ഉത്തമഗീതം , പാർട് 24

Valappottukal


രാവിലെ എഴുന്നേറ്റപ്പോൾ എന്റെ ഒരു കൈ ചുറ്റി നെഞ്ചിൽ ചേർത്തു പിടിച്ചു ചെരിഞ്ഞു കിടക്കുന്നു റോയിച്ചൻ....
റൂമിലെ ആ അരണ്ട വെളിച്ചത്തിൽ... തെളിമയോടെ ഞാൻ നോക്കി കിടന്നു ഞാൻ എന്റെ പ്രിയനേ...

" നിന്റെ അധരങ്ങൾ എന്നിൽ ചുംബനങ്ങൾ ചൊരിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം. "

മെല്ലെ ആ കാതോരം പറഞ്ഞു...

കണ്ണുകൾ തുറക്കാതെ തന്നെ ഒരു ചിരി ആ ചുണ്ടിൽ വിരിഞ്ഞു..

ഒന്നു കൂടി നെഞ്ചിലേക്ക് ചേർത്തു പിടിക്കുമ്പോൾ ആത്മഹർഷം കൊണ്ട് ആഘോഷത്തിൽ ആയിരുന്നു ഉള്ളം... നിന്നോട് കൂടി .... നിന്നോട് കൂടി മാത്രമേ  ജനനവും മരണവും  ഉള്ളു... ഞാൻ ജനിച്ചത് നിന്നിൽ ചേർന്നപ്പോൾ ആണ്.. നിന്റെ പേരോട് കൂടി മാത്രമേ മൃതിയും ഉള്ളു...

കുറച്ചു നേരം കൂടി ആ നെഞ്ചിന്റെ താളം കേട്ട് ആ കഴുത്തിനിടയിലെ ചൂട് അറിഞ്ഞു കിടന്നു... പിന്നെ മെല്ലെ എഴുന്നേറ്റ് കുളിച്ചു മാറി പുറത്തേക്ക് ഇറങ്ങി.. അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കാം... അങ്ങോട്ടു ചെന്നു.. അമ്മച്ചി എഴുന്നേറ്റതെ ഉള്ളെന്നു തോന്നി.. ചേച്ചി പെട്ടെന്ന് വന്നു പുറകിൽ തട്ടി..

താൻ എണീറ്റോ...?

മ്മ്.. ഒന്ന് ചിരിച്ചു..

അമ്മച്ചിയും തിരിഞ്ഞു നോക്കി..

കുറച്ചു ഞാനും സഹായിക്കാൻ കൂടി.. റോയിച്ചന് ബെഡ് കോഫി ഒന്നും പതിവില്ല എന്നു പറഞ്ഞു.. അതെനിക്ക് അറിയാമായിരുന്നു..

അടുക്കളയിലെ സഹായങ്ങൾ കഴിഞ്ഞു ഞാൻ മുറ്റത്തൊട്ടു ഇറങ്ങി.. അവിടെ ഉള്ള മുന്തിരി വള്ളിയും.. ചാമ്പയ്ക്ക മരവും എല്ലാം ചുറ്റി നടന്നു നോക്കി.. ലവ് ബെർഡ്‌സ് ന്റെ കൂട്ടിൽ അവയുടെ ശബ്ദം കേട്ട് കുറച്ചു നേരം നിന്നു.. അപ്പോഴേക്കും ചേച്ചിയുടെ കുഞ്ഞും എണീറ്റ് വന്നു.. അവളും കൂടി എന്റെ ഒപ്പം..

മോളേ.. റോയിയെ വിളിച്ചോ.. ചിലപ്പോൾ ഒറ്റ ഉറക്കം അങ്ങു ഉറങ്ങി കളയും..

അമ്മച്ചി വന്നു പറഞ്ഞു..

നേരെ ചെന്ന് മുറിയിലേക്ക് കയറി..

ഇല്ല... ആൾ എണീറ്റ് ഇരിക്കുന്നു.. കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം...

വെറുതെ മുറിയിലെ ചുമരിൽ ഉള്ള ഷെൽഫിൽ ഉള്ള പുസ്തകങ്ങളിൽ നോക്കി.. ഓരോന്ന് എടുത്തു മറിച്ചു  നോക്കി..

