ഉത്തമഗീതം , പാർട് 23

Valappottukal


അഖിലേ നീ ഇറങ്ങുന്നില്ലേ??

ഉമ്മയുടെ ചോദ്യം കേട്ട് ഞെട്ടി ആണ് കണ്ണ് തുറന്നത്..

അവളെ തന്നെ നോക്കി...

എന്താ?? അമ്പലം എത്തി..
ഇതിനിടയിൽ കിടന്ന് എന്താ ഈ ആലോചിച്ചു കൂട്ടിയത്??

അവൾ ചുറ്റും നോക്കി...

കൈ നെഞ്ചിലെക്ക് ചേർത്തു..

തോന്നിയത് ആണോ..?? നെറ്റിയിൽ തൊട്ട് നോക്കി...

ഇല്ല... ഇപ്പോഴും പൂമ്പാറ്റപെണ്ണാണ്..

വാ... അവൾ കൈ പിടിച്ചു ഇറക്കി...

അമ്പലതിലേക്ക് നടന്നു.. ആൾക്കാർ ചുറ്റും കൂടി നിൽക്കുന്നു... ഇന്നത്തെ കാഴ്ച്ച വസ്തു ഞാൻ ആണല്ലോ..

ആർക്കും മുഖം കൊടുക്കാതെ നടന്നു..

നടയിൽ ചെന്നു നിന്നു..

നിന്റെ മുന്നിൽ നിന്നാണ് ആദ്യമായ്‌ പ്രണയത്തിന്റെ ഒഴുക്ക് തുടങ്ങിയത്... ഇവിടെ നിന്നാണ് ആ മനുഷ്യൻ

എന്റെ ഹൃദയം നിന്റേത് ആണെന്ന് എന്നോട് പറയാതെ പറഞ്ഞത്..
എന്നിട്ട് എങ്ങനെ കണ്ണടയ്ക്കാൻ തോന്നുന്നു...
നെഞ്ചിൽ ഉള്ളത് കല്ലല്ല... വേദന കൊണ്ട് നീറുന്ന ഒരു ഹൃദയം ആണ്...

സമയം ആകാൻ ഇനിയും ഉണ്ട് ഉമയോടൊപ്പം ഒരിടത്തു പോയി ഇരുന്നു..

എല്ലാവരും ഓടി നടക്കുന്നു....

മുഹൂർത്തം ആകാറായി... വന്നോളൂ..

ആരോ പറഞ്ഞു....

വാ... ഉമാ കൈ പിടിച്ചു കൂടെ വന്നു..

നിനക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റും എന്നു ഞാൻ വിചാരിച്ചു... നീ എന്റെ സഖി അല്ലെ... പക്ഷെ തോറ്റു പോയ പോലെ...

അവൾ കൈ അമർത്തി പിടിച്ചു പറഞ്ഞു..

നടയിലേക്ക് ചെന്നു..

ചെക്കനെ വിളിച്ചോളൂ..

തല ഉയർത്തതെ ഞാൻ നിന്നു..

കുറച്ചു സമയം കഴിഞ്ഞും നിൽപ്പിന് ഒരു മാറ്റവും ഇല്ലെന്നും ചുറ്റും മുറുമുറുപ്പ് ഉയരുന്നത് കേട്ടും മെല്ലെ ഉയർത്തി..

മെല്ലെ ഒരു പരിഭ്രാന്തി മുള പൊട്ടി അതിങ്ങനെ ഒഴുകി പരക്കുന്നത് ഒരു സംതൃപ്തിയോടെ നോക്കി കണ്ടു...

അച്ഛനെ ആരോ താങ്ങി തൊട്ടടുത്ത കസേരയിലേക്ക് ഇരുത്തി..

'അമ്മ അച്ഛന്റെ അടുത്തു വേവലതിയോടെ ഓടി ചെന്നു.. വെള്ളം എടുത്തു വല്യമ്മ വന്നു... അച്ഛന് കൊടുത്തു...

ദയനീയമായി... അതി ദയനീയമായി ഒരു നോട്ടം അച്ഛന്റെ കണ്ണിൽ നിന്നും എന്നിലേക്ക് നീണ്ടു വന്നു... എന്റെ മുഖത്തു അതു തറഞ്ഞു നിന്നു...

വല്യച്ഛൻ ഉണ്ണിയേട്ടനോട് ദേഷ്യപ്പെടുന്നു..
ഉണ്ണിയേട്ടൻ വല്യച്ഛന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നു..

മെല്ലെ ഞാൻ തല ചെരിച്ചു ഉമയെ നോക്കി... അവിടെ മാത്രം പ്രതീക്ഷയുടെ തിളക്കം...

എന്തേ??

ഞാൻ ചോദിച്ചു..

നിന്റെ വീട്ടുകാർക്ക് മാത്രമേ ഹൃദയം ഇല്ലാതുള്ളു... ആ വാദ്യാർക്ക് ഉണ്ട്..

എന്താ പറഞ്ഞേ..??..നി??

ശോ.. മിണ്ടല്ലേ... എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു.. പക്ഷെ ഇപ്പൊ..

അവൾ പറഞ്ഞു നിർത്തി..

വല്യമ്മ കണ്ണും തുടച്ചു എന്റെ അടുത്തേക്ക് വന്നു..

മോളേ.. തലയിൽ തഴുകി കൊണ്ടു വിളിച്ചു..

അവര് വരില്ലെന്ന്... അങ്ങനെ വിളിച്ചു പറഞ്ഞെന്ന്.. ആ ചെറുക്കന് ഏതാണ്ട് കുഴപ്പം ഒക്കെ ഉണ്ടായിരുന്നെന്ന്... ഇപ്പൊ സമ്മതിക്കുന്നില്ലെന്നു..

വല്യമ്മ പതിഞ്ഞ സ്വരത്തിൽ എനിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു..

ഒരു മരവിപ്പ് ആയിരുന്നു ശരീരം മുഴുവൻ..

എല്ലാവരും എന്റെ ചുറ്റും കൂടി..

എന്റെ മോളുടെ കല്യാണം മണ്ഡപം വരെ എത്തി മുടങ്ങി.. ആൾക്കാരോട് എന്തു പറയും... എന്തു കൊണ്ട് ചെക്കൻ ഒഴിഞ്ഞു എന്നു എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റോ.. അവന് മനസിന്‌ സുഖം ഇല്ലാ എന്നു പറഞ്ഞാൽ നമ്മൾ പറഞ്ഞു ഉണ്ടാക്കിയത് ആണെന്നല്ലേ കരുതു..

അമ്മ പതം പറഞ്ഞു കരയുന്നു..

മുത്തശ്ശിയും വല്യച്ഛനും തല താഴ്ത്തി ഇരിക്കുന്നു..

ആഹാ... ആഢ്യത്വതിന്റെ കനം കൊണ്ടു കഴുത്തു ഒടിഞ്ഞു ഇരിക്കുന്നു.. കാണാൻ കൊതിച്ച കാഴ്ച്ച..

ആരോ ഇടയിൽ നിന്നും വിളിച്ചു പറഞ്ഞു..

ഇപ്പൊ തന്നെ തയ്യാറാവുകയാണെങ്കിൽ ഏതേലും ചെറുക്കന്മാർ താല്പര്യം കാട്ടിയാൽ കല്യാണം നടത്തിയിരുന്നു..

എനിക്കും മനസ് ഉണ്ട്... ഒന്ന് പോയാൽ ഒന്നെന്ന് കരുതാൻ.. നെഞ്ചിൽ ഉള്ളത് വെറും മാംസ കഷ്ണം അല്ല..

മനസ് ആർത്തു വിളിച്ചു.. പക്ഷെ ശബ്ധം പുറത്തു വന്നില്ല..

എല്ലാവരും ചുറ്റും നോക്കുന്നു.. ആരൊക്കെയോ പരസ്പരം സംസാരിക്കുന്നു..

അച്ഛൻ തളർച്ചയുടെ എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഇതുവരെ ആ നോട്ടം മാറ്റിയില്ല... കുറ്റബോധത്തിന്റെ അലകൾ വാത്സല്യം മാത്രം ഒരിക്കൽ ഉറ്റി നിന്ന കണ്ണുകളിൽ തെളിമയോടെ ഞാൻ കണ്ടു..

എല്ലാവർക്കും ചെറുക്കനെ കണ്ടെത്തേണ്ട വെപ്രാളം ആണ്.. എന്നോ മണ്ണടിഞ്ഞ കുടുംബത്തിന്റെ അഭിമാനം കാക്കാൻ..

ഞാൻ കണ്ണുകൾ കോവിളിലേക്ക് നീട്ടി..

നിനക്ക് മാത്രം തോന്നിയല്ലേ എനിക്കൊരു മനസ് ഉണ്ടെന്ന്.. ശബ്ദം ഇല്ലാതെ ചോദിച്ചു..

പെട്ടെന്നാണ് ഉണ്ണിയേട്ടൻ ആൽമരത്തിനു പിറകിൽ നിന്നു റോയിച്ചന്റെ കയ്യും പിടിച്ചു വന്നത്...

ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി... കണ്ണുകൾ ചതിച്ചു.. ഇത്ര നേരം തട കെട്ടി നിന്നത്... ഒഴുകി പരക്കുന്നു...

ഉണ്ണി... വല്യച്ഛന്റെ ശബ്ധം ഉയർന്നു..

അച്ഛൻ ഇനി മിണ്ടരുത്.. കുറച്ചു കാലം കഴിഞ്ഞു അവരവരുടെ ജീവിതം തീർന്നു എല്ലാവരും മണ്ണിലേക്ക് പോകും.. ജീവിച്ചു തീർക്കേണ്ടത് അവർ ഒറ്റയ്ക്ക് തന്നെ ആണ്.. അടിച്ചേല്പിച്ചവരും പിടിച്ചു കെട്ടിച്ചവരും ആരും കൂട്ടു കാണില്ല.. ഉരുകി തീർന്ന് ജീവിയ്ക്കാൻ വിടാൻ എങ്ങനെ തോന്നുന്നു.. സ്വന്തം ചോര തന്നെ അല്ലെ..

ഉണ്ണിയേട്ടൻ അച്ഛനെ നോക്കി..

ചെറിയച്ച.... ഈ ഒരു നിമിഷത്തിൽ ചെറിയച്ചന്റെ സ്ഥാനം ഒരുപാട് മനസിൽ ഉയരത്തെ ഉള്ളു.. അവളെ ഒന്ന് നോക്ക്.. എന്തെങ്കിലും സന്തോഷം കണ്ടിട്ടുണ്ടോ?

അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു..

അമ്മ അച്ഛന് താങ് എന്ന പോലെ ചേർന്നു നിന്നിട്ട് ഉണ്ട്.. മുത്തശ്ശി ഒന്നും പറയാതെ ഇരിക്കുന്നു..

വാല്യച്ചൻ പറഞ്ഞു..

ഇതൊന്നും നടക്കില്ല ഉണ്ണി..

ഏട്ടാ... അച്ഛൻ എഴുന്നേറ്റു..

വാ... എന്റെ കയ്യും പിടിച്ചു നടയ്ക്ക് മുന്നിലേക്ക് നടന്നു...

മറുകൈ പിടിച്ചുരിക്കുന്നത് റോയിച്ചന്റെ കയ്യിലാണ് എന്നു നിറഞ്ഞ കണ്ണിനിടയിൽ തെളിച്ചമില്ലാതെ കണ്ടു...

ഒരു സ്വപ്നത്തിൽ എന്ന പോലെ ഞാൻ തരിച്ചു നിൽക്കുന്നു...

ഉമയെ തിരിഞ്ഞു നോക്കി അവൾ ഓടി വന്നു എന്റെ പുറകിൽ നിന്നു.. എന്നെ ഇറുകെ പിടിച്ചു.. അവളുടെ കണ്ണുനീർ പുറം കഴുത്തു നനച്ചു..

ഉണ്ണിയേട്ടൻ റോയിച്ചന്റെ അടുത്തു നിന്ന് കണ്ണ് തുടയ്ക്കുന്നു..

ഞാൻ നോക്കാൻ മറന്നു പോയ ഒരാൾ ഉണ്ട്... അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഇപ്പോഴാണ് അറിയുന്നത്..

കണ്ണുകളിലേക്ക് തന്നെ നോക്കി.. എനിക്കായി വീണ്ടും രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങി..

"യാ അല്ലാഹ്
ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക
നിന്നിലുമധികം ഞാൻ
അവനെ സ്നേഹിച്ചു പോയി."

മനസിൽ എവിടെ നിന്നോ ഒരു രണ്ടു വരി ഹൃദയത്തിലേക്കൊഴുകി...

അച്ഛൻ ആ താലി എടുത്തു റോയിച്ചനു നേരെ നീട്ടി... പ്രായശ്‌ചിത്തം ആണ്.. കഴിയുമെങ്കിൽ പൊറുക്കുക... അച്ഛന് കാണാൻ പറ്റാത്ത മകളുടെ മനസ് ദൈവം കണ്ടെന്ന് തോന്നുന്നു...

റോയിച്ചൻ ഉതിർന്നു വീണ കണ്ണുനീരിന് ഒപ്പം വിറയ്ക്കുന്ന കൈകളോടെ ആ താലി കൈ നീട്ടി വാങ്ങി...

അപ്പോഴേക്കും റോയ് എന്നൊരു വിളി വന്നു.. എല്ലാവരും തിരിഞ്ഞു നോക്കി..

റോയിച്ചന്റെ അച്ഛനും അമ്മയും..

അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നു... പക്ഷെ പുഞ്ചിരി തെളിഞ്ഞു കാണാം.. അച്ഛൻ സമ്മത ഭാവത്തിൽ റോയിച്ചന് നേരെ തല അനക്കി..

ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.. കൈകൾ കഴുത്തിൽ സ്പർശിച്ചത് അറിഞ്ഞു..

ഒരു തണുപ്പോട് കൂടി ആ താലി ചരട് നെഞ്ചിന്റെ ചൂടിലേക്ക് അമർന്നു..
സീമന്ത രേഖ ചുവന്നു..

ഇരുകൈകൾ കൊണ്ടും കവിളിൽ ചേർത്തു പിടിച്ചു.. മൂർദ്ധവിൽ നനുത്ത സ്പർശം അറിഞ്ഞു..

അച്ഛൻ കൈ ചേർത്തു പിടിപ്പിച്ചു..

റോയിച്ചനെ ഒന്ന് നോക്കി.. അച്ഛന്റെ കൈകൾ അമർത്തി പിടിച്ചു റോയിച്ചൻ ഒന്ന് നോക്കി..

എന്റേത് ആണ് എന്റേത് മാത്രം ആണ്.. ജീവിതത്തിലേക്ക് അല്ല  ഹൃദയത്തിലേക്ക് എന്നെ ചേര്ത്തു വെച്ചതാണ്..

ആ കണ്ണുകളിൽ നിന്നും ഞാൻ അതു വായിച്ചെടുത്തു...

കൈ വിടാതെ പിടിച്ചു കൊണ്ട് ഞങ്ങൾ പ്രദക്ഷിണ വഴിയിലേക്ക് നടന്നു..

""മരണത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ
യാതൊന്നുമില്ലെന്നു വന്നോട്ടെ
പ്രണയമെങ്കിലും വേണം
ജീവിതത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ'"

ഉള്ളിൽ നിന്നൊരു പക്ഷി പാടി...

(തുടരും)

 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top