ഇവിടെ ഇപ്പൊ ആരും ഇല്ല ട്ടൊ... എന്നെ നോക്കാനും അടുക്കള സഹായിക്കാനും നിൽക്കുന്ന ഒരു സ്ത്രീ മാത്രമേ ഉള്ളു... ഇവന്റെ ചേട്ടനും ഭാര്യയും അവളുടെ വീട്ടിൽ പോയതാ ... രണ്ടു ദിവസം കൂടി കഴിഞ്ഞേ വരൂ... പെങ്ങൾ കല്യാണം കഴിഞ്ഞു പോയി... എല്ലാവർക്കും ഇളയതാണ് ചന്ദ്രു..
'അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.. ശരത് സാറും ഉണ്ണിയേട്ടനും സംസാരിച്ചു കൊണ്ടു ഇരിക്കുന്നു..
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാൻ അവളോട് പറയാം..
അമ്മ വീൽ ചെയർ കൊണ്ടു നീങ്ങി പോയി.. ഉണ്ണിയേട്ടനെ ഒന്ന് നോക്കി ഞാനും കൂടെ ചെന്നു.. അടുക്കളയിൽ കുറച്ചു നേരം 'അമ്മ ചോദിക്കുന്നതിനു മറുപടി പറഞ്ഞു ഇരുന്നു..
ഒരു ആളെ കിട്ടിയ സന്തോഷം ആ മുഖത്തു തെളിഞ്ഞു കാണാം ആയിരുന്നു..
രേവതിയമ്മയ്ക്ക് വല്യ സന്തോഷം ആണല്ലോ... എത്ര നാൾ കൂടിയ ഈ ഉത്സാഹം ..
ആ സ്ത്രീ പറഞ്ഞു...
ചിലരെ കാണുമ്പോൾ അങ്ങനെയാ... മുൻജന്മ ബന്ധം തോന്നും കല്യാണി...
അവർ അഖിലയുടെ കൈ പിടിച്ചു പറഞ്ഞു...
ചായ കുടിക്കാൻ എല്ലാവരും ഒരുമിച്ചു തന്നെ ഇരുന്നു..
ഇവനിപ്പോ പണ്ടത്തെ ഉഷാർ ഒന്നും ഇല്ലലോ അമ്മേ.. അതെന്താ?
ഉണ്ണിയേട്ടൻ ശരത് സാറിന്റെ തോളിൽ തട്ടി പറഞ്ഞു.
ശരത് സറിന്റെയും അമ്മയുടെയും മുഖം ഒരുപോലെ വാടി..
എന്തോ ഓർമയിൽ അമ്മയുടെ കണ്ണൊന്ന് നിറഞ്ഞു..
ചോദിച്ചത് തെറ്റായോ എന്ന ഭാവത്തിൽ ഉണ്ണിയേട്ടൻ വിഷയം മാറ്റി..
എന്തോ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഉണ്ണിയേട്ടനെ നോക്കി ശരത് സാർ ചിരിക്കുന്നു..
ഞാൻ ആദ്യമായാണ് സാർ ചിരിക്കുന്നത് കാണുന്നത്.. അറിയാതെ മുഖത്തു അത്ഭുതം വിരിഞ്ഞു...
മിണ്ടിയും പറഞ്ഞു ഞങ്ങൾ പോകാൻ ഇറങ്ങി.. ഉണ്ണിയേട്ടന്റെയും എന്റെയും കൈകൾ ചേർത്തു പിടിച്ചു 'അമ്മ യാത്ര പറഞ്ഞു..
കാറിൽ കൂടി പോകുമ്പോൾ ഉണ്ണിയേട്ടന്റെ ഫോൺ ശബ്ദിച്ചു..
ഞാൻ നോക്കുമ്പോൾ
റോയിച്ചൻ..
നെഞ്ചു എന്തോ വിങ്ങാൻ തുടങ്ങി..
വണ്ടി ഒതുക്കി ഏട്ടൻ ഫോൺ എടുത്തു..
കുറച്ചു സമയത്തെ സംസാരം...
കട്ട് ചെയ്തപ്പോൾ തന്നെ ഉത്കണ്ഠ കൊണ്ടു ഉണ്ണിയേട്ടന്റെ കയിൽ പിടിച്ചു ഞാൻ ചോദിച്ചു
എന്താ ഏട്ടാ... എന്തിനാ റോയിച്ചൻ വിളിച്ചെ..
