ഉത്തമഗീതം , പാർട് 21

Valappottukal



വയ്യ റോയ്ച്ചാ എനിക്കിനിയും ....ആർക്കെല്ലാം പകുത്തു കൊടുക്കണം ഈ ജീവിതം...

റോയ് അവളുടെ കൈ ചേർത്തു പിടിച്ചു ഒരു ആശ്വാസത്തിന് എന്ന പോലെ തട്ടി കൊടുത്തു..

എനിക്ക് നിന്നോട് എന്തു പറയണം എന്നു അറിയില്ല അഖില.. ഞാൻ ആയിട്ടാണ് നിന്നെ ഇതിലേക്ക് വലിച്ചു കൊണ്ടു വന്നത്.. ഇപ്പൊ പറിഞ്ഞു പോകാൻ ആകാത്ത വിധം വേര് പിടിച്ചു നമ്മൾ ഇങ്ങനെ ഉരുകി ജീവിക്കാനും കാരണം ഞാൻ ആണ്..

ഈ ജീവിച്ച ഇരുപത്തിരണ്ടു വർഷത്തേക്കാൾ ഇനിയുള്ള  അൻപത് വർഷങ്ങൾ നമ്മൾ നമ്മുടെതല്ലാതായി ജീവിക്കേണ്ടി വരും റോയിച്ച.. ആ വേദന വേണോ നമ്മുക്ക്??

ആ അൻപത് വർഷങ്ങളും നമ്മൾ കുറ്റബോധത്തൊടെ ജീവിക്കണോ പെണ്ണേ ഉറ്റവരെ ഓർത്തു... നമ്മൾ കാരണം  അവർ അനുഭവിക്കേണ്ടി വന്ന വേദനകളും നഷ്ടങ്ങളും ഓർത്തു?....

പോകട്ടെ ഞാൻ.. ഇനിയു ഞാൻ ഇവിടെ ഇരുന്നാൽ തിരിച്ചു പോക്കില്ലാത്ത വിധം അവസാനിച്ചു പോകും ഞാൻ..

തിരിഞ്ഞിറങ്ങിയ അഖില കണ്ടു.. വല്യച്ഛൻ വരമ്പത്തു കൂടി നടന്നു വരുന്നു..

അവൾ അയാളെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി... റോയ് കണ്ണു തുടച്ചു അയാളെ ദഹിപ്പിക്കും വിധം ഒന്ന് നോക്കിയിട്ട് നടന്നു നീങ്ങി..

വീട്ടിൽ എത്തി ഉമ്മറത്തേക്ക് കയറിയതും

അഖിലേ..

വല്യച്ഛൻ ദേഷ്യം കൊണ്ടു വിറച്ചു അവൾക്ക് നേരെ കൈ ഉയർത്തി..

തൊട്ടു പോകരുത് എന്നെ...

അഖില അയാൾക്ക് നേരെ ചൂണ്ടു വിരൽ ഉയർത്തി നിന്ന് വിറച്ചു..

ആ നോട്ടത്തിൽ വല്യച്ഛൻ ഒന്ന് പതറി..

അവനെ കാണരുത് എന്നു നിന്നോട് പറഞ്ഞതല്ലേ ..

ഞാൻ അടിമ അല്ല ആരുടെയും.. ഇറങ്ങി പോയാൽ കൂടെ ജീവിക്കാൻ നിയമം പോലും കൂടെ നിൽക്കും നിങ്ങളുടെ ആരുടെയും സമ്മതം വേണ്ട.. എന്നിട്ടും വേണ്ട എന്ന് വെച്ചു നിൽക്കുന്നത് ജന്മം തന്നു എന്നത് കൊണ്ട് മാത്രം ആണ്... അല്ലാതെ പേടിച്ചിട്ട് അല്ല.. വന്നു വിളിക്കാൻ റോയിച്ചനും ഇറങ്ങി പോകാൻ എനിക്കും അറിയാഞ്ഞിട്ടല്ല.. എന്റെ ദേഹത്തു ഇനി നിങ്ങളുടെ കൈ പതിഞ്ഞാൽ അന്ന് ഞാൻ ഇറങ്ങും ഈ പടി..

ബഹളം കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നു..

ശേഖരന്റെ നേർക്ക് ഒന്ന് നോക്കി അവൾ പറഞ്ഞു..

എന്നെ ഒന്ന് കൊന്ന് തരാൻ പറ്റുമോ.. ഇങ്ങനെ ശവം പോലെ ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ്..

അയാൾ ഒന്നും പറയാതെ നിന്നു..

ഇരുകണ്ണുകളും അമർത്തി തുടച്ചു.. അഖില അകത്തേക്ക് കയറി പോയി..

ദിവസങ്ങൾ നീങ്ങി.. കോളേജിൽ വെച്ചു ശരത് സാറിനെ കാണുമെങ്കിലും മുഖം കൊടുക്കാതെ ആയി.. അവിടെ ആരും അറിഞ്ഞിരുന്നില്ല കല്യാണ ആലോചനയോടെ കാര്യം..
അതിനിടയിൽ ഒരു ദിവസം പറയുന്ന കേട്ടു മുഹൂർത്തം കുറിച്ചു കിട്ടി... ഇന്നേക്ക് പത്തൊൻപതാം നാൾ വിവാഹം.. അതും ഇവിടുത്തെ ക്ഷേത്രത്തിൽ വെച്ചു..

എന്റെ പെരുമാറ്റം കൊണ്ടാകാം.. ശരത് സാറിനു എന്തോ സംശയം തോന്നി കാണണം..

ഒരു ദിവസം സാറിന്റെ അമ്മ വിളിച്ചു..

മോളേ... പെട്ടെന്ന് ഇങ്ങനെ ഒരു ആലോചന വന്നത് നിനക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ട് ഉണ്ടാവില്ല.. എനിക്കറിയാം.. അവനെ നീ അങ്ങനെ ഒരു കണ്ണിൽ കണ്ടു കാണില്ല... പക്ഷെ എന്റെ ചന്ദ്രു ഒരു പാവം ആണ് മോളേ.. അവന്റെ മനസ്സിൽ എവിടെയോ നീ ഉണ്ടായിരുന്നു അത് അവന്റെ അമ്മയായ ഞാൻ മനസിലാക്കിയത് കൊണ്ടാണ് ഈ ആലോചനയും ആയി ഞാൻ വന്നത്... അവൻ പറഞ്ഞിരുന്നു താൻ അങ്ങനെ ചിന്തിക്കില്ല എന്നു... അവനെ മോള് മനസിലാക്കണം.. ദേഷ്യം തോന്നരുത് ഡന്റെ കുട്ടിയോട്...

എല്ലാം മൂളി കേട്ടു... മകനെ മനസിലാക്കിയ അമ്മ... എന്നെ മനസിലാക്കാൻ ദൈവത്തിനു പോലും സാധിക്കുന്നില്ലലോ.. 

ഇടയ്ക്ക് സാർ ഒന്ന് രണ്ടു വട്ടം കോളേജിൽ വെച്ചു സാർ സംസാരിക്കാൻ വന്നു.. എന്നാൽ മനപൂർവം തന്നെ എന്റെ തിരക്കിലേക്ക് ഞാൻ ഊളിയിട്ടു.. പിന്നെ അങ്ങനെ ഒരു ഉദ്യമത്തിന് സാർ മുതിർന്നില്ല...

ഇടയ്ക്ക് ഉമ വരും കൂടെ ഇരിക്കും... നിർബന്ധിച്ചു അമ്പലത്തിലേക്ക് കൂട്ടി കൊണ്ടു പോകും.. ദൈവത്തിനു പോലും വേണ്ടാതായി എന്നു തോന്നും... എന്നാലും ഉമയ്ക്ക് വേണ്ടി കൂടെ പോകും...

കല്യാണത്തിന് ഉള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഇടയ്ക്ക് പോയി എടുത്തതായി അറിഞ്ഞു.. ഞാൻ ഒന്നും ചോദിച്ചില്ല..  ശരത് സാറിന്റെ അമ്മ വിളിച്ചു അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു..
ക്ലാസ്സിന്റെ കാര്യം പറഞ്ഞു ഒഴിഞ്ഞു..

റോയിച്ചനെ ഇപ്പൊ കാണാറെ ഇല്ല... ഇനി എന്നെ കാണാൻ വരില്ലേ.. മനസ് നോവുന്നു..

ദിവസങ്ങൾ നീങ്ങി...

നാളെയാണ് കല്യാണം... വീടെല്ലാം അലങ്കരിച്ചിരിക്കുന്നു... പന്തലും ആളും ബഹളവും.. അച്ഛനും വല്യച്ഛനും ഉണ്ണിയേട്ടനും കൂട്ടുകാരും ഒക്കെ ഓടി നടക്കുന്നുണ്ട്... ജനലരികിൽ ഇരുന്നു എല്ലാം കണ്ടു കൊണ്ടു ഞാൻ നിന്നു.. കയിൽ എന്റെ പ്രീയന്റെ അക്ഷരങ്ങൾ കൊണ്ട് ഞങ്ങൾ തീർത്ത പ്രണയസൗധവും... നെഞ്ചോട് ചേർത്തു വെച്ചു..

കടങ്ങളെല്ലാം ബാക്കി വെയ്‍ക്കുകയാണ്..

ജനൽക്കമ്പിയിൽ ഒരാശ്രയം കണ്ടെത്തിയപ്പോൾ ഉമ വന്നു തോളിൽ പിടിച്ചു..

മ്മ്... തല ചെരിച്ചു അവളെ ഒന്ന് നോക്കി..

നീ ഇങ്ങനെ മരണവീട്ടിൽ ഇരിക്കും പോലെ ഇരിക്കല്ലേ മോളേ..

അല്ലെങ്കിലും ഞാൻ മരിച്ചു തന്നെയാണ് ഉമേ ഇരിക്കുന്നത്.. എന്റെ വിവാഹം ആണെന്ന് എനിക്ക് കൂടി തോന്നേണ്ട..

ഉമ കൺ ചിമ്മാതെ എന്നെ നോക്കി..

പുറത്തെ അലങ്കാര ബള്ബുകൾക്കിടയിൽ കണ്ണോടിച്ചു മെല്ലെ ചോദിച്ചു..

എന്റെ റോയിച്ചൻ എന്തൊരു ഭംഗിയായാണ് ചിരിക്കുന്നത് അല്ലെ ഉമേ..

മോളേ.. ഒരു ഗദ്ഗദത്തോടെ  അവൾ വിളിച്ചു...

ആ കണ്ണ്.. ചിരി.. എന്നെ കാണുമ്പോൾ മാത്രം കണ്ണിൽ വിരിയുന്ന കുഞ്ഞു രണ്ടു നക്ഷത്രങ്ങൾ...

ഒരിറ്റ് അടർന്ന് കവിളിൽ തട്ടി..

ഈശ്വര.. ഈ പാപം ഒക്കെ ഇവർ എവിടെ കൊണ്ടു കളയും.. ഉമ നെഞ്ചിൽ കൈ വെച്ചു കണ്ണ് നിറച്ചു..

വെറുതെ ആ പുസ്തകം നെഞ്ചിൽ ചേർത്തു അവിടെ നിന്നു...

നിങ്ങൾ കഴിക്കാൻ വരുന്നില്ലേ..

വല്യമ്മ ആണ്..

ഉമ തിരിഞ്ഞു നോക്കി.. അഖില കേട്ടിട്ട് കൂടി ഇല്ലെന്ന് മനസിലായി..

ഞങ്ങൾ വരാം അമ്മേ... ഉമ വല്യമ്മയോട് പറഞ്ഞു..

വാ... നീ എന്തെങ്കിലും കഴിക്ക്.. ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ..

ഉമ അഖിലയുടെ കൈ പിടിച്ചു..

നീ പൊയ്ക്കോ ഉമാ... എന്നെ എന്റെ ലോകത്തേക്ക് കുറച്ചു നേരത്തേക്ക് എങ്കിലും വിടൂ.. എന്റേത് ആയി എനിക്കിനി ഒരു ലോകം ഈ രാവ് പുലർന്നാൽ ഇല്ല എന്നു അറിയാം.. ഈ വീടും ... ഒരു മടക്കം ഇനി ഞാൻ ആഗ്രഹികുന്നും ഇല്ല.. ജയിച്ചവർക്ക് മുന്നിൽ തോറ്റു പോയില്ല എന്നു സ്വയം സമാധാനിക്കാൻ എങ്കിലും..

ആളും ബഹളവും നടന്നു കൊണ്ടേ ഇരുന്നു... ഇരുട്ട് മൂടിയ ആ മുറിക്കുള്ളിൽ ഉൾവെളിച്ചം കൂടി നഷ്ടപ്പെട്ട് അവൾ ആ പുസ്തകം നെഞ്ചോട് ചേർത്തു കിടന്നു..

രാവിലെ ഉമാ വന്നു വിളിച്ചു ആണ് കണ്ണ് തുറന്നത്...

അവൾ ഒരുങ്ങി തന്നെ വന്നിരിക്കുന്നു..

കുളിച്ചു വന്നു... ആരെല്ലാമോ ചുറ്റും കൂടി നിൽക്കുന്നു.. സാരീ ഉടുപ്പിക്കുന്നു.. ആഭരണങ്ങൾ അണിയിക്കുന്നു.. എന്തോ കെട്ടുകാഴ്ച്ചയിൽ അകപ്പെട്ട പോലെ ഞാൻ നിന്നു..

ഒരുക്കി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ കൊണ്ടു നിർത്തി..

എന്റെ നിൽപ്പ് കണ്ടു ആകണം ഉമാ അവരെ എല്ലാം പറഞ്ഞയച്ചു എന്റെ കൂടെ തന്നെ നിന്നു.. എന്നെ ഇറുകെ പിടിച്ചു..

എന്റെ പൊന്നു മോളേ... പിടിച്ചു നിൽക്കണം.. ഇനി ഒന്നും ഓർക്കരുത്.. നിന്നെ കാണുമ്പോൾ എനിക്ക് പേടി ആകുവാ.. ഈ ഭാവം..

നീ പേടിക്കണ്ട ഉമാ... ആത്മഹത്യ ചെയ്യാതെ ഇതുവരെ ഞാൻ നിന്നെങ്കിൽ എനിക്ക് ഭ്രാന്ത് വരാതെ പിടിച്ചു നിൽക്കാനും ആവും...

എല്ലാവരുടെയും കാൽ തൊട്ടു അനുഗ്രഹം വാങ്ങി.. എന്റെ ജീവിതം കര കാണാത്ത പടുകുഴിയിലേക്ക് തള്ളി ഇട്ട ആൾക്കാരുടെ അനുഗ്രഹം കൊണ്ട് എന്തു വെളിച്ചം ആണ് എനിക്കിനി ഉണ്ടാകുന്നത് എന്നു ചിന്തിച്ചു..

ഒന്നു. അറിയാതെ ഒരു മനുഷ്യൻ കൂടി ഇവരുടെ സ്വാർത്ഥതയ്ക്ക് ഇന്ന് ബലിയാടാവുന്നു..

അമ്പലത്തിലേക്ക് ചെന്നു.. അമ്മയെയും അച്ഛനെയും ആരെയും നോക്കിയില്ല.. .

നടയ്ക്ക് മുൻപിൽ കൈ കൂപ്പി നിന്നപ്പോൾ ഒന്നുമേ പ്രാർത്ഥിച്ചില്ല.. പ്രാർഥിച്ചത് ഒന്നും തന്നില്ല... പിന്നെ ഇനിയെന്ത് നേടാൻ..

അപ്പോഴേക്കും ശരത് സാറും കുടുംബവും എത്തി..

മുഹൂർത്തം ആയി ആരോ വിളിച്ചു പറഞ്ഞു.. ഒരു ഗുഹയ്ക്കുള്ളിൽ എന്ന പോലെ ശബ്ദങ്ങൾ ശ്രവിക്കുന്നു..

ആരോ പിടിച്ചു കൊണ്ടു വന്നു സാറിന്റെ അഭിമുഖം ആയി നിർത്തി..

താലി എടുത്തു പൂജാരി സാറിന്റെ കയ്യിൽ കൊടുത്തു.. കെട്ടിമേളം മുഴങ്ങി...

നെഞ്ചിലേക്ക് ആ താലി വീണു.. കഴുത്തിനു പിറകിൽ ആയി വിരൽ സ്പർശം അറിഞ്ഞു.. ഒരു തുള്ളി പൊഴിഞ്ഞു സാറിന്റെ കൈ തണ്ടയിലേക്ക് വീണു..

സാർ കൈ ഉയർത്തി കണ്ണ് തുടച്ചു തന്നു.. എതിർക്കാൻ ആവാതെ ഏതോ ലോകത്തിൽ വീണു പോയ ഞാൻ ഒരു പ്രതിമ പോലെ നിന്നു.. അലിവോട് കൂടി ഒരു നോട്ടം ആ കണ്ണിൽ കണ്ടു..
തുളസിമാല ചാർത്തി പരസ്പരം.. താലത്തിൽ നിന്നും ഒരു നുള്ള് എന്റെ സീമന്തരേഖയിൽ പടർന്നു.. കനൽ തരി വീണപോലെ മൂർദ്ധാവ് ചുട്ടു പഴുത്തു...

(തുടരും)

 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top