ഉത്തമഗീതം , പാർട് 17

Valappottukal



ഒരു കുറ്റം പിടിക്കപ്പെട്ടവനെ പോലെ ആയിരുന്നു റോയിയുടെ മുഖഭാവം.. അങ്ങനെ അല്ലാ എന്നു മനസ് ആർത്തു വിളിക്കുമ്പോൾ പോലും..

അഖില നടന്നു മറഞ്ഞ വഴിയിൽ കൂടി ശേഖരന്റെ കണ്ണുകൾ പാഞ്ഞു..

വാക്കുകൾ വിലങ്ങി അവൻ അയാളെ തന്നെ നോക്കി നിന്നു... നടന്നടുത്തേക്ക് വന്നപ്പോൾ പോലും ഒരു ചുവട് അനങ്ങാൻ അവനു സാധിച്ചില്ല..

അവൾ വയനശാലയ്ക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ തന്നെ മനസ് പറഞ്ഞു ഇങ്ങോട്ട് ആയിരിക്കും എന്ന്.. അതാ ഞാൻ...

വളരെ നേർത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു നിർത്തി.. വളരെ ദുർബലം ആയിരുന്നു അയാളുടെ മനസും ശരീരവും എന്ന് തോന്നി റോയ്ക്ക്..
എന്ത് പറയും എന്നു അറിയാതെ അവൻ ഉഴറി..

അകത്തേക്ക്... അകത്തേക്ക് ഇരിക്കാം..

റോയ് അകത്തേക്ക് കൈ ചൂണ്ടിക്കാട്ടി പറഞ്ഞു..

അയാൾ റോയിക്ക് ഒപ്പം തന്നെ അകത്തേക്ക് ചെന്നു.. സെറ്റിയിലേക്ക് ഇരുന്നു..

ഞാൻ കാണാൻ ഇരിക്കുകയായിരുന്നു ശേഖരേട്ടനെ..

മ്മ്.. അറിയാം.. ഞാൻ പ്രതീക്ഷിച്ചിരുന്നു..
എന്താ തന്നോട് പറയണ്ടേ എന്നെനിക്ക് അറിയില്ല.. ഇതൊരു അപേക്ഷ ആണ്.. അവളോട് ഇനി പറയാൻ എനിക്ക് വയ്യ.. നിങ്ങൾക്ക് തോന്നാം മക്കളുടെ മനസ് മനസിലാക്കാം പറ്റാത്ത ദുഷ്ടന്മാർ ആണെന്ന് ... പക്ഷെ അത് നിങ്ങൾക്ക് മനസിലാകാൻ നിങ്ങൾ ഞങ്ങളുടെ സ്ഥാനത്ത് എത്തണം... പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും... ഇല്ലായ്മ്മയിലും വല്ലായ്മ്മയിലും വളർത്തി എടുത്ത മകൾ ആണ്... ഒരുപാട് പ്രതീക്ഷയോടെ ഞാൻ വളർത്തി കൊണ്ടു വന്ന എന്റെ മകൾ.. എന്നെ ആദ്യമായി അച്ഛാ.. എന്നു വിളിച്ചവൾ..

റോയിക്ക് തൊണ്ട കുഴിയിൽ എന്തോ തടഞ്ഞു നിന്നു.. ശേഖരേട്ടന്റെ മിഴികൾ ഈറൻ ആകുന്നത് അവൻ കണ്ടു..

ഞാൻ ... ഞങ്ങൾ സ്നേഹിച്ചു പോയി..

അറിയാം... സ്നേഹിക്കുന്നവർക്ക് അതു മാത്രമേ കാണൂ.. ചുറ്റും ഉള്ളത് ഒന്നും അറിയാൻ സാധിക്കില്ല.. എതിർക്കുന്നവർ ഒക്കെ ശത്രു ആയി തോന്നാം.. പക്ഷെ ഒരു കുടുംബം ഉണ്ട്.. രീതി ഉണ്ട്.. അതിവിട്ടു പുറത്തു ജീവിച്ചിട്ടില്ല.. പ്രായം ആയവർ ആണ് ... നിങ്ങളുടെ പുരോഗമനം മനസിലാക്കാൻ പറ്റി എന്നു വരില്ല..

അയാളുടെ ശബ്ദവും വിറച്ചു ഈറൻ ആകുന്നത് റോയ് ദയനീയതയോടെ നോക്കി...

അവന്റെ മിഴികൾ നിറഞ്ഞു ഒഴുകാൻ വെമ്പി..

ഞാൻ കൈ കൂപ്പി പറയുകയാണ് റോയിയോട്... അയാൾ കൈ കൂപ്പി റോയിക്ക് നേരെ നോക്കി പറഞ്ഞു..

അവളെ പറഞ്ഞു മനസിലാക്കണം..

റോയ് വേഗം ചെന്നു അയാളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു.. കൈകൾ കൂട്ടി പിടിച്ചു നെഞ്ചോട് ചേർത്തു...

ശേഖരേട്ടാ.. എ.. എനിക്ക് തന്നൂടെ... ഞാൻ നോക്കിക്കോളം പൊന്ന് പോലെ... നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം... എനിക്ക് തന്നെക്ക്..

അവന്റെ കണ്ണു നിറഞ്ഞിഴുകിയത് അയാളുടെ കൈകൾ നനച്ചു....

കണ്മുന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടു പോകാൻ അല്ല റോയ് ഞാൻ എന്റെ മോളേ വളർത്തിയത്... എങ്ങനെ പറഞ്ഞു മനസിലാക്കും എന്നെനിക്ക് അറിയില്ല... കുറച്ചു കാലം പുറം നാട്ടിൽ കിടന്ന് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ... എന്റെ മക്കൾക്ക് വേണ്ടി... അവരുടെ വളർച്ച കാണാതെ അറിയാതെ... കണ്ണകന്നാൽ മനസ്സ് അകന്നു എന്നു പറയുന്നത് വെറുതെ ആണ്... മനസ് നീറി നീറി ആണ് ജീവിച്ചത്...  ഇനി അവള് മാത്രം അല്ല എനിക്ക് മകൾ ആയുള്ളത്... നിഖില കൂടി ഉണ്ട് അവൾക്ക് വരാൻ ഉള്ള ഒരു നല്ല ജീവിതം കൂടി നിങ്ങൾ കാരണം നഷ്ടപ്പെടരുത്... ചങ്കു നീറി ഒരച്ഛൻ അപേക്ഷിക്കുകയാണ്... എല്ലാം ഇട്ടെറിഞ്ഞു ഓടി പോകാൻ എളുപ്പം ആണ്... തല കുനിച്ചു നിൽക്കേണ്ടി വരുന്ന ഉറ്റവരെ ഒരു നിമിഷം ഓർത്താൽ മതി.. എന്റെ രണ്ടു മക്കളുടെയും ജീവിതം എനിക്ക് നോക്കണം... ഒരു കടുംകൈ എന്നെ കൊണ്ട് ചെയ്യിക്കരുത്...

അദ്ദേഹത്തിന്റെ കയ്യിലുള്ള റോയിയുടെ പിടിത്തം അയഞ്ഞു...

ഞങ്ങൾ എന്തു തെറ്റ് ചെയ്തു... രണ്ടു ധ്രുവങ്ങളിൽ ജനിച്ചത് ഞങ്ങളുടെ കുറ്റം കൊണ്ടാണോ... സ്നേഹം എന്തു കൊണ്ടാണ് നിങ്ങൾക്ക്  ഒക്കെ പാപം ആയി തോന്നുന്നത്... ശേഖരേട്ടൻ ഒന്ന് ഓർത്തോ... കണ്ണകന്നാൽ മനസ് അകന്നു എന്നു പറയുന്നത് വെറുതെ എന്നു ഇപ്പോൾ പറഞ്ഞില്ലേ... മരണം വരെ എന്റെ ഉള്ളിൽ അവളും അവളുടെ ഉള്ളിൽ ഞാനും  ഉണ്ടാകും... ഒരിക്കലും തിരുത്താൻ ആകാതെ ഞങ്ങളുടെ ഹൃദയത്തിൽ കത്തി വെച്ച പാപം നിങ്ങളെ തേടി വരും... ഞാൻ കാത്തിരിക്കാൻ തയ്യാറാണ്.. മനസ് മാറും വരെയും...

ശേഖരൻ മെല്ലെ എഴുന്നേറ്റു...

എനിക്കിനി ഒന്നും പറയാൻ ഇല്ല.. തിരുത്താം എന്നൊരു പ്രതീക്ഷ ഞാൻ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല... ആർക്കും ഇല്ലാതാക്കി അവസാനിപ്പിക്കാൻ എന്നെ നിർബന്ധിക്കരുത്...അവളേ കൂടാതെ ഞങ്ങളും ഞങ്ങളെ കൂടാതെ അവളും വേണ്ട എന്നു ഞാൻ തീരുമാനിച്ചാൽ തടയാൻ ആർക്കും സാധിച്ചെന്നു വരില്ല..

അയാളുടെ കവിൾ തടങ്ങൾ നനച്ചു കണ്ണീർ ഒഴുകി കൊണ്ടേ ഇരുന്നു..

ഞാ... ഞാൻ തന്റെ കാല് പിടിക്കാം..

അയാൾ ഒന്ന് കുനിഞ്ഞു..

റോയ് പെട്ടെന്ന് അയാളെ താങ്ങി പിടിച്ചു..

കേട്ടതൊക്കെ നെഞ്ചിൽ ആയിരം കഠാരകൾ ആഞ്ഞു കുത്തിയ വേദ്നയോടെ ചോര വാർത്തു...

കാഴ്ച്ച കണ്ണീർ മറച്ചു...

ഞാൻ ഇറങ്ങുവാണ്... ഒരു അച്ഛന്റെ അപേക്ഷ ആണ്...

അത്രയും പറഞ്ഞു  കവിൾ തടം തുടച്ചു നീക്കി അയാൾ മുറ്റത്തേക്ക് ഇറങ്ങി..

മുറ്റത്... റോയിയുടെ അച്ഛനും അമ്മയും..

എല്ലാം കേട്ടു എന്നു വ്യക്തം.. മുഖഭാവം വിളിച്ചു പറയുന്നുണ്ട്.. അയാളൊരു വിളറിയ ചിരി സമ്മാനിച്ചു നടന്നു നീങ്ങി..

റോയ് അകത്തേക്ക് തിരിഞ്ഞു..

റോയ്..

പപ്പ ആണ്..

അമ്മച്ചി എന്നോട് എല്ലാം പറഞ്ഞു.. അവരോട് ഒന്ന് പോയി സംസാരിക്കാം എന്നു വിചാരിച്ചതാണ്.. പക്ഷെ... അയാൾ റോയിയുടെ ചുമലിൽ തട്ടി... ആരുടെയും കണ്ണീരും ശാപവും വാങ്ങി എന്റെ മോന് ഒരു ജീവിതം വേണ്ട... പരസ്പരം പൊറുക്കാൻ വയ്യാത്ത ഒരു തെറ്റിലേക്ക് ആരെയും കൊണ്ട് എത്തിക്കേണ്ട...

അയാൾ അവന്റെ തലയിൽ തഴുകി അകത്തേക്ക് നടന്ന് പോയി... കണ്ണീർ വാർത്തു പപ്പയ്ക്ക് പിന്നാലെ അമ്മച്ചിയും...

റോയിക്ക് സ്തംഭിച്ചു നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ... നെഞ്ചിലും കഴുത്തിലും ഒരെരിച്ചൽ... കണ്മുന്നിൽ നിമിഷങ്ങൾ കൊണ്ട് പണിതു വെച്ച സ്വപ്നം തകർന്നടിയുന്നു... വളർച്ചയുടെ ഓരോ കാലത്തും ഓരോ നിറങ്ങൾ കൂട്ടി വെച്ചു ഹൃദയത്തിൽ കോറിയിട്ട ചിത്രത്തിന് ഒരു നിമിഷം കൊണ്ട് വർണം ഏതു ഇല്ലാതെ ഇരുട്ടിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു..
മറ്റുള്ളവർക്കും വേദ്നിക്കുന്ന മനസ് ഉണ്ടെന്ന് എന്നാണ് ഇവരൊക്കെ തിരിച്ചറിയുന്നത്.

താൻ അനുഭവിക്കാതെടുത്തോളം അന്യന്റെ വേദനകൾ എല്ലാം തന്നെ ഒരുവന് അന്യം തന്നെ ആണ്... വാക്കുകളിലും വാചകങ്ങളിലും തളച്ചിടാൻ പറ്റാത്തതാണ് ഹൃദയത്തിൽ പോറുന്ന മുറിവ് എന്നു തോന്നി...

റോയി ഓർമകളിൽ എവിടെയോ പരതി..

റൂമിൽ ചെന്ന് തല കൈകളിൽ താങ്ങി ഇരുന്നു... തലയിൽ ഒന്നും പ്രവർത്തിക്കുന്നില്ല എന്നു തോന്നി...

ഒന്നും അറിയാതെ എന്റെ പൂമ്പാറ്റ പെണ്ണ് എന്നെ കാത്തിരിക്കയാവും... ഞാൻ പറഞ്ഞ വാക്കും വിശ്വസിച്ചു... എന്തു പറയും ഞാൻ എന്റെ പെണ്ണിനോട്.....

അവനൊന്നു അവളെ കാണാൻ തോന്നി.. നെഞ്ചോട് ചേർക്കാൻ തോന്നി... ഇനി ഒരിക്കലും സാധിക്കില്ലേ എന്നു ഭയം തോന്നി... ആകാശത്തു ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ഭാരം താങ്ങാൻ ആവാതെ കരഞ്ഞു തുടങ്ങി... ആരും ആരുടേതും ആകാതിരുന്നെങ്കിൽ... മോഹിക്കാൻ പഠിക്കാതിരിന്നെങ്കിൽ...
ഹൃദയവേദന  ആണ് ഏറ്റവും കഠിനം എന്നു തോന്നി...

വീട്ടിലേക്ക് ചെന്നു കയറിയ അഖില മുറിയിൽ ചെന്ന് നാളെ കോളേജിൽ പോകുമ്പോൾ കൊണ്ടു പോകേണ്ട ബുക്കുകൾ മറിച്ചു നോക്കി... കുറച്ചു നോട്ട് തയ്യാറാക്കാൻ ഉണ്ടായിരുന്നു...

എന്തോ ഒരു ആശ്വാസം ഉണ്ട് ഇപ്പോൾ റോയിച്ചനെ കണ്ടപ്പോൾ.. മനസിൽ ഒരു പ്രതീക്ഷ... ഇപ്പോഴും തന്നെ പൊതിഞ്ഞു ആ പനിച്ചൂട് ഉണ്ടെന്ന് അവൾക്ക് തോന്നി... ആരെയും ശ്രദ്ധിക്കാതെ കേൾക്കാതെ ബുക്ക് എടുത്തു ഇരുന്നു...

ലോകത്തിൽ നിന്നകന്നു... ആൾക്കൂട്ടത്തിൽ തനിയെ നടക്കുന്നതാണ് ഇനിയും ആത്മഹത്യ ചെയ്യാത്ത ഇവർ കൊല്ലാൻ നടക്കുന്ന തന്റെ പ്രണയത്തിന് നല്ലതെന്നവൾക്ക് തോന്നി...

രാത്രിയുടെ നേരിയ വെളിച്ചത്തിലും ഏകാന്തതയുടെ നൂറു വർഷങ്ങളിൽ കിടന്നു വിശ്രമിക്കുന്ന തന്റെ പ്രണയത്തിന്റെ ഓർമകളെ താലോലിച്ചു.. ഒരു പുതിയ ജനനത്തിനു വേണ്ടി അതിനെ താരാട്ടി...

രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും ഉണ്ട് ഉമ്മറത്തു..

ഇന്നാണ് ഉണ്ണിയേട്ടനു ഹോസ്പിറ്റലിൽ  പോകേണ്ടത്...

എപ്പോഴാണ് ഉണ്ണി... ഞാനും വരാം കൂടെ..

വല്യച്ഛൻ ആണ്..

വേണ്ട അച്ഛാ... വൈകിട്ട് ആണ്.. ഞാൻ അഖിലയെ കോളേജിൽ നിന്നും കൂട്ടി പോകാം...

അഖിലയെ നോക്കി ആണ് അവൻ അതു പറഞ്ഞത്..

വല്യച്ഛൻ എന്നെ കൂർപ്പിച്ചു നോക്കി..

എത്ര മണിക്കാണ് ഏട്ടാ..

നിന്റെ കോളേജ് വിടുമ്പോഴേക്കും ഞാൻ വരാം...

ഉണ്ണി പറഞ്ഞു..

തനിക്ക് അതു ഒരു ആശ്വാസം ആണെന്ന് ഉണ്ണിയേട്ടൻ മനസിലാക്കി കാണും അവൾ ഓർത്തു..

അഖില ഇറങ്ങി നടന്നു..

അവന്റെ ഓഫിസ് കോളേജിന്റെ അടുത്താണ് വല്യച്ഛൻ ശേഖരന്റെ നേർക്ക് നോക്കി പറഞ്ഞു..

അവൻ അവിവേകം ഒന്നും കാണിയ്ക്കില്ല... ഞാൻ എല്ലാം  പറഞ്ഞതല്ലേ..

അയാൾ നെടുവീർപ്പിട്ടു..

ഉണ്ണി.... വൈകിട്ട് നീയും അവളോട്‌ ഒന്ന് സംസാരിക്കണം...

അവൻ മൗനം ആയി ഇരുന്നതെ ഉള്ളു..

തന്റെ അനിയത്തിയുടെ അവസാനത്തിന്റെ തുടക്കം ആണെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ തോന്നി അവനു..

കോളേജിൽ എത്തിയ അഖില ഗോൾഡൻ ജൂബിലിയുടെ കാര്യങ്ങൾക്ക് ആയി പോയി.. അടുത്ത ആഴ്ച്ച എക്സിബിഷൻ ആയി അതിനായി സ്റ്റാളുകൾ ഒരുക്കണം.. പുറമെ ഉള്ള കോളേജിനും ആൾക്കാർക്കും സ്റ്റാൾ അനുവദിച്ചിട്ടുണ്ട്...

ശരത് സാർ ലീവ് ആയിരുന്നു.. അഖിലയും മറ്റേ ടീച്ചറും കൂടി കാര്യങ്ങൾ ഒരു വിധം തയ്യാറാക്കി...

അന്ന് അതും രണ്ടു ക്ലാസും ആയി കഴിഞ്ഞു...

വൈകിട്ട് ഉണ്ണി വന്നു... കാറിൽ കയറി പോകുമ്പോഴും രണ്ടു പേരും നിശബ്ദരായി ഇരുന്നു... വാക്കുകൾ എല്ലാം വൃഥാവിൽ ആണെന്ന് തോന്നി...

ഡോക്ടറെ കണ്ട് ഇറങ്ങി.. മരുന്ന് ഉണ്ട് ... വാങ്ങാൻ നിന്നപ്പോൾ ആണ് ഉണ്ണിയേട്ടൻ ആരെയോ കണ്ടു വേഗം നടന്നു ചെല്ലുന്നത് കണ്ടത്...

മരുന്ന് വാങ്ങി ബില്ലടച്ചു ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ കണ്ടു..

വീൽചെയറിൽ ശരത് സാറിന്റെ അമ്മ..

ആ... മോളും ഉണ്ടോ.. 'അമ്മ കൈ നീട്ടി എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു..

എന്റെ അനിയത്തി ആണ്..

ഉണ്ണിയേട്ടൻ പറഞ്ഞു..

ചന്ദ്രു അന്ന് പറഞ്ഞിരുന്നു നിന്റെ അനിയത്തി ആണെന്ന് പറഞ്ഞിരുന്നില്ല മോനെ...

മോൻ ഒന്ന് രണ്ടു വട്ടം വീട്ടിൽ വന്നിട്ട് ഉണ്ട് മോളേ പഠിക്കുമ്പോൾ ചന്ദ്രുവിനൊപ്പം... എനിക്ക് ആദ്യം കണ്ടപ്പോൾ മനസിലായില്ല... അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

അപ്പോഴേക്കും ശരത് സാർ വന്നു..

ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു... പരാജയപ്പെട്ടു..

പിന്നെ ഓരോന്നും പറഞ്ഞു അവിടെ നിന്നു..

രണ്ടാളും വാ... വീട്ടിൽ കയറിയിട്ടു പോകാം..

അയ്യോ... വെണ്ടമ്മേ... ഉണ്ണിയേട്ടൻ ഒഴിവ്  പറഞ്ഞു നോക്കി.. പക്ഷെ അമ്മ വിട്ടില്ല.. അങ്ങനെ അങ്ങോട്ട് പോകാൻ സമ്മതിച്ചു.....

ശരത് സാറിന്റെ കാറിന്റെ പിറകിൽ തന്നെ ഉണ്ണിയേട്ടൻ വണ്ടി തിരിച്ചു.

കുറച്ചു ദൂരം പിന്നിട്ടു...

ഒരു വലിയ ഗേറ്റ് കടന്നു ഒരു ഇരുനില വീട്ടിൽ എത്തി..

ഇറങ്ങി ഒന്ന് ചുറ്റും നോക്കി..

വണ്ടിയിൽ നിന്നിറങ്ങി.. ഞാൻ കാഴ്ച്ച കണ്ടു നിൽക്കുന്ന കണ്ടു ആകണം ശരത് സാർ എന്നെ തന്നെ നോക്കി..

'അമ്മ അടുത്തേക്ക് വിളിച്ചു...

ഉണ്ണിയേട്ടനു ഒപ്പം നടന്നടുത്തേക്ക് ചെന്നു.. ശരത് സാർ വീൽ ചെയർ തള്ളി അകത്തേക്ക് കയറ്റി.. 'അമ്മ എന്റെ കയ്യിൽ നിന്നും പിടി വിടാതെ തന്നെ അകത്തേക്ക് കയറി.. കണ്ണിൽ നിറഞ്ഞു തുളുമ്പുന്ന വാത്സല്യത്തോടെ എന്നെ നോക്കി... ഒരു ഈറൻ തുള്ളി കൺ കോണിലെവിടെയോ ഞാൻ കണ്ടു...

ശരത് സാർ ഒരു അത്ഭുതത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നു.. ഉണ്ണിയേട്ടൻ എന്നെ നോക്കി ചിരിച്ചു..

(തുടരും)

 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top