ഉത്തമഗീതം , പാർട് 14

Valappottukal



രാവിലെ എഴുന്നേറ്റതും ഒരു മന്ദത ആയിരുന്നു തലയിൽ...
കുറെ നേരം പുറത്തേക്കുള്ള കാഴ്ച്ച നോക്കി ബെഡിൽ ജനലോരത്തു ഇരുന്നു..
കുറെ നേരം കഴിഞ്ഞു എഴുന്നേറ്റ് പുറത്തേക്ക് പോയി..

വീട് മൊത്തം ഒരു നിശ്ശബ്ദതയിൽ മുങ്ങിയ പോലെ.. ആരും പരസപരം സംസാരിക്കുന്നില്ല.. അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ഒന്ന് തിരിഞ്ഞു നോക്കി..

ചിന്തകളുടെ അതിപ്രസരം മുഖം വിളിച്ചോതുന്നുണ്ട്..
എന്തെക്കെയോ ചെയ്തു... എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്നു ഓരോ നിമിഷവും മനസ് വിളിച്ചു പറയുന്നു... ഒറ്റ ദിവസം കൊണ്ട് വീട് എനിക്കന്യമായ പോലെ..

നീ ചെല്ലു.. കോളേജിൽ പോകണ്ടേ..

അമ്മ പറഞ്ഞു..

ഭാഗ്യം... പോകണ്ട എന്നു പറഞ്ഞു വീട്ടു തടങ്കലിൽ ആക്കിയില്ലലോ..

ഭക്ഷണം നുള്ളി പെറുക്കി ഇരുന്നു.. നിഖില അടുത്തു വന്നു ഇരുന്നു..

ചേച്ചി... ചേച്ചി വിഷമിക്കണ്ട.. എല്ലാം ശരിയാവും...

ഇല്ല ഒന്നും ശരിയാവില്ല.. മനസ് വെല്ലു വിളിക്കും പോലെ..

മുത്തശ്ശി എന്നെ നോക്കുന്നെ ഇല്ല.. പഴയ പ്രതാപികളുടെ ചായ ഇപ്പോഴാണ് മുത്തശ്ശിക്ക് കൈ വന്നത്‌ എന്നു തോന്നി..

ഏതോ സാരി വലിച്ചു ചുറ്റി.. ബാഗും എടുത്തു ഇറങ്ങി..

അച്ഛൻ ഉമ്മറത്തു ഇരിക്കുന്നു.. മണിക്കൂറുകൾ കൊണ്ടു അച്ഛൻ ക്ഷീണിതൻ ആയ പോലെ.. തളർച്ച ശരീരം ആകമാനം വ്യാപിച്ച പോലെ...

എന്നെ കണ്ടപ്പോൾ എഴുന്നേറ്റു.. അടുത്തേക്ക് വന്നു..

മിഴിയിലെ നനവ് ചങ്കിലാണ് നീറ്റൽ ഉണ്ടാക്കിയത്.. ഒന്നും മിണ്ടിയില്ല കുറെ നേരം... മൗനത്തിനോളം തീവ്രമായി മറ്റൊന്നിനും തന്നെ കലഹിക്കാൻ ആവില്ല എന്നു തോന്നി..

എന്റെ കൈകൾ കൂട്ടി പിടിച്ചു അച്ഛൻ.. എന്നിട്ട് നെഞ്ചോട് ചേർത്തു പിടിച്ചു..

അച്ഛന് വിശ്വാസം ആണ് എന്റെ മോളെ.. ചതിക്കില്ല എന്നു വിശ്വസിക്കുന്നു..

നെഞ്ചിൽ ഒരു കഠാര ആഞ്ഞു തറച്ച പോലെ... ചിതയിലേക്ക് എടുത്തു എറിഞ്ഞ പോലെ ഞാൻ ഉരുകി.. തട്ടി കളയാൻ പറ്റാത്ത.. കൈകൾ വിലങ്ങിടാൻ ഒരുങ്ങി നിൽക്കുന്ന പോലെ തോന്നി...

താടി തുമ്പിലൂടെ ഊർന്നു കഴുത്തിലേക്ക് ഒരു തുള്ളി അടർന്ന് വീണപ്പോൾ ആണ് കരയുന്നു എന്നു സ്വയം തോന്നിയത്..

പോയിട്ടു വാ... അച്ഛൻ കൈകൾ മോചിപ്പിച്ചു...

നടന്നു നീങ്ങി..  ഇന്ന് കണ്ട കഴ്ച്ചകൾ ഒക്കെ നിറമില്ലാത്തത്  പോലെ തോന്നി.. എവിടെയൊക്കെയോ വസന്തം വിരിയാൻ മറന്ന പോലെ.. പുതുനാമ്പുകൾ കരിഞ്ഞുണങ്ങിയ പോലെ..

ഉമ വഴിയിൽ തന്നെ ഉണ്ട്..
അവൾ എന്തോ പറയാൻ വന്നതും കൈ പിടിച്ചു തടഞ്ഞു.. ചില നേരം ആശ്വാസ വാക്കുകളോളം വേദന മറ്റൊന്നിനും ഇല്ല..

മനസ്സ് കലഹിച്ചു... എന്നെ എന്റെ മൗനത്തിൽ... എന്റെ ഹൃദയ നൊമ്പരത്തിൽ എന്റെ പീഡകളിൽ സ്വയം നോവാൻ അനുവദിക്കൂ.. അതിനോളം എന്നെ സ്വന്തനിപ്പിക്കാൻ എന്റെ പ്രീയന് മാത്രമേ സാധിക്കുകയുള്ളൂ..

ബസ് വന്നതും കയറിയതും ഒക്കെ ഇന്നലെ കൽമണ്ഡപത്തിൽ മനസ് കൈ മോശം വന്ന ശരീരം മാത്രം ആയിരുന്നു...
അത്രമേൽ ഞാൻ വേദനിക്കുമ്പോൾ അതിലുമേറെ എത്രയോ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്...

ബസ് ഇറങ്ങിയതും.. ബൈക്ക് വന്നു അടുത്തു വന്നു നിന്നതും ഒരുമിച്ചു ആയിരുന്നു...

മനസ്സ് ഓടി ചെന്ന് ആ നെഞ്ചിൽ വീണു അപ്പോഴേക്കും ആർത്തലച്ചിരുന്നു..

വാ.. കയറു...

കേൾക്കാൻ കൊതിച്ച പോലെ വേഗം ചെന്ന് പിറകിൽ ഇരുന്നു..

കൈ ഒന്ന് ഇടുപ്പിലെ ഷർട്ടിൽ അമർന്നു.. തല തോളോട് ചാഞ്ഞു വെച്ചു.. കണ്ണുനീർ ആ ഷർട്ട് നനച്ചു തുടങ്ങി..

ലോകം മുഴുവൻ വസന്തകാലത്തിൽ ആണെന്ന് ആ ഒറ്റ നിമിഷത്തിൽ തോന്നി പോയി... എന്നെ കെട്ടിയിട്ട ഇന്നലെ രാത്രിയിലെ ശൂന്യത ഇന്നത്തെ പകൽ വസന്തം ആക്കി തന്നിരിക്കുന്നു എന്റെ പാതിയോടൊപ്പം..

മുനിസിപ്പൽ ലൈബ്രറിയിൽ ആണ് ചെന്ന് നിന്നത്..
അകത്തേക്ക് കൈ കോർത്തു തന്നെ പോയി... ഇരുവശവുമായല്ല.. ഒരുമിച്ചു തന്നെ ഇരുന്നു... ഇനിയും അകലാൻ വയ്യ എന്ന പോലെ..

എന്റെ റോയിച്ചൻ.. കൈകൾ പൊതിഞ്ഞു ആ കണ്ണിലേക്ക് നോക്കി പറഞ്ഞു... കാഴ്ച്ച മങ്ങി ഇരുന്നു..

എന്നും... മറുപടിയും വന്നു...

എന്റെ പെണ്ണിനെ തല്ലിയോ ഇന്നലെ..?

എനിക്ക് അതൊന്നും വേദന അല്ല റോയ്ച്ചാ.. എന്റെ വേദന മുഴുവൻ ഹൃദയത്തിൽ ആണ്.... പറിച്ചെടുക്കാൻ അവർ ശ്രമിക്കുമ്പോൾ ചോര പൊടിയുന്നു....

ഇല്ല പെണ്ണേ... നെഞ്ചിൽ കൂടുകൂട്ടി താമസം തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. അങ്ങനെ ഞാൻ പറിച്ചെടുക്കാൻ സമ്മതിക്കോ.. ഉണ്ണി വിളിച്ചിരുന്നു സംസാരിക്കണം എന്നു പറഞ്ഞു.. നിന്നെ കാണാതെ ആരെയും കാണാൻ വയ്യ..  ആ തോളിലേക്ക് തല ചായ്ച്ചു ഷർട്ടിൽ പിടി മുറുക്കി..

നിന്നോടൊത്തു മാത്രമേ ഞാൻ ജീവിക്കൂ.. അല്ലാതെ എനിക്കൊരു ഭാവി ഇല്ല..  ചില സങ്കടങ്ങളെ അടയാളപ്പെടുത്താൻ വാക്കുകൾ മതിയാകില്ല അഖില... നിന്നോടുള്ള സ്നേഹവും ...

മെല്ലെ അടർന്ന് മാറിയപ്പോൾ റോയിച്ചൻ പുറത്തേക്ക് പോയി.. അൽപ്പം കഴിഞ്ഞു രണ്ടു കപ്പിൽ കാപ്പിയും ആയി വന്നു.. എനിക്ക് പ്രീയപ്പെട്ട വാസനകളിൽ ഒന്ന് മൂക്കിലേക്ക് ഒഴുകി..
ഞങ്ങളുടെ ഈ ഓരോ കൂടിക്കഴ്ച്ചകളേയും ഓർമ്മപ്പെടുത്തി..

ഞാൻ അമ്മച്ചിയോട് ഇന്നലെ തന്നെ നമ്മുടെ കാര്യം പറഞ്ഞു..

അഖില ആധിയോടെ മുഖത്തേക്ക് നോക്കി..

പേടിക്കേണ്ട... അമ്മച്ചിക്ക് സമ്മാതവാ.. ഇപ്പൊ ഉണ്ണിയോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് ബാക്കി ആലോചിക്കാം..

മ്മ്..

ചേർത്തു പിടിച്ചു കൊണ്ട് തന്നെ റോയ് അഖിലയെ കൊണ്ട് പോയി.. കോളേജിൽ വിട്ടു..

ഇതേ സമയം വീട്ടിൽ..

ഞാൻ ആ ബ്രോക്കർ സുധാകരനോട് വരാൻ പറഞ്ഞിട്ടുണ്ട്.. ഇനി അധികം വെച്ചു താമസിപ്പിക്കാൻ വയ്യ..
എന്താ ശേഖര നിന്റെ അഭിപ്രായം..

വല്യച്ഛൻ ചോദിച്ചു..

അയാൾ ഒന്നും പറയാതെ.. നെഞ്ചും തടവി ഇരുന്നു.. മുത്തശ്ശി ഒന്ന് രണ്ടു പേരെയും നോക്കി പറഞ്ഞു..

വേഗം കല്യാണം നടത്താം... ഇനി ഒരു ചർച്ച ഇല്ല.. മുത്തശ്ശി തീർപ്പ് പറഞ്ഞു..

അയാൾ സമ്മതപൂർവം തല കുലുക്കി..

(തുടരും)

ലെങ്ത് കുറവാണ്, അടുത്ത ഭാഗം ഉടനെ ഇടാം, ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ കൂട്ടുകാരെ...

രചന: ഋതു
To Top