മഴയുടെ ശബ്ദം കേട്ടു കൊണ്ടാണ് രാവിലെ കണ്ണു തുറന്നത്... മേൽക്കൂരയിൽ ശക്തിയായി പെയ്യുന്ന മഴയുടെ ശബ്ദം... തൊടിയിലേക്ക് ആർത്തലച്ചു ഒഴുകി വീഴുന്ന വെള്ളത്തിന്റെ ശബ്ദം... കണ്ണ് തുറന്നു തന്നെ കുറെ നേരം ആ തണുപ്പിൽ കിടന്നു... മനസ്സോ ചുട്ടു പൊള്ളുകയാണ് ശരീരം എങ്കിലും തണുപ്പിൽ ആണെന്ന് ആശ്വസിച്ചോട്ടെ... ഈ വീട്ടിൽ ഇനി ഒരു പുലരിയും ഒരു രാവും തനിക്കൊരു മഴയുടെ കുളിരോ വേനലിന്റെ തിളക്കമോ നൽകില്ല.. എന്റെ പാതി മുറിഞ്ഞ ചിരിയും ചോര കിനിഞ്ഞ ഹൃദയവും മാത്രം ആകും ഈ ഗൃഹാതുരത്വം നിറഞ്ഞു എന്നു ഞാൻ ഒരിക്കൽ വിശ്വസിച്ച ഈ വീടിനു സ്വന്തം... എന്റെ പുഞ്ചിരിക്കേതും ഇനിയൊരു അവകാശി ഇല്ല.. ഒരുക്കൽ മാത്രം പൂത്ത അസ്ഥികൾക്ക് ആത്മാവ് കൂട്ടു പോയിരുന്നു.. .. ജീവനും ജീവിതവും പാതി മുറിഞ്ഞു എള്ളും പൂവും കൊണ്ട് ദർഭ പുല്ല് എന്തി മനസിന്റെ ബലിപ്പടിയിൽ തർപ്പണം ചെയ്യുന്നു...
തുറന്നിട്ട മിഴികളിൽ നിന്നും ചാല് കീറി ചെന്നി നനച്ചു കൊണ്ടു ഒഴുകി..
ഈ കണ്ണ്നീരിന്റെ എരിച്ചിൽ എങ്കിലും അടക്കാൻ ആയെങ്കിൽ.. കണ്ണുനീർ ഇല്ലാത്ത അവസ്‌ഥ സുഖകരം ആകില്ല... ഒഴുക്കി കളയാൻ ഇതെങ്കിലും കൂട്ടു വേണ്ടേ..
പുതപ്പ് വലിച്ചു മാറ്റി.. മെല്ലെ പുറത്തേക്ക് ഇറങ്ങി..
ഉമ്മറത്ത് ഇരിക്കുന്ന അച്ഛന്റെ ആടുത്തേക്ക് ചെന്നു..
വലത് കൈ നെഞ്ചിലേക്ക് ചേർത്തു വെച്ചു പഴയ ആ മരകസേരയിൽ അച്ഛൻ ഇരിക്കുന്നു...
കുറച്ചു നേരം അച്ഛനെ നോക്കി നിന്നു..
ഞാൻ ഇത്രയ്ക്ക് പാപി ആണോ.. ??
പാപം ചെയ്യുന്നവർക്ക് കുറ്റബോധം തോന്നില്ലേ... പക്ഷെ എനിക്കേതും ഇന്നേവരെ തോന്നിയിട്ടില്ല.. എനിക്ക് എന്റെ സ്നേഹം ഉന്മാദം ആയിരുന്നു... എന്റെ മാത്രം സ്വന്തം..
അകത്തേക്ക് തിരിച്ചു കയറുമ്പോൾ അമ്മ അച്ഛന് ഉള്ള ചായയും ആയി വരുന്നു..
എന്നെ കണ്ടതും ഒന്ന് നിന്നു..
മോളേ... കോളേജിൽ പോകണ്ടേ നിനക്ക് ??.. ഞാൻ ചായ എടുത്തു വെയ്ക്കാം..
മോളോ??
അത്ഭുതം വിരിച്ചു കൊണ്ടു തിരിഞ്ഞു നോക്കി ഞാൻ അമ്മയോട് ചോദിച്ചു..
അമ്മയുടെ മുഖം വിളറി വെളുത്തു..
പിന്നെ വല്ലാത്തൊരു വേദനയോടെ പുറത്തേക്ക് വരാൻ ആഞ്ഞ ആ കണ്ണിലെയും ചങ്കിലെയും എന്റെ ദൗർബല്യത്തെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു തടഞ്ഞു മുറിയിലേക്ക് ചെന്നു.. കുളിച്ചു വന്നു അലമാരി തുറന്ന് വസ്ത്രങ്ങളിലേക്ക് നോക്കി... പലതരം നിറങ്ങൾ ... പക്ഷെ എന്തോ നിറങ്ങൾ മങ്ങിയ ഓർമയും വർണങ്ങൾ വറ്റി കുടിച്ച വസന്തവും മാത്രം അവശേഷിച്ച കൊണ്ടാകും ഒന്നും തോന്നിയില്ല.. എല്ലാം മാറ്റി വെച്ചു.. അപ്പോഴാണ് ആ ചുരിദാർ കണ്ണിൽ പെട്ടത്.. ആ ആകാശ നീല... ആദ്യമായി റോയിച്ചനെ കണ്ട ദിവസം ഞാൻ ഇട്ടിരുന്ന ചുരിദാർ.. റോയിച്ചന്റെ കവിത കേട്ടപ്പോൾ ആ ആകാശ നീലിമയിൽ മുങ്ങി കുളിച്ചായിരുന്നു ഞാൻ നിന്നിരുന്നത്..
ഹൃദയം പിന്നെയും വേദനിക്കുന്നു..
അതെടുത്തിട്ടു...
മുടി കെട്ടി വെച്ചു ഷാളും എടുത്തിട്ട് ഇറങ്ങി... മേശ പുറത്തു അടച്ചു വെച്ചിരുന്ന ചായ രണ്ട് ഇറക്ക് കുടിച്ചു.. തൊണ്ടയിൽ കെട്ടി നിൽക്കുന്ന പ്രണയത്തിന്റെ കൈപ്പ് നീര് കൊണ്ടോ എന്തോ.. പിന്നെ ഒന്നും ഇറങ്ങിയില്ല..
ബാഗും എടുത്തു ഇറങ്ങുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു..
ഉണ്ണിയേട്ടൻ വന്നു...
വാ... ഞാൻ കൊണ്ടു വിടാം..
എന്തു കൊണ്ടോ പുച്ഛം ആണ് വിരിഞ്ഞത് മുഖത്തു.. എന്റെ കീ ഇവരെല്ലാം ചേർന്ന് ഉണ്ണിയേട്ടനെ ബലമായി ഏല്പിച്ചിരിക്കുന്നു എന്നു ഞാൻ ഊഹിച്ചു..
ഒന്ന് ഞാൻ തിരിഞ്ഞു നോക്കി.. ഇതൊരു അരക്കില്ലം ആണെന്നും പന്തം എന്റെ കയ്യിൽ ആണെന്നും ആ മുഖങ്ങൾ ഓർമ്മിപ്പിക്കും പോലെ...
കാറിൽ കയറി ഇരുന്നു..
വണ്ടി നീങ്ങി കുറച്ചധികം ദൂരം എത്തിയപ്പോൾ...
മോളേ...
ഉണ്ണിയേട്ടൻ വിളിച്ചു..
വേണ്ട... എന്നോട് ഒന്നും പറയരുത്.. ആ പാവത്തിനെ ഇനി എങ്കിലും എന്നെ സ്നേഹിച്ചു എന്ന കുറ്റത്തിന് മാനസികമായി ഉപദ്രവിക്കരുത്.. മനസാക്ഷി ഉള്ളവൻ ആണ് ഞാൻ ഇന്നോളം കണ്ട എല്ലാവരെക്കാളും അല്ലെങ്കിൽ ഒരു പക്ഷെ എപ്പോഴേ ഞങ്ങൾ ഒരുമിച്ചു ജീവിച്ചു തുടങ്ങിയേനെ... ഇപ്പൊ പ്രാർത്ഥന മാത്രമേ ഉള്ളു എന്റെ കണ്ണിൽ നിന്നും വീഴുന്ന കനലൊന്നും എവിടെയും വീണു കത്താതെ ഇരിക്കാൻ....
പിന്നെ ഉണ്ണിയേട്ടൻ ഒന്നും പറഞ്ഞില്ല..
കോളേജിൽ എത്തും വരെ ഡോറിലേക്ക് തല ചായ്ച്ചു പുറത്തേക്ക് നോക്കി ഇരുന്നു.
ഗ്ലാസ്സിലേക്ക് തട്ടി വീഴുന്ന ഓരോ തുള്ളിയും നോക്കി.. ഒഴുകി ഇറങ്ങുന്നു... വിഫലമായ എന്റെ പ്രണയം പോലെ....
എത്ര ശക്തിയിൽ തട്ടി വീഴുന്നോ അത്രയും ശക്തിയിൽ ഒന്നും അല്ലാതായി ഒഴുകി അവസാനിക്കുന്നു..
കോളേജിൽ എത്തിയപ്പോൾ യാത്ര പോലും പറയാതെ ഇറങ്ങി നടന്നു..
ആദ്യത്തെ രണ്ട് പീരിയഡ് ഉണ്ടായിരുന്നില്ല നേരെ ലൈബ്രറിയിലേക്ക് നടന്നു.. പുതിയ പുസ്തകങ്ങൾ വന്നിരിക്കുന്നു.. സ്റ്റാഫ് എല്ലാം അത് എടുത്തു വെയ്ക്കുന്ന ജോലിയിൽ ആണ്... എന്നെ കണ്ടതും സാർ ചിരിച്ചു..
എന്താ ടീച്ചറെ ... രാത്രി മുഴുവൻ പിള്ളേരെ പഠിപ്പിക്കാൻ ഉറക്കമൊഴിച്ചു പഠിക്കേം എഴുതേം ആണോ...
കാര്യം മനസിലാകാതെ ഞാൻ സംശയഭാവേന സാറിനെ നോക്കി..
അല്ല ഒരാഴ്ച്ച ആയി ഉറങ്ങിയിട്ട് എന്നു തോന്നുന്നു മുഖം കണ്ടാൽ...
ഒരു വിളറിയ ചിരി മാത്രം മറുപടി ആയി കൊടുത്തു.. പുതിയ ബുക്കിൽ ഒരെണ്ണം എടുത്തു അകത്തേക്ക് നടന്നു..
പേജ് തുറന്നു ബുക്ക് മുഖത്തേക്ക് അമർത്തി പിടിച്ചു..
ആ മണം ആസ്വദിച്ചു...
"എന്നെ ഓർക്കവേ നിൻ മനമൊന്ന് പിടഞ്ഞാൽ
ഓർക്കുക ഞാനുണ്ടാവും നിന്നരികെ"
എവിടെയോ വായിച്ചു മറന്ന വരിയോർമ്മയിൽ പെട്ടെന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കി..
ഒരു തുള്ളി അടർന്ന് വീണ് പുസ്തകത്തിലേക്ക് ഒരു നിറവ്യത്യാസത്തിന്റെ അടയാളം തീർത്തു..
**********
വൈകിട്ടും ഉണ്ണിയേട്ടൻ വിളിക്കാൻ വന്നു..
എന്തിനാണ് ഉണ്ണിയേട്ടാ... ഞാൻ ബസ്സിന് വന്നേനെ... ഇപ്പൊ വിശ്വാസത്തിന് അടിസ്ഥാനം ഇല്ലാ എന്നറിയാം.. എന്നാലും ഇറങ്ങി പോകാൻ ആകാത്ത വിധം എന്നെയും കൈ പിടിച്ചു കൂട്ടാൻ ആകാത്ത വിധം റോയിച്ചനെയും ബന്ധിച്ച സ്ഥിതിക്ക് നിങ്ങൾക്ക് എല്ലാം ആഢ്യത്തോടെ തല ഉയർത്തി തന്നെ നിൽക്കാം..
ഉണ്ണിയേട്ടൻ വാക്കുകൾ ഏതുമില്ലാതെ എന്നെ നോക്കി..
ദിവസങ്ങൾ നീങ്ങി കൊണ്ടേ ഇരുന്നു.. എന്റെ കണ്ണിൽ നിന്നും ഒഴിച്ചു നിർത്തിയ പോലെയോ അല്ലെങ്കിൽ എന്റെ കണ്ണ് മൂടിക്കെട്ടിയോ... എന്റെ പ്രാണന്റെ പാതിയെ മാത്രം ഞാൻ കണ്ടില്ല...
അറിയാം ഒരായിരം മുള്ളുകൾ കുത്തി ഇറക്കിയ
ഹൃദയം കൊണ്ടു എന്നെ മാത്രം ഹൃദയത്തിൽ ഏറ്റി എവിടെയക്കെയോ എന്നെ കാണാതെ കാണുന്നുണ്ടെന്നു..
ദൂരെ ദൂരേ ഒരു പുകമറയ്ക്കുള്ളിൽ ... ഒരു കൊച്ചു കുഞ്ഞു എന്നെ നോക്കി ചിരിക്കുന്നു.. എന്റെ പുതപ്പുനുള്ളിൽ നൂണ് കയറുന്ന ഒരു കുസൃതിക്കാരൻ.. കൈകളിലെ തണുപ്പിൽ കവിളിൽ പടരും മുൻപ് അവനെ കോരി എടുത്ത കൈകൾ എന്റെ നെറ്റിയിൽ പതിഞ്ഞു... കരുതലിന്റെ തണുപ്പ്...
ഞെട്ടി ഉണരുമ്പോൾ എന്റെ കിടക്കയിൽ ആണ്... പുലർന്നു തുടങ്ങി ഇരിക്കുന്നു..
ഇന്ന് ലീവ് ആണ് .. കുറച്ചു നേരം കൂടി ചുരുണ്ടു കിടന്നു... മഴക്കാലം പിൻവാങ്ങാൻ തുടങ്ങിയിരിക്കുന്നു..
അടുക്കളയിലേക്ക് ചെല്ലുന്നത് കുറച്ചു മനപൂർവം.. തെറ്റ് ചെയ്യാതേ അപരാധി ആവാൻ വയ്യ... നോട്ടങ്ങളിൽ ചോദ്യം ചെയ്യലും വിചാരണയും നടക്കുമ്പോൾ മുറിവേറ്റ ഹൃദയം ഉണ്ടെന്ന് കാണേണ്ട ഉൾക്കണ്ണ് ഇല്ലെന്ന് മുൻപേ തിരിച്ചറിഞ്ഞതാണ്...
അരിച്ചിറങ്ങുന്ന ഇളവെയിലിനെ നോക്കി പുറത്തിരിക്കുമ്പോൾ 'അമ്മ വന്നു...
ഇന്ന് ലീവ് അല്ലെ??
മ്മ്..
ഇന്നെവിടെയും പോകണ്ട... കുറച്ചു ആളുകൾ വരുന്നുണ്ട്... നീ ഇവിടെ വേണം..
രൂക്ഷമായി തന്നെ അമ്മയെ നോക്കി..
കയ്യിൽ ചുരുട്ടി പിടിച്ച ഒരു കടലാസ് 'അമ്മ എന്റെ അടുത്തു വെച്ചു..
മനസ്സിലാകതെ അമ്മയെ നോക്കി..
എന്റെ താലി നീ അറുക്കരുത്...
അത്രയും പറഞ്ഞു 'അമ്മ അകത്തേക്ക് കയറി പോയി..
ആ പേപ്പർ നോക്കി.. തുറന്നു നോക്കി.
സഞ്ജീവനി ഹാർട്ട് കേർ സെന്റർ.
പെഷ്യന്റെ നെയിം. ശേഖരൻ.
അവൾക്ക് നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു..
ഒന്നര വർഷം മുന്പുള്ളതാണ്.. പിന്നെ താഴോട്ട് ഓരോ മാസം പോയതും കഴിഞ്ഞ മാസം അവസാനം കാണിച്ചതും എല്ലാം ഉണ്ട്..
അച്ഛന് ഇങ്ങനെ ഒരു അസുഖം ഉള്ളത് ഇന്നേവരെ അറിഞ്ഞിട്ടില്ല.. അറിയിച്ചിട്ടില്ല ..
തളർന്ന് ഇരിക്കുന്ന അച്ഛന്റെ മുഖം മനസിലേക്ക് കയറി വന്നു..
ഒരു തളർച്ചയുടെ അകത്തേക്ക് നടന്നു..
പിന്നെ നടന്നതെല്ലാം മുന്നിൽ ഒരു ചലച്ചിത്രം പോലെ ഓടി നടന്നത് ആയിരുന്നു... ഞാൻ ഒരു കാണി മാത്രം ആയി കണ്ടിരുന്നു... ആരൊക്കെയോ വരുന്നു പോകുന്നു...
നിഖില വന്നു കൈ പിടിച്ചു കണ്ണടയ്ക്ക് മുൻപിൽ നിർത്തിയപ്പോൾ മാത്രം ആണ് പ്രതിബിംബം എന്റേത് ആണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്..
നേര്യതു വൃത്തിയായി ഞൊറിഞ്ഞു ഉടുപ്പിച്ചിരിക്കുന്നു.. കണ്ണ് എഴുതി ഇരിക്കുന്നു... മുടി വിടർത്തി ഇട്ടിരിക്കുന്നു.. കുഞ്ഞൊരു കറുത്ത പൊട്ടു തൊട്ടിരിക്കുന്നു..
മുഖം മാറ്റി നോക്കിയപ്പോൾ ആണ് ഉമ എന്നെ തന്നെ നോക്കി ഇരിക്കുന്നു..
നീ... നീ എപ്പോൾ വന്നു ഉമേ?
നിഖിലയും ഉമയും പരസ്പരം നോക്കി..
എന്താ അഖിലേ നിനക്ക്..?? ഞാനും കൂടി ചേർന്നല്ലേ നിന്നെ ഒരുക്കിയത്?
ഓ... അങ്ങനെ ഒക്കെ നടന്നോ..
നിഖിലയുടെ കൈ എടുത്തു മാറ്റി ജനലോരം ചേർന്നു നിന്ന് പറഞ്ഞു..
ഉമ അടുത്തേക്ക് വന്നു എന്റെ കവിളിൽ തലോടി..
നിനക്ക് പറയാൻ ഒന്നും ഇല്ല എന്നെനിക്ക് അറിയാം ഉമേ.... ശ്രമിച്ചു കഷ്ടപ്പെടേണ്ട..
ദാ... അവർ എല്ലാം വന്നു... ഉമേ മോളേയും കൂട്ടി നീ വാ...
വല്യമ്മ ആണ്..
ഉമ നിസാഹയായി എന്നെ നോക്കി ... കൈ പിടിച്ചു പുറത്തേക്ക് കൊണ്ടു വന്നു.. പുറത്തു എന്തെക്കെയോ സംസാരം കേൾക്കാം..
വല്യമ്മ തന്നെ ചായ ഒരു ട്രെയിൽ ആക്കി തന്നു... ഉമ കൂടെ തന്നെ വന്നു...
ചുറ്റും ഉള്ളതൊന്നും എനിക്ക് കാണുന്നുണ്ടായിരുന്നില്ല.. ഉമ കൈ പിടിച്ചത് കൊണ്ടു മാത്രം മുന്നോട്ടേക്ക് നീങ്ങുന്നു..
ചായ ടേബിളിൽ വച്ചു മാറി നിന്നു്..
മോളേ...
പരിചിതം ആയ ശബ്ദം...
ഞെട്ടലോടെ മുഖം ഉയർത്തി നോക്കി..
ശരത് സാറിന്റെ 'അമ്മ.. കൂടെ സാറും..
ഞാൻ സ്വപ്നലോകത്തിൽ ആണെന്ന് തോന്നി.. ഏതോ മറയ്ക്കുള്ളിൽ.. തലയിൽ കൂടി എന്തോ പാഞ്ഞു പോകുന്നു..
(തുടരും)
ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നതാണ്...
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു