രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി..
നിനക്ക് നിഖിലയെ കൂടി കൂട്ടാമായിരുന്നില്ലേ മോളെ?
അമ്മയാണ്..
അവളെ വിളിച്ചുണർത്താൻ നിൽക്കുമ്പോഴേക്കും പൂജാരി നടയടച്ചു വീട്ടിലെത്തി കാണും..
അമ്മ ചിരിച്ചു കൊണ്ട് ശരി പോയിട്ടു വാ എന്ന് പറഞ്ഞു.
പോകും വഴി ഞാൻ ഉമയുടെ അവിടെ കയറും.. ഞാൻ ഇന്നലെ വിളിച്ചിരുന്നു.. അവളെ കൂട്ടി പൊയ്ക്കോളം..
ചെറുതായി മഴ ചാറി നനഞ്ഞ വഴിയിലൂടെ നടന്നു നീങ്ങി...
പാടത്തിന്റെ നടുവിൽ കൂടി റോഡ് നീണ്ടു കിടക്കുന്നു.. ടാർ ചെയ്തിട്ടില്ല... അതാണ് ഭംഗി.. ഇടവപ്പാതി തുടങ്ങിയാൽ കൃഷി ഇറക്കും അപ്പോൾ ഒന്നും കൂടി സുന്ദരി ആകും.
ഈ നാടിന്റെ ഓർമകൾ എന്നും കുട്ടിക്കാലവും ആയി ചേർന്നോട്ടി നിൽക്കുന്നത് ആണ്.. അമ്മമ്മ കുട്ടി ആയതുകൊണ്ടു പത്താംക്ളാസ് കഴിഞ്ഞപ്പോൾ അങ്ങോട്ട് ഓടി പോകുവായിരുന്നു. സത്യത്തിൽ കഥ കേൾക്കാൻ ഉള്ള കൊതി ആയിരുന്നു.. അമ്മമ്മ ഒരിതിഹാസം ആയിരുന്നു. പുരാണങ്ങൾ അരച്ചു കലക്കി കുടിച്ച.. കവിത ചൊല്ലുന്ന എന്റെ ഓരോ രാത്രികളും കഥകൾ കൊണ്ടു എനിക്ക് സൗധം പണിഞ്ഞു തന്ന എന്റെ കഥകളുടെ രാജകുമാരി...
കർക്കിടകത്തിൽ അമ്മമ്മ രാമായണം വായിക്കുന്ന കേൾക്കാൻ എന്നും ഒരു കേൾവികാരി ആയി ഞാൻ ഇരിക്കും..
നീട്ടി അങ്ങനെ ഈണത്തിൽ ചെല്ലുന്ന കേൾക്കാൻ എന്ത് ഇമ്പം ആണെന്നോ...
ഭോഗങ്ങളെല്ലാം ക്ഷണപ്രപാ ചഞ്ചലം വേഗനെ നഷ്ടമാം ആയുസ്സുമോർക്ക
നീ...
ഓരോ വരികളിലും അർത്ഥവും ജീവിതവും ഒളിപ്പിച്ചു എനിക്ക് മുന്നിൽ നല്ല വഴികൾ തുറന്ന് കാട്ടി തന്ന് കൊണ്ടേ ഇരുന്നു...
അമ്മമ്മയുടെ ഭ്രാന്ത് പകർന്നാണ് ഞാൻ മലയാളം പഠിക്കാൻ ഓടിയത് എന്നു പറഞ്ഞു വീട്ടിൽ ഇപ്പോഴും കളിയാക്കും..
ഓരോന്നോർത്തു തോട്ടു വക്കത്തെത്തി...
മഴ പെയ്യാൻ തുടങ്ങിയത് കൊണ്ടു ഇത്തിരി വെള്ളം കൂടിയിട്ടുണ്ട്.. നല്ല മഴ പെയ്താൽ നിറഞ്ഞു കവിഞ്ഞു വഴിയിലേക്കും പാടെത്തേക്കും ഒഴുകും.
കുറച്ചു കുട്ടികൾ തോട്ടുവാക്കത്തയി ഇരിപ്പുണ്ട്.. ഞങ്ങളും പണ്ട് ഇരിക്കുമായിരുന്നു.. ഞാൻ ഉമ ഉണ്ണിയേട്ടൻ അങ്ങനെ നാട്ടിലുള്ള പിള്ളേര് ഒക്കെ നിഖില അന്ന് ചെറുതായിരുന്നു..
തോട് കഴിഞ്ഞുള്ള വഴി മാറി ഉമയുടെ വീട്ടിലേക്ക് നടന്നു..
