നിരഞ്ജനെ യാത്രയാക്കി എല്ലാവരും തിരിച്ചു വന്നപ്പോഴും വൈക മുറിയിൽ അടച്ചു കിടക്കുകയായിരുന്നു...നിരഞ്ജൻ മാറ്റിയ ഷർട്ടും നെഞ്ചിൽ ഇട്ട് കൊണ്ടു അവൾ കിടന്നു.. ആരും തന്നെ അവളെ ശല്യം ചെയ്യാൻ ആയി പോയില്ല...
അരുന്ധതിയുടെയും സേതുവിന്റേയും വീട്ടുകാർ ഉച്ചയോടെ തിരിച്ചു പോയി... മധുവും അവന്തികയും ഒക്കെ അഭി വന്നപ്പോൾ അവന്റെ കൂടെ പോയി... വൈകുന്നേരം ആയപ്പോൾ വേണുവും സീതയും ആനിയും പോകാനായി ഇറങ്ങി......
ആനി വൈകയുടെ റൂമിന്റെ വാതിലിൽ ചെന്നു മുട്ടി....നിരഞ്ജനെ ഓർത്തു കിടക്കുകയായിരുന്ന വൈക കണ്ണുകൾ തുടച്ചു കൊണ്ടു എഴുനേറ്റ് വാതിൽ തുറന്നു... ആനിയും സീതയും നീലുവും അകത്തേക്ക് കയറി..... മുടിയെല്ലാം പാറി പറന്നു, ഇട്ട വേഷം പോലും മാറാതെ അവളെ കണ്ടു ആനി വൈകയെ കെട്ടിപിടിച്ചു....
എന്നതാ വൈക.. ഏഹ്... ഡ്രെസെങ്കിലും ഒന്നു മാറിക്കൂടെ.... ഇങ്ങനെ എത്ര നേരമായി കിടക്കുന്നു.. വാ.. വന്നു വല്ലതും കഴിക്ക്...
വേണ്ട അമ്മേ.... ഞാൻ പിന്നെ കഴിച്ചോളാം...
അതൊന്നും പറഞ്ഞാൽ പറ്റില്ല.. വാ.... ഞങ്ങൾ ഇറങ്ങുവാ..... നീ വരുന്നുണ്ടോ... ഉണ്ടെങ്കിൽ വാ.. കുറച്ചു ദിവസം അവിടെ നിന്നിട്ട് വരാം...
സീത വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.ഒന്നും മിണ്ടാതെ തന്നെ വൈക അവരുടെ കൂടെ പുറത്തേക്ക് പോയി... ഉമ്മറത്തു സേതുവിന്റെ കൂടെ വേണുവും അരുന്ധതിയും സംസാരിച്ചു കൊണ്ട് നില്പുണ്ടായിരുന്നു...
ആ മോളോ... ഞാൻ ഫുഡ് എടുത്തു വയ്ക്കട്ടെ.. രാവിലെ കഴിച്ചതല്ലേ ഉള്ളു......
അത് തന്നെയാ ആന്റി ഞങ്ങളും പറഞ്ഞെ... അവളോട്...
എനിക്ക് വേണ്ട അമ്മേ... ഞാൻ കഴിച്ചോളാം....
വൈക അരഭിത്തിയിൽ നീലുവിന്റെ അടുത്തായി ഇരുന്നു...
സേതുവേട്ടാ... ഇവളെ ഞങ്ങൾ കൊണ്ടു പോകട്ടെ.. കുറച്ചു ദിവസം അവിടെ നിൽക്കട്ടെ.. ഈ സങ്കടം ഒക്കെ ഒന്ന് മാറുന്നത് വരെ...
അത് വേണോ സീതേ.... അവളുടെ വീട് തന്നെയല്ലേ ഇതും... രഞ്ജു പോയതിന്റെ വിഷമം കഴിഞ്ഞിട്ടില്ല... മോളും കൂടി അങ്ങോട്ടേക്ക് വന്നാൽ...
അത് തന്നെ ആണ്..... കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ... ഞാൻ അങ്ങോട്ട് കൊണ്ട് വിട്ടോളം...
സേതു വൈകയെ നോക്കികൊണ്ട് വേണുവിനോട് പറഞ്ഞു... അരുന്ധതി അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു..
മോൾക്ക് പോകണം എന്നുണ്ടോ.....
വേണ്ട അമ്മേ... ഞാൻ ഇവിടെ നിന്നോളം.....
സീതയും വേണുവും ആനിയും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... ആനി അവളോട് രണ്ടു ദിവസം കഴിഞ്ഞു കോളേജിൽ വന്നാൽ മാത്രം മതി എന്ന് പറഞ്ഞു... നിരഞ്ജൻ പോയതിന്റെ വിഷമത്തിൽ ആയത് കൊണ്ടു അവൾക്കൊന്നും ശ്രദ്ധിക്കാൻ ആകില്ല എന്ന് ആനിക്ക് അറിയാം...
സേതു അകത്തേക്ക് പോയി... അരുന്ധതി വൈകയെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അവൾ ഒന്നും കഴിച്ചില്ല... നീലു അവൾക്ക് കുറച്ചു ജ്യൂസ് ആക്കി കൊടുത്തു.. അതും കുടിച്ചു വൈക നടുമുറ്റത്തേക്ക് നടന്നു.. അവിടെ കല്പടവിൽ ആമ്പൽ പൂക്കളെ നോക്കി അവളിരുന്നു... നീലു അവളെ ശല്യമാക്കാൻ പോയതേയില്ല...
ആ പൂക്കൾ നിരഞ്ജന്റെ മണവും സാമിപ്യവും നൽകുന്നു എന്നവൾക്ക് തോന്നി.... സങ്കടം സഹിക്കാൻ ആകുന്നിലായിരുന്നു... അവൾക്ക് തന്നെ അത്ഭുതം ആയി.. ഇങ്ങനെയും ഒരാളെ സ്നേഹിക്കാൻ പറ്റും എന്ന് ഓർത്ത്.......
രാത്രിയിൽ വൈക കുറച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുനേറ്റ് പോയി.... അരുന്ധതി അവളുടെ കൂടെ തന്നെ ആണ് അന്ന് കിടന്നത്... ഒറ്റയ്ക്ക് കിടന്നോളാം എന്നവള്പറഞ്ഞിട്ടും സേതു പറഞ്ഞത് കൊണ്ടു കൂടെ കിടന്നു....
മോള് ഇങ്ങനെ വിഷമിക്കാതെ.. അവൻ പെട്ടന്ന് ഇങ്ങു വരില്ലേ.... വന്നിട്ട് പിന്നെ എന്റെ മോളെയും കൊണ്ടു പോകുമല്ലോ എല്ലായിടത്തും...
നീ ഇങ്ങനെ വിഷമിച്ചു ഇരിപ്പുണ്ടെന്ന് അറിഞ്ഞാൽ അവന് സഹിക്കില്ല മോളെ.... ഈ അമ്മയ്ക്ക് അറിയാം അവന് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം..
ഇപ്പോൾ മോൾക്കും അതുപോലെ തന്നെ ആണെന്ന് അമ്മയ്ക്കറിയാം....
വൈകയെ ചേർത്ത് നിർത്തി കൊണ്ടു അരുന്ധതി അവളെ തലോടി....വൈക അവരെ മുറുകെ കെട്ടിപിടിച്ചു മാറിൽ തല വച്ചു കൊണ്ട് കരഞ്ഞു...
അതെ.. അവൻ വന്നിട്ട് ഞങ്ങൾക്കൊരു കൊച്ചു നരിയെയും കൊച്ചു കാശിയെയും വേണം കേട്ടോ....
മുത്തശ്ശിയും മുത്തശ്ശനും ആകണ്ടേ....
വൈക ഒന്ന് ചിരിച്ചു കൊണ്ടു അവരെ നോക്കി.. അത് കേട്ടപ്പോൾ നിരഞ്ജന്റെ പേര് വയറിൽ ടാറ്റൂ ചെയ്തത് അവൾ ഓർത്തു... മെല്ലെ അവിടെ തടവി അവൾ ബെഡിലേക്ക് കിടന്നു.... അരുന്ധതിയും അവളുടെ അടുത്തയി കിടന്നു...
ഉറക്കം വന്നതേ ഇല്ലായിരുന്നു വൈകയ്ക്ക്... പാതി രാത്രിയിൽ എപ്പോഴോ നിരഞ്ജന്റെ ഷർട്ടും നെഞ്ചിലിട്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വൈക കോളേജിൽ പോകാൻ തുടങ്ങി... പഴയത് പോലെ തന്നെ സ്കൂട്ടിയിൽ ആണ് അവൾ പോകുന്നത്.. ആനിക്ക് പകരം നീലു അവളുടെ കൂടെ ഉണ്ട്....
അവര് രണ്ടു പേരും ട്യൂഷന് പോകുന്നുണ്ട്..ഇതിനിടയിൽ സിദ്ധു നീലുവിനെ വളച്ചു... തീർഥയുടെയും വിഷ്ണുവിന്റേയും കല്യാണം ഉറപ്പിച്ചു.. സുകന്യ ബാങ്കിൽ ജോലിക്ക് കയറി... അവിടെ ഒരാളുമായി കട്ട പ്രേമത്തിൽ ആയി... വീട്ടുകാർ അറിഞ്ഞപ്പോൾ എൻഗേജ്മെന്റ് നടത്തി കൊടുത്തു...
ഇടയ്ക്കൊക്കെ സ്വന്തം വീട്ടിൽ പോകും എന്നൊഴിച്ചാൽ അവൾ കൂടുതൽ സമയവും പൂവത്തു തന്നെ ആയിരുന്നു... ഇടക്കൊക്കെ രണ്ടു മുത്തശ്ശിമാരും മുത്തശ്ശൻമാരും വന്നു കുറച്ചു ദിവസം അവരുടെ കൂടെ നില്കും...
അവൾ വീണ്ടും പഴയ വൈക ആയി.. എന്നാലും നിരഞ്ജന്റെ അഭാവം അവളെ വിഷമിപ്പിച്ചിരുന്നു..
ഇടയ്ക്ക് ശനിയാഴ്ചകളിൽ നിരഞ്ജൻ വിളിക്കുമായിരുന്നു.... വൈകയ്ക്ക് ശരിക്ക് പറഞ്ഞാൽ ഒന്നും സംസാരിക്കാൻ ആകില്ല... നിരഞ്ജനും അതെ അവസ്ഥ തന്നെ ആയിരുന്നു...രണ്ടു പേരും ഒന്നും പരസ്പരം മിണ്ടാതെ നില്കും.. അലയടിക്കുന്ന നിശ്വാസങ്ങൾ മതിയായിരുന്നു രണ്ടു പേർക്കും മുന്നോട്ടുള്ള കാത്തിരിപ്പിനു....
നിരഞ്ജന്റെ ട്രെയിനിങ് ആദ്യത്തെ മൂന്ന് മാസം മുസോറിയിൽ വച്ചായിരുന്നു...
പിന്നെ പതിനൊന്നു മാസം ഹൈദരാബാദ് സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ വച്ചും അവസാന ആറു മാസം ഡിസ്ട്രിക്ട് പോസ്റ്റിംഗും ആയിരുന്നു... അവസാന ഒരു മാസം ഹൈദരാബാദ് തന്നെ ആയിരുന്നു...
ആറു മാസത്തെ ഡിസ്ട്രിക്ട് ട്രെയിനിങ് നിരഞ്ജന് അവന്റെ നാട്ടിൽ തന്നെ ആയിരുന്നു...പക്ഷെ ആരുമായും കോൺടാക്ട് ചെയ്യാൻ ഒന്നും പെർമിഷൻ ഇല്ലായിരുന്നു.. എന്നാലും അവൻ വീട്ടുകാരെയും വൈകയെയും ഒക്കെ ഇടയ്ക്കൊക്കെ അവരറിയാതെ കണ്ടിരുന്നു... സേതുവും വേണുവും ഇടയ്ക്കൊക്കെ നിരഞ്ജനെ പോയി കണ്ടിരുന്നു... വേണുവിന്റെ ഫ്രണ്ട് ആയിരുന്നു അവിടുത്തെ എസ്പി....
മാസങ്ങൾ വേഗത്തിൽ കൊഴിഞ്ഞുപോയി... ആരോമലിന്റെയും ആനിയുടെയും എൻഗേജ്മെന്റ് കഴിഞ്ഞു..... ആനിയും വൈകയും സിദ്ധുവും സെയിം കോളേജിൽ തന്നെ എംബിഎയ്ക്ക് ചേർന്നു.. മൂന്നുപേരും ഫിനാൻസ് ആയിരുന്നു ചൂസ് ചെയ്തത്... നീലു അവിടെ തന്നെ സെക്കന്റ് ഇയർ ആയി... സിദ്ധുവും നീലുവും കുറുകി കുറുകി നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു...
അവസാനം വീട്ടുകാർ കല്യാണം രണ്ടു വർഷം കൂടി കഴിഞ്ഞു നടത്താൻ തീരുമാനമായി... ലൈസൻസ് കിട്ടിയതോടെ സിദ്ധു ഒഫിഷ്യൽ ആയി നിരഞ്ജനെ അളിയൻ ആക്കി.... വൈശു അഭിയുടെ രണ്ടു ഇരട്ടകളെ പ്രസവിച്ചു... വൈകയ്ക്ക് ആകെ ത്രിൽ ആയിരുന്നു... അവളും ആനിയോട് പറഞ്ഞു, ഇരട്ടകൾ വേണമെന്ന്...രണ്ടു ആൺകുട്ടികൾ ആയിരുന്നു.. അവരെ കളിപിച്ചു കൊണ്ടു ആനിയും വൈകയും അവരുടെ കൂടെ തന്നെ ആയിരുന്നു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
രണ്ടു വർഷങ്ങൾക്ക് ശേഷം...... ഇന്നാണ് ആനിയുടെയും ആരോമലിന്റെയും വിവാഹം...... നിരഞ്ജന്റെ ട്രെയിനിങ് കഴിഞ്ഞു വരാനുള്ള ടൈം നോക്കിയാണ് വിവാഹം ഫിക്സ് ചെയതത്... ഒരാഴ്ച മുൻപ് തന്നെ നിരഞ്ജൻ വരുമെന്ന് പറഞ്ഞെങ്കിലും പെട്ടന്ന് എന്തോ പ്രോസസ്സിങ്ങിനു വേണ്ടി ഡൽഹി വരെ പോകേണ്ടി വന്നു.. അതുകൊണ്ട് തന്നെ കല്യാണത്തിനു വരാൻ പറ്റില്ല എന്ന് വിളിച്ചു പറഞ്ഞു....
നിരഞ്ജൻ വരുമെന്ന് പറഞ്ഞത് കൊണ്ടു വൈക ആകെ സന്തോഷത്തിൽ ആയിരുന്നു... ട്രെയിനിങ് കഴിഞ്ഞു രണ്ടു വർഷത്തെ കാത്തിരിപ്പു തീരുന്നു എന്നുള്ളത് അവൾക്ക് ആശ്വാസം ആയിരുന്നു.. എങ്ങനെ എങ്കിലും അവന്റെ മാറിലേക്ക് അണയാൻ അവളുടെ ഹൃദയം കൊതിച്ചു കൊണ്ടിരുന്നു.....
എന്നാൽ അവസാന നിമിഷം ആദ്യത്തെ പോസ്റ്റിങ്ങ് റിലേറ്റഡ് ആയിട്ടുള്ള പ്രോസസ്സ് ചെയ്യാനായി പോകുന്നു എന്ന് പറഞ്ഞപ്പോൾ വൈക വീണ്ടും ഡസ്പ് ആയി... കല്യാണം നിരഞ്ജന്റെ കൂടെ അടിച്ചു പൊളിക്കാമെന്ന് വിചാരിച്ചിരുന്നതാണ്...എല്ലാം താറുമാറായി....
വൈക ഒരാഴ്ച മുൻപേ തന്നെ അവളുടെ വീട്ടിലേക്ക് ചെന്നു.... ആനിക്ക് എല്ലാത്തിനും അവൾ തന്നെ വേണം എന്ന നിർബന്ധം ആയിരുന്നു....ആനിയും അടിച്ചു നെഞ്ചത് ടാറ്റൂ.. ഒരു ചെറിയ ചിത്രശലഭം.....
കല്യാണത്തലെന്നു തന്നെ സേതുവും അരുന്ധതിയും നീലുവും വന്നു... സിദ്ധു രണ്ടു ദിവസം മുൻപേ തന്നെ വന്നിരുന്നു... എല്ലാം കൊണ്ടും കല്യാണതലേന്ന് ഒരാഘോഷം തന്നെ ആയിരുന്നു...
വൈകയ്ക്ക് നിരഞ്ജന്റെ ഒരു കുറവ് നന്നായിത്തന്നെ അനുഭവപ്പെട്ടു..... വൈശുവിന്റെ ഇരട്ടകളുടെ കൂടെ കൂടി അവളത് പരിഹരിച്ചു....
പിറ്റേന്ന് കല്യാണം ആയത് കൊണ്ടു തന്നെ കുറച്ചു ലേറ്റ് ആയിട്ടാണ് എല്ലാവരും കിടന്നത്... നീലുവും വൈകയും ആനിയുടെ കൂടെ അവിടെ തന്നെ കൂടി..
രാവിലെ തന്നെ എഴുന്നേറ്റു എല്ലാവരും അമ്പലത്തിൽ പോയി തൊഴുതു വന്നു...പിസ്താ കളർ കാഞ്ചിപുരം സിൽക്ക് സാരിയാണ് ആനി വെഡിങ് ഡേ ഉടുക്കാനായി സെലക്ട് ചെയ്തത്...
സിദ്ധുവും നീലുവും സെയിം കളർ തന്നെ വാങ്ങി... കസവുമുണ്ടും പിസ്താ ഗ്രീൻ കളർ സിൽക്ക് ഷർട്ട് സിദ്ധുവും അതെ കളർ കോമ്പിനേഷൻ വരുന്ന ദാവണി നീലുവും സെലക്ട് ചെയ്തു.....
വൈക പീക്കോക് ബ്ലൂ ആൻഡ് ഗ്രീൻ കോമ്പിനേഷൻ വരുന്ന ബനാറസ് സാരിയാണ് ധരിച്ചത്... നിരഞ്ജൻ കെട്ടിയ താലിയും, പീക്കോക് ഡിസൈൻ ഉള്ള ലേയേർ മാലയും... അതെ ഡിസൈൻ വരുന്ന ഗോൾഡ് സെറ്റ് വളകളും ധരിച്ചു... മുടി ട്രഡീഷണൽ ഗജ്‌റ സ്റ്റൈൽ കെട്ടി നിറയെ മുല്ലപ്പൂക്കൾ ചൂടി..... സിന്ദൂരം അണിഞ്ഞു നിൽക്കുന്ന അവളെ കണ്ടു അരുന്ധതിയുടെ കണ്ണ് നിറഞ്ഞു.....
അടിപൊളി ആണല്ലോ ഏടത്തി... ഏട്ടൻ കൂടെ വേണമായിരുന്നു....
ഹാം..... പറഞ്ഞിട്ട് കാര്യമില്ല... ഇനി നിന്റെ കല്യാണത്തിന് അങ്ങേരുടെ കൂടെ അടിച്ചു പൊളിക്കണം....
വൈക ചിരിച്ചു കൊണ്ടു അവളെ നോക്കി.... അപ്പോഴേക്കും ആനി വീട്ടിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് പോകാനായി ഇറങ്ങി.... നീലുവും വൈകയും ആനിയുടെ കൂടെ വണ്ടിയിൽ കയറി.....
ആരോമലിനെ അഭി കാലിനു വെള്ളം ഒഴിച്ച് പൂമാലയിട്ട് സ്വീകരിച്ചു..... സിദ്ധുവും അഭിയും കസിൻസ് എല്ലാം കൂടി ആരോമലിനെ സ്റ്റേജിലേക്ക് ആനയിച്ചു..... ആനി സർവ്വാഭരണ വിഭൂഷിതയായി മണ്ഡപത്തിലേക്ക് നടന്നു വന്നു...മധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു പുഞ്ചിരിയോടെ ആനി ആരോമലിനെ നോക്കി... വൈക അവർക്കൊപ്പം വലം വയ്ക്കാൻ ഉണ്ടായിരുന്നു...
അതിനിടയിൽ ഓഡിറ്റോറിയത്തിനുള്ളിൽ കണ്ണുകൾ ഓടിച്ച വൈക വേണുവിനോട് തിരിഞ്ഞു നിന്നു സംസാരിച്ചു നിൽക്കുന്ന ഒരാളിൽ ഉടക്കി...
നരി......
വൈക ആവേശത്തോടെ കണ്ണുകൾ ഒന്നുകൂടി മിഴിച്ചു നോക്കി...... സന്തോഷവും സങ്കടവും ഒന്നിച്ചു വന്ന വൈക അരുന്ധതിയെ നോക്കി.. അവർ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു.....
വൈക നോക്കുമ്പോൾ ദൂരെ നിന്നും നിരഞ്ജൻ കൈകൾ മാറിൽ പിണച്ചു കൊണ്ടു അവളെ നോക്കി പുഞ്ചിരിച്ചു..... വൈകയ്ക്ക് മനസിലായി എല്ലാരും അറിഞ്ഞു കൊണ്ടുള്ള പ്ലാൻ ആയിരുന്നു എന്ന്.....
കട്ടി മീശയും താടി ഷേവും ചെയ്ത് വൈഗയുടെ സാരിക്ക് മാച്ച് ആയ ഷർട്ടും കാസവു മുണ്ടും ഉടുത്തു നിൽക്കുന്ന നിരഞ്ജനെ വൈക കണ്ണെടുക്കാതെ നോക്കി..... വേണുവിന്റെ കൂടെ നിരഞ്ജൻ സ്റ്റേജിലേക്ക് കയറി വന്നു.....
ആരോമലിനെ ആശ്ലേഷിച്ചു കൊണ്ടു നിരഞ്ജൻ ആനിയെ ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു..... വൈക അവനെ നോക്കാതെ നീലുവിന്റെ പുറകിലേക്ക് മാറി നിന്നു...
അവൾക്ക് പരിഭവം ആയിരുന്നു... തന്നെ മാത്രം പറ്റിച്ചതിൽ... നിരഞ്ജനെ കണ്ടു നിറഞ്ഞു വന്ന കണ്ണീർ അവൾ ആരും കാണാതെ തുടച്ചു.....
നിരഞ്ജൻ അവൾക്ക് ഓപ്പോസിറ്റ് ആയി സീതയുടെയും അരുന്ധതിയുടെയും അടുത്തായി നിന്നു..... വൈകയ്ക്ക് അവന്റെ കൈക്കുളളിൽ ഓടി കയറി ആ നെഞ്ചിൽ മുഖമമർത്തി നിൽക്കാൻ കൊതിയായി... എന്നാൽ പരിഭവത്തോടെ അവൾ അവനെ നോക്കാതെ നിന്നു....
കെട്ടുമേളം ഉയർന്നു... ആരോമൽ അഗ്നിസാക്ഷിയായി ആനിയെ താലി ചാർത്തി സ്വന്തമാക്കി..... വൈക സന്തോഷത്തോടെ നീലുവിനെ കെട്ടിപിടിച്ചു....നിരഞ്ജനെ പാളി നോക്കിയ വൈക അവനെ അവിടെ കാണാഞ്ഞിട്ട് പരിഭവിച്ചു...
അവളുടെ കണ്ണുകൾ അവനു വേണ്ടി ഇടതടവില്ലാതെ ചലിച്ചു കൊണ്ടിരുന്നു.... എങ്ങും കാണാത്തതു കൊണ്ടൊരു നീറ്റൽ നെഞ്ചിൽ കൊളുത്തുന്നത് അവളറിഞ്ഞു.... താലിയിൽ മുറുകെ പിടിച്ചു കൊണ്ടവൾ കണ്ണുകൾ അടച്ചു.....
പെട്ടന്ന് അരയിൽ മുറുകിയ കയ്യുടെ ചൂടും കഴുത്തിൽ വീണ ചുംബനത്തിന്റെ ചൂടും ആ മണവും അവളിൽ ഒരു പുഞ്ചിരി വിടർത്തി.. കണ്ണുകൾ അടച്ചുകൊണ്ട് തന്നെ വൈക നിരഞ്ജനിലേക്ക് ചാരി, അവനിൽ ചേർന്നു നിന്നു.....
അവന്റെ ഹൃദയത്തിന്റെ താളത്തിൽ അലിഞ്ഞു കൊണ്ടു വൈക പതിയെ കണ്ണുകൾ തുറന്നു അവന്റെ കയ്യോടു കൈ ചേർത്ത് നിന്നു.....
തുടരും......♦️
തുടരും..... ♦️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...