ഒന്നുമില്ല മോളേ..... അവനൊന്നു കാണണം എന്ന്.. സംസാരിക്കാൻ..
മ്മ്.. ഒന്ന് മൂളി.... എന്തോ ഒരു മരവിപ്പ് ശരീരം മൂടുന്നതറിഞ്ഞു..
കണ്ണടച്ചു ചാരി ഇരുന്നു..
വീട്ടിൽ എത്തി എന്നു ഉണ്ണിയേട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് അറിഞ്ഞത്..
വേഗം അകത്തേക്ക് കയറി ചെന്നു...
മുറിയിൽ ചെന്ന് ജനൽ തുറന്ന് ഇരുന്നു.. മഴ പെയ്യാൻ തുടങ്ങിയിരുന്നു.. പുറത്തെ മാവിന്റെ കൊമ്പ് ചാഞ്ഞു ആ ജനലോരം വഴി ആണ് പോകുന്നത്... ഇലയിൽ വെള്ളം വീണൊഴുകുന്നത് നോക്കി ഇരുന്നു... തൊടി മുഴുവൻ പച്ചപ്പ് ആണ്.. സമൃദ്ധി... എന്റെ മനസ് മാത്രം എന്തേ മരുഭൂമി ആയിരിക്കുന്നു.... തണുപ്പിനു ഒരു തുള്ളി ഇറ്റു വീണാലും ഉൾചൂടിന്റ തീക്ഷണതയിൽ അത് എങ്ങും അല്ലാതെ ഏതും അല്ലാതെ ബാഷ്പം ആയി പോകുന്നു.. എന്നെങ്കിലും ആരെങ്കിലും എന്നെ മനസിലാകുമോ..
റോയിച്ചൻ ഒരു വേദനയായി ദേഹം മുഴുവൻ വ്യാപിക്കുന്നു..
വീട്ടിൽ ഇപ്പോൾ സംസാരം കുറവാണ്..എല്ലായിടവും കനപ്പെട്ട മുഖങ്ങൾ മാത്രം..
ജനൽക്കമ്പികളിൽ തല ചേർത്തു ഭാരം ഇറക്കി വെയ്ക്കാൻ വൃഥാ... ഒരു ശ്രമം നടത്തി...
രണ്ടു ദിവസം ആയി റോയിച്ചനെ കണ്ടിട്ട്.. ഉണ്ണിയേട്ടൻ റോയിച്ചനെ കാണാൻ പോയതും സംസാരിച്ചതും ഒന്നും പറഞ്ഞില്ല... അങ്ങനെ സംസാരിക്കാൻ വീട്ടിൽ അവസരം കിട്ടില്ല എന്നതാണ് സത്യം...
ഒന്ന് എന്നെ കാണാൻ വരായിരുന്നില്ലേ.. ഓഫിസിൽ നിന്ന് ഒരു ചാൺ ദൂരം അല്ലെ ഉള്ളു കോളേജിലേക്ക്.... രാവിലെയും വൈകിട്ടും ഒക്കെ ഞാൻ വഴി നീളേ തിരഞ്ഞു... അമ്പലത്തിൽ പോയി നോക്കി വൈകുന്നേരങ്ങളിൽ..... വായനശാലയിലേക്കും ..... ഒരിക്കൽ കൂടി വീട്ടിൽ കയറി ചെല്ലാൻ ധൈര്യം ഇല്ല... എന്റെ ചുറ്റും എന്തെക്കെയോ നടക്കുന്നു ഞാൻ മാത്രം ഒന്നും അറിയുന്നില്ല എന്നു തോന്നി...
ആരോടും ഒന്നും പറയാൻ കഴിയാതെ ചോദിക്കാൻ കഴിയാതെ നെഞ്ചിൽ ഒരു ഭാരം ഉള്ള കല്ല് എടുത്തു വെച്ചു ഞാൻ നടന്നു.. എപ്പോഴാണ് തളർന്ന് വീഴുക എന്നു ഊഹം ഇല്ലാതെ.. മനസിനെ എന്ന പോലെ ശരീരത്തെയും വിരഹത്തിന്റെ ചൂട് വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു....
നിന്റെ പ്രണയച്ചൂടിനു ഇത്രമേൽ എന്നെ എരിച്ചു കളയാൻ ആവും എന്നെനിക്ക് ഊഹമേ ഇല്ലായിരുന്നു... സ്വയം മന്ത്രിച്ചു..
ഇതിൽ കൂടുതൽ എനിക്കിനി സഹിക്കാൻ വയ്യ എന്ന് തോന്നി...
