ഒരു പനിക്കാലം മുഴുവൻ നമുക്ക് ഒരുമിച്ചൊരു പുതപ്പുനുള്ളിൽ കിടക്കണം...
എപ്പോഴൊ കാതോരം കേട്ട വാക്കുകൾ ഓർത്തവൾ ഒന്നും കൂടി പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നു... പനിച്ചൂടിലേക്ക് ചുരുങ്ങി കൊണ്ടു..
അവളുടെ മനസിൽ ആദ്യമായി റോയിയെ കണ്ടത് ഓർമ വന്നു..
കോളേജിലെ അവസാന പരീക്ഷയും കഴിഞ്ഞു ഹോസ്റ്റലിനോട് വിട പറഞ്ഞു നാട്ടിലേക്ക് ബസ് ഇറങ്ങുമ്പോൾ രാത്രി ആയിരുന്നു..
അപ്പോഴും വായനശാലയിയും കൃഷ്ണേട്ടന്റെ ചായപീടികയിലും വെളിച്ചത്തെ തെളിഞ്ഞു കണ്ടു.
അച്ഛനോട് നേരത്തെ വിളിച്ചു പറഞ്ഞപ്പോൾ പറഞ്ഞിരുന്നു വായനശാലയിൽ മീറ്റിങ് ആണെന്ന് കഴിഞ്ഞിട്ട് ഒരുമിച്ചു പോകാം എന്ന്...
കൃഷ്ണേട്ടന്റെ പീടികയ്ക്ക് ചേർന്ന് തന്നെ ആണ് വായനശാല... അതിന്റെ വെളിച്ചത്തിലേക്ക് കയറി നിന്നു.
ആഹാ... ഇതാരത് അഖില മോളോ?
പഠിത്തം ഒക്കെ കഴിഞ്ഞോ മോളെ...
ഒന്ന് ചിരിച്ചു.
ഉവ്വ് കൃഷ്ണേട്ട..
രണ്ടു വർഷം ആയില്ലേ കുട്ടി ഹോസ്റ്റലിൽ.. അതിനു മുൻപ് മൂന്ന് വർഷം അമ്മമ്മ കുട്ടി ആയി അമ്മ വീട്ടിലും... ഈ നാടിനെ പാടെ മറന്നല്ലേ??
ചിരിച്ചു കൊണ്ട് കൃഷ്ണേട്ടന്റെ പരിഭവം കേട്ടു.
അച്ഛൻ മീറ്റിങ്ൽ ആണല്ലേ.. അങ്ങോട്ട് കയറി നിന്നോളൂ മോളെ.. തീരാറായി....
വായനശാലയുടെ വരാന്തയിലേക്ക് കയറി നിന്നു.
അകത്തു നിന്ന് ഒരു സ്വരം കാതോരം വന്നു ചേർന്നു..
ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ..
...........................................................
മെല്ലെ നടന്ന് വാതിലോളം ചെന്നു.. എവിടെയോ കണ്ടു മറന്ന പോലുള്ള ഒരു പുതുമുഖം കക്കാടിനെ പാടുന്നു.. ആ മുഖത്തിലെ തെളിച്ചം എന്റെ കണ്ണുകളെ പിൻവാങ്ങാൻ അനുവദിക്കാതെ പിടിച്ചു വച്ചു. ഓരോ വരിയും കാതോർത്തു കേട്ടു..
കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര...
പുഞ്ചിരിച്ചു കൊണ്ടു നിർത്തുമ്പോൾ നോട്ടം അവസാനിച്ചത് എന്റെ കണ്ണുകളിൽ ആയിരുന്നു...
സഫലമീ യാത്ര!!!
മെല്ലെ പുറത്തേക്ക് തിരിഞ്ഞു നിന്നു.
അപ്പോഴേക്കും അച്ഛൻ പുറത്തിറങ്ങി.
ആ നീ എത്തിയോ? അടുത്ത ആഴ്ച്ച വായനശാല വാരാഘോഷം അല്ലെ അതാ ഇത്രയും വൈകിയത് മീറ്റിംഗ് കഴിയാൻ. നിനക്ക് യാത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലലോ?
ഇല്ല അച്ഛാ..
വാ പോകാം.
അച്ഛൻ കയ്യിലെ ബാഗ് വാങ്ങി പുറത്തേക്കിറങ്ങി.
ശേഖരൻ ഇറങ്ങിയോ?
ഉവ്വ് കൃഷ്ണേട്ട... നടക്കട്ടെ .. വൈകി.
അപ്പോഴേക്കും ഒന്ന് രണ്ടു ആൾക്കാർ അച്ഛന്റെ അടുത്തേക്ക് നടന്നു വന്നു.
ശേഖരേട്ടാ... ദാ നോട്ടീസ് എടുക്കാൻ വിട്ടു.
ആ മറന്നതാ പ്രസാദെ.. ഇങ്ങു തന്നെരു..
അച്ഛന് അതു കൊടുത്തു കഴിഞ്ഞു എന്റെ മേലേക്ക് നോട്ടം വീണു.
ആ... അഖില വരുന്ന വഴി ആണോ?
അതേ പ്രസാദ് ഏട്ടാ..
റാങ്ക് ഇണ്ടാവോ ഇപ്രവശ്യോം??
ഞാൻ ചിരിച്ചതെ ഉള്ളു.
നെറ്റ് എഴുതിയില്ലേ?
ഉവ്വ്..
തനിക്ക് കിട്ടും.
ടാ പ്രസാദെ ..
പിറകിൽ നിന്നും വിളി വന്നു... ശബ്ദത്തോടപ്പം രൂപവും ഇരുട്ടിന്റെ ഉള്ളിൽ നിന്നും അടുത്തേക്ക് വന്നു.
ആ റോയ്.. വരുവാ ടാ..
ഞാൻ അഖിലയോട് എക്സാമിന്റെ കാര്യം ചോദിക്കുകയായിരുന്നു.
അഖിലയ്ക്ക് മനസിലായി കാണില്ല അല്ലെ ഇവനെ.. പുളിമറ്റത്തെ സിബിച്ചായന്റെ മോനാ... റോയ്.. റോയ് സെബാസ്റ്റ്യൻ.
ഞാൻ ഇല്ല എന്ന് പറഞ്ഞു.
എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.. തിരിച്ചു ഞാനും... പ്രസാദെട്ടൻ അച്ഛനോട് സംസാരിക്കുമ്പോഴും എന്നോട് മറ്റു ചിലത് ചോദിക്കുമ്പോഴും ഇടയ്ക്ക് ആ കണ്ണുകൾ എന്നെ തേടി വന്നു..
അവരോടു യാത്ര പറഞ്ഞു തിരിഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു പക്ഷെ കള്ളത്തരങ്ങൾ പെട്ടെന്ന് പിടിക്കപ്പെടും അതുകൊണ്ടു ആ ഉദ്യമം വേണ്ടെന്ന് വച്ചു.
വീട്ടില്ലെക്കുള്ള ഗേറ്റ് കടന്നപ്പോഴേ നിഖില ഓടി വന്നു..
ടീ ചേച്ചി പെണ്ണേ...
കെട്ടി പിടിച്ചു..
പരീക്ഷ തുടങ്ങിയത് കൊണ്ടു കുറേനാൾ ആയി ഇങ്ങോട്ട് വന്നിട്ട് കണ്ടിട്ട്..
നിനക്ക് വെക്കഷൻ കഴിയാറായില്ലേ..
മ്മ്.. നീ എന്തിനാ ഈ വേണ്ടാത്തത് ഒക്കെ ഓര്മിപ്പിക്കണേ... അവൾ കവിൾ വീർപ്പിച്ചു.
ഇപ്പോഴും ആ ഒന്നാം ക്ലസ് മടി തന്നെ ല്ലേ.. ഹോ ഇതിനേം കൊണ്ടു സ്കൂളിൽ കൊണ്ടു പോകാൻ ഞാൻ പെട്ട പാട് ഇന്നും മറന്നിട്ടില്ല..
അതു കേട്ട് അച്ഛൻ ചിരിച്ചു.
നീ മേലിഞ്ഞല്ലൊടി??
എങ്ങനെ മെലിയാണ്ടിരിക്കും ഹോസ്റ്റലിൽ അത്ര നല്ല ഭക്ഷണം അല്ലേ...
അമ്മയായിരുന്നു .. അകത്തൂന്ന് പറഞ്ഞു ഇറങ്ങി വന്നു..
ഓ... പറയുമ്പോൾ തോന്നും 'അമ്മ ഇവിടെ എന്നും ഫൈവ് സ്റ്റാർ ഫുഡ് ആണ് ഉണ്ടാക്കുന്നെ എന്ന്..
നിഖില ചിരിച്ചോണ്ടു പറഞ്ഞു..
എന്നിട്ടാണോടി നീ ഇങ്ങനെ തടിച്ചു ഇരിക്കുന്നെ...
'അമ്മ അവളെ ചെവിക്ക് പിടിച്ചു..
ഒന്ന് പോ അമ്മേ..
എല്ലാവരും കൂടി മുറ്റത് കിടന്ന് അടി കൂടാതെ അകത്തോട്ട് കയറു.. അച്ഛൻ പറഞ്ഞു.
'അമ്മ വാത്സല്യത്തോടെ മുഖത്തും മുടിയിലും തലോടി..
വാ നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.. കുളിച്ചിട്ട് വാ ഞാൻ എടുത്തു വയ്ക്കാം..
വേഗം മുറിയിലേക്ക് ചെന്നു... നിഖില കയറിയത്തിന്റെ അടയാളങ്ങൾ അവിടെവിടായി അവശേഷിപ്പിച്ചിട്ടുണ്ട്..
കുളിച്ചു ഡ്രസ് മാറ്റി.. അടുക്കളയിലേക്ക് ചെല്ലുമ്പോഴേ അമ്മയുടെ വരുത്തരച്ച സാമ്പാറിന്റെ മണം മൂക്കിൽ അടിച്ചു..
വയറിന്റെ വേവ് കൂടുന്നത് ഞാൻ അറിഞ്ഞു..
നിഖില നേരത്തെ സ്ഥാനം പിടിച്ചിരുന്നു. അപ്പോഴേക്കും മുത്തശ്ശിയും വന്നു.
നീ വരുമ്പോഴേക്കും ഞാൻ ഒന്ന് മയങ്ങി പോയി മോളെ.. അടുത്തു വന്നിരുന്നു മുത്തശ്ശി പറഞ്ഞു.
ചോറും സാമ്പാറും ചീര തോരനും എത്തക്ക മെഴുക്കപ്പുരട്ടിയും പിന്നെ നല്ല.കടുമാങ്ങാ അച്ചാറും...
നമ്മടെ മാവിലെ ആണോ അമ്മേ??
ആ... അതേ.. അന്നൊരു ദിവസം പറിച്ചതാ.. പ്രസാദിന്റെ പെങ്ങൾക്ക് വിശേഷം ഉണ്ടെ.. അതിനൊരു കൊതി അന്ന് അവനും വിനുവും റോയിയും കൂടി വന്നു പറിച്ചപ്പോൾ കുറച്ചു ഞാൻ എടുത്തു വെച്ചതാ..
പിന്നെയും ആ പേര് കാതിൽ മുഴങ്ങി.. റോയ്..!
ഞാൻ അറിയാത്ത പോലെ ചോദിച്ചു..
റോയ്??
ആ നിനക്ക് അവനെ പരിചയം കാണില്ല.
അവൻ ഇങ്ങോട്ട് വന്നിട്ട് ആറു വർഷം ആയി.
അവന്റെ അപ്പൻ പട്ടാളത്തിൽ ആയിരുന്നല്ലോ.. സ്കൂൾ ഒക്കെ അവിടെയോക്കെ ആയിരുന്നെന്ന്.. പിന്നെ കോളേജും ബാക്കി ഒക്കെ അവരുടെ അമ്മാമ്മയുടെ കൂടെ നിന്ന് നാട്ടിൽ പഠിച്ചു.
ഇപ്പൊ ഇവിടെ കെ എസ് ഇ ബി യിൽ ആണ് ജോലി.. അവരൊക്കെ ഇവിടേക്ക് തന്നെ വന്നു . റിട്ടയർ ആയില്ലേ...
മ്മ്.. ഞാൻ ഒന്ന് മൂളി...
കിടക്കുന്നതിനു മുൻപ് മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു.. ആ മടിയിൽ തല വെച്ചു കിടന്നു.. ആ വിരലുകൾ മുടികൾക്കിടയിൽ ഓടി നടന്നു.. ക്ഷീണം എല്ലാം മെല്ലെ ഇല്ലാതാകുന്നത് അറിഞ്ഞു.
രാത്രി കണ്ണടച്ചു കിടക്കുമ്പോളും മനസ്സിൽ ആ സ്വരവും വരികളും ഓടി വന്നു..
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ...
............
സഫലമീ യാത്ര!!!!
(തുടരും) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ ....
രചന: ഋതു ❤