പെട്ടെന്ന് ശരീരത്തിലേക്ക് വെള്ളത്തിന്റെ തണുപ്പ് പടരുന്നത് അറിഞ്ഞു.. ശ്വാസം കൊണ്ടു തന്നെ മനസിലായി.. എന്റെ ക്രിസ്റ്റമസ് അപ്പൂപ്പൻ ആണെന്ന്... അന്ന് തന്ന ഉമ്മയുടെ ചൂടും മണവും അതു പോലെ തന്നെ തൊട്ടരികിൽ വന്നു നിൽക്കും പോലെ...

അനങ്ങിയില്ല...

പിറകിൽ കൂടി തന്നെ തണുത്ത കൈകൾ ഇരു കവിളിൽ ആയി ചേർത്തു വെച്ചു..

കുളിച്ചിറങ്ങിയ ആ തണുപ്പിൽ കണ്ണടച്ചു ഞാൻ നിന്നു..

പെണ്ണേ......

കൈകൾക്ക് മുകളിൽ കൈ ചേർത്തു വെച്ചു ഒരു നിമിഷം.. പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു..

ഇങ്ങനെ ഇത്രയും മനോഹരമായ പുലരികൾ എനിക്ക് ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം വരെ എനിക്ക് തോന്നിയില്ല റോയിച്ച...

ഇനി എന്നും ഇങ്ങനെ തന്നെ ആണ് എന്റെ പെണ്ണേ...

ഞാൻ എടുത്തു തരട്ടെ റോയിച്ചനുള്ള ഡ്രസ്...

അതിനി ചോദിക്കാൻ ഉണ്ടോ..

റോയിച്ചനുള്ള ഡ്രസ് എടുത്തു കൊടുത്തു..

ഒരുങ്ങി വന്നപ്പോൾ ഞാൻ ഒന്ന് നോക്കി നിന്നു...

എന്റെ റോയിച്ചൻ സുന്ദരൻ ആണ് കേട്ടോ..

വാ.. പോകാം.. കൈ പിടിച്ചു റോയിച്ചൻ  പുറത്തേക്ക് നടന്നു..

ഒരുമിച്ചു ഇരുന്നു തന്നെ എല്ലാവരും ഭക്ഷണം കഴിച്ചു.. മറ്റന്നാൾ ഉള്ള ഒരുക്കങ്ങൾക്ക് വേണ്ടതൊക്കെ അച്ഛനും മോനും കൂടി സംസാരിക്കുന്നു.. ഇടയ്ക്ക് മടിയിൽ വെച്ചിരുന്ന ഇടംകയിലേക്ക് ഒരു പിടിത്തം വീണു...
അമ്മച്ചി അപ്പോഴും അത്യാവശ്യം പോകണ്ട സ്ഥലങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു..

കുറച്ചു നേരം കഴിഞ്ഞു ഉമ്മറത്തു ഇരിക്കുമ്പോൾ ആണ്.. റോയിച്ചൻ എന്നോട് ഒരുങ്ങി വരാൻ പറഞ്ഞത്.. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകാം.. അകത്തേക്ക് പോകാൻ തുടങ്ങിയതും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു..

നോക്കിയപ്പോൾ.. ഉമയും പ്രസദെട്ടനും കാവ്യയും...

സന്തോഷം കൊണ്ട് ഓടി ചെന്ന് ഉമയെ കെട്ടി പിടിച്ചു..

വാ.. എല്ലാവരെയും വിളിച്ചു അകത്തേക്ക് കയറി..

അവരെല്ലാം സംസാരിച്ചു ഇരിക്കുമ്പോൾ ഞാനും ഉമയും അകത്തേക്ക് വന്നു..

അവൾ എന്നെ ചേർത്തു പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു..

നിന്നെ ഇങ്ങനെ കാണാൻ പറ്റിയല്ലോ...

അവളെ ഇറുകെ ഞാനും പുണർന്നു..

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിന്നോട്... എന്റെ ഏട്ടന്റെ പുണ്യം ആണ് നീ...

അപ്പോഴേക്ക് വെളിയിൽ ഒരു കാർ വന്നു നിന്നു..

വാ... നിനക്കൊരു സർപ്രൈസ് ഉണ്ട്..

ഉമ പറഞ്ഞും കൊണ്ടു വെളിയിലേക്ക് നടന്നു..

ഉണ്ണിയേട്ടൻ... കൂടെ അപ്പുറത്തെ ഡോർ തുറന്ന് ശരത് സാറും...

ഒരു ഞെട്ടൽ ഉണ്ടായി... ഇത് മാത്രം പ്രതീക്ഷിച്ചില്ല...

എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ സാർ അകത്തേക്ക് കയറി വന്നു..

ആദ്യം തന്നെ റോയിച്ചൻ ചെന്ന് ശരത് സാറിനെ കെട്ടി പിടിച്ചു..

വാക്കുകൾ അപ്രസക്തം ആകുന്ന ചില മുഹൂർത്തങ്ങൾ...

അമ്മച്ചി കഴിക്കാൻ എടുക്കാൻ പറഞ്ഞു അടുക്കളയിലേക്ക് ചെന്നു... ഞങ്ങൾ എല്ലാവരും റോയിച്ചന്റെ ലൈബ്രറിയിലേക്ക്  ഇരുന്നു..

ശരത് സാർ തന്നെ പറഞ്ഞു തുടങ്ങി..

അടിച്ചേല്പിച്ച ഒരു പ്രണയം ഉണ്ടായിരുന്നു എനിക്ക്.. ആഗ്രഹ്ച്ചില്ലെങ്കിലും കോളേജ് കാലത്ത് വന്നു ചേർന്നതാണ്.. അമ്മയല്ലാതെ ഒരു സ്ത്രീയോടും പരിധിയിൽ കൂടുതൽ സൗഹൃദം സൂക്ഷിച്ചില്ല... ഉണ്ണിക്ക് അറിയാം അതൊക്കെ... പക്ഷെ ഏട്ടൻ കല്യാണം കഴിച്ചപ്പോൾ അവരുടെ അനിയത്തി ആണ്.. ഇങ്ങോട്ട് വന്നു ഇഷ്ടമാണ് എന്നു പറഞ്ഞത്... പക്ഷെ.. എന്തോ അംഗീകരിക്കാൻ വയ്യായിരുന്നു.. പിന്നെ കുടുംബക്കാർ ഇടപെട്ട് അമ്മയെയും സ്വാധിനിച്ചു അതു തീരുമാനത്തിൽ എത്തിയത് ആയിരുന്നു... അതിനിടയിൽ വന്നു പെട്ട പലതും ആ കാരണം കൊണ്ടു കണ്ടില്ല എന്നു നടിച്ചു..  പക്ഷെ ഒരിക്കൽ തിരസ്കരിക്കപ്പെട്ട പ്രണയം കൈപ്പിടിയിൽ ഒത്തുക്കുക എന്ന വാശി മാത്രം ആയിരുന്നു ആ കുട്ടിക്ക് എന്നു കുറച്ചു കാലങ്ങൾക്ക് ശേഷം ഒരാളുടെ കൂടെ ഇറങ്ങി പോയപ്പോൾ ആണ് മനസിലായത്.
അന്ന് അപമാനിക്കപെട്ട പോലെ ജീവിതത്തിൽ ഇന്നോളം ഞാൻ നിന്നിട്ടില്ല..

സാറിന്റെ കണ്ണിൽ ഒരു നനവ് ഉണ്ടായിരുന്നു...

തന്നെ കണ്ടപ്പോൾ എന്തോ ഒരടുപ്പം തോന്നിയിരുന്നു.. കുറെ കാലം ആയുള്ള പരിചയം പോലെ... അമ്മ വാശി പിടിച്ചപ്പോൾ അതാണ് ഞാൻ സമ്മതിച്ചത്..

പക്ഷെ ഇപ്പൊ എനിക്ക് സന്തോഷം ഉണ്ട്.. ആത്മാർഥ പ്രണയം ഇന്നും ആർക്കും കൈ മോശം വന്നിട്ടില്ല.. ഉണ്ണിയേട്ടൻ ശരത് സാറിനെ ചേർത്തു പിടിച്ചു...

അപ്പോഴാണ് പ്രസദേട്ടന്റെ തോളിൽ തല മറച്ചു
വെച്ചു കരയുന്ന കാവ്യയെ ഞാൻ ശ്രദ്ധിക്കുന്നത്..

റോയിച്ചനെ ഞാൻ കണ്ണ് കാണിച്ചു...

എന്താ എന്ന ഭാവത്തിൽ റോയിച്ചൻ കാവ്യയെ നോക്കി...

പിന്നെ എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് ആയി..

അപ്പോൾ പ്രസാദെട്ടൻ അവളുടെ മുഖം പിടിച്ചു ഉയർത്തി..

ഇതാണോ..??

അതേ എന്നു അവൾ തലയനക്കി..

കാവ്യ.. ഐ ആം സോറി..

ശരത് സാർ അവളെ നോക്കി പറഞ്ഞു..

എല്ലാവർക്കും അത്ഭുതം ആയിരുന്നു..

അപ്പൊ ഇതാണോ ടി നീ കെട്ടാതിരിക്കുന്നതിന്റെ കാരണം...

റോയിച്ചൻ ഒരു ഞെട്ടലോടെ ചോദിച്ചു..

അവൾ ഒന്നും പറഞ്ഞില്ല..

ഒരു റീജക്ഷൻ കൊണ്ട് ദൂരേക്ക് ഓടി പോയത് ഒക്കെ എനിക്ക് അറിയാം ആയിരുന്നു പക്ഷെ ആൾ ശരത് ആണെന്ന് അറിയില്ലായിരുന്നു..

ഉണ്ണിയേട്ടനും പറഞ്ഞു...

റീജക്ഷൻ അല്ല ഉണ്ണി ... എന്റെ കാര്യം ഞാൻ പറഞ്ഞല്ലോ... എനിക്ക് വീട്ടിൽ  അതായിരുന്നു അവസ്‌ഥ... എല്ലാം തകർന്നപ്പോൾ പിന്നെ സ്വയം ലോകം എന്നിലേക്ക് തന്നെ ചുരുക്കി.. തേടി വരാൻ അർഹത ഇല്ലലോ...

കാവ്യ പ്രസാദെട്ടനെ ഇറുകെ പിടിച്ചിട്ടുണ്ട്.. ഉണ്ണിയേട്ടനും ഞാനും അടുത്തു ചെന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു..

അപ്പൊ ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കികൊളം.. ഉണ്ണിയേട്ടനും റോയിച്ചനും ഒരുമിച്ചു പറഞ്ഞു....

                         *********

കുറച്ചു നാളുകൾക്ക് ശേഷം..

മണ്ഡപത്തിലേക്ക് വന്നു ഒന്നു തഴത്തേക്ക് എത്തി നോക്കി... ഇല്ല കാണുന്നില്ല.. എവിടെ പോയി.. രാവിലെ ഒരു മിന്നായം പോലെ കണ്ടെ ഉള്ളു... തിരക്കിനിടയിൽ ഒന്ന് കണ്ണ് നിറച്ചു കണ്ടു കൂടി ഇല്ല...

ആലോചിച്ചു കണ്ണുകൾ തിരയുമ്പോഴേക്കും അകത്തു നിന്ന് വല്യമ്മയുടെ വിളി വന്നു...

പെണ്ണിനെ മണ്ഡപത്തിലേക്ക് കൊണ്ടു വരാൻ...

ചെന്നപ്പോൾ ഉമ ഒരുങ്ങി സുന്ദരി ആയി നിൽപ്പുണ്ട്.. ചെറിയ പേടി അവളുടെ മുഖത്തു കാണാൻ...

വന്നോടി എന്റെ കാലൻ...

ങേ??

നിന്റെ ഏട്ടൻ..

ദേ.. ഉമേ.. എന്റെ ഏട്ടനെ എങ്ങാനും പറഞ്ഞാൽ...

ചൂണ്ടിയ വിരൽ തട്ടി മാറ്റി ഉമാ പറഞ്ഞു..

ഒന്ന് പോടി... അവളുടെ ഒരു ഏട്ടൻ.. നിന്റെ ഉണ്ണിക്കുട്ടനെ കെട്ടാൻ ഞാൻ ഒരുത്തി ആയതു കൊണ്ടാ സമ്മതിച്ചേ..

യ്യോ.... മതി.. രണ്ടാളും...

കാവ്യ ആണ്...

ആഹാ... നി വന്നോ... ശരത്തേട്ടൻ എന്തിയെ പെണ്ണേ..

ഉമ ചോദിച്ചു..

ഉണ്ട്.. റോയിച്ചന്റെ ഒപ്പം ഉണ്ട്..

റോയിച്ചന്റെ ഓപ്പമോ.. എവിടെ??

ഞാൻ അറിയാതെ ചോദിച്ചു പോയി..

ഉമയും കാവ്യയും പരസ്പരം നോക്കി.. എന്താ കഥ എന്ന ഭാവത്തിൽ..

ചമ്മൽ മറച്ചു കൊണ്ട് ഞാൻ നാവ് കടിച്ചു..

ഇന്ന് കണ്ടെ ഇല്ല... തിരക്കല്ലേ.. അതാ.. മെല്ലെ പറഞ്ഞു അവരെ നോക്കി..

കാലം എത്ര കഴിഞ്ഞാലും എന്റെ കാവ്യെ... ഈ മുന്തിരി വള്ളി ഇങ്ങനെ പൂത്തും തളിർത്തും തന്നെ ഇരിക്കും..

ഉമാ അഖിലയെ കളിയാക്കി പറഞ്ഞു..

അപ്പോഴേക്കും മുഹൂർത്തം ആയി.. ഞങ്ങൾ അവളെയും കൊണ്ടു മണ്ഡപത്തിലേക്ക് ചെന്നു...

കെട്ടിമേളം മുഴങ്ങി...

ഉണ്ണിയേട്ടൻ ഉമയുടെ കഴുത്തിൽ താലി ചാർത്തി..

പിറകിൽ നിന്ന് ഞാൻ പെങ്ങളുടെ കടമ ചെയ്തു...

അപ്പോഴേക്കും പിറകിൽ ഒരു സാന്നിധ്യം അറിഞ്ഞു..

തല ചെരിച്ചു നോക്കി... കണ്ണിൽ ആ മുഖം ഒപ്പിയെടുത്തു....ഓടി നടന്നത് കൊണ്ടാകാം... മുഖത്തു ഇത്തിരി ക്ഷീണം കാണാം...

പിന്നെ അങ്ങോട്ടു ഒരുമിച്ചു തന്നെ ആയിരുന്നു... കൈ പിടിച്ചു ശരത് സാറിന്റെയും കാവ്യയുടെയും അടുത്തു ചെന്നു... ഉമയെയും ഉണ്ണിയേട്ടനേയും നോക്കി ഓരോ കമന്റ് പറഞ്ഞു... ചിരിച്ചു.. ഉമ കണ്ണുരുട്ടി പേടിപ്പിക്കുന്നു...

                         ******

വൈകിട്ട് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയതും ചെറുതായി മേൽ ചൂട് തുടങ്ങി... അമ്മചി തൊട്ടു നോക്കി പറഞ്ഞു പനിക്കുന്നല്ലോ മോളേ ചെന്ന് കിടക്കു... കുറഞ്ഞില്ലെങ്കിൽ റോയ് വന്നിട്ട് ഹോസ്പിറ്റലിൽ പോകാം...

പുതപ്പെടുത്തു പുതച്ചു അതിലേക്ക് ചുരുണ്ടു... റോയിച്ചന്റെ മണം....

ഇന്ന് ഇപ്പോൾ ഈ പനിച്ചൂടിൽ ഒതുങ്ങി കിടക്കുവാണ്... ഞങ്ങടെ ജീവിതത്തിലെ കഴിഞ്ഞു പോയ സന്തോഷവും സങ്കടവും ഓർത്തു കൊണ്ടു...

മെല്ലെ മയക്കം കണ്ണുകളെ മൂടി....

ഇടയ്ക്ക് എപ്പോഴോ സ്വപ്നത്തിൽ എന്ന പോലെ.. പുതപ്പ് ഒന്ന് അനങ്ങി... ദേഹത്തേക്ക് ഒരു ചൂട് വ്യാപിക്കുന്നത് അറിഞ്ഞു.. കണ്ണ് പാതി തുറന്ന് കണ്ടു ... എന്റെ പ്രീയപ്പെട്ടവൻ... എന്റെ മാത്രം..
പുതപ്പിൽ എന്നെ ചേർത്തു പൊതിഞ്ഞു കണ്ണിലേക്ക് സ്നേഹചുംബനത്തിന്റെ ചൂടും പകർന്ന്....

ഒരുമിച്ചൊരു പനിച്ചൂടിൽ.....

അവസാനിച്ചു...

ഋതു❤📝
ഇഷ്ടമായെങ്കിൽ 2 വരി അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top