അപ്പൂപ്പൻ ഉമ്മറത്ത് പത്രം വായിച്ചിരിപ്പുണ്ട്... കാൽപെരുമാറ്റം കേട്ട് ആവണം കണ്ണടയ്ക്ക് മുകളിലൂടെ കണ്ണുകൾ ഉയർത്തി നോക്കി..
ആഹാ... ആരാ ഇത് മലയാളം ടീച്ചറോ??
ആയിട്ടില്ല അപ്പൂപ്പാ..
ആകും അല്ലോ..
അവൾ ചിരിച്ചു...
മോള് വരുന്നത് ആ കാന്താരി അറിഞ്ഞിരുന്നോ.. ഇല്ലേൽ ഒടിഞ്ഞു കുത്തി അകത്തു ഇരിപ്പുണ്ടാവും..
ഞാൻ അവളെ വിളിച്ചിരുന്നു.. അമ്പലത്തിൽ പോകാൻ ഇറങ്ങിയതാ.. അവളോട് ഒരുങ്ങാൻ പറഞ്ഞിരുന്നു..
മോള് കയറി ഇരിക്ക് ഞാൻ വിളിക്കാം..
ഉമേ..
വിളി അകത്തു എത്തിയതും അവൾ ഓടി പുറത്തേക്ക് വന്നു..
എന്നെ ഇറുകെ പുണർന്നു..
എന്നെ ഇങ്ങനെ ഞെക്കി കൊല്ലല്ലേ എന്റെ ഉമേ..
പിന്നെ... എത്രയായെടി കണ്ടിട്ട്...
വാ നടക്കാം.. എന്നിട്ട് പറയാം വിശേഷങ്ങൾ..
അവളുടെ കൈ പിടിച്ചു നടന്നു..
നിന്റെ പിള്ളേര് ഒക്കെ എന്തു പറയുന്നു..
എന്തു പറയാൻ... കണക്ക് ടീച്ചർ അല്ലെ അതിന്റെ പ്രാക്ക് നല്ലോണം കിട്ടുന്നുണ്ട്.. അതു കൊണ്ടു ആണൊന്ന് അറിയില്ല ഇന്നലെ മുറ്റത്തൊന്ന് ഇന്നലെ വഴുതി വീണു..
അഖില ചിരിച്ചു..
നിനക്ക് ഇപ്പോഴും ആ പൊടിക്ക് വട്ട് ഉണ്ടല്ലേ...
ഇതൊക്കെ ഉള്ളത് കൊണ്ടല്ലെടി.. നമ്മൾ ഇങ്ങനെ ഇരിക്കുന്നെ..
നിന്റെ ഉണ്ണിയേട്ടൻ വിളിച്ചില്ലേ?
ആ അവിടുന്ന് ഇറങ്ങുന്ന അന്ന് വിളിച്ചിരുന്നു.. അല്ലാ ഇതെന്താപ്പോ എന്റെ ഉണ്ണിയേട്ടൻ..
എപ്പോ വരും?
ഞാൻ വല്യച്ഛന്റെ അവിടേക്ക് പോയില്ല.. ആദ്യം ഇങ്ങോട്ടേക്കാ വന്നേ.. തിരിച്ചു പോകുമ്പോൾ കയറണം.
അല്ല.. നീ എന്തിനാ ഇതൊക്കെ എന്നോട് ചോദിക്കുന്നെ.. നിന്നോട് ഒന്നും പറഞ്ഞില്ലേ?
അവൾ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അഖില അവളുടെ കൈ പിടിച്ചു നിർത്തി.
എന്താടി?
ഒരാഴ്ച്ച ആയി വിളിച്ചിട്ട്..
എന്തേ... നീ എന്തെലും ഒപ്പിച്ചു കാണും.
അതെങ്ങനെ അല്ലെ വരൂ... നിനക്ക് നിന്റെ ഏട്ടൻ ശ്രീരാമ ചന്ദ്രൻ ആണല്ലോ.. ഞാൻ ശൂർപ്പണഖയും..
അതു ശരിയാ... ലക്ഷ്മണൻ ഇല്ലാണ്ടായി പോയി.. അല്ലേൽ നിന്റെ അടുത്തേക്ക് അയക്കാം ആയിരുന്നു..
നല്ല ചേല് ആയേനെ..
പോടി..
ഹാ... നീ കാര്യം പറ ഉമേ..
കഴിഞ്ഞ ആഴ്ച്ച ഞാൻ സിനിമയ്ക്ക് പോയി കോളേജിലെ പഴയ കൂട്ടുകാരോടൊപ്പം.. പറയാണ്ട്.. അവൾ ഒരു കുറ്റബോധത്തോടെ എന്നെ നോക്കി..
അവിടെ വെച്ചു ഒരുത്തൻ എന്റെ ദേഹത്തു തൊട്ടു .. ഒന്നും രണ്ടും പറഞ്ഞു വഴക്കായി.. പിന്നെ കൂടി നിന്നവർ എല്ലാം കൂടി കൂട്ടത്തല്ല് ആയി..
എന്റെ കഷ്ടകാലത്തിന് നിന്റെ ചേട്ടന്റെ ഏതോ ഒരു ഫ്രണ്ട് അവിടെ ഉണ്ടായിരുന്നു..
ബാക്കി നീ ഊഹിച്ചോ..
ദൈവമേ.. നിന്നെ എങ്ങനെ എന്റെ ഉണ്ണിയേട്ടൻ പോറ്റുമെടി.. ഇപ്പോഴേ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ പറയണം. നീ ഒന്നും ഇല്ലെങ്കിലും ഒരു ടീച്ചർ അല്ലെ ഉമേ..
ഓ.. അതല്ലേലും അങ്ങേർക്ക് വേണ്ടി വരും.. ഹും... അല്ല.. ടീച്ചർമാർക്ക് എന്താടി സിനമക്ക് പൊയ്ക്കൂടെ.. തല്ലികൂടെ... അവളുടെ ഒരു ഉണ്ണിയേട്ടൻ വന്നേക്കുന്നു..
സംസാരിച്ചു അമ്പലത്തിലേക്ക് എത്തി.
വാ കുളത്തിലേക്ക് പോകാം.. ഉമ കൈ പിടിച്ചു വലിച്ചു.
കുളത്തിൽ അത്യാവശ്യം വെള്ളം ആയിരുന്നു.. കുളിക്കാൻ കുറച്ചാളുകൾ ഉണ്ട്..
യോ.. ഈ കുളിസീൻ കാണിക്കാൻ ആണോടി നീ എന്നെ കൊണ്ട് വന്നത്..
ഏയ്.. ഇതിലും കൂടുതൽ ആ റസ്ലിങ് ചാനൽ വച്ചാൽ കാണാം.. ഇതത്ര പോരാ.. നീ ഒന്ന് വന്നേ..
കുളപ്പടവിലും തിട്ടയിലും ആയി കുറച്ചു ആളുകൾ ഇരിക്കുന്നുണ്ട്..
ഒരു നോട്ടം അങ്ങോട്ട് പായിച്ചു..
പുഞ്ചിരിച്ചു കൊണ്ടു എന്റെ മേലേക്ക് ഒരു നോട്ടം വന്നു...
ഒരു നിർമാല്യം തൊഴുത പോലെ... ഉമ കൈ പിടിച്ചു വിളിച്ചപ്പോൾ ആണ് ഞാൻ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണെന്ന് ബോധ്യം വന്നത്.
അഖിലേച്ചി എപ്പോ വന്നു..
അക്കരെ നിന്ന് നീന്തി കൊണ്ടു അപ്പു വന്നു ചോദിച്ചു..
ഇന്നലെ എത്തിയെടാ.. നിന്റെ റിസൾട്ട് വന്നു ല്ലേ.. എന്താ പരിപാടി..
എന്ജിനീറിങ് തന്നെ...
ഉമയും ഞാനും കാൽ കഴുകി തിരിച്ചു കയറാൻ ഒരുങ്ങി.. അപ്പോഴേക്കും പ്രസാദെട്ടൻ വന്നു ഒരു തോർത്തും കൊണ്ടു..
എന്നെ നോക്കി ചിരിച്ചു
ആ ഉമയും ഉണ്ടോ.. അവളെ നോക്കി ചോദിച്ചു...
ഉണ്ണി എപ്പോഴാ അഖില വരുന്നേ.. വായനശാലയിൽ പരിപാടിക്ക് മുൻപേ എത്തുമോ?
അറിയില്ല പ്രസാദെട്ടാ...
അവനൊക്കെ ഉണ്ടെങ്കിലേ ഒരുഷാർ ഉള്ളു.
ഞാൻ ചോദിക്കാം..
പടികൾ കയറുമ്പോൾ കേട്ടു..
റോയ്.. നീ വരുന്നില്ലേ കുളിക്കാൻ...
ഇല്ലട.. തോർത്തെടുക്കാൻ വിട്ടു..
ഒന്ന് തിരിഞ്ഞു നോക്കി..
എന്നിലേക്ക് തന്നെ നീണ്ടു നിൽക്കുന്നു ആ വിടർന്ന കണ്ണുകൾ...
അകത്തേക്ക് കയറി.. ചുറ്റമ്പലം പ്രദക്ഷിണം വെച്ചു.. പൂജ തുടങ്ങാറാവുന്നെ ഉണ്ടായിരുന്നുള്ളു..
പടിപ്പുരയിൽ കയറി ഇരുന്നു.. പഴയ ചില കൂട്ടുകാരെ കണ്ടു.. പണ്ട് സ്കൂളിൽ പഠിച്ചത്.. കണ്ടപ്പോൾ തന്നെ എല്ലാവരും കൂടി വളഞ്ഞു.. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞു ഇരുന്നു..
പെട്ടെന്നാണ് പുറകിൽ കൂടി ആരോ മെല്ലെ തട്ടിയ പോലെ തോന്നിയത്.. തിരിഞ്ഞു നോക്കി..
പല്ല് മൊത്തം കാണിച്ചു ചിരിക്കുന്നു ഒരു കൊച്ചു പയ്യൻ..
അവളുമാർ എല്ലാം വർത്തമാനത്തിന്റെ തിരക്കിൽ ആണ്..
ഞാൻ കൈ കൊണ്ട് എന്താ എന്ന് ചോദിച്ചു..
ഒരു നോട്ടീസ് കയ്യിൽ വച്ചു തന്നു.. ഓടി പോയി..
തുറന്ന് നോക്കിയപ്പോൾ കണ്ടു പുനഃപ്രതിഷ്ഠാ വാർഷികത്തിന്റെ നോട്ടീസ് ആണ്..
ഇതെന്തിനാ ഇപ്പൊ എനിക്ക്... ഇതു കഴിഞ്ഞു രണ്ടു മാസം ആകാറായല്ലോ..
എന്ന് ചിന്തിച്ചതും പുറകിൽ ഏതോ അക്ഷരങ്ങൾ പതിഞ്ഞിരിക്കുന്നത് കണ്ടു..
തിരിച്ചു നോക്കി...
മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു....
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമലതയും . . . ഉള്ളോരിവൾ ആര്...
വാക്കുകൾ രോമകൂപങ്ങൾ മുഴുവൻ ഉണർത്തി...
എവിടെയോ എന്റെ ശാലമോൻ ജനിക്കുകയാണോ..?
വേഗം ഉമയുടെ കണ്ണിൽ പെടാതെ പേപ്പർ മടക്കി കയ്യിൽ തിരുകി പിടിച്ചു.
വീണ്ടും അവരുടെ സംസാരങ്ങളുടെ ഇടയിലേക്ക്..
അഖില.. വിളി കേട്ടാണ് തിരിഞ്ഞത്..
ഇന്ദിര ടീച്ചർ..
വേഗം എഴുന്നേറ്റ് ചെന്നു.. സ്കൂളിൽ പഠിപ്പിച്ചതാണ്.. പിറകെ ഉമയും വന്നു.
കൈ പിടിച്ചു വിശേഷങ്ങൾ ചോദിച്ചു..
ഉമയെ ഇടയ്ക്ക് കാണാറുണ്ട്.. നിന്റെ കാര്യങ്ങൾ ചോദിക്കാറുണ്ട്..
ഞാനും ടീച്ചറുടെ വിശേഷങ്ങൾ ചോദിച്ചു.
മാഷും ടീച്ചറും റിടയർ ആയി വിശ്രമ ജീവിതം നയിക്കുന്നു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ടീച്ചർ പറഞ്ഞു.
പിന്നെ ഇവിടുത്തെ ഗവണ്മെന്റ് കോളേജിൽ മലയാളത്തിൽ ഗസ്റ്റ് ഒഴിവ് ഉണ്ട്.. മാഷോട് രണ്ടു ദിവസം മുൻപ് വിളിച്ചു പറഞ്ഞതാ.. അടുത്ത ആഴ്ച്ച ആണ് ഇന്റർവ്യൂ .. നീ കൊടുത്തു നോക്ക്..
ഞാൻ തലയാട്ടി..
കോളേജ് അറിയാല്ലോ.. കെ എസ് ഇ ബി ക്ക് നേരെ ഇടത് ഭാഗത്ത് ആണ്.
ശരി ടീച്ചർ ഞാൻ കൊടുക്കാം.
അപ്പോഴേക്കും പൂജയ്ക്ക് മണി മുഴങ്ങി..
കണ്ണടച്ചു പ്രാർത്ഥിച്ചു.. ആ കൂപ്പുകൈകൾകിടയിൽ ശലോമോന്റെ വരികൾ വിശ്രമിച്ചു.
(തുടരും) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ ....
രചന: ഋതു ❤