന്നിട്ട് ഇതുപോലെ കെട്ടിപ്പിടിക്കും. ഞാൻ പേടിച്ച് അയ്യോ എന്ന് വിളിക്കുമ്പോൾ നീ പൊട്ടിച്ചിരിക്കും. ചില ദിവസങ്ങളിൽ ഞാൻ പേടിച്ചില്ലെങ്കിലും നിനക്ക് വേണ്ടി പേടി കാണിക്കുമായിരുന്നു"
ഇതൊക്കെ കേട്ട് വിശ്വ ഇളിച്ചോണ്ട് നിന്നു.
"ബുള്ളറ്റിന്റെ സൗണ്ട് ഞാൻ കേട്ടായിരുന്നു. കേട്ടോ..."
രാഗിണി അവന്റെ മൂക്കിനു പിടിച്ചുകൊണ്ട് പറഞ്ഞു.
"അമ്മക്ക് ഇവിടെ വന്നതിൽ പിന്നെ ജോലി തന്നെയാണല്ലോ. അമ്മായിക്ക് ഇപ്പോൾ വെറുതെ ഇരുന്നാൽ മതിയല്ലോ. ഇവിടെ തന്നെ വേറെ വാടക വീട് നോക്കാമെന്ന് ഞാൻ പറഞ്ഞതാ. അപ്പോൾ കേട്ടില്ല"
"അത്... ഏട്ടൻ നിർബന്ധിച്ചതുകൊണ്ട് വന്നതല്ലേ. ഏട്ടൻ പറയുമ്പോൾ ഞാൻ എങ്ങനെയാ പറ്റില്ലെന്ന് പറയുന്നത്?"
"അപ്പോൾ പണ്ട് അച്ഛനുമായുള്ള ഇഷ്ടം സമ്മതിച്ചില്ലെങ്കിലോ? അമ്മ അച്ഛനെ വേണ്ടെന്ന് വെക്കുമായിരുന്നോ?"
"ശോ... എന്റെ വിശ്വാ നീ ഇത് വിട്ടേ... അല്ലാ... നീ ഇന്ന് ആറു മണി കഴിയുമ്പോൾ എത്തുമെന്ന് പറഞ്ഞില്ലേ. സമയം ഇപ്പോൾ ഏഴ് കഴിഞ്ഞല്ലോ"
"ആഹ്... വഴിയിൽ വെച്ച് ഒരുത്തനിട്ട് ഒന്നു കൊടുക്കേണ്ടി വന്നു. അവനിത്തിരി എല്ല് കൂടുതലാ. പക്ഷേ, എല്ലൊടിച്ചില്ല. പകരം മൂക്കിന്റെ പാലം അങ്ങ് തകർത്തു"
"കൊള്ളാം. കോളേജിൽ കാണിച്ചതുപോലെ ഇവിടെയും തുടങ്ങിയോ? ഇനി ഇതിന്റെ പുറകിൽ പോലീസ് എങ്ങാനും വരുമോ എന്റെ ശിവനേ..."
"ഏയ്... അവന്മാർ ഇപ്പോൾ ഹോസ്പിറ്റലിൽ പോയി കാണും. പോലീസിൽ പരാതിപ്പെടാൻ എവിടെയാ നേരം? അഥവാ പറഞ്ഞാലും ഞാൻ ഇവിടെയാ എന്ന് എങ്ങനെ കണ്ടുപിടിക്കും?"
"അതൊക്കെ പോലീസ് കണ്ടുപിടിക്കും. പണ്ടത്തെപോലെ അല്ല ഇപ്പോൾ. എന്തേലും ഒരു ചെറിയ തുമ്പ് മതി"
"ഓ പിന്നേ..."
വിശ്വ രാഗിണിയുടെ കവിളിൽ പിടിച്ച് വലിച്ചു.
"വിശ്വാ... ഒന്നു ഇങ്ങോട്ട് വന്നേ..."
"ഏട്ടൻ ആണല്ലോ. ചെല്ല് വേഗം"
"എന്താ അമ്മാവാ?"
വിശ്വ മുൻവശത്തേക്ക് ചെന്നു. രാഗിണി അടുക്കളയിൽ നിന്നും തലയിട്ട് പുറത്തേക്ക് നോക്കി.
"ദേ ഈ SI സർ നിന്നെ അന്വേഷിക്കുന്നു"
ഇത് കേട്ടതും രാഗിണി ഞെട്ടലോടെ നെഞ്ചത്ത് കൈ വെച്ചു.
(തുടരും)
©ഗ്രീഷ്മ. എസ്
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ....