രാവിലെ എഴുന്നേറ്റപ്പോഴേക്കും മുഖം എല്ലാം കരഞ്ഞു വീർത്തിരുന്നു... 'അമ്മ സംശയത്തോടെ നോക്കി.. നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കി..
എന്തു പറ്റി മോളേ? പനിക്കുന്നുണ്ടോ?
ഇല്ലമ്മേ.. ചെറിയ തല വേദന..
എന്നാൽ ഇന്ന് കോളേജിൽ പോകണ്ട..
അല്ല.. വേണം.. അല്ലേൽ തന്നേ കുറെ ലീവ് ആയതാണ്.. പോകണം.. വല്യ പ്രശ്നം ഒന്നും ഇല്ല.
എങ്ങനെ എങ്കിലും റോയിച്ചനെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു. വേഗം ഒരുങ്ങി റെഡി ആയി നടന്നു.. ഉമ വഴിയിൽ തന്നെ ഉണ്ടായിരുന്നു.. അവളോട് പറഞ്ഞു തുടങ്ങിയപ്പോഴേ കരഞ്ഞു പോയി.
നീ ഇപ്പോഴേ കരഞ്ഞു തുടങ്ങിയാൽ നീ എത്ര കരയേണ്ടി വരും അഖിലേ?
കുറച്ചു മനസ് ഉറപ്പ് വേണം..
പേടി ആയിട്ടാണ് ഉമേ... നഷ്ടപ്പെടുമോ എന്ന ഭയം.. ആ ഓർമ പോലും എനിക്ക് ചിന്തിക്കാൻ ആകുന്നില്ല.. അപ്പൊ ആ അവസ്‌ഥ മുന്നിൽ വന്ന് നിന്നാലോ.. എതിർക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് ഞങ്ങൾക്ക് മുന്നിൽ..
ഇതൊക്കെ നിനക്ക് മുൻപും അറിയാവുന്നത് അല്ലെ ..
ഉമാ.. മനസ് ആണ്.. അതിനു ജാതിയും മതവും ഒന്നും അറിയില്ല.. സ്നേഹം എന്ന വികാരം മാത്രമേ മനസ്സിലാകൂ... മനസ്സിന് ഒരു മതം മാത്രമേ ഉള്ളു... സ്നേഹം...
അപ്പൊ നീ ധൈര്യം ആയിരിക്കു നല്ലത് മാത്രം നടക്കും എന്നു വിചാരിക്കു..
എനിക്ക് ഒന്ന് റോയിച്ചനെ കാണണം സംസാരിക്കണം..
നോക്കാം... വാ നടക്കു.. ഒന്ന് വിളിക്കാം എന്നു വെച്ചാൽ നമ്പർ പോലും ഇല്ലല്ലോ... അവളുടെ ഒരു കോപ്പിലെ പ്രേമം..
ഉമ അവളെ നോക്കി കണ്ണുരുട്ടി.
പക്ഷെ ബസ് സ്റ്റോപ്പിൽ വെച്ചും വഴിയിൽ വെച്ചും റോയിയെ കാണാതെ അഖില ശരിക്കും വിഷമിച്ചു... ഉമ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്.. ശബ്ദം കാതിൽ പതിയുന്നു എന്നല്ലാതെ വാക്കുകൾ ഒന്നും വ്യക്തം അല്ലായിരുന്നു..
കോളേജിൽ എത്തി ഡിപാർട്മെന്റിൽ കയറി .. ഫസ്റ്റ് അവർ ഉണ്ടായത് കൊണ്ടു വേഗം ബുക്ക് എടുത്തു ഇറങ്ങി... നടന്നു പോകുന്നു എന്നല്ലാതെ മുന്നിൽ വരുന്നവരെ ഒന്നും കാണുന്നുണ്ടായില്ല എന്നതാണ് സത്യം.. ആരൊക്കെയോ വിഷ് ചെയ്തു ...
ഞാൻ എന്താണ് ഇങ്ങനെ തളർന്ന് പോകുന്നത്.. അവൾ സ്വയം ചോദിച്ചു... ചെറിയ ഒരു പ്രതിസന്ധി.. അല്ല അതു പോലും അല്ല.. എന്നിട്ടും ധൈര്യത്തോടെ നിൽക്കാൻ പറ്റാത്ത വിധം.. എന്തൊക്കെ വന്നാലും റോയിച്ചൻ ഇല്ലതെ വയ്യ.. ഒന്ന് കണ്ടിരുന്നെങ്കിൽ തന്നെ എരിയുന്ന മനസ് ഒന്ന് സമാധാനപ്പെട്ടേനെ.... ഒന്ന് കാണാത്തത് ആണ് ഇത്രയും വിഷമം എന്നു തോന്നി..
ക്ലാസിൽ എത്തിയിട്ടും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.. നോട്സ് ഉണ്ടായത് പിള്ളേരെ ഏൽപ്പിച്ചു പിറകിലെ ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു.. വെറുതെ ബുക്ക് എല്ലാം മറിച്ചു നോക്കി...
''എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു
എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു...
നീയെന്നെ ചേര്‍ത്തുപിടിക്കൂ
ഒരിക്കല്‍കൂടി..........."
ബുക്കിനിടയിൽ എവിടെയോ കോറിയിട്ട വരികളിൽ വിരൽ ഓടിച്ചു... എന്റെ അവസ്‌ഥ വരച്ചിട്ട പോലെ തോന്നി.. ഇനിയൊരു മടക്കം ഇല്ലാത്ത പോലെ ഞാൻ ഒരു ഉന്മാദിനി ആയിരിക്കുന്നു....
ബെൽ അടിച്ച ശബ്ദം കേട്ട് ആണ് ചിന്തകളിൽ നിന്ന് ഉണർന്നത്... മനസിൽ ചിലത് തീരുമാനിച്ചു പുസ്തകം എടുത്തു ഇറങ്ങി... എതിരെ ശരത് സാർ വരുന്ന കണ്ടു... എന്നെ തന്നെ നോക്കുന്നു....
അടുത്തു എത്തിയതും നടത്തം നിർത്തി..
ഒരു നിമിഷം മുഖത്തേക്ക് തന്നെ നോക്കി. പതിവ് പോലെ ചിരിയ്ക്കാൻ മറന്നു പോയി ഞാൻ നിന്നു....
അഖിലയ്ക്ക് എന്താ വയ്യേ??
ങേ??
തനിക്ക് വയ്യേ... സുഖമില്ലേ എന്നു??
ഏയ്... ഒന്നുമില്ല ശരത് സാർ..
മുഖത്തു നോക്കാതെ ആണ് പറഞ്ഞു നിർത്തിയത്..
പിന്നെയും സാർ അങ്ങനെ തന്നെ നിൽക്കുന്ന കണ്ടു പിന്നെ ഒന്നും പറയാതെ നടന്നു..
ശരത്ചന്ദ്രൻ പിന്നെയും അവിടെ തന്നെ നിന്ന് കൊണ്ട് അഖില പോകുന്നത് നോക്കി... പിന്നെ തിരിഞ്ഞു നടന്നു...
അഖില കോളേജിൽ നിന്ന് ഇറങ്ങി നേരെ റോയിയുടെ ഓഫീസിലേക്ക് നടന്നു... പുറത്തു നിന്ന ആളോട് ചോദിച്ചു റോയിയുടെ ടേബിളിലെക്ക് പോയി... എന്തോ പണിയിൽ ആയിരുന്നെന്ന് തോന്നുന്നു... അടുത്ത് ആളുടെ സാമീപ്യം അറിഞ്ഞു തല ഉയർത്തി നോക്കിയ റോയ് ഒന്ന് ഞെട്ടി...
പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റു..
എന്താ... എന്താ അഖില??
അവളുടെ മുഖഭാവം എന്തോ പ്രശ്നം ഉണ്ടെന്ന് അവനെ ഓർമിപ്പിച്ചു..
സംസരിക്കണം..
വാ... അവൻ അവളോടൊപ്പം പുറത്തേക്ക് നടന്നു... പുറത്തെ കോഫി ഷോപ്പിലേക്ക് കയറി.. ഒരു ടേബിലിനു ഇരുവശവും ആറ്
ആയി ഇരുന്നു..
ഒരു കല്യാണ ആലോചന.. ജാതകം നോക്കാൻ പോകുവാ... അവൾ ഇന്നലത്തെ കാര്യങ്ങൾ റോയിയോട് പറഞ്ഞു..
അവന്റെ മുഖത്തു നേരിയ ഒരു ടെൻഷൻ കണ്ടു..
താൻ പേടിക്കണ്ട ടോ.. ജാതകം നോക്കാൻ അല്ലെ പോകുന്നുള്ളൂ... നോക്കട്ടെ... ചേർന്നാൽ അല്ലെ പ്രോസിഡ് ചെയ്യൂ... നമുക്ക് നോക്കാം..
ഇത്ര ലാഘവത്തോടെ പറയല്ലേ റോയ്ച്ചാ... ചേർന്നാൽ പിന്നെ എന്ത് ചെയ്യും..
ഞാൻ ഉണ്ണിയോട് സംസാരിക്കാം.. ആദ്യം...
അയ്യോ!!
എന്ത് അയ്യോ..
അവൻ വഴി കാര്യങ്ങൾ നീക്കാം എന്നാണ് ഞാൻ കരുതുന്നത്.. അല്ലാതെ വീട്ടുകാരെ അറിയ്ക്കാൻ മാർഗം ഇല്ലലോ...
ഒരുപാട് പ്രശ്നം ഉണ്ടാകില്ലേ..
യഥാർഥ പ്രണയത്തിന്റെ വഴി ഒരിക്കലും സുഗമമാകില്ല എന്നു ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് അഖില.. റോയ് ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു..
അവരൊന്നും സമ്മതിച്ചില്ലെങ്കിൽ??
നീ എന്റെ കൂടെ ഇറങ്ങി വരുമോ അഖില..
എല്ലാവരുടെയും സമ്മതത്തോടെ വേണം റോയ്ച്ചാ.. നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുമ്പോൾ..
എനിക്കും അതാണ് ആഗ്രഹം.. എന്റെ പൂമ്പാറ്റ പെണ്ണിനെ എന്നെ കൈ പിടിച്ചു ഏൽപ്പിക്കണം എന്നു.. താൻ വിഷമിക്കണ്ട.. ജാതകം നോക്കട്ടെ ആദ്യം... മാനേജരെ ഒക്കെ നമുക്ക് പറപ്പിക്കാ ടി..
അഖിലയ്ക്ക് വല്ലാത്ത ഒരു സമാധാനം തോന്നി.. ഓരോ കോഫി കുടിച്ചു അവർ എഴുന്നേറ്റു... റോയ് അഖിലയുടെ തലയിൽ ഒന്ന് തലോടി..
സമാധാനമായി പൊയ്ക്കോ.. സ്നേഹം സത്യമാണ്.. എന്നോട് വന്നു ചേരാൻ ആ സത്യം മതി..
അവൾ ഒന്ന് ചിരിച്ചു.. പിന്നെ പുറത്തേക്ക് നടന്നു.. ഒന്ന് റോയിയെ തിരിഞ്ഞു നോക്കിയതും മുന്നിൽ ഉള്ള ആളെ ഇടിച്ചു നിന്നതും ഒരുമിച്ചു ആയിരുന്നു..
ഞെട്ടി മുഖം ഉയർത്തി നോക്കിയതും..
ശരത് സാർ..
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..
താൻ എന്താ ഇവിടെ?? അവളെ താങ്ങി നിർത്തി ശരത് ചോദിച്ചു..
ഒന്ന് പതറി..
കോഫി കുടിക്കാൻ... ഒരു തലവേദന.. അതാ..
കാന്റീനിൽ പോയാൽ പോരായിരുന്നോ..?
എന്തു പറയണം എന്നറിയാതെ അവൾ നിന്നു..
ഹോസ്പിറ്റലിൽ പോകണോ ടീച്ചർക്ക്??
വേണ്ട... കുറഞ്ഞു..
അപ്പോഴേക്കും റോയിച്ചൻ പുറത്തേക്ക് വന്നു..
ഞാൻ പൊയ്ക്കോട്ടെ അഖില..
അവളുടെ അടുത്തേക്ക് വന്നു അവൻ പറഞ്ഞു.. ശരത് ചന്ദ്രൻ അവനെയും അവളെയും നോക്കി..
അഖില തല കുലുക്കിയപ്പോൾ ശരത്തിനെ നോക്കി ചിരിച്ചു അവൻ നടന്നകന്നു..
ആരാ അത്??
ശരത്ചന്ദ്രന്റെ ചോദ്യം ആണ് അവളെ ബോധത്തിലേക്ക് കൊണ്ടു വന്നത്... അതു വരെ റോയ് നടന്നകന്നു പോകുന്നത് നോക്കി നിലക്ക്കയായിരുന്നു എന്നു പോലും അവൾ ഓർത്തില്ല..
നാട്ടിലാ... ഉണ്ണി.. ഉണ്ണിയേട്ടന്റെ കൂട്ടുകാരനാ.. ഒരു വിധം പറഞ്ഞൊപ്പിച്ചു..
മ്മ്.. ഒന്ന് മൂളി അവൻ..
ഞാൻ പൊയ്ക്കോട്ടെ... അഖില അത്രയും പറഞ്ഞു അവന്റെ മറുപടിക്ക് കാക്കാതെ നടന്നു പോയി..
റോയിയെ കണ്ടത് മുതൽ സംസാരിച്ചത് മുതൽ ഒരു സമാധാനം തോന്നി അഖിലയ്ക്ക്... അപ്പൊ ഇതായിരുന്നോ തനിക്ക് വിഷമം... റോയിച്ചനെ കണ്ടപ്പോൾ തന്നെ പാതി ജീവൻ തിരിച്ചു കിട്ടി.. തന്റെ വിഷമങ്ങൾക്കും ആശങ്കകൾക്കും ഒരു ഔഷധം ആയി മാറി തുടങ്ങിയിരിക്കുന്നു ആ മുഖവും ശബ്ദവും...
ഉച്ചയ്ക്ക് ശേഷം ഉള്ള പീരിയഡ് ഒക്കെ ഉൻമേഷത്തോട് കൂടി തന്നെ എടുത്തു...
വൈകിട്ട് വീട്ടിലേക്ക് ചെന്നു കയറുമ്പോൾ 'അമ്മ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു.. സാധാരണ പതിവ് ഇല്ലാത്തത് ആണ്... വഴിയിലേക്ക് കണ്ണും നട്ടാണ് ഇരിപ്പ്...
എന്താ അമ്മേ?
ഒന്നുമില്ല മോളേ... അച്ഛനും വല്യച്ഛനും കൂടി ജാതകം നോക്കാൻ പോയിട്ടുണ്ട്... വരണ്ട നേരം ആയി അതാ നോക്കുന്നെ...
നെഞ്ചിൽ ഒരു വെള്ളിടി വെട്ടി..
അവരുടെ ഒരു ബന്ധു കൂടി ഉണ്ട്..
മ്മ്.. ഒന്ന് മൂളി അകത്തേക്ക് നടന്നു... മുറിയിൽ എത്തി കണ്ണടച്ചു കുറച്ചു നേരം ഇരുന്നു.. പിന്നെ എഴുന്നേറ്റ് ഒന്ന് മേലൊക്കെ കഴുകി പുറത്തേക്ക് ഇറങ്ങി..
അപ്പോഴേക്കും അച്ഛന്റെയും വല്യച്ഛന്റെയും ശബ്ദം പുറത്തൂന്ന് കേൾക്കാൻ തുടങ്ങി..
പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്തു നിരാശ... എനിക്ക് നെഞ്ചിൽ പക്ഷെ പ്രതീക്ഷ ആണ് വിരിഞ്ഞത്..
എന്നെ കണ്ടതും അമ്മ തല ചെരിച്ചു ഒന്ന് നോക്കി..
വല്യച്ഛൻ ആണ് പറഞ്ഞത്..
ജാതകം ചേരുന്നില്ല... പൊരുത്തം തീരെ ഇല്ല..
ഒരു കുളിർമഴ പെയ്ത പോലെ ആണ് ആ വാക്കുകൾ എന്നിൽ പതിച്ചത്..
എന്റെ ദൈവമേ... പ്രാർത്ഥന കേട്ടു.. നെഞ്ചിൽ കൈ വെച്ചു എല്ലാ ദൈവങ്ങളെയും ഒരു നിമിഷം ഓർത്തു...
പിറ്റേദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലെക്ക് പോയി ഒരു നന്ദി പറയണം .... വലിയൊരു വേദന ആണ് മാറ്റി തന്നത്...
ഉമയോട് നേരത്തെ വിളിച്ചു പറഞ്ഞു... വഴിയിൽ കാത്തിരിപ്പുണ്ട്...
എവിടെടി ചാക്ക്??
ചാക്കോ??
ആ നീ നന്ദി പറയാൻ പോകുവല്ലേ... ചാക്കിലല്ലേ കൊണ്ട് കൊടുക്കേണ്ടത്... നന്ദി..
ഉമ അവളെ കളിയാക്കി..
പോടി... എന്റെ ജീവൻ ആയിരുന്നു രണ്ടു ദിവസം കയിൽ പിടിച്ചു നടന്നത്... നിനക്കത് പറഞ്ഞാൽ മനസിലാകില്ല... ആ സ്ഥാനത്ത് നിന്ന് അറിയണം ആ വേദന..
മ്മ്... വാ സെന്റി അടിച്ചത് ഒക്കെ മതി ഉമ അവളുടെ കൈ പിടിച്ചു അമ്പലത്തിലേക്ക് നടന്നു...
അന്ന് കോളേജിലേക്ക് പോയി... കോളേജിന്റെ ഗോൾഡൻ ജൂബിലി ആണ് ഈ വർഷം... അതിന്റെ ആഘോഷങ്ങൾ ഉണ്ട് നടക്കാൻ... രാവിലെ സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു.. അതു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ശരത് സാറും ഉണ്ടായിരുന്നു അവിടെ..
ഒന്ന് ചിരിച്ചു.. പതിവ് പോലെ നോട്ടം മാത്രം.
ഗൗരവത്തിൽ തന്ന ചോദിച്ചു.
തലവേദന ഒക്കെ കുറഞ്ഞോ?
ഉവ്വ്..
മ്മ്.. പോട്ടെ ക്ലാസ്സ് ഉണ്ട്..
ശരി എന്ന് തലയാട്ടി...
കുറച്ചു നടന്ന് പോയി ഒന്ന് തിരിഞ്ഞു നോക്കി... എന്നിട്ടു നടന്നു മറഞ്ഞു..
************
പിന്നെ ഉള്ള ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി..
ഒരു ദിവസം വൈകിട്ട് അമ്പലത്തിലേക്ക് പോയി.. ദീപാരാധന തൊഴാൻ... ഉമ വിളിച്ചു കൂടെ പോയതാണ്... അവൾക്ക് എന്തോ വഴിപാട് ഉണ്ട്... അവളുടെ കൂടെ ഓരോന്ന് പറഞ്ഞു പടിപ്പുരയിൽ ഇരുന്നു... പൂജയ്ക്ക് നേരം ആയില്ല..
ടീ...
മ്മ്..
നാളെ എന്റെ കൂടെ നീ ഒരിടം വരെ വരണം
എവിടെ?
മാതാവിന് ഒരു കൂട് മെഴുകുതിരി കത്തിക്കാൻ...
ആഹാ... അടിപൊളി.. ഇപ്പോഴേ തുടങ്ങി അല്ലെ..
അഖിലയ്ക്ക് ചിരി വന്നു...
നീ വരുന്നോ ഇല്ലയോ??
വന്നേക്കാം... ഇനി എപ്പോഴാ... നിന്റെ ആങ്ങള എന്റെ കാലെ വാരി നിലത്തടിക്കുന്നെ എന്നെനിക്ക് അറിയില്ല.. ഞാനാണ് കൂട്ടു പ്രതി എന്നറിഞ്ഞാൽ ഉറപ്പാണ്... അതൊരു വല്ലാത്ത സാധനം ആണേൽ ഭഗവാനെ ...
അവൾ ദീർഘ നിശ്വാസം വിട്ടു..
എന്താ ഉമേ ഒരു ടെൻഷൻ... ഉണ്ണി എങ്ങാനും വരാറായോ??
പ്രസാദെട്ടൻ ആണ്..
ദേ.. പ്രസാദെട്ട എന്നെ കൊണ്ട് പറയിപ്പിക്കരുത്..
ഉമ ചുണ്ടു കോട്ടി പറഞ്ഞു..
അല്ല നെഞ്ചിൽ കൈ വെച്ചു നിൽക്കുന്നെ കണ്ടു ചോദിച്ചു പോയതാ..
അതേ ഇന്ന് റേഷൻ കടയിലെ അരി കൊണ്ടു വെച്ചു ചോറുണ്ടതാ... അപ്പൊ മുതൽ നെഞ്ചിൽ കുത്തി പിടിക്കാൻ തുടങ്ങിയതാ..
ഉമേ... അഖില അവളുടെ കൈ പിടിച്ചു വലിച്ചു..
എന്റെ അഖിലേ... നിനക്ക് നിന്റെ ആങ്ങളയോട് നിനക്ക് വല്ല ദേഷ്യം ഉണ്ടായിരുന്നോ... ഇവരെ രണ്ടിനെയും ഒന്നിപ്പിക്കാൻ..
അവൻ ചിരിച്ചോണ്ടു അവരെ നോക്കി ചോദിച്ചു.
ഉമ അഖിലയെ ചുറ്റി പിടിച്ചു..
ശരി.. ശരി... നടക്കട്ടെ... അവൻ ഉള്ളിലേക്ക് നടന്നു പോയി..
അപ്പോഴേക്കും പൂജയ്ക്ക് മണി മുഴങ്ങി.. കൂപ്പ് കയ്യോടെ അവർ നടയിൽ ചെന്നു കണ്ണടച്ചു നിന്നു...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു