ഉത്തമഗീതം , പാർട് 16

Valappottukal



റോയിച്ചന്റെ വീടിനു മുന്നിൽ നിൽക്കുമ്പോൾ ഒരു വിറയൽ ശരീരം കടന്നു പോയി... ശബ്ദത്തോടെ  മെല്ലെ ഗേറ്റ് തുറന്നു..  ഒരു ചുവടും വെക്കുമ്പോൾ കാലുകളിൽ ഒരു തരിപ്പ് പടരുന്നത് അറിയാൻ കഴിഞ്ഞു.. ഭയം...
ഗേറ്റ് മുതൽ വീട് വരെ ഇരുവശങ്ങളിലായി കല്ലു കൊണ്ട് കെട്ടി ഇരിക്കുന്നു.. ഒരു വശത്തു കവുങ്ങിൻ തോട്ടം ആണ്.. മറു ഭാഗം വല്യ രണ്ടു മൂന്നു ജാതിക്കാ മരങ്ങൾ കൊമ്പ് വിടർത്തി തണൽ വിരിച്ചു നിൽക്കുന്നു..  ഒരു ചാമ്പയ്ക്ക മരം കൂടി ഉണ്ട്... ഒരു തണുത്ത കാറ്റ് എന്നെ തഴുകി പോയി....  കുറച്ചു കൂടി നടന്നപ്പോൾ വീടിനോടു ചേർന്ന് ലവ് ബേഡ്‌സ് ന്റെ കൂട് .. അവ ശബ്ദം ഉണ്ടാക്കുന്നു... മുറ്റത്തെ ഒരു ഭാഗത്തായി പന്തൽ കെട്ടി മുന്തിരി വള്ളികൾ പടർത്തിയിരിക്കുന്നു... ഒരു നിമിഷം വെറുതെ അതൊക്കെ നോക്കി നിന്നു..

ആരും ഇല്ല എന്നു അകത്തെ തളം കെട്ടി നിൽക്കുന്ന നിശബ്ദതയിൽ നിന്നും മനസിലായി...

കാളിങ്‌ ബെൽ അടിച്ചു..

ഒന്ന് രണ്ടു നിമിഷം കടന്നു പോയി..

വാതിൽ ലോക്ക് തുറക്കുന്ന ശബ്ദം..

ഹൃദയം പെരുമ്പറ കൊട്ടുന്നു..

വാതിൽ തുറന്നതും മുന്നിൽ നിന്ന ആളെ കണ്ടപ്പോൾ ഒരു ആശ്വസം .. നെഞ്ചിൽ കൈ വെച്ചു ഒന്ന് നിശ്വസിച്ചു...

ഒരു സ്വെറ്റർ ഇട്ട് റോയ് നിൽക്കുന്നു... മുഖത്തു ക്ഷീണം കാണാം..

റോയിയുടെ കണ്ണുകൾ വിടർന്നു...

വാ... അവൻ വേഗം അവളുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി.. വാതിൽ അടച്ചു..

അവൾ ഒന്ന് ഞെട്ടി..

മെല്ലെ കൈ ഉയർത്തി നെറ്റിയിൽ തൊട്ടു നോക്കി..

അവനെ ഒന്ന് നോക്കിയ ശേഷം നെഞ്ചിൽ കൂടി ഇരുകൈ കൊണ്ടും ചുറ്റി പിടിച്ചു.. അവൾ ഒന്ന് തേങ്ങി...

എനിക്ക് വയ്യ റോയിച്ച ഇങ്ങനെ കിടന്നു ഉരുകാൻ... ഞാൻ... ഞാൻ എന്താ ചെയ്യേണ്ടേ...

റോയ് അവളുടെ തലയിൽ തഴുകി..

എല്ലാം ശരിയാകും പെണ്ണേ... നി സമാധാനിക്ക്...

മ്മ്.. ഒന്ന് മൂളി അവൾ ഒന്നു കൂടി അവനോടു ചേർന്നു നിന്നു...

അല്ല.. എന്തു ധൈര്യത്തിൽ ആണ് ഇങ്ങോട്ട് കയറി വന്നത്... ആരെങ്കിലും കണ്ടിരുന്നെങ്കിലോ..?

പള്ളിയിൽ പോയി എന്നറിഞ്ഞിട്ടു തന്നെയാ.. വന്നത്..

ആഹാ... കള്ളത്തരം ഒക്കെ ഉണ്ടല്ലേ..

ഇപ്പോഴാ.. പഠിച്ചത്..

എനിക്ക് പനി ആണ് എന്റെ പൂമ്പാറ്റപെണ്ണേ... പകരും നിനക്ക്..

അവളെ ദേഹത്തു നിന്നടർത്തു മാറ്റി അവൻ പറഞ്ഞു..

പകർന്നോട്ടെ.. റോയിച്ചനുമായി എന്തു സഹിക്കാനും എനിക്ക് മടി ഇല്ല..  സമ്മാതാവാ.. എനിക്ക്.. മരണം വരെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചു  പരസ്പരം സ്നേഹിച്ചു...

റോയ് ഒന്ന് ചിരിച്ചു... അഖിലയെ ചേർത്തു പിടിച്ചു കാതോരം പറഞ്ഞു...

വേണം പെണ്ണേ... ഒരു പനിക്കാലം മുഴുവൻ ഒരുമിച്ചൊരു പുതപ്പിനുള്ളിൽ കിടക്കണം.. ഒരുമിച്ചു ഒരു പനിച്ചൂട് അറിയണം...

അഖീലയുടെ  കവിളുകൾ ചുവന്നു..  അൽപ്പം അകന്നു മാറി അവൾ ഇരുകൈകളും കൂട്ടി തിരുമ്മി ചൂടാക്കി അവന്റെ ഇരുകവിളുകളിലും ആയി വെച്ചു... റോയ് കണ്ണടച്ചു ആ ചൂടിൽ ഒരു നിമിഷം നിന്നു..

വാ.. താൻ അവളുടെ കൈ പിടിച്ചു നടന്നു.. അവർ ചെന്നെത്തിയത് ഒരു ചെറിയ മുറിയിലേക്ക് ആണ്... ഒരു ഭാഗത്ത് റാക്കുകളിൽ ആയി പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു..

എന്റെ ലോകം ആണ്.. അവൻ കൈ ചൂണ്ടി അവളോട്‌ പറഞ്ഞു... അഖില ചുറ്റും കണ്ണോടിച്ചു... മെല്ലെ നടന്നു പുസ്തകളിൽ ഒന്ന് കയ്യോടിച്ചു...

ഇവിടെ ഉള്ള ഓരോ അണുവിനും അറിയാം അഖിലയെ.. റോയിയുടെ പൂമ്പാറ്റ പെണ്ണിനെ...  റോയ് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

തന്നോട് പറയാതെ പറഞ്ഞത് മുഴുവൻ കേട്ട ആളുകൾ ആണ് ഇവിടുള്ളതെല്ലാം.. അവൻ കൈ കാണിച്ചു പറഞ്ഞു..

റോയ്ച്ചാ... അവനു നേരെ നടന്നടുത്തു അവൾ വിളിച്ചു..

എന്താ പെണ്ണേ...

വീട്ടിൽ സമ്മതിക്കുന്നില്ല റോയ്ച്ചാ... കല്യാണം ആലോചിക്കുവാ...

കണ്ണിൽ പൊടിഞ്ഞ മിഴിനീർ അവൾക്ക് അടക്കി നിർത്താൻ ആയില്ല...

ഞാനുണ്ണിയോട് പറഞ്ഞു അഖില.. അവൻ സംസാരിച്ചു നോക്കാം എന്നു പറഞ്ഞിരുന്നു.. നടന്നില്ലെങ്കിൽ ഞാൻ വരും ശേഖരേട്ടനെ കാണാൻ.. എന്റെ പെണ്ണ് ഇങ്ങനെ കണ്ണ് നിറയ്ക്കല്ലേ...

പേടി ആകുവാ റോയ്ച്ചാ... എന്തോ ഉള്ളിൽ കിടന്നു വിങ്ങുന്നു ഒരു അപായ സൂചന പോലെ..

അത് നീ അനാവശ്യം ആയി ചിന്തിച്ചു കൂട്ടുന്നത് കൊണ്ട് ആണ് അഖില... മനസ് ശാന്തം ആക്കൂ.. വിഷമിക്കരുത്...

എനിക്ക് എന്നെ തന്നെ ഒന്ന് പുതുക്കി പണിയണം റോയിച്ച... എല്ലാവരും വസന്തം കാണുമ്പോൾ ഉണങ്ങി പോയ സ്വപ്നങ്ങളിൽ വിളവുകളിൽ പ്രണയം തിരയാൻ എനിക്ക് വയ്യ.. വേദനിക്കുന്നു... വേദനകൾ അടയാളപ്പെടുത്താൻ വാക്കുകൾ എന്നും പരാജയം ആണ്... പറഞ്ഞറിയിക്കാൻ പറ്റുമെന്ന് പറയുന്നത് നുണ ആണ്... നെഞ്ചിൽ കത്തുന്ന നേരിപ്പൊടിന്റെ ചൂട് എന്നെ തന്നെ വിഴുങ്ങുന്നുണ്ട്..
ആരും നമ്മളെ മനസിലാക്കുന്നില്ല ല്ലോ... റോയ്ച്ചാ...

ഏറ്റവും മൂർച്ച ഏറിയ ആയുധം ആണ് അഖില ഏവരുടെയും നമ്മുടെയും കൈകളിൽ ഉള്ളത്... സ്നേഹം... ഹൃദയങ്ങൾ തമ്മിൽ ആണ് കലഹിച്ചു കൊണ്ടിരിക്കുന്നത്.. ഒരു യുദ്ധത്തിലും ഇത്രെയേറെ മുറിവേൽക്കുന്ന മനസും ശരീരവും ഉണ്ടാകില്ല..  കാത്തിരുന്നെ പറ്റൂ.. പടവെട്ടി മുറിവേല്പിച്ചു നേടാൻ ശത്രുവല്ല എതിർഭാഗത്തു  ഉള്ളത്.. നെഞ്ചോട് ചേർന്നവർ ആണ്... രക്തത്തിൽ ലയിച്ചവർ ആണ്...

എനിക്കറിയാം റോയ്ച്ചാ...

സമയം വൈകുന്നു ഞാൻ പോകട്ടെ.. വയനശാലയ്ക്ക് എന്നും പറഞ്ഞു ഇറങ്ങിയതാ...

നിൽക്ക്... അവൻ അവളുടെ കൈ വിട്ട് നീങ്ങി... ഒരു പുസ്തകം എടുത്തു..
എന്തോ അതിൽ കുറിച്ചിട്ടു... അവൾക്ക് നേരെ നീട്ടി..

ഈ ദിവസത്തിന്റെ ഓർമ്മയ്ക്ക്...

റോയ് അവളോട് പറഞ്ഞു...

പുസ്തകം വാങ്ങി അഖില നോക്കി..

നേരൂദയുടെ കവിതകൾ..

ആദ്യ പേജ് മറിച്ചു നോക്കി...

ഇനി വരും വേനലിൽ ഒരു തണലാവാൻ
ഇനി വരും വർഷത്തിൽ ഒരു പുതപ്പാവാൻ.. ഹൃദയം കൊണ്ട് എഴുതുമ്പോൾ കൂട്ട് വരാൻ.. ഓരോ ഇലയും പൂക്കുന്ന ഒരു മരമാകാൻ...
എന്റെ പൂമ്പാറ്റ പെണ്ണിന്...

അഖിലയ്ക്ക് കണ്ണ് നിറഞ്ഞു...

മുഖം ഉയർത്തി റോയിയെ നോക്കി...

എന്നെ ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്.. എന്റെ റോയിച്ചന്റെ അടുത്തു... അല്ലാതെ ഇവിടുന്ന് എനിക്ക് ഇറങ്ങി പോകാൻ വയ്യ...

അത്രയും പറഞ്ഞു അവൾ പതിയെ ഇറങ്ങി പുറത്തേക്ക് നടന്നു.. വാതിൽക്കൽ വരെ റോയ് കൂട്ട് ചെന്നു..

അവളെ ചേര്ത്തു പിടിച്ചു.. ഒന്ന് രണ്ടു വട്ടം പിന്തിരിഞ്ഞു നോക്കി അഖില നടന്നകന്നു.. കണ്ണിൽ നിന്നും മറയും വരെ അവൻ നോക്കി നിന്നു..

എന്തോ ഒരു വേദന ചങ്കിൽ വന്ന് തടഞ്ഞു അവന്.. പെട്ടെന്നാണ് എന്തോ ശബ്ദം കേട്ടു റോയ്...മുറ്റത്തേക്ക് ഇറങ്ങി നോക്കിയത്..

വീടിന്റെ സൈഡിലെ തൂണിന്റെ അടുത്ത് ആരോ..

രണ്ടു ചുവട് നടന്നപ്പോൾ അയാൾ മുന്നിലേക്ക് വന്നു..

ശേഖരേട്ടൻ...!!

(തുടരും)
 ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top