അച്ഛന്റെ ഫോണിൽ നിന്നും റോയിച്ചന്റെ നമ്പർ കാണാതെ എടുത്തു..
മുറിയിൽ ചെന്ന് കതകടച്ചു..
ഓരോ റിങ് പോകുമ്പോഴും ഹൃദയം അതിനേക്കാൾ ഉച്ചത്തിൽ ആണ് മിടിക്കുന്നത് എന്നു തോന്നി...
ഹലോ...
ശബ്ദം കേട്ടതെ ഉള്ളു.. എന്റെ ഹൃദയത്തിന് ഇപ്പോൾ മാത്രം ആണ് ജീവൻ ഉള്ളത് എന്നു തോന്നി..
ഒരു വാക്ക് പോലും വന്നില്ല തൊണ്ടയിൽ നിന്ന്...
എന്റെ ശ്വാസം.. നിശബ്ദത... മറ്റാരേക്കാളും മനസിലാകും...
പെണ്ണേ...
അപ്പോഴേക്കും വിങ്ങൽ കരച്ചിൽ ചീളുകൾ ആയി അങ്ങേ തലയ്ക്കൽ ഒരു ഹൃദയത്തെ കോറി വരച്ചിരുന്നു...
എന്നെ വേണ്ടേ റോയിച്ചന്...
കേട്ട വാക്കുകളിൽ ഈ നിമിഷം ഭൂമി പിളർന്ന് പോയാൽ മതി എന്നു തോന്നി റോയിക്ക്..
നിന്നിൽ കവിഞ്ഞു ഞാൻ ഒന്നും ആഗ്രഹിച്ചില്ല എന്റെ പൂമ്പാറ്റപെണ്ണെ..
സ്വരം വല്ലാതെ നേർത്തു പോയിരുന്നു..
എവിടെ എല്ലാം ഞാൻ നോക്കി... എന്നെ ഒന്ന് വന്നു കാണാവോ... ജീവനേ പോയി എന്റെ... ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാൻ വയ്യ റോയ്ച്ചാ..
കാണാം... പെണ്ണേ... കരയാതെ...
മ്മ്... ഞാൻ വെക്കുവാ.. ആ മുഖം മാത്രം ഓർത്തു..
മ്മ്.. റോയ് ഒന്ന് മൂളി..
ഫോൺ വെച്ചു ... കൈകൊണ്ടു നെറ്റി അമർത്തി തടവി അവൻ... കണ്ണുകൾ അമർത്തി തുടച്ചു..
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അമ്മച്ചി നോക്കി നിൽക്കുന്നു..
ദയനീയതയോടെ അത്രമേൽ നിസ്സഹായതയോടെ അവരെ നോക്കി.. ഓള അർത്ഥങ്ങൾ ഒളിപ്പിച്ച ഒരു നോട്ടം മാത്രം സമ്മാനിച്ചു അവർ നടന്നു പോയി..
പിറ്റേദിവസം വൈകിട്ട് ഉമയുടെ വീട്ടിൽ പോയി കോളേജിൽ നിന്നും വരുന്ന വഴി.. അവൾക്കിന്ന് ഉച്ച വരെ മാത്രമേ ക്ലസ് ഉണ്ടായിരുന്നുള്ളു.. ചെന്നപ്പോൾ അവൾ അവിടില്ല... വായനശാലയിൽ സ്കൂൾ ആവശ്യത്തിന്റെ എന്തോ ബുക്ക് എടുക്കാൻ പോയെന്ന് അവളുടെ അമ്മ പറഞ്ഞു..
കാത്തിരുന്നു..
കുറച്ചു നേരം കഴിഞ്ഞു അവൾ വന്നു.. എന്നെ കണ്ടപ്പോൾ മുഖം എന്തോ മാറി..
വാ... കൈ വലിച്ചു മുകളിലേക്ക് കൊണ്ടു പോയി..
എന്തു കോലമാടി നിന്റെ... അവൾ കണ്ണുകൾ നിറച്ചു ചോദിച്ചു..
ജീവൻ ഉണ്ട് എന്നെ ഉള്ളു ഉമേ...
നി എന്തും സഹിക്കാൻ മനസിനെ പാകപ്പെടുത്തണം മോളേ...
ഞാൻ സംശയത്തോടെ അവളെ നോക്കി..
എല്ലാവരും കൂടി അണിയറയിൽ എന്തു തിരക്കഥ ആണ് ഉമേ നടത്തി കൊണ്ടിരിക്കുന്നത്... ഒരു നിർവികരതയോടെ ചോദിച്ചു...
എന്റെ റോയിച്ചൻ കൂടി അറിഞ്ഞു കൊണ്ട് ആണോ...
അതു ചോദിക്കുമ്പോൾ മാത്രം കണ്ണിൽ നിന്നും ഒരു തുള്ളി അടർന്ന് വീണു..
ഉമ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു..
എനിക്ക് പക്ഷെ ദേഹം തളരും പോലെ ആണ് തോന്നിയത് .. ഉമ തളരണം എങ്കിൽ ചെറുതല്ല എന്നെ കാത്തിരിക്കുന്നത്...
ഉണ്ണിയേട്ടനെ കാണാൻ പോയതാ ഞാൻ ഇപ്പോൾ... അവൾ പറഞ്ഞു തുടങ്ങി.. അച്ഛൻ റോയിച്ചനെ കണ്ടതും.. വല്യച്ഛൻ സിബിച്ചനെ കാണാൻ പള്ളിക്കാരെ കൂട്ടി പോയതും.. എല്ലാത്തിനും മേലെ എന്റെ അമ്മ അച്ഛൻ സൂക്ഷിച്ചു എന്നു പറഞ്ഞ ഒരു കുപ്പി വിഷവുമായി റോയിച്ചന്റെ അമ്മച്ചിയെ പോയി കണ്ടതും...
മതി... മതി ഉമേ... ഇനി ഒന്നും കേൾക്കേണ്ട... നന്നായി... എല്ലാവരും നന്നായി തന്നെ ചെയ്തു... എന്റെ ജീവിതം ആണ് ഞാൻ എങ്ങനെ തരണം ചെയ്യും എന്ന് പെറ്റമ്മ പോലും ഓർത്തില്ലല്ലോ..
ഒരങ്ങലോടെ ബെഡിൽ ഇരുന്നു...
എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ കണ്ണുകൾ തുടച്ചു എഴുന്നേറ്റു..
ഫോണ് എടുത്തു റോയിയെ വിളിച്ചു.. ഔട്ട് ഓഫ് കവറേജ് ആയിരുന്നു...
ഞാൻ അമ്പലത്തിലേക്ക് പോകുവാണ്.. റോയിച്ചനെ വിളിച്ചിട്ട് കിട്ടുന്നില്ല.. നീ എങ്ങനെ എങ്കിലും പറയണം ഞാൻ അവിടെ കത്തിരിക്കുന്നുണ്ടെന്ന്.. പ്രസദേട്ടനെയോ ആരെയെങ്കിലും വിളിച്ചു..
അഖില കാറ്റ് പോലെ വെളിയിലേക്ക് ഇറങ്ങി പോയി.. ഉമ സ്തംഭിച്ചു നിന്നു...
അമ്പലത്തിലേക്ക് നടക്കുമ്പോൾ മനസ് എവിടെയോ കളഞ്ഞു പോയി എന്ന് തോന്നി.. വഴികൾ അപരിചിതം ആയി.. നിലയില്ലാ കയത്തിൽ താണ പോലെ.. വെള്ളവും വായുവും ഇല്ലാത്ത തുരുത്തിൽ ഉപേക്ഷിക്കപ്പെട്ട പോലെ...
സന്ധ്യയോട് അടുക്കുമ്പോൾ... അഖിലയെ കാണാതെ വീട്ടിൽ എല്ലാവർക്കും ആധി ആയി... വല്യച്ഛൻ ഉണ്ണിയെ വിളിച്ചു പറഞ്ഞു.. അവൻ അവളെ വിളിച്ചു കിട്ടിയില്ല... നേരെ കവലയിലേക്ക് ഇറങ്ങി നടന്നപ്പോൾ കണ്ടു റോയ് വായനശാലയിൽ നിന്നിറങ്ങി വരുന്നു..
ഒരു ആശ്വാസം തോന്നി..
വേഗം ഓടി ചെന്ന് കാര്യം പറഞ്ഞു..
റോയിക്ക് ഒരു ഭയം വന്നു മൂടി...
ഞാൻ നോക്കട്ടെ.. റോയ് ഒരു ദിശയിലേക്കും... ഉണ്ണി വേറൊരു ഭാഗത്തേക്കും പോയി..
ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു..
എന്റെ പെണ്ണേ... എവിടെയാണ് നീ... അവിവേകം ഒന്നും കാട്ടല്ലേ... റോയ് കരഞ്ഞു കൊണ്ട് മുന്നോട്ട് പോയി... മഴ പെയ്യാൻ തുടങ്ങി ഇരിക്കുന്നു..
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്...
പ്രസാദ്..
എടുത്തതും ... മുഴുവനായി കേട്ടില്ല... നേരെ ഓടി അമ്പലത്തിലേക്ക്..
മതിൽ കെട്ടിൽ കയറിയതും കുത്തി ഒലിച്ചു പെയ്യുന്ന മഴയിൽ അവന്റെ വിളികൾ ഒന്നും അഖില കേട്ടില്ല... ഓടി അണച്ചു കുളപ്പടവിൽ എത്തുമ്പോൾ കണ്ടു ... നനഞ്ഞൊലിച്ചു അവൾ...
പ്രാണൻ പറിഞ്ഞു പോകുന്ന വേദന അറിഞ്ഞു...
എന്റെ പെണ്ണേ... ഓടി നെഞ്ചോട് ചേർത്തപ്പോൾ ഇതിൽ പരം വേദന അവൾക്ക് നൽകാൻ തനിക്കോ തനിക്ക് നൽകാൻ അവൾക്കോ ഇനി ആവതില്ലെന്നു തോന്നി..
മെല്ലെ തല ഉയർത്തി അവൾ പറഞ്ഞു...
കൊഴിയാൻ വേണ്ടി ആണ് പൂക്കുന്നത് എന്നറിയാം ആയിരുന്നു പക്ഷെ അതിനിടയിൽ ഒരു ആയുസ്സിന്റെ വസന്തം ഞാൻ പ്രതീക്ഷിച്ചു പോയി റോയ്ച്ചാ...
മഴയിൽ മുങ്ങി പോയ കണ്ണീരിന്റെ കൂട്ട് പിടിച്ചവൾ പറഞ്ഞു..
ഞാൻ എന്ത് ചെയ്യണം പെണ്ണേ...
എന്നെ കൂടെ കൂട്ടുവോ റോയ്ച്ചാ... എങ്ങോട്ട് ആണേലും.. ഹൃദയം കൊണ്ട് സ്നേഹിക്കുന്നവരെ തല കൊണ്ട് തോൽപിക്കാൻ മാത്രമേ ഇവർക്ക് അറിയൂ...
അവളുടെ ചേർത്തു പിടിക്കലിനു മുറുക്കം കൂടി...
നെഞ്ചിൽ നിന്നും ഒരു വേദനയോടെ അടർത്തി മാറ്റി.. ആ കണ്ണുകളിലേക്ക് നോക്കി...
വാ... ഞാൻ വീട്ടിൽ ആക്കാം..
അവൾ ദയനീയമായി അവനെ നോക്കി..
പിന്നെ ശാന്തമായ ഭാവത്തിൽ അവനെ നോക്കി...
എനിക്കറിയാം... ഞാൻ അറിയാത്തതും കാണാത്തതും കേൾക്കാത്തതും ഒക്കെ അനുഭവിക്കുന്നത് റോയിച്ചൻ ആണെന്ന്... ഈ നെഞ്ചിൽ ഇനി ഞാൻ കൂടി കാരിരുമ്പ് കുത്തി ഇറക്കുന്നില്ല..
അവൾ പടവുകൾ കയറി..
അവളുടെ വീട്ടിലേക്ക് അവളുടെ കൈ പിടിച്ചു തന്നെ കയറി... എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ട്...
പടിക്കെട്ടു എത്തിയപ്പോൾ അവളെ നീക്കി നിർത്തി കൈ അയച്ചു..
ആരും ഒന്നും മിണ്ടിയില്ല.. ശരീരത്തിലേക്ക് തുളച്ചിറങ്ങുന്നത് മരണത്തിന്റെ തണുപ്പ് ആണെന്ന് തോന്നി...
നിഖില വന്നു കൈ പിടിച്ചു അവളെ അകത്തേക്ക് കൊണ്ടു പോയി.. പക്ഷെ ജനലോരം ആ കണ്ണുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു..
തുറന്നിട്ട ജനൽപ്പാളികൾക്കിടയിൽ കൂടി വേദനപുരണ്ട നോട്ടത്തെ കണ്ടില്ലെന്ന് നടിച്ചു... പിന്തിരിഞ്ഞു നോക്കിയില്ല.. കണ്ടാൽ ഒരു പക്ഷെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല..
കഴിഞ്ഞു ഈ ജന്മത്തിലേതെല്ലാം...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു