ഉമ വന്ന് കയ്യിൽ അമർത്തി പിടിച്ചപ്പോൾ ആണ് ബോധം വന്നത്...
'അമ്മ എന്നെ നോക്കി നിൽക്കുന്നു.. കൂടെ ഒരു സ്ത്രീ കൂടി ഉണ്ട്.. സാറിന്റെ ചേച്ചി ആണെന്ന് പറഞ്ഞു..
ആദ്യം കണ്ടപ്പോൾ മുതൽ മനസിൽ പതിഞ്ഞതാ മോളുടെ രൂപം.. അതാണ് ഇപ്പോൾ ഞങ്ങളെ ഇവിടെ എത്തിച്ചത്..
ശരത് സാറിന്റെ കയിൽ പിടിച്ചു എന്നെ നോക്കി സാറുന്റെ 'അമ്മ പറഞ്ഞു..
സാറിനു എന്നെ നോക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ..
ആദ്യം കണ്ടപ്പോൾ മുതൽ മനസിൽ പതിഞ്ഞൊരു രൂപം എനിക്കും ഉണ്ട്.. ഞാൻ എവിടെയാണ് അതു പകർത്തി വരയ്ക്കേണ്ടത്..
മനസ് ഉള്ളിൽ കിടന്ന് മുറവിളി കൂട്ടുന്നു..
ചിരിക്കാൻ ശ്രമം നടത്തി.. എനിക്കും ആ അമ്മയ്ക്കും ഇടയിൽ നിമിഷങ്ങൾ കൊണ്ട് മുൻപ് ഇല്ലാത്ത വിധം ഒരു മതിൽക്കെട്ടു ഉയർന്നിരിക്കുന്നു..
ജാതകം നേരത്തെ നോക്കിയത് നന്നായി.. പത്തിൽ ഏഴാണ് പൊരുത്തം..
വല്യച്ഛൻ പറഞ്ഞു..
ഓ.. അപ്പൊ അതൊക്കെ നേരത്തെ കഴിഞ്ഞു... നേരത്തെ ആണി അടിച്ചു.... ഞാൻ അറിഞ്ഞില്ലെന്ന് മാത്രം....
ഒരു നിശ്ചയം നടത്തി വെയ്ക്കാം.. പിന്നെ കല്യാണം നടത്താം..
ശരത് സാറിന്റെ 'അമ്മ പറഞ്ഞു..
ഏയ്.. അതെന്തിനാ.. ഇനിയിപ്പോ ഒന്നും നോക്കാൻ ഇല്ലലോ.. കല്യാണം തന്നെ നേരിട്ട് നടത്താം.. വെറുതെ നീട്ടി കൊണ്ടു പോകണ്ടല്ലോ..
മുത്തശ്ശി ആണ്..
എത്ര പെട്ടെന്നാണ് ഇവർക്കൊക്കെ വാത്സല്യം കടന്നു എന്നോട് ഭയം എന്ന വികാരം പൊട്ടി മുളച്ചിരിക്കുന്നത്..
മനസ് പരിഹസിക്കുന്നു..
അവർക്ക് പരസ്പരം എന്തെലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ..
സാറിന്റെ 'അമ്മ പറഞ്ഞു..
അവർ എന്നും കാണുന്നവർ അല്ലെ..
വല്യച്ചൻ ആണ്..
ആയിരിക്കാം.. പക്ഷെ ഇന്നത് പോലെ അല്ലാലോ.. സംസാരിക്കണം...
അമ്മ പറഞ്ഞു..
സാർ പുറത്തേക്ക് ഇറങ്ങി...
എന്തോ ഒർത്തു നിന്നപ്പോൾ അമ്മ വന്നു കയ്യിൽ പിടിച്ചു..
പറഞ്ഞത് എല്ലാം ഓർത്തു കൊണ്ടു വേണം മോള് ഓരോന്ന് ചെയ്യാൻ.. എന്നും നീ ഞങ്ങളുടെ മകൾ ആണ്.. നീ എന്തു ധരിച്ചു വെച്ചാലും..
പതുക്കെ നടന്നു ഞാനും സാറിന്റെ ഒപ്പം എത്തി.. മുറ്റത്തു നിന്ന് ഇറങ്ങി പടർന്നു പന്തലിച്ചു നിൽക്കുന്ന അത്തിമരത്തിനു കീഴെ കല്ലു കൊണ്ട് കെട്ടി വെച്ച ഇരിപ്പിടത്തിൽ സാറിന്റെ അടുത്തു ഞാനിരുന്നു... എത്ര അകലം വെയ്ക്കാമോ അത്രയും അകലം വെച്ചു.. എന്റെ മനസ് പോലെ..
ശരത് സാർ എന്റെ മുഖത്തേക്ക് നോക്കി.
അഖില ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ല എന്നു മനസിലായി..
പ്രതീക്ഷിക്കുന്നത് ഒന്നും അല്ല സാർ ജീവിതത്തിൽ സംഭവിക്കുന്നത്..
മ്മ്... അറിയാം..
എന്തു കൊണ്ട് ഞാൻ എന്നൊരു സംശയം മാത്രമേ ഉള്ളു സാർ..
സാറിനെ നോക്കിക്കൊണ്ടു തന്നെ പറഞ്ഞു..
ഇങ്ങനെ വരാൻ ആകും വിധി എന്നെ എനിക്കിപ്പോ പറയാൻ ആകൂ അഖില.
തനിക്ക് എതിർപ്പ് ഒന്നും ഇല്ലെന്ന് കരുതുന്നു..
തോന്നലുകൾക്കും കരുതലുകൾക്കും പ്രസക്തി ഇല്ലെന്ന് ഇതുവരേ സാറിനു മനസിലായില്ലേ.. അല്ലെങ്കിൽ നമ്മൾ ഇന്ന് ഇങ്ങനെ കാണുമോ..
എവിടെയൊക്കെയോ വേദന നിറഞ്ഞ വാക്കുകൾ മുങ്ങി കിടക്കുന്നു എന്ന ഒരു തോന്നൽ ശരത്തിനു വന്നു..
തനിക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ..
ഇല്ല.. തല അനക്കി കൊണ്ടു പറഞ്ഞു..
ഞാൻ ചോദിക്കാൻ ഉള്ളതൊക്കെ ചോദിച്ചാൽ നിങ്ങൾ ഇവിടെ ഇരിക്കില്ല ശരത്ചന്ദ്രൻ...കൂടെ ഞാനും..
മനസിൽ ഓർത്തുകൊണ്ടു എഴുന്നേറ്റു..
അടക്കി പിടിക്കും തോറും പൊട്ടിത്തെറിക്കാൻ ഉള്ള പ്രവണത കൂടും.. അഗ്നിപർവതം പുകയും തോറും ഭയം കൂടും..
എന്നിവർ ഇതൊക്കെ തിരിച്ചറിയും..
ഒരു പ്രളയം സൃഷ്ടിക്കാൻ സാധിച്ചെങ്കിൽ..
പിന്നെയും കഴ്ച്ചകാരി ആയി അവിടെ നിന്നു.. പോകാം നേരം 'അമ്മ കൈ പിടിച്ചു എന്തൊക്കെയോ പറഞ്ഞു.. ചേച്ചി ഒരു പുഞ്ചിരിച്ചു കൊണ്ട് തലയിൽ തഴുകി..
ഈ ഗൗരവം ഉണ്ടെന്നെ ഉള്ളു അവൻ ഒരു പാവം ആണ് അഖില.. വഴിയേ തനിക്കത് മനസിലാകും ..
സാറിന്റെ ചേച്ചി പറഞ്ഞു...
തലയനക്കി.. ഒരു ദീർഘ നിശ്വാസം ഉതിർത്തു..
മറുപടി അർഹിക്കാത്ത ഒരുപാട് കാര്യങ്ങൾ..
അവരുടെ കാർ അകന്നു പോകുമ്പോൾ എത്രയും പെട്ടെന്ന് ഈ വേഷം കെട്ടലും വെച്ചു കെട്ടലും അഴിച്ചു മാറ്റാൻ വ്യഗതതയോടെ അകത്തേക്ക് ഓടാൻ തുനിഞ്ഞപ്പോൾ മുത്തശ്ശി വിളിച്ചു..
അഖിലേ..
തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു..
ഞാൻ ഒരു നിഷേധി ആയി മാറാൻ പഠിച്ചിരിക്കുന്നു.. സന്തോഷം തോന്നി..
എതിർക്കാൻ നിൽക്കേണ്ട.. ഇതു നടക്കും.. ഉണ്ണിയൂടെ കൂടെ പഠിച്ചത് ആണ്.. അറിയാല്ലോ...
തിരിഞ്ഞു നിന്ന് ഒരു പരിഹാസം പുരണ്ട ചിരി നൽകി..
എല്ലാവരും സന്തോഷിക്കൂ.. ഞാൻ നിങ്ങളോട് എതിർത്തു ഒന്നും പറഞ്ഞില്ലാലോ... പടി ഇറങ്ങി പോകുമ്പോൾ നിങ്ങൾ നേടുന്ന ആത്മാഭിമാനത്തോടൊപ്പം നഷ്ടപ്പെടുന്നത് ഒരു മകൾ ആണെന്ന കാര്യം ഓർമയിൽ ഇരിക്കട്ടെ..
പറഞ്ഞു കഴിഞ്ഞതും എന്റെ ആശ്വാസത്തിന്റെ അക്ഷരച്ചീളുകൾ തേടി എന്റെ മുറിയിൽ അഭയം പ്രാപിച്ചു..
********
വായനശാലയിൽ കയറി ഇരുന്ന് പത്രം മറിച്ചു നോക്കുകയായിരുന്നു ഉണ്ണി.. തൊട്ടടുത്തു കുറെ പിള്ളേര് ഇരുന്നു കാരംസ് കളിക്കുന്നു.. ചില ആളുകൾ ബുക്ക് വായിക്കുന്നു..
പെട്ടെന്ന് വാതിൽ കടന്നു പ്രസാദും റോയിയും വന്നു..
റോയിയുടെ കയ്യിൽ കവറുകളും ഒരു ട്രാവൽ ബാഗും പാക്ക് ചെയ്തിട്ട് ഉണ്ട്..
ഉണ്ണി കുറ്റബോധത്തോടെ ആണ് അവരെ അഭിമുഖീകരിച്ചത്..
ഉണ്ണി.. കുറെ നേരം ആയോ വന്നിട്ട്..
പ്രസാദ് ചോദിച്ചു.
ഇല്ലട.. ഇപ്പൊ വന്നേ ഉള്ളു..
ഈ കവറുകൾ ഒക്കെ എന്താ.. ഉണ്ണി അതിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ടു ചോദിച്ചു.
ദേ.. ഇവനോട് ചോദിക്ക്..
റോയിയെ ചൂണ്ടി പ്രസാദ് പറഞ്ഞു..
ഉണ്ണി റോയിയെ നോക്കി..
വിഷാദം നിഴലിച്ച കണ്ണുകൾ... വെട്ടിയോതുക്കാതെ താടിരോമങ്ങൾ വളർന്നു തുടങ്ങി ഇരിക്കുന്നു.. ജീവനുണ്ടെന്നു മറക്കാതിരിക്കാൻ ആവും കണ്ണുകൾ ഇടക്കിടെ ചിമ്മിയമരുന്നത്..
എന്തു കോലം ആണെടാ ഇത്..
ദയനീയതയോടെ ഉണ്ണി ചോദിച്ചു.
ശരീരം മാത്രം സ്വന്തം ആയവന് പിന്നെ ഇതിൽ കൂടുതൽ എന്താണ് ഉണ്ണി പ്രതീക്ഷിക്കേണ്ടത്..
ടാ.. ഇങ്ങനെ തളരല്ലേ.. നീ ഇതൊക്കെ എടുത്തു എങ്ങോട്ടാ..
ഇവിടെ ജീവിക്കാൻ.. എനിക്ക് ശ്വാസവായു ഇല്ല.. പോകണം.. കുറച്ചു നാളെത്തേക്ക് എങ്കിലും.. എന്റേതായത് ഒന്നും എന്തെത് അല്ലാതാകുന്നത് കാണാൻ വയ്യ...
എവിടെ പോകാൻ.. എവിടേക്കാ പ്രസാദെ..
ഉണ്ണി കണ്ണ് മിഴിച്ചു ചോദിച്ചു..
അറിയില്ല.. ഇവന് പോകണം എന്ന്.. അല്ലെങ്കിലും എന്ത് വീട്ടുകരാടെ നിന്റേത്.. ഒരു ജാതിയും മതവും.. നിന്റെ അച്ഛൻ..അങ്ങേരോക്കെ ആദ്യം അങ്ങു തട്ടി പോകും... പിന്നെ ജീവിക്കേണ്ടത് ആ കൊച്ചാണ്.. ഈ ഇണക്കിനു കാലനും വേണ്ടി വരൂല്ല നിന്റെ അച്ഛനെ ഒക്കെ.. കള്ള പിള്ള.. പ്രസാദ് ദേഷ്യത്തോടെ പല്ല് കടിച്ചു..
ഉണ്ണി മറുപടി ഇല്ലാതെ തല കുനിച്ചു.
നീ അവളുടെ ഏട്ടൻ അല്ലെടാ.. കൈ പിടിച്ചു നീ ഏല്പിച്ചാലും മതിയാകും.. ഇവര് പോയി എവിടെ എങ്കിലും ജീവിക്കട്ടെ ടാ
.
പ്രസാദ് അപേക്ഷ സ്വരത്തിൽ പറഞ്ഞു..
എടാ... ചെറിയച്ചൻ.. ഉണ്ണി പറയാൻ വയ്യാതെ അവരെ നോക്കി..
ഓ.. അവന്റെ അച്ഛന്റെ കൊളസ്ട്രോളും കൊച്ചച്ഛന്റെ ഷുഗറും പ്രഷറും.. എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട..
പ്രസദേ...
റോയ് ശാസന സ്വരത്തിൽ വിളിച്ചു.
ഇല്ല... നിർത്തി... ഇനി നിങ്ങൾ അളിയനും എക്സ് അളിയനും കൂടി പറ..
പ്രസാദ് ദേഷ്യപ്പെട്ടു പുറത്തേക്ക് പോയി..
ഉണ്ണി റോയിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു..
ടാ... ഞാൻ പറഞ്ഞു നോക്കി.. ഇപ്പോഴും ആ പഴഞ്ചൻ മനസ്ഥിതിയിൽ നിന്നും പുറത്തു വരാത്ത അവരെ ഒക്കെ എങ്ങനെ ഞാൻ പറഞ്ഞു മനസിലാക്കും.. എന്നെ പോലും അറിയിക്കാതെ എല്ലാം ധൃതിയിൽ ചെയ്തു തീർക്കുവാ.. അവർ ഇപ്പോൾ..
എനിക്ക് തന്നെക്കെടാ ഉണ്ണി.. ഞാൻ വീട്ടിൽ വന്നു സംസാരിക്കട്ടെ.. ഒരിക്കൽ കൂടി..
അവസാന പ്രതീക്ഷ എന്ന പോലെ റോയ് ഒരിക്കൽ കൂടി അവനോട് ചോദിച്ചു.
ഉണ്ണി ഒന്നും മിണ്ടിയില്ല.
ഒന്നും അറിയാതെ അവളുടെ മനസിലും ഞാൻ ആശ നൽകി.. അതു വളർത്തി.. ഇപ്പൊ പറിച്ചു മാറ്റാൻ ആവത്ത വിധം വളർന്നപ്പോൾ നിങ്ങൾ അതിന്റെ കടയ്ക്കൽ കോടാലി വച്ചു..
ഞങ്ങളുടെ നീറുന്ന മനസും ഹൃദയവും.. ഒരിക്കൽ എല്ലാവരും മറുപടി പറയേണ്ടി വരും.. അർഹത ഇല്ലാത്ത വേദന നൽകുമ്പോൾ അതു എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കും... നിന്റെ കാര്യത്തിൽ എങ്കിലും തോറ്റു പോകാതെ പിടിച്ചു നീൽക്കാൻ നോക്കു.. പൊട്ടിത്തെറിച്ചു നടക്കും എങ്കിലും ഉമ ഒരു പാവം ആണ്..
ഉണ്ണി തല കുനിച്ചു നിന്നതേ ഉള്ളു..
നടന്നു നീങ്ങുമ്പോഴും.. തടഞ്ഞു വെച്ച കണ്ണു നീരിനെ റോയ് പിടിച്ചു വച്ചില്ല.. പോകട്ടെ ഒഴുകി ഒഴുകി എല്ലാം..
എത്ര ഒഴുക്കി കളഞ്ഞാലും വീണ്ടും വീണ്ടും പൊട്ടി ഒഴുകുന്ന നിലയ്ക്കാത്ത ഉറവാ പ്രവാഹം ആണ് പെണ്ണേ നീ എനിക്ക്.. ആരാരുടെ സ്വന്തം ആയാലും.. പൂമ്പാറ്റ പെണ്ണ് എന്നും എന്റേത് മാത്രം ആണ്.. റോയിയുടേത് മാത്രം..
തോട്ടു വക്കെത്തെത്തിയതും വഴി മാറി പോകാൻ തിരിയുമ്പോൾ ആണ് അഖില വരുന്നത് കണ്ടത്..
റോയിയെ കണ്ടതും അവൾ ഓടി അവന്റെ അടുത്തേക്ക് എത്തി.. പരിസരം മറന്നു.. അവന്റെ തോളിലേക്ക് നെറ്റി മുട്ടിച്ചു കണ്ണടച്ചു അവൾ നിന്നു.. ഇരു കൈ നഖങ്ങളും അവന്റെ കൈ തണ്ടയിൽ ആഴ്ന്നു..
എന്റെ റോയിചാ.. ആ ഒരു വിളി മാത്രമേ ഉണ്ടായുള്ളൂ.. പിന്നെ മുഴുവൻ വിങ്ങലുകൾ ആയിരുന്നു..
അല്പം കഴിഞ്ഞു അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി.. അപ്പോഴേ അവളുടെ തിരുനെറ്റിയിൽ റോയിയുടെ കണ്ണുകൾ ജലരേഖ തീർത്തിരുന്നു...
അതൊലിച്ചു ഇറങ്ങി അവളുടെ മൂക്കിൻതുമ്പിൽ തങ്ങി നിന്നു..
പെട്ടെന്ന് അവൾ റോയിയുടെ കൈകളിലേക്ക് നോക്കി..
എന്നെ കാണാതെ പോകാൻ ആണോ?
അവൻ ഉത്തരം ഇല്ലാതെ അവളെ നോക്കി..
നീ തളരരുത് എന്റെ പെണ്ണേ..
ഇതിൽ കൂടുതൽ ഇനി എന്താണ് റോയ്ച്ചാ.. എന്നെ കൂടി വിളിച്ചൂടെ കൂട്ടിന്..
ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ പെണ്ണേ...
പോകാം റോയ്ച്ചാ എങ്ങോട്ട് എങ്കിലും..
അവൻ അവളുടെ കയ്യും പിടിച്ചു നടന്നു.. തോട്ടു വക്കിൽ ഉള്ള സിമന്റ് തിട്ടയിലേക്ക് ഇരുന്നു.. റോയിച്ചന്റെ കൈ അപ്പോഴും വിടാതെ പിടിച്ചു അവൾ ഇരുന്നു..
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു